പോസ്റ്റുകള്‍

Thursday, May 27, 2010

സല്‍മയും സരസ്വതിയും - സ്ക്കൂള്‍ ഡയറി - 2


           സല്‍മയും സരസ്വതിയും
        സല്‍മ അഞ്ചാം ക്ലാസിലാണ് ഞങ്ങളുടെ സ്ക്കൂളില്‍ ചേര്‍ന്നത്. വെളുത്ത് കൊലുന്നനെയുള്ള ഒരു കൊച്ചു പെണ്‍കുട്ടി. ഞാനവള്‍ക്ക് സയന്‍സ് ആണ് എടുത്തിരുന്നത്. അവള്‍ക്ക് അക്ഷരമൊന്നുമറിയില്ലെന്ന് എനിക്കു മനസ്സിലായി. അക്ഷരം അറിയില്ലെന്നു പറഞ്ഞാല്‍ പൂര്‍ണ്ണമായി ശരിയല്ല. ,,ന ഈ മൂന്നക്ഷരങ്ങള്‍ അവള്‍ക്കറിയാമെന്നു മാത്രമല്ലാ അവ ഉപയോഗിച്ചാണ് അവള്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതിയിരുന്നത്. എപ്പോഴും മുഖത്ത് ചിരിയാണ്. വഴക്കു പറഞ്ഞാലും അടിച്ചാലും ചിരി തന്നെ.
     
            അഞ്ചാം ക്ലാസിലേയും ആറാം ക്ലാസിലേയും ക്ളാസധ്യാപകര്‍ക്ക് അവളോട് വലിയ ഇഷ്ടമായതു കൊണ്ട് നാലു വര്‍ഷം കഴിഞ്ഞാണ് അവള്‍ എന്റെ ക്ലാസായ ഏഴില്‍ എത്തിയത്. രണ്ടു മൂന്നക്ഷരങ്ങള്‍ കൂടി അവള്‍ ഇടക്കാലത്തു നേടിയിരുന്നു. ഏഴാം ക്ലാസില്‍ അക്കാലത്ത് ഞാന്‍ ഇംഗ്ലീഷാണ് പഠിപ്പിച്ചിരുന്നത്. എന്നാല്‍ ഇടവേളകളിലും ഒഴിവു സമയങ്ങളിലും കഷ്ടപ്പെട്ട് നാലഞ്ച് മലയാള അക്ഷരങ്ങള്‍ കൂടി അവളെ പഠിപ്പിച്ചെടുത്തു. മലയാള ഭാഷയ്ക്ക് 51 അക്ഷരങ്ങള്‍ കണ്ടു പിടിച്ച മഹാപാപിയെ ഞങ്ങള്‍ രണ്ടു പേരും വെറുത്ത നിമിഷങ്ങളായിരുന്നു അവ.
           
            ആയിടയ്ക്കാണ് സ്കൂളില്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ എത്തിയത്. രംഗ പൂജയ്ക്ക് അകമ്പടിയായുള്ള ടാബ്ലോയില്‍ സരസ്വതി ദേവിയുടെ വേഷമെ‍ടുക്കാനുള്ള ആളെ തെരയുമ്പോള്‍ ഞാന്‍ സല്‍മയുടെ പേര്‍ നിര്‍ദ്ദേശിച്ചു. പലര്‍ക്കും അത് സമ്മതമായിരുന്നില്ല. സംവിധായകന്റെ നിര്‍ദ്ദേശങ്ങളൊന്നും അവള്‍ക്ക് മനസ്സിലാവില്ലെന്നും അനങ്ങാതെയിരിക്കാന്‍ അവള്‍ക്കാവില്ലെന്നും കൂടുതല്‍ പേര്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ ഒടുവില്‍ സല്‍മ തന്നെ സരസ്വതിയായി. പരിപാടി തുടങ്ങുന്നതിന്റെ തൊട്ടു മുമ്പ് ‍ഞാന്‍ വേദിയിലെത്തി. കടലാസു കൊണ്ടുണ്ടാക്കിയ വലിയൊരു താമരപ്പൂവില്‍ അര്‍ദ്ധ പത്മാസനത്തില്‍ ഇരിക്കുകയാണ് സല്‍മ. തൂവെള്ള സാരിയും ബ്ലൌസും. ശരിക്കുള്ളതും കൃത്രിമമായതുമായ നാലു കൈകള്‍. അവയില്‍ മാല,കിളി,ഗ്രന്ഥം മുതലായവ. സ്വതവേ മുഖത്തുള്ള പുഞ്ചിരി ഒന്നു കൂടി ശോഭനമായിരിക്കുന്നു. ഏകാഗ്രമെങ്കിലും മൃദുലമായ കടാക്ഷം മുന്നോട്ടു മാത്രം.
          
            ഞാന്‍ മനസ്സില്‍ പറഞ്ഞു. ഇതു സല്‍മയല്ല, സരസ്വതി തന്നെ. അവളുടെ നാവിലും കൈയിലും വിളങ്ങാന്‍ മടിച്ചിരുന്ന സരസ്വതി ഒന്നായിറങ്ങി വന്നു അവളില്‍ കുടിയിരിക്കുകയാണോ? പരിപാടി ഗംഭീരമായി അവസാനിച്ചു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം സ്ക്കൂള്‍ വര്‍ഷാന്ത പരീക്ഷ കഴിഞ്ഞ് അടച്ചു.. സല്‍മയെ ഞാന്‍ പാസാക്കി വിടുകയും ചെയ്തു.
            ഇതിലൊക്കെ എന്തിരിക്കുന്നു എന്നായിരിക്കും നിങ്ങള്‍ ഇപ്പോള്‍ കരുതുന്നത്. എന്നാല്‍ കഥയുടെ ക്ലൈമാക്സ് വരുന്നതേയുള്ളൂ. അതിന് ഈ ആമുഖം കൂടിയേ കഴിയൂ.
സല്‍മ സ്ക്കൂള്‍ വിട്ട് അഞ്ചെട്ടു വര്‍ഷം കഴിഞ്ഞാണ് ഞാന്‍ അവളെ വീണ്ടും കാണുന്നത്. പേരാമ്പ്ര ഹൈസ്ക്കൂള്‍ ഗ്രൌണ്ടില്‍ ജില്ലാ കായികമേളയില്‍ പങ്കെടുത്ത് തിരിച്ചു വരികയാണ്. ടൌണില്‍ നിന്നും പച്ചക്കറി, മീന്‍, ക്ലാസാവശ്യത്തിനുള്ള കുറച്ച് ചാര്‍ട്ട് പേപ്പറുകള്‍ എന്നിവയുമായി ഞാന്‍ ബസ്സില്‍ക്കയറി. ഗ്രൌണ്ടില്‍ നിന്നു വരുന്ന വേഷം. പാന്റ്സും ഫുള്‍ സ്ലീവ് ഷര്‍ട്ടും.തലയില്‍ വട്ടത്തിലുള്ള ക്രിക്കറ്റ് തൊപ്പി. കഴുത്തിലൂടെ ഞാന്നു കിടക്കുന്ന വിസില്‍ കോഡ് പോക്കറ്റിലവസാനിക്കുന്നു. മുഖത്ത് കറുത്ത കൂളിംഗ് ഗ്ലാസ്. ബസ്സിലാണെങ്കില്‍ വലിയ തിരക്ക്.
            അഞ്ചാംപീടിക ബസ്സിറങ്ങാന്‍ ഒരുങ്ങുമ്പോഴാണ് സ്റ്റോപ്പില്‍ സല്‍മയെക്കാണുന്നത്. കൂടെ കുഞ്ഞിനെയുമെടുത്ത് ഒരു ചെറുപ്പക്കാരനും. അവള്‍ ബസ്സില്‍ക്കയറുമ്പോള്‍ നേരിട്ട് കാണാമെന്നു കരുതി ഞാന്‍ മുന്‍ഭാഗത്തൂടെ ഇറങ്ങാന്‍ തീരുമാനിച്ചു. രണ്ടു കൈയിലും കാരി ബേഗുകള്‍. ഇടതു കക്ഷത്തില്‍ ചുരുട്ടിയ ചാര്‍ട്ട് പേപ്പര്‍. തിരക്കിലൂടെ നൂളിയിട്ടിറങ്ങുമ്പോള്‍ പച്ചക്കറി സഞ്ചി എവിടെയോ കുരുങ്ങി. ഇത്തിരി ശക്തിയോടെ അതു വലിച്ചെടുത്തപ്പോള്‍ അതു ചെന്നു കൊണ്ടതു ഒരുത്തിയുടെ മേലാണ്. തിരിഞ്ഞു നിന്ന് അവളോട് സോറി പറയാന്‍ നോക്കിയപ്പോള്‍ കക്ഷത്തിരിക്കുന്ന ചാര്‍ട്ടു പേപ്പര്‍ വേറൊരുത്തിയുടെദേഹത്തു ചെന്നു മുട്ടി. സോറി പറയാന്‍ മെനക്കെടാതെ ബസ്സില്‍ നിന്നും ചാടിയിറങ്ങി.

              ബസ്സില്‍ കയറാനുള്ള തിരക്കു കാരണം കു‍ഞ്ഞുമായി ഒരു വശത്തേക്കു മാറി നില്‍ക്കുകയാണവള്‍. പെട്ടെന്ന് എന്നെ കണ്ട അവള്‍ സന്തോഷസൂചകമായി "യ്യോ....."എന്ന് ശബ്ദമുണ്ടാക്കിക്കൊണ്ട് ബസ്സിന്റെ പിന്‍വാതിലേക്കു പാഞ്ഞു. ബസ്സിനകത്തേക്കു നോക്കി "ഏയ്, ഒന്നിറങ്ങി വാ... ഏയ്, ഒന്നിറങ്ങി വാ...."എന്നുറക്കെ വിളിച്ചപ്പോള്‍ ഞാനെന്തോ അരുതാത്തതു ചെയ്തിട്ടായിരിക്കും എന്നു കരുതി കിളി വിളിച്ചു ചോദിച്ചു.
   "എന്താ പ്രശ്നം,എന്താ പ്രശ്നം"
 ബസ്സിന്റെ സൈഡ് സീറ്റിലിരിക്കുന്നവരെല്ലാം തല വെളിയിലേക്കിട്ട് എന്നെ നോക്കുന്നു.

"എന്തു പ്രശ്നം..നല്ല അടി കിട്ടാത്തതിന്റെ പ്രശ്നമാണ് "മുന്‍പിലുള്ള കാമിനിയാണ് കമന്റിന് തുടക്കമിട്ടത്.

"ഓരോ വേഷവും കെട്ടിയിറങ്ങിക്കോളും" കൂട്ടുകാരിയുടെ മറുമൊഴി.
ഇതിനിടയ്ക്ക് എന്താണ് സംഭവിച്ചതെന്നറിയാതെ അവളുടെ ഭര്‍ത്താവായ ആ ചെറുപ്പക്കാരന്‍ എന്റെ അടുത്തെത്തിക്കഴിഞ്ഞിരുന്നു.

"നോക്കീന്ന്, ഇതെന്റെ മാഷാ, മാഷോട് വര്‍ത്താനൊക്കെ പറഞ്ഞ് മ്പക്ക് അടുത്ത ബസ്സിനു പോകാട്ടോ.” ഇതു കേട്ട് എല്ലാവരുടേയും തല ഉള്ളിലേക്കു വലിഞ്ഞു. ബസ്സു പോയി
സല്‍മ നിര്‍ബ്ബന്ധിച്ച് എന്നെ ഹോട്ടലിലേക്കു കൊണ്ടു പോയി. ഞങ്ങള്‍ ചായകുടിച്ചു. അവള്‍ ഭര്‍ത്താവിനോട് അഭിമാനത്തോടെ പറഞ്ഞു.

"ഇമ്മാഷാണെന്നെ 'എയുതാന്‍ പടിപ്പിച്ചത്'. മാഷല്ലേ എന്നെ 'സീതേ'ന്റെ വേഷം കെട്ടിച്ചത്.

"സീത അല്ല സരസ്വതി "ഞാന്‍ തിരുത്തി.

"..അത് ന്നെ"
              ഞങ്ങള്‍ ഹോട്ടലില്‍ നിന്ന് പുറത്തേക്കിറങ്ങി. അവള്‍ പറഞ്ഞു. "ഇക്ക ഇന്നലെ ഗള്‍ഫില്‍ നിന്നും വന്നിട്ടേ ഉള്ളൂ. ഞങ്ങള്‍ മായീന്റെ വീട്ടില്‍ പോവുകയാണ്. മാഷ് ക്ക് ഒപ്പിടാനുള്ള ചോന്ന മഷീന്റെ പെന്ന് തരാ. വീട്ടിലു വര്വോ?”

 " ഉം വരാം"
            അവള്‍ കണവന്റെ പോക്കറ്റില്‍ കയ്യിട്ട് 555 സിഗരറ്റിന്റെ പാക്കും ലൈറ്ററുമെടുത്ത് എനിക്കു നീട്ടി. ഞാനിപ്പോള്‍ പുകവലിക്കാറില്ലെന്നു പറഞ്ഞപ്പോള്‍ "അത് സാരോല്ല്യ ഇതു നല്ലതാ മാഷ് വലിച്ചോളീന്‍" എന്നു പറഞ്ഞു. ഞങ്ങള്‍ തിരിച്ച് ബസ് സ്റ്റോപ്പിലേക്കു നടന്നു. കുഞ്ഞ് എന്റെ കയ്യിലായിരുന്നു. അവളെ തിരിച്ചു വാങ്ങുമ്പോള്‍ സല്‍മ വീണ്ടും പറഞ്ഞു.

"മാഷ് വീട്ടില് വരണേ"
          എനിക്കു സല്‍മയുടെ വീട്ടില്‍ പോകാന്‍ കഴിഞ്ഞില്ല. രണ്ടാഴ്ച കഴിഞ്ഞ് ഒരു ദിവസം ഞാന്‍ സ്ക്കൂള്‍ വിട്ട് പുറത്തു വരുമ്പോള്‍ ഗെയിറ്റില്‍ സല്‍മയും ഭര്‍ത്താവും കുഞ്ഞും ബൈക്കില്‍ കാത്തു നില്‍ക്കുന്നു. അവള്‍ ഒരു കെട്ട് ചുവപ്പു മഷിപ്പേന എന്റെ നേരെ നീട്ടിപ്പറഞ്ഞു.

"ന്നാലും മാഷ് ഞാളെ വീട്ടില്‍ വന്നിലാലൊ?”

6 comments:

Anonymous said...

സല്മയെ പോലെ എത്ര നിഷ്കളങ്കയായ പെണ്‍കുട്ടികള്‍ ..അവരുടെ കുട്ടിത്തം വിട്ടു മാറുമ്പോഴേക്കും അവര് ഒരു കുട്ടിയുടെ അമ്മയായി കാണും ....ആ നിഷ്കളങ്കമായ മനസ്സില്‍ നിന്ന് തന്നെയാണ് തന്നെ പഠിപ്പിച്ച അധ്യാപകനോട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്നേഹവും ആദരവും പ്രകടിപ്പിക്കാന്‍ കഴിഞ്ഞത് ...അങ്ങിനെ എത്ര എത്ര നല്ല കുട്ടികള്‍ ...അല്ലെ ? എന്‍റെ ക്ലാസ്സിലും ഉണ്ടായിരുന്നു ഒരു കുട്ടി ..പക്ഷെ ക്ലാസ്സില്‍ എന്തിനും മുന്നില്‍ ആയിരുന്നു ..പഠനത്തില്‍ പ്പോലും...പക്ഷെ ഒന്ബതാം ക്ലാസ്സില്‍ നിന്ന് തന്നെ കല്യാണം കഴിഞ്ഞു പോയി ..പിന്നെ ഒരു വിവരവും ഇല്ല ..സുഖായി ജീവിക്കുന്നുണ്ടാവും ....സ്കൂള്‍ അനുഭവങ്ങള്‍ ഓര്‍മിപ്പിച്ച നല്ല പോസ്റ്റ്‌ ...ആശംസകള്‍

കൂതറHashimܓ said...

സല്‍മയുടെ നിഷ്കളങ്കത എനിക്ക് ശരിക്കും ഇഷ്ട്ടായി..:)
(പോസ്റ്റിന്റെ മധ്യത്തില്‍ പറഞ്ഞിട്ടുള്ള ചില ഉപമകള്‍ എനിക്കിഷ്ട്ടായില്ലാ. അവ ഇല്ലാതെ ആയിരുന്നെങ്കില്‍ പോസ്റ്റ് ഒന്നൂടെ അടിപൊളി ആവുമായിരുന്നു)

Kalavallabhan said...

അനുഭവങ്ങൾ വളരെയേറെ ഉണ്ടാവുമല്ലോ, എഴുതൂ..

Hari | (Maths) said...

കുട്ടിക്കാലത്തെ നിഷ്ക്കളങ്കത സല്‍മയില്‍ നിന്ന് ഇന്നും നഷ്ടമായിട്ടില്ലെന്നതിന്‍റെ തെളിവു മാത്രമല്ല ആ ചുവപ്പു പേന. ആ മനസ്സില്‍ സാറിനോടെത്ര മാത്രം സ്നേഹമുണ്ടെന്നതിന്‍റെ തെളിവു കൂടിയാണ് ആ പേന. ഒരു അവാര്‍ഡിന്‍റെ സുഖമുണ്ടതിന്..

അസീസ്‌ said...

സ്കൂള്‍ ഡയറിയുടെ രണ്ടാം ഭാഗവും നന്നായിട്ടുണ്ട്.കൂതറ പറഞ്ഞത് പോലെ മധ്യഭാഗത്ത് ചില എഡിറ്റിംഗ് കൂടി നടത്തിയാല്‍ ഒന്ന് കൂടി നന്നാകും എന്നാണ് എന്റെയും അഭിപ്രായം.

ജനാര്‍ദ്ദനന്‍.സി.എം said...

പ്രിയ ഹാഷിം, അസീസ്
മധ്യ ഭാഗത്തു എഡിറ്റിംഗ് നടത്തി. അഭിപ്രായങ്ങള്‍ക്കു നന്ദി