പോസ്റ്റുകള്‍

Sunday, September 25, 2011

മദ്യത്തിനും വിവാഹധൂര്‍ത്തിനുമെതിരെ 'ആരവം'; അരിക്കുളം മാതൃകയാവുന്നു
               'മദ്യവിമുക്തഭവനം' ആര്‍ഭാടരഹിതവിവാഹം' എന്ന സന്ദേശമുയര്‍ത്തി അരിക്കുളം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന 'ആരവം' പദ്ധതി ഗാന്ധിജയന്തിദിനമായ ഒക്ടോബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്യുന്നതോടെ സംസ്ഥാനതലത്തില്‍ത്തന്നെ ശ്രദ്ധേയമാകും. ഒരുവര്‍ഷത്തെ തുടര്‍ച്ചയായ പ്രവര്‍ത്തനത്തിലൂടെ അരിക്കുളം ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ മദ്യവിമുക്ത പഞ്ചായത്താക്കുക, വിവാഹവേളകളിലെ ധൂര്‍ത്ത് അവസാനിപ്പിക്കുക എന്നിവയാണ് 'ആരവം' പദ്ധതിയുടെ ലക്ഷ്യം. അരിക്കുളം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും വിദ്യാഭ്യാസസ്ഥാപനങ്ങളും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.


കാര്‍ഷിക -കാര്‍ഷികാനുബന്ധ ജോലികളില്‍ ഇടപെടുന്നവരാണ് അരിക്കുളം ഗ്രാമപഞ്ചായത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും.


പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ 75 കുടുംബങ്ങളില്‍ (രണ്ട് അയല്‍ക്കൂട്ടം) മാത്രമായി സര്‍വെ നടത്തിയപ്പോള്‍ അതില്‍ 35 വീടുകളിലും മദ്യപാനികള്‍ ഉള്ളതായി കാണാന്‍ കഴിഞ്ഞു. ഇതില്‍ 18 വീടുകളിലും സ്ഥിരം മദ്യപാനി ഒരുദിവസം മദ്യം കഴിക്കാനായി ചെലവിടുന്നത് 100രൂപയില്‍ കൂടുതലാണ്. ഈ കണക്കുപ്രകാരം രണ്ട് അയല്‍ക്കൂട്ടങ്ങളില്‍നിന്നായി 54,000 രൂപ ഒരുമാസം മദ്യത്തിനായി ചെലവിടുന്നു. 13 വാര്‍ഡുകളിലായി 140 അയല്‍ക്കൂട്ടങ്ങള്‍ അരിക്കുളം പഞ്ചായത്തിലുണ്ട്. അങ്ങനെ വരുമ്പോള്‍ ഏകദേശം 24 ലക്ഷംരൂപയോളം ഒരുമാസം മദ്യത്തിനായി ഈ കൊച്ചുഗ്രാമം ചെലവഴിക്കുന്നു.


പ്രദേശത്തെ വിവാഹാഘോഷങ്ങളും അനുബന്ധ പരിപാടികളും അനുദിനം ആര്‍ഭാടമാകുകയാണ്. പുതിയ പുതിയ ചടങ്ങുകള്‍ ആളുകള്‍ മത്സരാടിസ്ഥാനത്തില്‍ കൊണ്ടുവരികയാണ്. ഇതിനൊക്കെ പങ്കടുപ്പിക്കുന്നവരുടെ എണ്ണവും കൂടിക്കൂടി വരുന്നു. ഈ അവസരങ്ങളെല്ലാം മദ്യ സല്‍ക്കാരവേളകളുമാവുന്നു എന്നതാണ് അതിലേറെ അപകടകരമാവുന്നത്.


ഇത്തരമൊരു സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്ത് ഈ പദ്ധതിയുമായി രംഗത്തു വന്നിരിക്കുന്നത്.
ഒക്ടോബര്‍ രണ്ടിന് സാമൂഹികക്ഷേമവകുപ്പുമന്ത്രി എം.കെ. മുനീര്‍ പദ്ധതി ഉദ്ഘാടനംചെയ്യും. ഉദ്ഘാടന ദിവസം ആയിരംപേര്‍ പങ്കെടുക്കുന്ന ഉപവാസം സമൂഹ ചിത്രരചന, കവിസമ്മേളനം, സെമിനാര്‍ എന്നിവയെല്ലാം നടക്കും. ഡോ. സുകുമാര്‍ അഴീക്കോട് പ്രഭാഷണം നടത്തും. പദ്ധതിയുടെ വിജയത്തിനായി 13000 പേര്‍ അണിനിരക്കുന്ന മനുഷ്യച്ചങ്ങല ഒറവിങ്കല്‍ താഴെ മുതല്‍ തണ്ടയില്‍ താഴെ വരെ (കൊയിലാണ്ടി - അഞ്ചാംപീടിക റോഡില്‍) നടത്തും. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പദ്ധതിപ്രചാരണത്തിനായി സെമിനാര്‍, ഭവനസന്ദര്‍ശനം എന്നിവയും നടത്തും.
പദ്ധതിയുടെ ഭാഗമായി അമിതമായി മദ്യപിക്കുന്ന (മദ്യാശ്രയത്വം) വ്യക്തികളെ കണ്ടെത്തി ചികിത്സയ്ക്ക് വിധേയമാക്കും. കോഴിക്കോട് സുരക്ഷ, മാവൂര്‍ ശാന്തി തുടങ്ങിയ ലഹരിവിമോചന ചികിത്സാകേന്ദ്രങ്ങളുമായി സഹകരിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം നടത്തുക. 2012 ജനവരി 26 ന് അരിക്കുളത്തെ മദ്യവിമുക്ത - ആര്‍ഭാടരഹിത ഗ്രാമമായി പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്.

Friday, September 9, 2011

Light Music                       ഇതൊരു പുതിയ അനുഭവം തന്നെ! ഞാന്‍ കുറച്ചു വരികള്‍ എഴുതി ലളിതഗാനം എന്നും പറഞ്ഞ് എന്റെ ബ്ലോഗില്‍ പ്രസിദ്ധപ്പെടുത്തുന്നു. സാധാരണ പോലെ രണ്ടുമൂന്നു പേര്‍ കമന്റുകളെഴുതുന്നു. പിന്നീട് അതു മറക്കുന്നു. 
             എന്നാല്‍ തിരുവോണ നാളില്‍ സദ്യയുണ്ടുകൊണ്ടിരിക്കുമ്പോള്‍ എനിക്ക് ഉത്തരഭാരതത്തില്‍ നിന്ന് ഒരു കോള്‍ വരുന്നു. ഹേ മാസ്റ്റര്‍, നിങ്ങളുടെ വരികള്‍ക്ക് ഞാന്‍ ഈണവും സംഗീതവും പകര്‍ന്നിരിക്കുന്ന. കേട്ടാലും. എനിക്കു വളരെയേറെ സന്തോഷം തോന്നുന്നു. ഇതാണ് സൈബര്‍ ലോകത്തെ കൂട്ടായ്മ.          
        കൂടുതല്‍  വിശദീകരിക്കുന്നില്ല. കേട്ടാലും. ഇത് ഇങ്ങനെയാക്കിത്തന്ന ഡോ.എന്‍.എസ്.പണിക്കരെ നന്ദിയോടെ സ്മരിക്കുന്നു.

Monday, September 5, 2011

Teachers Day


                  ഇന്ന് സപ്തമ്പര്‍ 5. ഇന്ത്യയിലുള്ള മുഴുവന്‍ അധ്യാപകരും അഭിമാനത്തോടെ ഓര്‍ക്കുന്ന സുദിനം. ഇന്ത്യയുടെ പ്രഥമപൗരനായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനം. മുഴുവന്‍ അധ്യാപക സുഹൃത്തുക്കള്‍ക്കും അധ്യാപകദിനാശംസകള്‍.

            ഇന്നലെ വീട്ടില്‍ നിന്നും കുറച്ചകലെയുള്ള സ്ഥലത്ത് ഒരു വിവാഹ ചടങ്ങില്‍ പങ്കടുത്തുകൊണ്ടിരിക്കെ ഒരു യുവതി ഒക്കത്തൊരു കൈക്കുഞ്ഞുമായി എന്റെ അടുത്തു വന്നു.  അവരുടെ കൈവിരലില്‍ തൂങ്ങി മൂത്ത കുട്ടിയും. വന്നപാടെ എന്റെ കൈയില്‍ പിടിച്ച് മാഷേ.. എന്നു നീട്ടി വിളിച്ചു. എനിക്ക് ആളെ മനസ്സിലായി വരുമ്പോഴേക്കും എന്റെയും കുടുംബത്തിന്റേയും സകല വിശേഷങ്ങളും അവള്‍ ചോദിച്ചിരുന്നു. വത്സല ശിഷ്യക്ക് അവളുടെ അധ്യാപകനെ കുറേക്കാലത്തിനുശേഷം കണ്ടപ്പോള്‍ അടക്കാനാവാത്ത സന്തോഷം. ആ സ്നഹപ്രകടനം കണ്ടപ്പോള്‍ എന്റ കണ്ണും അറിയാതെ നിറഞ്ഞു പോയി.
തിരിച്ചു വരുമ്പോള്‍  ടൗണിലുള്ള ഒരു ഹോട്ടലില്‍ ചായ കുടിക്കാന്‍ കയറി. ഞാനും സുഹൃത്തും സംസാരിച്ചു കൊണ്ടിരിക്കേ കേഷ് കൗണ്ടറിലിരിക്കുന്ന യുവാവ് ഞങ്ങളുടെ മേശക്കരികിലേക്കു വന്നു ഒരു നിമിഷം എന്നെത്തന്നെ നോക്കി. മാഷല്ലേ... എന്താ ഇവിടെ.? എനിക്ക് ആളെ മനസ്സിലായില്ല. അവന് ആളെ തെറ്റിപ്പോയതായിരിക്കുമെന്ന് ഞാനൂഹിച്ചു.
ഒന്നും വിചാരിക്കരുത്. എനിക്ക് നിങ്ങളെ മനസ്സിലായില്ല.
അയ്യോ മാഷേ, സാറു ഞങ്ങളുടെ സ്ക്കൂളില്‍ സഹവാസ കേമ്പില്‍ ക്ലാസെടുക്കാന്‍ വന്നിരുന്നില്ലേ? അന്ന് നക്ഷത്രങ്ങളെക്കുറിച്ച് ക്ലാസെടുത്തപ്പോഴും രാത്രി നിരീക്ഷണസമയത്തും ഞാന്‍ സാറിനോട് കുറെ സംശയങ്ങള്‍ ചോദിച്ചപ്പോള്‍ സാറെന്നെ ചേര്‍ത്തു പിടിച്ച് മിടുക്കന്‍ എന്നു പറഞ്ഞത് എന്റ മനസ്സിലിപ്പോഴുമുണ്ട്.
അവന്‍ അകത്തേക്കു പോയി കുറെ പഴവും പലഹാരവും ഞങ്ങളുടെ മുമ്പില്‍ കൊണ്ടുവെച്ചു.
സത്യം പറഞ്ഞാല്‍ ഞാന്‍ വികാരാധീനനായിപ്പോയി. വെറും നാലഞ്ചു മണിക്കൂര്‍ നേരത്തെ അനുഭവം വെച്ച് ഇത്ര സ്നഹത്തോടെ ഓര്‍മ്മിക്കാന്‍ അധ്യാപകനല്ലാതെ വേറെ ആരാണുള്ളത്?