പോസ്റ്റുകള്‍

Sunday, December 13, 2015







മുപ്പത്തിരണ്ടു വര്‍ഷം
മുപ്പതു പേര്‍ക്കെങ്കിലും
ദിവസേന വടിവൊത്ത്
കോപ്പിയിലെ ആദ്യ വരി
എഴുതിക്കൊടുത്തിട്ടും
സൌദാമിനി ടീച്ചറുടെ കയ്യക്ഷരം
ഇതുവരെ നന്നായില്ല.
ക്ലാസിലിരുന്ന് ഉറങ്ങിപ്പോയ
കുട്ടിയെ വെളിയില്‍
വെയിലത്തു നിര്‍ത്തി
പഠിപ്പിച്ച ജോണിക്കുട്ടി മാസ്റ്റര്‍
രാത്രി കള്ളു‍ാപ്പിന്റെ മുമ്പിലെ മണ്ണില്‍
മഞ്ഞില്‍ കിടന്നുറങ്ങി.

നാളിതു വരെ സയന്‍സ് ക്ലാസില്‍
ഒരു കുഞ്ഞു പരീക്ഷണം പോലും
കാണിച്ചിട്ടില്ലാത്ത ശശി മാഷ്
അലമാരയില്‍ നിന്നും പരീക്ഷണ
സാമഗ്രികള്‍ എടുക്കാന്‍
ശാലിനി ടീച്ചറെ എപ്പോഴും
സഹായിക്കാറുണ്ടായിരുന്നു.

ആരോഗ്യ സംരക്ഷണത്തില്‍
നട്ത്തത്തിനുള്ള പ്രാധാന്യം
ഇടയ്ക്കിടയ്ക്ക് ഓര്‍മ്മിപ്പിക്കാറുള്ള
താടിക്കാരന്‍ സഹദേവന്‍
ബൈക്ക് ചീത്തയായ ദിവസം
സ്ക്കൂളിലേ വന്നില്ല

നോട്ടു ബുക്കില്‍ പ്രേമലേഖനം
സൂക്ഷിച്ച പെണ്‍കുട്ടിയെ
അസംബ്ലിയില്‍ നിര്‍ത്തിപ്പൊരിച്ച
കമലാക്ഷി ടീച്ചര്‍
രണ്ടു കെട്ടിയവന്റെ കൂടെ
അന്നു രാത്രി
ഒളിച്ചോടിപ്പോയി

ഡ്രില്‍ മാഷ് ശ്രീശുവിന്
വെയിലത്തിറങ്ങിയാലും
സംഗീതം ടീച്ചര്‍ രേവമ്മയ്ക്ക്
പാട്ടു പാടിയാലും
മാറുന്നില്ലൊരിക്കലും
മാറാത്ത തൊണ്ടവേദന

ഗോവാലന്‍ മാസ്റ്ററുടെ
തോള്‍സഞ്ചിയില്‍
പാര്‍ട്ടി മിനിറ്റ്സിനോടൊപ്പം
കെട്ടിപ്പിടിച്ചുറങ്ങുന്ന
ടീച്ചിംഗ് മാന്വലിന്
തന്റെ കന്യകാത്വം
നഷ്ടപ്പെടാത്തതിന്റെ
പരിഭവം മാത്രം!

പിന്നൊരാളുണ്ടായിരുന്നു
സദാ സമയവും
പഠിപ്പിച്ചു കൊണ്ടിരുന്ന
പഠിപ്പിസ്റ്റ് വാസു
അയാളെ കുട്ടികള്‍ക്കു
കണ്ടുകൂടായിരുന്നു
ഞങ്ങള്‍ക്കും
കണ്ടുകൂടായിരുന്നു!!