പോസ്റ്റുകള്‍

Friday, December 3, 2010

ഘടോല്‍ക്കചന്‍






ഘടോല്‍ക്കചന്‍
************
ആരു ഞാന്‍? ഇക്കുരുക്ഷേത്രഭൂമിയില്‍
ആദിത്യ പുത്രന്റെയമ്പേറ്റു മാറിടം കീറി- 
യൊഴുകിപ്പരക്കും നിണം തന്നിലേകനായ്‌
ആലംബഹീനനായ്‌ കേഴുന്നു
ആരു ഞാന്‍ മദോന്മത്ത ചിന്തകള്‍ പൂട്ടിയ
തേരു തെളിച്ചലറിക്കുതിച്ചവന്‍
ആരു ഞാന്‍ എന്നെത്തന്നെ തിരിയാതുഴലുന്ന
പീഢിതന്‍ , എല്ലാമോര്‍മ്മയില്‍ വരുന്നിപ്പോള്‍!
അധികാരക്കൊതി മൂത്ത കുരുടന്റെ കണ്ണിലെ
കരടായി കനലായുയര്‍ന്നു നില്‍ക്കേ
അപരാധമേലാത്ത പെണ്ണിനെ കളിയിലെ- 
യവസാന കരുവായൊരുക്കി നിര്‍ത്തേ
സത്യവും നീതിയും കരിന്തുണിക്കീറിനാ- 
ലാന്ധ്യം സ്വയം വരിച്ചന്നു നില്‍ക്കേ
ധര്‍മ്മപുത്രന്മാരധര്‍മ്മികള്‍ തന്മുമ്പില്‍
കര്‍മ്മവിമുഖരായ്‌ തരിച്ചിരിക്കേ
കുറുമുന്നണി തീര്‍ത്ത ശകുനിമാരധികാര- 
ക്കറുവില്‍പ്പുറത്താക്കി കാടു വാണോ- 
രതിശക്തവിപ്ലവക്കാറ്റിന്‍ മകനുടെ
അവിഹിത വേഴ്ചതന്‍ ബാക്കിയായി
പ്രതികാര രാഷ്ട്രീയ രാക്ഷസിപ്പെണ്ണിന്റെ
അരുമസന്താനമായ്‌ ഞാന്‍ പിറന്നു. 
സമരാങ്കണങ്ങളിലിടിമുഴക്കം തീര്‍ക്കും
പ്രതികാരജ്വാലയായ്‌ ഞാന്‍ വളര്‍ന്നു

വനമര്‍മ്മരങ്ങളെ പാദപതനങ്ങളാല്‍
വിറതീര്‍ത്തരക്ഷിത മൗനങ്ങളാക്കിയും
വിടപാഗ്ര ശിഖരനീഢങ്ങളില്‍ കിളിമുട്ട
ചെറുകല്ലുതെറ്റിയെറിഞ്ഞുടച്ചൂം
ഭയചകിതരായ് പായുമേണങ്ങളേ-
ദ്ദയാരഹിതമായോടിപ്പിടിച്ചരിഞ്ഞും
ഗിരിഗഹ്വരങ്ങളില്‍ തപമെഴും ശാന്തിയെ
അരണിപ്പൊരിയാലെരിച്ചൊഴിച്ചും
അതിരൗദ്ര ഭൗമചലനങ്ങളുറകൂടി- 
യെന്‍ കരളിലും യൌവനം കത്തിനില്‍ക്കേ
അവിഹിത ബന്ധിതനെങ്കിലും മല്‍താത- 
നഹിതമായരവാക്കുമോതിയില്ല
അടവിക്കു വെളിയിലായപരര്‍ക്കു തോന്നിയ
സുകൃതങ്ങളമ്മയറിഞ്ഞതില്ല

കാനനം തന്നില്‍ വെളിച്ചമെവിടേ
അന്ധകാരത്തിലറിവിന്നു സ്ഥാനമെവിടേ
അറിയേണ്ടതറിയാതെയറിയാത്തതറിയാതെ- 
യറിവുള്ള മൂഢനായ് കാടുനീളെ പുത്ത- 
നറിവും പകര്‍ന്നു ഞാന്‍ കാടു വാണു
അജ്ഞാതവാസം കഴിഞ്ഞു വന്നോര്‍ തന്‍
പ്രജ്ഞയില്‍ പോരിന്റെ നാമ്പു പൊടിച്ചതും
അച്ഛന്റെയിച്ഛയറിഞ്ഞ ഞാനെന്റെപേര്‍
ചൊല്ലിവിളിക്കാതെയോടിയണഞ്ഞതും
യുദ്ധക്കളത്തില്‍ മദിച്ചു നടന്നെങ്ങു- 
മക്ഷരാര്‍ത്ഥത്തില്‍ ഭീതി വിതച്ചതും
പാര്‍ത്ഥന്റെയന്ത്യ വിധിക്കായ് കരുതിയ
തീര്‍ത്ഥജലം വാങ്ങി മോന്തിക്കുടിച്ചതും
ആര്‍ത്തനാദത്തോടെ വീണുപിടഞ്ഞതും
സ്മാര്‍ത്തവിധിക്കാരുറക്കെച്ചിരിച്ചതും
ഓര്‍ക്കുന്നു ഞനെല്ലാമോര്‍ക്കുന്നു നിങ്ങളും
ഓര്‍ക്കുമോയെന്നെ ഘടോല്‍ക്കചനെ


Thursday, September 30, 2010

ഈ ഗാനം കേള്‍ക്കണോ?




 



നമ്മുടെ നാട്ടിലെ ചില വിദ്യാലയങ്ങള്‍ ക്ഷയിച്ചു വരുകയാണ്. എന്തായിരിക്കാം കാരണം. ഈ പാട്ടൊന്നു കേട്ടുനോക്കാം. ഗാനരചനയും റെക്കാര്‍ഡിംഗും എന്റെ പ്രിയ സുഹൃത്ത് സക്കീര്‍. പാടിയത് മറ്റൊരു സ്നേഹിതന്‍ പി. സി. പാറക്കുളം


ഓഡിയോ പോസ്റ്റിടാന്‍ പഠിപ്പിച്ച കെ. പി. സുകുമാരന്‍ (ശിഥില ചിന്തകള്‍) സാറിനു നന്ദി.



.

Friday, September 24, 2010

ലൈഫ് ഡയറി -1 ഹരിശ്രീഗണപതയെ നമ:





         സ്ക്കൂള്‍ ഡയറിയുടെ ചില ദളങ്ങള്‍ എഴുതിക്കഴിഞ്ഞപ്പോഴാണ് എന്റെ ജീവിതാനുഭവങ്ങള്‍ മൊത്തമായി എഴുതിത്തുടങ്ങാന്‍ എനിക്ക് ഒരു തോന്നലുണ്ടായത്. ധൈര്യം കിട്ടിയത് എന്നു പറയുന്നതാവും ശരി.
         1955 ഫിബ്രവരി 1 ന് മേപ്പണശ്ശേരി കണാരന്‍ മാസ്റ്ററുടേയും നാരായണി ടീച്ചറുടേയും മൂന്നാമത്തെ സന്തതിയായി ഞാന്‍ ഈ ഭൂമിയിലെത്തി എന്നാണ് കുടുംബ ചരിത്രകാരന്മാരും ജാതകവും പറയുന്നത്. കാര്‍ത്തിക നക്ഷത്രം എടവം രാശിയില്‍ സര്‍വ്വോച്ചത്തില്‍ നില്ക്കുന്ന സമയത്തായിരുന്നു ജനനം എന്ന് പിന്നീട് മനസ്സിലായി. മേപ്പണശ്ശേരി എന്ന വീട്ടില്‍ നാലു വയസ്സുവരെ ജീവിച്ചെങ്കിലും അക്കാലത്തു എഴുതത്തക്ക സംഭവങ്ങളൊന്നും എന്റെ ഓര്മ്മയില്‍ തെളിയുന്നില്ല.

          എന്നാല്‍ നാലാം വയസ്സില്‍ ഇപ്പോള്‍ താമസിക്കുന്ന ചാമക്കണ്ടി വീട്ടില്‍ എത്തിയത് ഓര്‍മ്മയുണ്ട്. ഒരു പഴയ വീടും സ്ഥലവും വാങ്ങി ഞങ്ങള്‍ അങ്ങോട്ട് താമസം മാറുകയായിരുന്നു. ആ വീട് താമസയോഗ്യമല്ല എന്നു കണ്ടതിനാല്‍ ഉടന്‍ തന്നെ പൊളിച്ചുമാറ്റി, ഒരു താല്ക്കാലിക ഷെഡ് കെട്ടി അതിലായിരുന്നു താമസം. പുതിയ വീടിന്റെ പണി ആരംഭിച്ചതും തറ കെട്ടിയതും എനിക്ക് മറക്കാനാവില്ല. കാരണം ആ തറയിലൂടെ ഓടിക്കളിക്കുമ്പോള്‍ എന്റെ വിരലിലെ സ്വര്‍ണ്ണമോതിരം അതിലെവിടെയോ കളഞ്ഞുപോയതും അച്ഛനോട് പിടിപ്പതു കിട്ടിയതും വേദനിപ്പിക്കുന്ന ഓര്‍മ്മകളാണ്. ചേട്ടനും ചേച്ചിയും കൂടാതെ ഇളയമ്മയും (അമ്മയുടെ അനുജത്തി) കൂടി ആറു പേര്‍ . സ്ക്കൂള്‍ സമയമായാല്‍ നാലു പേരുമങ്ങു പോവും. അന്നും ഇന്നും ഒരു കളിക്കമ്പക്കാരനായ എന്നെ പരിപാലിക്കാന്‍ ഇളയമ്മയ്ക്ക് വലിയ കഷ്ടപ്പാടായിരുന്നു. വീടു നിര്‍മ്മാണ ജോലിക്കാര്‍ ഉണ്ടായിരുന്നപ്പോള്‍ എന്റെ പുറകെ നടക്കാന്‍ അവര്‍ക്ക് സമയവും കിട്ടിയിരുന്നില്ല.

         ആശാരിപ്പണിക്കു വേണ്ടി ഒരു ചെറിയ പന്തല്‍ കെട്ടിയിരുന്നു. കുഞ്ഞിച്ചന്തു ആശാരിയും മകന്‍ ചെറുപ്പക്കാരനായ മാധവനാശാരിയും മറ്റു ചിലരും അവിടെ തിരക്കിട്ട പണിയിലാണ്. ഇളയമ്മ മാധവനോടു പറഞ്ഞു
       "മാധവാ, ഇവന്‍ കണ്ണു തെറ്റിയാല്‍ ഇവിടെ കാണില്ല. ഒന്നു നോക്കിക്കോളേണമേ"
          എന്നെ അടുത്തിരുത്തി പല കഥകളും മാധവന്‍ പണിക്കിടയില്‍ പറയാന്‍ തുടങ്ങി. പക്ഷെ ഒന്നു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് മടുപ്പ് തോന്നിത്തുടങ്ങി. (ഇന്നും അങ്ങിനെയാണ്, ഏതു കാര്യവും വേഗം മടുക്കും!)  ഞാന്‍ എണീറ്റ് പോവാന്‍ തുടങ്ങുമ്പോള്‍ മാധവന്‍ എന്തെങ്കിലും പറഞ്ഞ് എന്നെ അവിടെ ഇരുത്താന്‍ ശ്രമിക്കും.
 "എനിക്ക് മരത്തിന്റെ ഒരു ചെറിയ പെട്ടി ഉണ്ടാക്കിത്തര്വോ ,മാതവേട്ടാ"
 "ഉം, അതിനെന്താ ,നാളെ ഉണ്ടാക്കിത്തരാം"
            പക്ഷെ അങ്ങനെ ഒരു മറുപടി പറയുമ്പോള്‍ അതൊരു പൊല്ലാപ്പാവുമെന്ന് അദ്ദേഹം ഓര്‍ത്തില്ല. എന്റെ സ്വഭാവം അങ്ങിനെയാണ്. എന്തങ്കിലുമൊന്ന് വേണമെന്നു തോന്നിയാല്‍, ചെയ്യണമെന്നു തോന്നിയാല്‍, പറയണമെന്നു കരുതിയാല്‍ അതു ചെയ്തു കഴിഞ്ഞേ മനസ്സമാധാനമുണ്ടാവൂ. പിന്നീട് മാധവന് സ്വൈര്യമായി പണിയെടുക്കാന്‍ കഴിഞ്ഞില്ല. ഗത്യന്തരമില്ലാതെ എനിക്കൊരു മനോഹരമായ പെട്ടിയുണ്ടാക്കിത്തരേണ്ടിവന്നു.

          ഒരു ദിവസം വര്‍ത്തമാനത്തിനിടയില്‍ എന്നോടു പറഞ്ഞു. "അടുത്താഴ്ചയല്ലേ നവരാത്രി. നിന്നെ ഇക്കൊല്ലമല്ലേ അരിയില്‍ എഴുതിക്കുന്നത്." പിന്നെ രണ്ടു മൂന്നു ദിവസത്തേക്ക് അരിയിലെഴുത്തിന്റെ വിശേഷങ്ങളായിരുന്നു ഞങ്ങളുടെ സംഭാഷണ വിഷയം.

              അമ്മ പഠിപ്പിക്കുന്ന നിടുമ്പൊയില്‍ മിക്സഡ് എല്‍. പി. സ്ക്കൂളിലാണ് എഴുത്തിനിരുത്ത്. നവരാത്രി പൂജ മൂന്ന് ദിവസമുണ്ടാകും. ഞാന്‍ ഇതുവരെ അതു കണ്ടിട്ടില്ല. വിജയദശമിയുടെ തലേ ദിവസം  അതായത് നവമിക്ക് സ്ക്കൂളില്‍പ്പോയി പൂജ കാണാന്‍ എനിക്ക് സമ്മതം കിട്ടി. ചേച്ചിയുടെ കൂടെ ഞാന്‍ കാലത്ത് ആറു മണിക്ക് സ്ക്കൂളിലേക്കു പുറപ്പെട്ടു. ചേച്ചി തുളസിയും ചെമ്പരത്തിപ്പൂവും പറിച്ച് ഒരു ഇലക്കുമ്പിളില്‍ കരുതിയിരുന്നു.  അക്കാലത്ത് വീട്ടില്‍ സ്ഥിരമായ വേഷം ഒരു ചുവന്ന പട്ടു കോണകം മാത്രമാണ്. അന്ന് ഒരു നിക്കര്‍ ഇടുവിച്ച് തന്ന അമ്മ പറഞ്ഞു
      "ഇതിള്‍ മണ്ണൊന്നും ആക്കിയേക്കരുത്"
           സ്ക്കൂളില്‍ എത്തി. ഹാളിന്റെ ഒരു ഭാഗത്ത് ഈന്തിന്‍പട്ട കൊണ്ട് മറച്ച് പൂജാമുറിയൊരുക്കിയിരിക്കുന്നു. കുരുത്തോല, മാവില, പൂക്കള്‍ എന്നിവയാല്‍ അവിടമാകെ അലങ്കരിച്ചിട്ടുണ്ട്. രണ്ടു പേര്‍ ചെണ്ട കൊട്ടുന്നു. മുതിന്ന കുട്ടികള്‍ മാറി മാറി ശംഖ് വിളിക്കുന്നു.   ശംഖ് വിളിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അയല്‍വാസിയും ബന്ധുവുമായ ദാമുവേട്ടന്‍ എനിക്കൊരവസരം തന്നു. എന്നാല്‍ കാറ്റ് പുറത്തു വന്നു എന്നല്ലാതെ ശബ്ദമൊന്നും  വന്നില്ല. കൈമണി കിലുക്കിക്കൊണ്ട് ഒരാള്‍ പുഷ്പാര്‍ച്ചന നടത്തുന്നു. ധാരാളം പുസ്തകങ്ങള്‍ അട്ടിയട്ടിയായി വെച്ചിട്ടുണ്ട്. അരികിലായി വിവിധ തരം പ്രതിമകള്‍, വിളക്കുകള്‍. ചന്ദനത്തിരിയുടേയും സാമ്പ്രാണിയുടേയും ഹൃദ്യ സുഗന്ധം .വള്ളത്തോള്‍ പാടിയ പോലെ " പുതിയൊരു ലോകമിതേതോ ഹന്ത! ശോഭനം തേജോമയം" എന്നെനിക്കും തോന്നി. ചുകന്ന പട്ടുടുത്ത് ദേഹം മുഴുവന്‍ ഭസ്മക്കുറിയും ചന്ദനപ്പൊട്ടും തൊട്ട് ഒരാള്‍ പൂജ നടത്തുന്നു. സഹായിയായി മറ്റൊരാള്‍ അടുത്തുണ്ട്.
"ദാമുവേട്ടാ, അതാരാ " എന്റ ചോദ്യം
"അതല്ലേ കൃഷ്ണന്‍ കുരിക്കള്‍ (ഗുരുക്കള്‍) ഹെഷ്മാഷാ"  ദാമുവേട്ടന്‍ പതുക്കെ ചെവിയില്‍ പറഞ്ഞു
"മറ്റേതോ ?"
"അതു കേളുക്കുട്ടി മാഷ്. നിന്റെ അച്ഛന്‍ പഠിപ്പിക്കുന്ന സ്ക്കൂളിലെ മാഷാ." ദാമുവേട്ടന്‍

          പൂജ കഴിഞ്ഞു. പ്രസാദം കിട്ടി. കുറച്ച് വെള്ളവും പുഷ്പങ്ങളും. എന്നാല്‍ അല്പ സമയം കഴിഞ്ഞപ്പോള്‍ കേളുക്കുട്ടി മാസ്റ്റര്‍ നിവേദ്യവുമായെത്തി. അവില്‍, മലര്‍, പഴം, ശര്‍ക്കര, കല്ക്കണ്ടി, കരിമ്പ്, മാതളം, ഇളനീരിന്‍ കാമ്പ്- എല്ലാം കൂടി ചേര്‍ത്തത്. അതു രണ്ടു കയ്യിലും കൂടി വാങ്ങി. ഹാ! എന്തൊരു രുചി. ഇന്നും നാവിന്‍ തുമ്പിലുണ്ട്.
          പിറ്റെ ദിവസം വിജയദശമി. കാലത്തു തന്നെ കുളിച്ചു റെഡിയായി. ഇന്ന് നിക്കറും ഷര്‍ട്ടുമുണ്ട്. കൂടാതെ സ്വര്‍ണ്ണക്കരയുള്ളഒരു കൊച്ചു മുണ്ടും. അത് അരിയിലെഴുതുമ്പോള്‍ ധരിക്കാനുള്ളതാണ്. അമ്മയും കൂടെയുണ്ട്. അച്ഛന്‍ നേരത്തെ തന്നെ പോയി. കാലത്തു വിദ്യാരംഭം കുറിക്കനാണത്രേ. അതു കഴിഞ്ഞ് അച്ഛന് അച്ഛന്റെ സ്ക്കൂളില്‍ പോവുകയും വേണം. ഒരു പൊതി അവിലും ഇളനീരും കയ്യിലുണ്ട്. എനിക്ക് എടുക്കാന്‍ പറ്റില്ല എന്നു പറഞ്ഞ് ചേച്ചി ഇളനീരെടുത്തപ്പോള്‍ ഞാന്‍ സമ്മതിച്ചില്ല. അത് ഷര്‍ട്ടിനോട് ചേര്‍ത്തുപിടിച്ചാല്‍ കറ പറ്റുമെന്ന് പറഞ്ഞ് അമ്മയും സമ്മതിച്ചില്ല.

         ഞങ്ങളെത്തുമ്പോഴേക്കു കാലത്തുള്ള പൂജ കഴിഞ്ഞിരുന്നു. അരിയിലെഴുത്തിനുള്ള ഒരുക്കമാണ്. കുറെ കുട്ടികള്‍ ഉയരം കുറവുള്ള ബെഞ്ചുകളില്‍ അപ്പോഴേക്കും സ്ഥാനം പിടിച്ചിട്ടുണ്ട്. കൃഷ്ണന്‍ ഗുരുക്കള്‍ ഒരു പുല്പായയില്‍ ചമ്രം പടിഞ്ഞിരിക്കുന്നു. മുമ്പില്‍ ഒരു പരന്ന പാത്രത്തില്‍ നല്ല കുത്തരി. വെള്ളം നിറച്ച കിണ്ടിയും കദളിപ്പഴവും, എഴുത്തോലയും അരികെയുണ്ട്. ഇന്നലെ പൂജാമുറിയില്‍ പട്ടുടുത്തിരിക്കുന്ന കുരിക്കളെ ചെറിയ ഭയത്തടെയാണ് ഞാന്‍ നോക്കിയത്. ഇപ്പോള്‍ ആ മുഖത്ത് ഒരു നിറഞ്ഞ ചിരി കാണുന്നുണ്ട്. എഴുത്താരംഭിക്കാന്‍ സമയമായി.

 "ടീച്ചറേ, മോനെ ഇവിടെക്കൊണ്ടിരുത്ത്വാ " കുരിക്കള്‍
             
          അതിനു മുമ്പ് വന്നിരുന്നവര്‍ ഊഴമിട്ട് കാത്തിരുന്നിട്ടും എന്നെത്തന്നെ ആദ്യം വിളിച്ചതിന്റെ പൊരുള്‍ എനിക്കു മനസ്സിലായില്ല. ഞാന്‍ അവിടുത്തെ ടീച്ചറിന്റെ മോനായതുകൊണ്ടാണത്രേ! അദ്ദേഹത്തിന്നഭിമുഖമായി മറ്റൊരു പുല്പായയില്‍ ഞാനിരുന്നു. നെറ്റിയില്‍ ചന്ദനം തൊടുവിക്കുമ്പോള്‍ എനിക്ക് ഒരു കുളിരനുഭവപ്പെട്ടു. കാതിലും തലയിലും പുഷ്പങ്ങള്‍ വെച്ചു തന്നു. നാവു നീട്ടാന്‍ പറഞ്ഞപ്പോള്‍ എനിക്കു പേടിയായി. അമ്മ പ്രോത്സാഹിപ്പിച്ചപ്പോള്‍ നാവു നീട്ടിക്കൊടുത്തു. ഗുരുക്കള്‍ എന്റെ നാവില്‍ സ്വര്‍ണ്ണാംഗുലീയം കൊണ്ട് എന്തൊക്കെയോ കുത്തിക്കുറിച്ചു. തുടര്‍ന്നു അദ്ദേഹം എന്റെ വലതു കയ്യിലെ നടുവിരല്‍ ചൂണ്ടുവിരലിന്റെ മുകളിലാക്കിപ്പിടിച്ച് അരിയില്‍ ആദ്യാക്ഷരമെഴുതി പതുക്കെപ്പറഞ്ഞു.

    "പറയൂ ഹരി "

        ആദ്യം എനിക്കോര്‍മ്മ വന്നത് തലേ ദിവസത്തെ മാധവേട്ടന്റെ ക്ലാസാണ്. " കുരിക്കള്‍ അരിയിലെഴുതി പറഞ്ഞു തരുന്നതെല്ലാം നന്നായി പറയണം. ഇല്ലെങ്കില്‍ പൊട്ടനായിപ്പോവും!?"
           രണ്ടാമത് ഓര്‍ത്തത് ദിവസവും അച്ഛന്‍ ഭാരതം, ഭാഗവതം മുതലായവ പാരായണം ചെയ്യുമ്പോള്‍ ആദ്യമായി ' ഹരിശ്രീഗണപതയെ നമ:, അവിഘ്നമസ്തു....' എന്നു ചൊല്ലുന്നതാണ്. എനിക്കത് മന:പാഠവുമാണ്.

   "പറയൂ, ഹരി " ഒരിക്കല്‍ക്കൂടി കുരിക്കള്‍ പറഞ്ഞു.

        ഓര്‍മ്മയില്‍ നിന്ന് ഞെട്ടിയുണര്‍ന്ന ഞാന്‍ തെല്ലൊരഭിമാനത്തോടെ പറഞ്ഞു

  "ശ്രീ"

 ഒരു ചെറിയ ചിരി സദസ്സില്‍ പരന്നു.
ശ്രീ  എന്നെഴുതി ഗുരു വീണ്ടും പറഞ്ഞു "ശ്രീ"
ഞാനും തുടര്‍ന്നു ' ഗ '
           അമ്മയുടെ മുഖം ദേഷ്യം കൊണ്ടു ചുവന്നു. എന്റ മുഖത്തു സൂക്ഷിച്ചു നോക്കി അങ്ങനെ പറയരുതെന്ന് കണ്ണുകൊണ്ട് കാണിച്ചു. പക്ഷെ ശരിയായി പറയാതെ പൊട്ടനായിപ്പോവരുതല്ലോ. ഓരോ തവണ ഓരോ അക്ഷരം പറയുമ്പോഴും അതിന്റെ അടുത്ത അക്ഷരം കൃത്യമായിപ്പറഞ്ഞ് ഞാന്‍ എഴുത്ത് മുഴുമിപ്പിച്ചു. അതിനു ശേഷം ഹരിശ്രീഗണപതയെ നമ: എന്നെഴുതിയ പനയോല, രണ്ടു പഴം എന്നിവ എന്റെ കൈയില്‍ വെച്ചു തന്നു. എഴുന്നേറ്റ് അദ്ദേഹത്തെ പ്രദക്ഷിണം വെച്ച് ഞാന്‍ അക്ഷരലോകത്തേക്കുള്ള യാത്രയാരംഭിച്ചു.
          അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമ:

Sunday, September 12, 2010

മുല്ലപ്പൂ ചൂടിയ മലയാളിപ്പെണ്‍കൊടി

എന്താ സംശയമുണ്ടോ? അതു നാന്‍ താന്‍‍............

Monday, September 6, 2010

സ്ക്കൂള്‍ ഡയറി - 10 കലന്തന്റെ കലകളും കുലകളും

           ഒരു ദിവസം ഉച്ചയ്ക്കു ശേഷമുള്ള ഇന്റര്‍വെല്ലിന് ഞാന്‍ ക്ലാസില്‍ നിന്ന് സ്റ്റാഫ്റൂമില്‍ എത്തിയപ്പോള്‍ കലന്തന്‍ അവിടെയുണ്ട്. ഇത്തവണ വന്നത് മികച്ചയിനം വാഴക്കന്നുകളുമായാണ്. പുതപ്പു വില്ക്കുന്നവരുടെയും പ്രഷര്‍കുക്കര്‍ മുതല്‍ പിഞ്ഞാണക്കോപ്പകള്‍ വരെ വില്ക്കന്നവരുടെയും വിഹാരകേന്ദ്രങ്ങളാണ് സ്ക്കൂള്‍ സ്റ്റാഫ്റൂമുകള്‍. കലന്തനെയും അക്കൂട്ടത്തിലൊരാളായി തള്ളാമായിരുന്നു. എന്നാല്‍ കലന്തനെ അങ്ങനെയങ്ങു വിട്ടുകൂടാ. ആശാനെന്റെ സഹപാഠിയാണ്, ഹൈസ്ക്കൂളില്‍.


     വാഴപ്പഴം മനുഷ്യന് എങ്ങനെയാണ് ഒരു ഉത്തമാഹാരമായിരിക്കുന്നത് എന്നതു മുതല്‍ ഈ അപൂര്‍വ്വയിനം വാഴക്കന്നുകള്‍ താന്‍ എങ്ങനെ സംഘടിപ്പിച്ചു എന്നതുവരെയുള്ള വിശദമായ ലക്ചര്‍ പുള്ളി നടത്തിക്കൊണ്ടിരിക്കെയാണ് ഞാന്‍ അങ്ങോട്ട് കയറിച്ചെന്നത്. ഒളികണ്ണാല്‍ എന്നെക്കണ്ടതും കലന്തന്‍ മൊഴിഞ്ഞു.
 
                "എടാ ജനാര്‍ദ്ദനാ........അല്ല സോറി, ജനാര്‍ദ്ദനന്‍ മാഷേ  നീ ഇപ്പോള്‍ ഇവിടേയാണോ? ഇപ്പോള്‍ കവിതയൊക്കെ എഴുതാറുണ്ടെടേയ് ?"
 
    "ഉം...." ഉണ്ടെന്നോ ഇല്ലെന്നോ അര്‍ത്ഥം വരുന്ന വിധത്തില്‍ ഞാനൊന്നു മൂളി. കാരണം കലന്തന്‍ വില്ക്കാന്‍ കൊണ്ടുവന്ന സാധനത്തെപ്പറ്റി എനിക്കത്ര വിശ്വാസം പോരായിരുന്നു.

കലന്തനെ ആദ്യമായി എട്ടാം ക്ലാസില്‍ വെച്ചാണ് ഞാന്‍ പരിചയപ്പെടുന്നത്. കല എന്നു വിളിക്കുന്നതാണ് പുള്ളിക്കിഷ്ടം. അല്പസ്വല്പം കവിതാഭ്രമമൊക്കെയുള്ള മൂപ്പരുടെ തൂലികാനാമമാണത്. ജന്മനാ ചെറിയൊരു വൈകല്യമുണ്ട്. ഇടതുകാലിന് അല്പം നീളക്കുറവ്. നടക്കുമ്പോള്‍ ചെറുതായി മുടന്തും. എട്ടാം ക്ലാസിലെ ആദ്യദിനം. ഞങ്ങളുടെ ക്ലാസ് ടീച്ചറായ രോഹിണിക്കുട്ടി ടീച്ചര്‍ കുട്ടികളെ പരിചയപ്പെടുന്ന കൂട്ടത്തില്‍ ചോദിച്ചു.
 
     "കലന്താ... ഈ മുടന്ത് ജന്മനാ ഉള്ളതാണോ?"
      "ഇല്ല ടീച്ചര്‍. അതൊരു കഥയാണ്."
     "എന്താ കുട്ടീ, എന്തു പറ്റി?"  ടീച്ചര്‍
   "ടീച്ചര്‍ ,എനിക്കന്നു നാലു വയസ്സു പ്രായം. ഉമ്മ അരച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ അമ്മിയില്‍ നിന്ന് തേങ്ങ വാരിത്തിന്നാന്‍ നോക്കി."
     "എന്നിട്ട്"
        "ഉമ്മ എന്നെ അടിക്കാന്‍ നോക്കി. അപ്പോള്‍ അമ്മിക്കുട്ടി അബദ്ധത്തില്‍ എന്റെ ഇടതുകാലിലേക്കു ഉരുണ്ടുവീണു. കാലു ചതഞ്ഞരഞ്ഞു. എല്ലു പൊട്ടി. അതിനു ശേഷം ഞാനൊരു മുടന്തനായി!"
കലയുടെ കഥ കേട്ട ഞങ്ങള്‍ക്കെല്ലാം വിഷമമായി. കലയുടെ ഉമ്മയുടെ അശ്രദ്ധയെ ഞങ്ങള്‍ പഴിച്ചു. എനി ഒരമ്മയും അങ്ങനെ ചെയ്യല്ലേ എന്നു ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു.
 
        എന്നാല്‍ തൊട്ടടുത്ത പിരിയഡുതന്നെ കല ഞങ്ങളെ ഞെട്ടിച്ചുകളഞ്ഞു. രോഹിണി ടീച്ചറുടെ ചേച്ചിയാണ് കല്യാണിക്കുട്ടി ടീച്ചര്‍. കുട്ടികള്‍ ചിരിക്കുന്നതും സംസാരിക്കുന്നതുമൊന്നും ടീച്ചര്‍ക്കിഷ്ടപ്പെടില്ല. ക്ലാസിനിടയില്‍ കലന്തന്‍ എന്തോ ശബ്ദമുണ്ടാക്കി. ടീച്ചര്‍ വടിയെടുത്തു.
 
     "വാടാ ഇവിടെ"
കലന്തന്‍ ഞൊണ്ടി ഞൊണ്ടി ടീച്ചറുടെ അരികിലേക്ക് നടന്നു ചെന്നു.
    "എന്താടാ നിന്റെ കാലിന്?"  ടീച്ചര്‍
    "അതൊരു ആക്സിഡണ്ടാണ് ടീച്ചര്‍ " കല പതുക്കെപ്പറഞ്ഞു
    "ഉറക്കെപ്പറയെടാ. ഇപ്പോള്‍ നിന്റെ ശബ്ദമെവിടെപ്പോയി?"
കല മുഖത്തു യാതൊരു ഭാവഭേദവും കൂടാതെ ഉറക്കെത്തുടര്‍ന്നു.
   "കുറെക്കൊല്ലം മുമ്പാണ്. ഞാനും ബാപ്പയും കൂടി കോഴിക്കോടിന് പോവുകയായിരുന്നു. വണ്ടി നില്‍ക്കുന്നതിനു മുമ്പ് ബാപ്പ പ്ലാറ്റ്ഫോമിലേക്കു ചാടി. പുറകെ ഞാനും ചാടി. വീണുപോയ എന്റെ കാല്‍ പ്ലാറ്റ്ഫോമിനും വണ്ടിക്കുമിടയില്‍കുടുങ്ങി. എന്റെ കാല്‍ ചതഞ്ഞുപോയി!"
         അമ്പട കള്ളാ! ഞങ്ങളെല്ലാവരുടെയും മനസ്സില്‍ നിന്ന് ഒരമ്പരപ്പുയര്‍ന്നു.  ആരും ഒന്നും മിണ്ടിയില്ല. പക്ഷെ കല ആരാണെന്ന് ഞങ്ങള്‍ക്കു മനസ്സിലായി. ദിവസങ്ങള്‍ക്കുള്ളില്‍ കല സ്ക്കൂളിലെ പ്രധാന കഥാപാത്രമായി. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കല തന്നെ സ്ക്കൂള്‍ലീഡര്‍

       അക്കാലത്ത് സ്ക്കൂളില്‍ പട്ടാളച്ചിട്ടയായിരുന്നു. ദേശീയ അധ്യാപക അവാര്‍ഡു നേടിയ കെ. കെ. രാമന്‍ നായരാണ് ഹെഡ്മാസ്റ്റര്‍. അധ്യാപകനാവുന്നതിന് മുമ്പ് സാറ് പട്ടാളത്തിലായിരുന്നു. മാഷ് വരാന്തയിലൂടെ നടന്നാല്‍ പിന്നെ മൊട്ടുസൂചി വീഴുന്ന ശബ്ദം പോലും കേള്‍ക്കാം. അത്ര നിശ്ശബ്ദത ആണ്. സ്ക്കൂളിലെ യൂണിഫോം പോലും കാക്കിയും വെള്ളയുമാക്കിക്കളഞ്ഞു ആ ദേശസ്നേഹി. ഇഷ്ടമില്ലെങ്കിലും ഞങ്ങളതു സഹിച്ചു.
       അഞ്ചെട്ടു മാസം കഴിഞ്ഞു. സ്ക്കൂള്‍ അസംബ്ലി നടക്കുകയാണ്. ലീഡറായ കല കടും ചുവപ്പു നിറത്തിലുള്ള ഷര്‍ട്ടും കറുത്ത പാന്റുമണിഞ്ഞ് നില്‍ക്കുന്നു. ഹെഡ്മാസ്റ്റര്‍ ഒന്നേ നോക്കിയുള്ളൂ. അദ്ദേഹത്തിന്റെ മുഖം കോപം കൊണ്ട് ചുവന്നു. കലയെ നോക്കി അട്ടഹസിച്ചു.
 
      "ഇവിടെ വാടാ"
യാതൊരു കൂസലുമില്ലാതെ കല അദ്ദേഹത്തിന്നരികിലെത്തി.
     "ഇതെന്താടാ ഈ ഇട്ടുവന്നിരിക്കുന്നത്?"
     "പാന്റും ഷര്‍ട്ടും"  കലന്തന്‍
     "ഇതെന്തു നിറമാണെടാ? " രാമന്‍ മാസ്റ്റര്‍
     "ചുവപ്പും കറുപ്പും"
    "ലീഡറായ നീ തന്നെ യൂണിഫോം ഇടാതെ വന്നിരിക്കുന്നോ? പോയി മാറ്റി വാടാ"
     "പറ്റില്ല." 
       ഇത്തവണ കലയും ഉച്ചത്തിലാണ് പറഞ്ഞത്. "ഇവിടുത്തെ ഈ കാക്കി യൂണിഫോം കുട്ടികള്‍ക്കാര്‍ക്കും ഇഷ്ടമല്ല. ഒരു ലീഡര്‍ എന്ന നിലയില്‍ അതു ബഹിഷ്ക്കരിച്ചുകൊണ്ടുള്ള സമരത്തിന് നേതൃത്വം കൊടുക്കേണ്ടത് എന്റെ കടമയാണ്."
         തന്റെ രൂപം കണ്ടാല്‍ ഇലയനങ്ങാത്ത അന്തരീക്ഷത്തില്‍ ഈ നിഷേധസ്വരം അദ്ദേഹത്തിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. കുട്ടികള്‍ എല്ലാവരും കേള്‍ക്കേ അദ്ദേഹം വീണ്ടും പറഞ്ഞു.
 
       "ഇത്തരം നിഷേധികളെ ഈ സ്ക്കൂളില്‍ വെച്ചു പൊറുപ്പിക്കില്ല. ഇവനെ ഈ സ്ക്കൂളില്‍ നിന്നും ഡിസ്മിസ് ചെയ്തിരിക്കുന്നു." തുടര്‍ന്നു കലന്തനെ നോക്കി പറഞ്ഞു. "നിനക്കു വേണമെങ്കില്‍ ടി. സിയും വാങ്ങി ഇന്നു തന്നെ പോകാം."
       ഇതു കേട്ട കലന്തനും വിട്ടു കൊടുത്തില്ല. "ഇത്തരം ഒരു സ്ക്കൂളില്‍ പഠിക്കാന്‍ എനിക്കും നാണക്കേടാണ്. ടി. സി വാങ്ങണമെന്ന് കുറെ ദിവസമായി ഞാനും ആലോചിക്കുന്നു. പിന്നെ ഞാനായിട്ട് അതിന് മുന്‍കൈയെടുത്തു എന്നൊരു പേരുദോഷം വേണ്ടാ വേണ്ടാ എന്നു വിചാരിച്ചിട്ടാണ്. അതിങ്ങു തന്നേക്കൂ സാറേ!"

        ഈ മറുപടിയും കേട്ടതോടെ ഹെഡ്മാസ്റ്റര്‍ തളര്‍ന്നു പോയി. കലന്തന്‍ ഞങ്ങളുടെ സ്ക്കൂളിലെ പഠിത്തം അന്നു തന്നെ ഒഴിവാക്കി. പിന്നീട് രണ്ട് ഹൈസ്ക്കൂളുകളിലും കൂടി പഠിച്ചതിനു ശേഷമാണ് അദ്ദേഹം എസ്. എസ്. എല്‍. സി എഴുതിയത്. കലന്തന്‍ പിന്നീട് നടത്താത്ത തൊഴിലുകളില്ല. പെയിന്റിങ്ങിനു പോയി. മടുത്തപ്പോള്‍ കസേര മെടയല്‍ തുടങ്ങി. കടലാസ് പൂ നിര്‍മ്മാണം, ഡക്കറേഷന്‍ , പിന്നെ സകലമാന വഴിയോരക്കച്ചവടങ്ങളും നോക്കി. അതിന്റെ അവസാന രൂപമാണ് ഇപ്പോള്‍ കണ്ട വാഴക്കന്നു വിതരണം.
 
         സ്ക്കൂള്‍ വിട്ടതിനു ശേഷം ഞാന്‍ കലയെ ആദ്യമായി കാണുന്നത് കൊയിലാണ്ടി ടൌണില്‍ വെച്ചാണ്. പോസ്റ്റാപ്പീസിന്റെ മുമ്പിലുള്ള റോഡരികില്‍ തെങ്ങിന്‍തൈ വില്‍ക്കുമ്പോള്‍. അതുമൊരു കഥയാണ്.
കലന്തന്‍ ഒരു ദിവസം എന്തോ ഒരാവശ്യത്തിന് ഞങ്ങളുടെ സുഹൃത്തായ എന്‍. എസ് .നമ്പൂതിരിയുടെ വീട്ടില്‍ എത്തുന്നു. വരാന്തയിലിരുന്ന് കുശലം പറയുന്നതിനിടയ്ക്ക് തൊടിയില്‍ പാകി മുളപ്പിച്ചിരിക്കുന്ന നാടന്‍ തെങ്ങിന്‍തൈകള്‍ കാണുന്നു.അക്കാലത്ത് പത്തു രൂപയായിരുന്നു ഒരു തൈയുടെ വില. കലന്തന്‍ എണ്ണിനോക്കി. നാല്‍പ്പത്തഞ്ചെണ്ണമുണ്ട്. നമ്പൂതിരിയോട് ചോദിച്ചു.
        "നമ്പൂരീ, തൈക്കെന്തു വില തരണം."
        "പത്തു രൂപയാണ്. പക്ഷെ ഞാനിതു വില്‍ക്കുന്നില്ല."
       "അയ്യേ പത്തു രൂപയോ? അതു കുറവല്ലേ? പന്ത്രണ്ടു രൂപ വെച്ച് ഞാനെടുക്കാം."
        "ഞാനതു വില്‍ക്കുന്നില്ല കലന്താ"
      "അങ്ങനെ പറയരുത്. എനിക്ക് കുറച്ച് തെങ്ങിന്‍ തൈകള്‍ അത്യാവശ്യമാണ്. പതിമൂന്ന് രൂപ വെച്ച് വാങ്ങിക്കോളൂ. "  നമ്പൂതിരി വഴങ്ങിയില്ല. എന്നാല്‍ കലന്തന്റെ നിര്‍ബന്ധത്തിന്നു വഴങ്ങി പതിന്നാല് രൂപ പ്രകാരം 45 എണ്ണവും വിറ്റു. പിറ്റെദിവസം കാലത്ത് പണം കൊടുത്ത് തൈകള്‍ ഒരു വാഹനത്തില്‍ കയറ്റി നേരത്തെ പറഞ്ഞ പോസ്റ്റാപ്പീസിന്റെ മുമ്പില്‍ കൊണ്ടിറക്കി. തൈകള്‍ നിരത്തി വെച്ചു. നല്ലൊരു ബോര്‍ഡും വെച്ചു. 'മേത്തരം NS45 തെങ്ങിന്‍ തൈകള്‍. 25 രൂപ മാത്രം.'
      കലന്തന്‍ തന്റെ വാഗ്ധോരണി പുറത്തെടുത്തു. "
      സുഹൃത്തുകളെ, കാസര്‍ഗോഡ് തെങ്ങുവിള ഗവേഷണകേന്ദ്രത്തിലെ വിദഗ്ധരായ ശാസ്ത്രജ്ഞന്മാര്‍ ഒരുക്കിയെടുത്ത മികച്ചയിനം തെങ്ങിന്‍തൈകള്‍ NS45 ഇതാ കുറച്ചെണ്ണം കൂടി മാത്രം വില്‍ക്കാനുണ്ട്. ആവശ്യക്കാരുണ്ടെങ്കില്‍ മുന്നോട്ടു വരിക. പക്ഷെ ഒരാള്‍ ദയവു ചെയ്ത് ഒന്നില്‍ക്കൂടുതല്‍ ചോദിക്കരുത്. ഈ വര്‍ഷത്തെ സ്റ്റോക്കു കഴിഞ്ഞു. കഴിയുന്നത്രപേരില്‍ എത്തിക്കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശ്യം."
 
     "എന്താ ഈ NS45?" ഒരാള്‍ ഒരു ചോദ്യമെറിഞ്ഞു
കല അയാളെ സൂക്ഷിച്ചൊന്നു നോക്കി. പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു
           "TxD എന്നു കേട്ടിട്ടുണ്ടോ? IR 8 എന്നു കേട്ടിട്ടില്ലേ? അതു പോലൊന്ന്. ഏറ്റവും പുതിയ തെങ്ങിനമാണ്. സഹോദരാ അതിന്റെ ഫുള്‍ഫോമൊന്നും എനിക്കറിയില്ല. ഏറ്റവും മികച്ചതാണെന്ന് മാത്രമറിയാം."
          ഒരാള്‍ക്ക് ഒന്നു മാത്രമേ നല്‍കുകയുള്ളൂ എന്നു പറഞ്ഞത് ആളുകളക്ക് കൂടുതല്‍ വിശ്വാസത്തിനു കാരണമായി. നിമിഷനേരം കൊണ്ട് തൈകളെല്ലാം 25 രൂപ വെച്ച് വിറ്റുപോയി. തിരിച്ചു ബസ് സ്റ്റാന്‍ന്റിലേക്കു നടക്കുമ്പോള്‍ ഞാന്‍ ചോദിച്ചു. 
         "കലാ എന്താ ഈ NS45"
     "എടാ ഇതു നല്ല തമാശ. Ns നമ്പൂരിയുടെ വീട്ടില്‍ നിന്ന് വാങ്ങിയത്.അതാ NS. ആകെ 45 എണ്ണമേ ഉണ്ടായിരുന്നുള്ളു. ഇപ്പോ മനസ്സിലായോ മൂഢാ എന്താണ് NS45 എന്ന്!"
 
           ഞാനീ കഥകളെല്ലാം ഓര്‍മ്മിക്കുമ്പോഴേക്കും അധ്യാപകരെല്ലാം പത്തും പതിനഞ്ചും വാഴക്കന്നുകള്‍ വാങ്ങിക്കഴിഞ്ഞിരുന്നു. ഒടുവില്‍ മൂന്നെണ്ണം മാത്രം ബാക്കി.കല പറഞ്ഞു
 
      "എടോ ജനാര്‍ദ്ദനന്‍ മാഷേ ആ മൂന്നെണ്ണം നിനക്കുള്ളതാണ്. പണമൊന്നും വേണ്ട. താന്‍ കൊണ്ടുപോയി കുലപ്പിച്ച് പഴം കഴിക്ക്"
 
        മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ എല്ലാവരുടെയും വാഴ കുലച്ചു. വലിയ കുലകളും കിട്ടി. പക്ഷെ അതു പൂവനല്ല, പാളയംകോടനായിരുന്നു എന്നു മാത്രം!

Thursday, August 26, 2010

സ്ക്കൂള്‍ ഡയറി - 9 മയൂരവാഹനന്റെ പരാക്രമങ്ങള്‍

           ഞാന്‍ സ്ക്കൂളില്‍ ചേരുമ്പോഴേ അവിടെയുണ്ട്. നാലു വര്‍ഷം മുമ്പെങ്കിലും ആശാന്‍ മാഷായിട്ടുണ്ട്. മണിയന്‍ എന്നുള്ളത് വീട്ടിലും അടുത്ത കൂട്ടുകാരിലും ഉള്ള പേരാണ്. ശരിയായ പേര്‍ മയൂരവാഹനന്‍ പിള്ള. കുട്ടികള്‍ക്ക് മയൂരന്‍ മാഷാണ്. നാട്ടുകാര്‍ക്കും അതേ പേരു തന്നെയാണിഷ്ടം. ഇത്തിരി വ്യത്യാസം വരുത്താറുണ്ടന്നു മാത്രം.

          സ്ക്കൂളില്‍ ചേര്‍ന്ന കൊല്ലം എനിക്ക് നാലാം ക്ലാസാണ് കിട്ടിയത്. അത് ഒരു ഷെഡിലായിരുന്നു. ഒരു ദിവസംഒരു നാലാം പിരീഡ് അഞ്ചാം ക്ലാസിലേക്ക് സബ്സ്റ്റിറ്റ്യൂഷന്‍ കിട്ടി. അപ്പോഴാണാദ്യമായി ഞാന്‍ മയൂരന്റെ വിശ്വരൂപം കാണുന്നത്. ആശാന്‍ ആറാം ക്ലാസില്‍ പഠിപ്പിക്കുന്നു. ക്ലാസുകള്‍ തമ്മില്‍ വിഭജന മറയുണ്ടായിരുന്നില്ല. നാലു ക്ലാസുകാര്‍ക്ക് പരസ്പരം കാണുകയും കേള്‍ക്കുകയും ചെയ്യാം. മയൂരവാഹനന്‍ പിള്ള വന്നിട്ടുണ്ടോ എന്നറിയാന്‍ ഒരു പ്രയാസവുമില്ല. അത്ര വലിയ ശബ്ദമാണ്. ആളെ കാണാനാണെങ്കില്‍ കഷ്ടിച്ച് അഞ്ചടി മാത്രം. ചിലപ്പോഴൊക്കെ ജുബ്ബയായിരിക്കും വേഷം. അന്ന് ഒന്നു കൂടി ചെറുതാവും.

          മൂപ്പര് നേരത്തെ പറഞ്ഞ ക്ലാസില്‍ ഉണ്ണായിവാര്യരുടെ ഏതോ വരികളാണ് പഠപ്പിക്കുന്നത്. ഞാനൊന്ന് പാളി നോക്കി. കഥകളി പദം പാടുന്നുണ്ട്. അല്പസ്വല്പം ആടുന്നുമുണ്ട്. ചരിത്രം പറയുന്നുണ്ട്. കഥകളി ആശാന്മാരെപ്പറ്റി പ്രഭാഷണം നടത്തുന്നുണ്ട്. ഒരു നിമിഷം പോലും ആ നാവ് അനങ്ങാതിരിക്കുന്നില്ല. ഉച്ചഭക്ഷണത്തിനു വിട്ടപ്പോള്‍ ഞങ്ങള്‍ ഒരുമിച്ചു ഹോട്ടലിലേക്കു നടന്നു. ഞാന്‍ പറഞ്ഞു. "മാഷേ ക്ലാസ് ഗംഭീരമായിരുന്നു. ഞന്‍ ശ്രദ്ധിച്ചു"
"എന്റെ മാഷേ, തൊണ്ട പോയതു മിച്ചം. ഒരു വക അതുങ്ങള്‍ക്ക് മനസ്സിലായിട്ടില്ല."
കൊഴപ്പം എവിടെയാണെന്ന് എനിക്ക് മനസ്സിലായെങ്കിലും അപ്പോള്‍ ഞാനത് പറഞ്ഞില്ല. എന്നാലും ചില ഹിന്റുകളൊക്കെ നല്‍കുകയും ചെയ്തു. അത് ഒരു സൌഹൃദത്തിന്റെ തുടക്കമായി. പുള്ളി കൊല്ലം ജില്ലക്കാരനാണ്. കല്യാണമൊന്നും കഴിഞ്ഞിരുന്നില്ല. 'വീണേടം വിഷ്ണുലോകം'! സ്ക്കൂളില്‍ നിന്നു കുറച്ചകലെ പാറക്കുളങ്ങരയിലെ ഹൈസ്ക്കൂളിനടുത്തുള്ള ഒരു കടയുടെ മുകളിലായിരുന്നു താമസം. കൂടെ രണ്ടു മാഷന്മാര്‍ വേറെയുമുണ്ട്.

           ആളു മഹാ പരോപകാരിയും പൊതുജനപ്രിയനുമാണ്. താമസസ്ഥലത്തിനടുത്തുള്ള അമ്മോട്ടി മാസ്റ്ററുടെ വീട്ടില്‍ കറവക്കാരന്‍ വന്നില്ല എന്നു കേള്‍ക്കേണ്ട താമസം മൂപ്പരു പോയി പശുവിനെ കറന്നു കൊടുക്കും. വൈകുന്നേരം താന്‍ തന്നെ വന്നു കറന്നു തരാമെന്ന് ഏല്‍ക്കുകയും ചെയ്യും. ഇബ്രായി മാസ്റ്ററുടെ ബന്ധുവിന് ദീനം വന്നപ്പോള്‍ ഓടിച്ചെന്ന് തെങ്ങില്‍ക്കയറി കരിക്കിട്ടു കൊടുത്തതും പിള്ളസ്സാര്‍ തന്നെ!
            മണിയന്‍ പിള്ള ഒരു ദിവസം കാലത്ത് എണീറ്റ് കക്കൂസില്‍ പോകാന്‍ ഒരുങ്ങുമ്പോള്‍ ഭാസ്ക്കരന്‍ മാഷ് ബക്കറ്റുമായി കിണറ്റിന്‍ കരയിലേക്കു നടക്കുന്നു. വെള്ളം കോരിയെടുത്തു വേണം ടോയ്ലറ്റില്‍ പോകാന്‍. "ഡേയ്, ഞാന്‍ പോയി വന്നിട്ട് പോകാം തനിക്ക്.എനിക്ക് അര്‍ജന്റാ" റാംജിറാവുവിലെ മുകേഷ് സ്റ്റൈല്‍ ആവര്‍ത്തിക്കേണ്ടെന്നു കരുതി ഭാസ്ക്കരന്‍ മാസ്റ്റര്‍ ബക്കറ്റ് അവിടെ വെച്ച് അകത്തേക്കു പോയി. അഞ്ചു മിനിറ്റും പത്തു മിനിറ്റും കഴിഞ്ഞിട്ടും മണിയനെ കാണാനില്ല. 
      "എടാ, നീയവിടെയങ്ങ് താമസമാക്ക്യോ" എന്നു ചോദിച്ചുകൊണ്ട് ഭാസ്ക്കരന്‍ മാഷ് കിണറിന്നടുത്തേക്ക് നടന്നു. അടുത്തെത്താറായപ്പോള്‍ മാഷ് ഞെട്ടി. വെള്ളം കോരാനുള്ള കപ്പി ഉറപ്പിച്ചിരിക്കുന്ന കുറ്റിക്കാല്‍ കാണാനില്ല. ഓടിച്ചെന്നു നോക്കിയപ്പോള്‍ ദേണ്ടെ മണിയന്‍ തലയ്ക്ക് കൈയും കൊടുത്ത് മുകളിലേക്ക് നോക്കിക്കൊണ്ട് കിണറ്റില്‍.
         "എടാ ഒരു കയറിങ്ങോട്ട് താഴ്ത്തിയേ" മണിയന്‍
       "അതിന് കയറും ബക്കറ്റുമെല്ലാം നിന്റെ കയ്യിലല്ലോ? അതിങ്ങോട്ട് എറിയെടാ"- ഭാസ്ക്കരന്‍
        "അടുത്ത വീട്ടില്‍ നിന്നു കയര്‍ വാങ്ങി വാ, നായിന്റെമോനേ"
       മണിയന്‍ അങ്ങിനെയാണ്. ഒരാളെ പരിചയപ്പെടുന്നതിനു മുമ്പ് സാറെ എന്നു വിളിക്കും. പരിചയപ്പെട്ടു കഴിഞ്ഞാല്‍ വിളി ഹലോ എന്നായിരിക്കും. സൌഹൃദം പുതുക്കിയാല്‍ വിളി എടാ എന്നാവും. ഇഷ്ടപ്പെട്ടാല്‍ എടാ മോനെ എന്നാവാം. ഇന്റിമസി കൂടിയാല്‍ നേരത്തെ വിളിച്ചതും!
             ഭാസ്ക്കരന്‍ മാഷ് അമ്മോട്ടി മാഷുടെ വീട്ടിലേക്കോടി. അവിടുത്തെ കയര്‍ അഴിച്ച് തിരിച്ചോടുന്നതു കണ്ട് വീട്ടുകാരും പുറകെ ചെന്നു. കയര്‍ ഒരു തെങ്ങില്‍ കെട്ടി മറ്റെ അറ്റം കിണറിലേക്കിട്ടു കൊടുത്തു. മണിയന്‍ കയറില്‍ തൂങ്ങി പതുക്കെ മുകളിലേക്ക്. മുകളിലെത്തിയതും ബോധം പോയതും ഒരേ നിമിഷത്തില്‍. ഓടി വന്നവരെല്ലാം ബേജാറിലായി. മണിയനെ താങ്ങിപ്പിടിച്ച് വരാന്തയില്‍ കൊണ്ടുകിടത്തി. വിളിച്ചു നോക്കി, വെള്ളം തളിച്ചു നോക്കി. ഒരു രക്ഷയുമില്ല. ബോധം വരുന്നില്ല.
        ഇബ്രായിമാസ്റ്റര്‍ ടാക്സിക്ക് ഫോണ്‍ ചെയ്തു. അഞ്ചു മിനിറ്റിനകം ജീപ്പെത്തി.. അതിന്റെ ഹോണടി ശബ്ദം കേട്ട മണിയന്‍ പതുക്കെ കണ്ണു തുറന്നു. ചുറ്റും ആള്‍ക്കാര്‍ കൂടിയിരിക്കുന്നു. ഭാസ്ക്കരനെ മാത്രം കാണാനില്ല.
     "എന്റെ പാക്കരോ, നിനക്കെന്തു പറ്റിയെടാ " മണിയന്‍ ഉറക്കെച്ചോദിച്ചു. താന്‍ കിണറ്റില്‍ വീണതും കയറിവന്നതും ബോധം നഷ്ടപ്പെട്ടതുമൊന്നും ആശാനോര്‍മ്മയില്ല.ഭാസ്ക്കരന് എന്തോ അത്യാഹിതം സംഭവിച്ചു എന്നാണ് പാവം കരുതിയത്. എല്ലാവരും ഉറക്കെച്ചിരിച്ചു. കുഴപ്പമൊന്നുമില്ലെങ്കിലും മണിയനെ ആശുപത്രിയില്‍ കൊണ്ടുപോയി. ആകെ സംഭവിച്ചത് മുന്‍വശത്തെ ഒരു പല്ലിന്റെ പകുതി മുറിഞ്ഞുപോയി എന്നതു മാത്രം!
          അന്ന് ക്രിക്കറ്റൊന്നും ഞങ്ങളുടെ ഊരള്ളൂരില്‍ പ്രാബല്യത്തിലായിട്ടില്ല. പത്രങ്ങളില്‍ വായിച്ചും അത്യാവശ്യം റേഡിയോ കമന്‍ട്രി കേട്ടുമുള്ള അറിവു മാത്രം.ഒരു ദിവസം ഞാന്‍ ഒരു ക്രിക്കറ്റ് ബാറ്റും ബോളുമായി സ്ക്കൂളിലെത്തി. സ്ക്കൂള്‍ വിട്ട ശേഷം മാഷമ്മാരെയല്ലാം കൂട്ടി കളി തുടങ്ങി. മണിയന്‍ ബാറ്റിംഗും ബൌളിംഗും അല്പദിവസം കൊണ്ട് വശത്താക്കി. റബ്ബര്‍പന്തു മാറ്റി ടെന്നീസ് ബോളാക്കി കളി തുടര്‍ന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഓണാവധി വന്നു. നാട്ടില്‍ പോയ ആശാന്‍ ഒരു ദിവസം ക്രിക്കറ്റു ബോള്‍ കൊണ്ടുള്ള അടിയേറ്റ് മുഖത്ത് മൂന്ന തുന്നലുമായി സ്ക്കൂളില്‍ തിരിച്ചെത്തി.

           പിള്ള താമസിച്ചിരുന്നത് ഹൈസ്ക്കൂളിനടുത്താണെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ. അവിടെ ഇടയ്ക്ക് അമേച്വര്‍ ക്രിക്കറ്റു മത്സരങ്ങള്‍ നടക്കാറുണ്ട്. ഒരു ഞായറാഴ്ച അവിടെ മത്സരം നടക്കുമ്പോള്‍ നിയന്ത്രിക്കാന്‍ അംപയറെക്കിട്ടിയില്ല. മൈതാനത്തിനു പുറത്ത് കളി കാണാനെത്തിയ മണിയനെ ചൂണ്ടി ആരോ പറഞ്ഞു. 
  "മാഷിന് കളിയൊക്കെ നന്നായറിയാം. ഇദ്ദേഹത്തെ അംപയറാക്കാം"
          കളി തുടങ്ങി. മത്സരം പുരോഗമിക്കെ ഒരു ഫീല്‍ഡറിനു പകരം പകരക്കാരന്‍ ഇറങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ അംപയറുടെ അനുവാദം വാങ്ങാതെ മറ്റെയാളും ഗ്രൌണ്ടിലിറങ്ങി. ഇതു കണ്ട എതിര്‍ ക്യാപ്ടന്‍ അംപയറായ മയൂരവാഹനന്‍ പിള്ളയുടെ അടുത്തെത്തി. പതിനൊന്നിനു പകരം പന്ത്രണ്ടു പേര്‍ഫീല്‍ഡു ചെയ്യുന്നുണ്ടെന്നു പരാതി പറഞ്ഞു. മണിയന്‍ എണ്ണി. ഒന്ന്, രണ്ട്, മൂന്ന്...............ശരിയാ പന്ത്രണ്ടു പേരുണ്ട്. ഇത്തരം ഒരു ഘട്ടം വന്നാല്‍ എന്താണ് ചെയ്യേണ്ടതെന്ന് ആശാന് അറിയില്ലായിരുന്നു. ഞാന്‍ പറഞ്ഞു കൊടുത്ത ചില അത്യാവശ്യ നിയമങ്ങള്‍ മാത്രമേ മൂപ്പര്‍ക്കറിയാമായിരുന്നുള്ളു. ഒരു നിമിഷം കണ്ണടച്ച് ആലോചിച്ചു. ഉടനെ ഫീല്‍ഡിംഗ് ക്യാപ്ടനെ അരികില്‍ വിളിച്ചു.
"ഇയാളാണോ ക്യാപ്ടന്‍"
"അതേ"
"ഒരേ സമയം എത്ര പേര്‍ക്ക് ഫീല്‍ഡ് ചെയ്യാം"   മണിയന്‍
"പതിനൊന്ന് " ക്യാപ്ടന്‍
"ഇപ്പോള്‍ എത്ര പേര്‍ കളിക്കുന്നുണ്ട്, എണ്ണൂ " മണിയന്‍
            ക്യാപ്ടന്‍ ഓരോരുത്തരെയായി എണ്ണിയശേഷം ഒരു ഇളിഭ്യച്ചിരിയോടെ  "പന്ത്രണ്ട്"
         "ഓഹോ! ഒരേ സമയം എത്രപേരെ ഫീല്‍ഡുചെയ്യിക്കാമെന്നു പോലും ശ്രദ്ധിക്കാത്ത ഇയാള്‍ ക്യാപ്ടനുമാകേണ്ട, കളിക്കുകയും വേണ്ട. ഗ്രൌണ്ടിനു വെളിയിലേക്കു പോകൂ!"
         ക്യാപ്ടന്‍ പ്രതിഷേധിച്ചു നോക്കി. അംപയറുടെ തീരുമാനം അംഗീകരിക്കണമെന്ന് കാണികള്‍ ബഹളം വെച്ചപ്പോള്‍ അയാള്‍ക്കത് സ്വീകരിക്കേണ്ടി വന്നു.
അങ്ങനെ മയൂരവാഹനന്‍ പിള്ള 'പ്രസിദ്ധനായ' ക്രിക്കറ്റ് അംപയറുമായി

Sunday, July 11, 2010

സ്ക്കൂള്‍ ഡയറി- 7 തലക്കാദറും കത്തിയും


           1981ല്‍ ആണ് സംഭവം. ഞാന്‍ സര്‍വീസില്‍ കയറിയിട്ട് രണ്ടു വര്‍ഷമേ ആയിട്ടുള്ളു. ഒരു ദിവസം അവസാനത്തെ പിരീഡ് അഞ്ചാം ക്ലാസില്‍ സയന്‍സ് എടുക്കുന്നു. തലേ ദിവസം കൊടുത്ത ചോദ്യങ്ങളുടെ ഉത്തരം വീട്ടില്‍ നിന്നു എഴുതി വന്നത് വായിപ്പിക്കുകയാണ്. ആദ്യത്തെ രണ്ടു ചോദ്യങ്ങളുടെ ഉത്തരം രണ്ട് കുട്ടികള്‍ വായിച്ചു

        "മൂന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം അസ്ലം വായിക്കട്ടെ." ഞാന്‍ പറഞ്ഞു. അസ്ലം നോട്ടെടുത്ത് നിവര്‍ത്തി പതുക്കെ വായിക്കാന്‍ തുടങ്ങി. ശരിയുത്തരം തന്നെ. പക്ഷെ ഇടയ്ക്കൊരു വാക്കു തെറ്റി. ശ്വാസം എന്നുള്ളതിനു പകരം കാറ്റ് എന്നാണ് വായിച്ചത്. ഞാന്‍ തിരുത്തിയപ്പോള്‍ അസ്ലം നോട്ട്ബുക്ക് ഡസ്ക്കില്‍ വെച്ച് പേന തുറന്ന് അപ്പോള്‍ത്തന്നെ കാറ്റ് വെട്ടി ശ്വാസം എന്നെഴുതുകയും ചെയ്തു. ഇതു കണ്ട് തൊട്ടടുത്തിരിക്കുന്ന കുട്ടികള്‍ വാ പൊത്തി ചിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. അസ്ലം നിവര്‍ന്നു നിന്ന് ബാക്കി ഉത്തരവും കൂടി വായിച്ചു. നന്നായിട്ടുണ്ട് ഞാന്‍ പറഞ്ഞു. ഇത്തവണ കുട്ടികള്‍ അല്പം ഉറക്കെയാണ് ചിരിച്ചത്. സംശയം തോന്നിയ ഞാന്‍ അസ്ലത്തിന്റെ നോട്ട് വാങ്ങി നോക്കി. അത്ഭുതം അതിനകത്ത് ആകെ ശ്വാസം എന്നൊരു വാക്കു മാത്രമേ എഴുതിയിട്ടുള്ളു. മുഖത്തു നോക്കിയപ്പോള്‍ അവന്‍ ഒരു കള്ളച്ചിരിയുമായി നില്ക്കുകയാണ്.

         ഇത്രയും ശരിയായി ഉത്തരം ഓര്‍മ്മിച്ചുവെച്ച അവനോട് ക്ഷമിക്കേണ്ടതായിരുന്നു. പക്ഷെ പക്വത കൈവന്നിട്ടില്ലാത്ത ഞാന്‍ കൈകൊണ്ട് അവന്റെ കവിളത്ത് ഒരടി വെച്ചു കൊടുത്തു. പതുക്കെ അടിക്കണമെന്ന് കരുതിയിരുന്നോ എന്നോര്‍മ്മയില്ല. സംഗതി കുറച്ച് കടുത്തതായിപ്പോയി. എന്റെ കൈവിരലുകള്‍ അവന്റെ മുഖത്ത് തെളിഞ്ഞു വന്നു. അവന്‍ കരയാന്‍ തുടങ്ങിയെങ്കിലും എനിക്കൊരു കുറ്റബോധവും തോന്നിയില്ല.

          ക്ലാസ് കഴിഞ്ഞ് സ്റ്റാഫ് റൂമിലെത്തിയ ഞാന്‍ ഈ വിവരം അധ്യാപക സുഹൃത്തുക്കളോട് പറഞ്ഞു. നല്ലൊരടി ഞാന്‍ കൊടുത്തിട്ടുണ്ട് എന്നു പറഞ്ഞപ്പോള്‍ സമാധാനപ്രിയനായ സദാനന്ദന്‍ മാസ്റ്റര്‍ പറഞ്ഞു

          "അതു വേണ്ടായിരുന്നു മാഷെ, പുറകു ബെഞ്ചില്‍ ഇരിക്കുന്ന അസ്ലമല്ലേ? അതു നമ്മുടെ തലക്കാദറുടെ മകനാ. ഇതു ചോദിക്കാന്‍ നാളെക്കാലത്ത് കാദറിങ്ങെത്തും.”

          "തലക്കാദറോ ..അതാരാ? അയാള്‍ നാളെയിങ്ങു വരട്ടെ. അപ്പോള്‍ പറയാം”.
സ്ഥലവാസിയും ഉറുദു അധ്യാപകനുമായ രാധാകൃഷ്ണന്‍ മാസ്റ്റര്‍ പെട്ടെന്ന് ഇടപെട്ടു

         "കാദര്‍ ആരാണെന്ന് മാഷ് ക്ക് അറിയ്വോ? മഹാ കച്ചറ ആണ്. ഉത്സവസ്ഥലത്തും നാലാള് കൂടുന്നെടുത്തും അടിയുണ്ടാക്കലാണ് ആശാന്റെ ഹോബി. കൈകൊണ്ടടിക്കുന്നതിനിടയില്‍ സൂത്രത്തില്‍ തല കൊണ്ടടിക്കാന്‍ വിദഗ്ദ്ധനാണ്. തല കൊണ്ടുള്ള അടി കിട്ടിയവരൊന്നും പെട്ടെന്ന് എണീക്കില്ല!”

           ഒരു ചെറിയ പേടി എന്റെ മനസ്സിലൂടെ പാഞ്ഞുപോയി. എന്നാലും അത് പുറത്തറിയിക്കാതെ ഞാന്‍ വീമ്പിളക്കി.

           "ഇവിടെ നിയമ വ്യവസ്ഥയൊന്നുമില്ലാത്ത രാജ്യമൊന്നുമല്ലല്ലോ? വരട്ടെ അപ്പോള്‍ കാണാം.”
രാധാകൃഷ്ണന്‍ മാസ്റ്റര്‍ തുടര്‍ന്നു. "നിയമമൊന്നും മൂപ്പര്‍ക്കൊരു പ്രശ്നമല്ല. അങ്ങനെയല്ലേ അഹമ്മത് ഹാജിക്ക് കിട്ടിയത്!”

           അഹമ്മത് ഹാജിക്ക് എന്താ കിട്ടിയത് എന്നു പറയാതെ തന്നെ ചോദിക്കുന്ന ഭാവം എന്റെ മഖത്തു കണ്ട ഉറുദു തുടര്‍ന്നു.

          പോലീസ് സ്റ്റേഷനടുത്ത് വലിയൊരു സ്റ്റേഷനറി കട നടത്തുന്ന ആളാണ് അഹമ്മത് ഹാജി. സ്വതവേ കുരുട്ടുബുദ്ധിയായ അയാള്‍ക്ക് പോലീസുകാരുമായി കിട്ടിയ ചങ്ങാത്തം ഇത്തിരി അഹന്ത കൂടി നല്‍കി. ഒരു ദിവസം കടയില്‍ വെച്ച് ഹാജിയാരും നമ്മുടെ കാദറും തമ്മില്‍ എന്തോ പറഞ്ഞ് പിശകി.

          "നിന്നെ ഞാന്‍ സ്റ്റേഷനില്‍ കേറ്റുമെടാ " അമ്മതാജി

          "പോലീസ് സ്റ്റേഷന്‍ നിന്റെ ബാപ്പാന്റെ വകയാണോ? “ കാദര്‍ ഇതും പറഞ്ഞ് തിരിച്ചു പോയി. പക്ഷെ കാദര്‍ തന്റെ കടയില്‍ക്കയറി സാധനങ്ങള്‍ വലിച്ചുവാരിയിട്ടെന്നും ചോദ്യം ചെയ്ത തന്നെ അടിച്ചുവെന്നും പറഞ്ഞ് ഒരു പരാതി സ്റ്റേഷനില്‍ കൊടുത്തു.

            സബ്ബ് ഇന്‍സ്പെക്ടര്‍ കാദറെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി. അയ്മതാജിയും എത്തി. ഇന്‍സ്പെക്ടര്‍ കാദറെ ചോദ്യം ചെയ്തു. എന്താണ് നടന്നതെന്ന് കാദര്‍ സത്യം സത്യമായി ഇന്‍സ്പെക്ടറോട് പറഞ്ഞു. എന്നിട്ടും തെറിപ്പാട്ടിലെ മനോഹരമായ പദങ്ങള്‍ ഉപയോഗിച്ച് അദ്ദേഹം കാദറിനെ അഭിഷേകം ചെയ്തു. മേലാല്‍ ആ പരിസരത്തൊന്നും കണ്ടുപോകരുതെന്ന് പറഞ്ഞ് ഒന്ന് ഞോണ്ടുകയും ചെയ്തു.

           അഹമ്മത് ഹാജി പുറത്തിറങ്ങി. പുറകെ കാദറും. സ്റ്റേഷന്‍ വരാന്തയില്‍ വെച്ച് അയമതിന്റെ കവിളത്ത് കാദര്‍ ഒന്നു പൊട്ടിച്ചു. "ഇത് സാറ് പറഞ്ഞ തെറിക്ക്.” തല കൊണ്ട് ഒരു ഇടി "ഇത് അവസാനത്തെ ഞോണ്ടിന് മനസ്സിലായോ ….....മോനേ"

           നേരെ വീണ്ടം ഇന്‍സ്പെക്ടറുടെ മുറിയില്‍ കയറിച്ചെന്നു.
        " ഇനി സാറു വേണേല്‍ രണ്ടു തെറിയും പറഞ്ഞോ. കൂടെ രണ്ടടിയും തന്നോ"
        "എന്തിനാ?" സാറിന്റെ ചോദ്യം
"ഇപ്പോള്‍ ഞാന്‍ ശരിക്കും അമ്മതാജിക്കിട്ട് രണ്ടു കൊടുത്തു.” ഇന്‍സ്പെക്ടറും ചിരിച്ചുപോയി എന്നാണതിനെപ്പറ്റി കാദര്‍ പറഞ്ഞതത്രേ

        കാദറുടെ മറ്റു ചില വീരപരാക്രമങ്ങളും കൂടി മറ്റധ്യാപകര്‍ പറഞ്ഞതോടെ എനിക്ക് ശരിക്കും പേടിയായിത്തുടങ്ങി. ഭഗവാനേ ഏതു നിമിഷത്തിലാണ് എനിക്കാ പയ്യനെ അടിക്കാന്‍ തോന്നിയത്. മനസ്സമാധാനമില്ലാതെ ഞാന്‍ വീട്ടില്‍ പോയി.

         പിറ്റെന്ന് കാലത്ത് കാദറിനെയും പ്രതീക്ഷിച്ചാണ് ഞാന്‍ സ്ക്കൂളിലെത്തിയത്. ലീവെടുത്ത് വീട്ടിലിരിക്കാമെന്നാണ് ആദ്യം കരുതിയത്. പക്ഷെ കാദറിനു വേണമെങ്കില്‍ അതിന്റെ പിറ്റേ ദിവസവും വരാമല്ലോ എന്നോര്‍ത്തപ്പോള്‍ ആ തീരുമാനം മാറ്റി.ഇതിനിടയ്ക്ക് കാദറിനെപ്പറ്റി നിറം പിടിപ്പിച്ച കുറെ കഥകള്‍ കൂടി കേള്‍ക്കേണ്ടി വന്നു. എന്റെ വിമ്മിട്ടം കൂടിക്കൂടി വന്നു. ഉച്ചഭക്ഷണത്തിന് പാച്ചറേട്ടന്റെ ഹോട്ടലിലെത്തി. ഊണ് കഴിച്ചു തീരാറായപ്പോഴാണ് അറബിക് മാഷ് ബഷീര്‍ ഹോട്ടലിലേക്കു വന്നത്.

           "ജനാര്‍ദ്ദനന്‍ മാഷേ നിങ്ങളെ അന്വേഷിച്ച് കാദര്‍ വന്നിട്ടുണ്ട്. സ്ക്കൂളിന്റെ ഗേറ്റില്‍ നില്‍ക്ക്വാ"
എന്റെ ഉള്ളൊന്നു കാളി. എന്തായാലും വരാനുള്ളത് തടുക്കാന്‍ കഴിയില്ലല്ലോ എന്ന് സമാധാനിച്ച് ഞാന്‍ സ്ക്കൂളിലേക്കു നടന്നു. ബാക്കിയുള്ളവര്‍ ഭക്ഷണം മുഴുമിപ്പിച്ചിരുന്നില്ല. അടി കിട്ടുന്നെങ്കില്‍ അതവരുടെ മുമ്പില്‍ വെച്ചാകേണ്ട എന്നു കരുതിയാണ് അവരെ കാത്തു നില്‍ക്കാതിരുന്നത്.

          ഞാന്‍ ചിരിച്ചുകൊണ്ട് കാദറിന്റെ വലതു വശത്തു കൂടി അടുത്തെത്തി. ഷേക്ക്ഹാന്‍ഡ് കൊടുക്കുന്ന നിലയില്‍ വലതു കൈ പിടിച്ച് പറഞ്ഞു (അതൊരു മുന്‍കരുതലായിരുന്നു)

       "ങ്ഹാ- എന്താ കാദര്‍ക്കാ"
കാദറിനു ചിരിയൊന്നും വന്നില്ല. "ങ്ങള് ഇന്റെ ചെറിയോനെ അടിച്ചോ മാഷേ?”
ഒരു ഞൊടിയിടയില്‍ ഞാന്‍ ഓര്‍ത്തു. അടിച്ചില്ല എന്നു പറഞ്ഞാല്‍ കള്ളം പറഞ്ഞതിന് അടി ഉറപ്പ്. എന്നാല്‍ സത്യം തന്നെ പറയാം "ആ അടിച്ചു"

        "എന്തിനാ മാഷേ ഓനെ ഇങ്ങനെ അടിച്ചത്?”

        "അത് ഖാദറിന്റെ മോനായതു കൊണ്ടാണ് അടിച്ചത്. എന്റെ മോനാണെങ്കിലും അടിക്കുമായിരുന്നു. നിങ്ങള്‍ സത്യത്തിന്റെയും നീതിയുടെയും ഭാഗത്ത് നില്‍ക്കുന്ന ആളാണെന്ന് കേട്ടിട്ടുണ്ട്. അപ്പോള്‍ അവനൊരു കള്ളത്തരം ചെയ്താല്‍ നമ്മളല്ലേ നേരെയാക്കേണ്ടത്?”

         ഒറ്റ ശ്വാസത്തില്‍ ഞാനങ്ങു കാച്ചി. അതു കുറിക്കു കൊള്ളുകയും ചെയ്തു. അതായത് കാദര്‍ മിടുക്കനാണെന്നും കാദറിന്റെ കുട്ടിയെ ഞാന്‍ എന്റെ കുട്ടിയെപ്പോലെയാണ് കാണുന്നതെന്നുമുള്ള സൂചന കക്ഷി പെട്ടെന്നു തന്നെ വായിച്ചെടുത്തു.

           "കുട്ട്യേള് വഴി തെറ്റുമ്പം മ്പള് തന്നാ നേരെയാക്കേണ്ടത്. എന്നാലും ഇത്ര ഉറക്കെ അടിക്കണ്ടീനോ?” കാദര്‍ പകുതി എന്നോടായും പകുതി ആത്മഗതമായും പറഞ്ഞു.

       "അയ്യോ, അതു ശര്യാ. ഞാന്‍ അടിച്ചപ്പം ഇത്തിരി ഉറക്കെയായിപ്പോയി. അത്.........”
എന്നെ മുഴുമിപ്പിക്കാന്‍ കാദര്‍ സമ്മതിച്ചില്ല. ബാക്കി അദ്ദേഹമാണ് പറഞ്ഞത് . "സാരല്ല്യ"
സ്ക്കൂള്‍ ഗേറ്റിലെത്തിയ മാഷമ്മാരോട് കാദര്‍ പറഞ്ഞു.
           "മാഷമ്മാരായാല്‍ ഇങ്ങനെ ആയിരിക്കണം. ഇങ്ങളൊക്കെ ഇയാളെക്കണ്ടു പഠിക്കിന്‍.” അവരെല്ലാം അത്ഭുതം കൂറി നിന്നു
*******************************************************************************************
            പത്തുപതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ തൊട്ടടുത്തുള്ള ഹൈസ്ക്കൂള്‍ ഗ്രൌണ്ടില്‍ വെച്ച് ഒരു ഫുട്ബോള്‍ മത്സരം നിയന്ത്രിക്കുകയായിരുന്നു. ഒരു ടീമിനെതിരേ പെനാല്‍ട്ടി കിക്ക് വിധിച്ചപ്പോള്‍ അവരില്‍ ചിലര്‍ എന്നെ കയ്യേറ്റം ചെയ്യാന്‍ മുതിര്‍ന്നു. എതിര്‍ ടീമിലെ കളിക്കാരും സംഘാടകരില്‍ ചിലരും ഒരു വലയത്തിലാക്കി എന്നെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരു കളിക്കാരന്‍ ഊര്‍ന്നിറങ്ങി എന്റെ കോളറില്‍ കുത്തിപ്പിടിച്ച് കൈയോങ്ങി. എവിടെ നിന്നാണെന്നറിയില്ല ഊരിപ്പിടിച്ച കത്തിയുമായി കാദര്‍ ചാടി വീണു. അവന്റെ കഴുത്തില്‍ പിടിച്ചുകൊണ്ട് പറഞ്ഞു

         "പെനാല്‍ട്ടി ആയാലും ശരി കിനാല്‍ട്ടി ആയാലും ശരി ഞാളെ മാഷെ ദേഹത്ത് കൈവെച്ചാലുണ്ടല്ലോ, കുത്തിക്കൊടലു ഞാന്‍ പുറത്താക്കും........ന്റെ മോനേ..."

        പിന്നീട് മത്സരം തുടരേണ്ടി വന്നില്ല. അവനും അവന്റെ സഹായികളും ഓടി മറഞ്ഞിരുന്നു...

Sunday, June 27, 2010

നന്നായി സൈന!




നിലവിലെ ചാമ്പ്യനും ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനക്കാരിയുമായ ഇന്ത്യന്‍താരം സൈന നേവാളിന് ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം.
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടയില്‍ സൈന നേടുന്ന മൂന്നാമത്തെ കിരീടമാണിത്. ഇന്ത്യന്‍ ഓപ്പണ്‍ ഗ്രാന്‍ഡ് പ്രീയിലും സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസിലും സൈന ചാമ്പ്യനായിരുന്നു. തുടരുന്നു...

Wednesday, June 23, 2010

മുഖാമുഖം - ക്ലോസ് ഫ്രണ്ട്സ്


കേരള രാഷ്ട്രീയത്തിലെ രണ്ട് ഉത്തമ സുഹൃത്തുക്കള്‍

Monday, June 21, 2010

പുതിയ വിഭവം


തൊട്ടു കൂട്ടാന്‍ വധൂവരന്മാരും!





കാത്തിരിപ്പ് അസഹ്യം.....

Thursday, June 17, 2010

സ്ക്കൂള്‍ ഡയറി - 5 ഗോപാലന്‍ മാഷും കലാ വാസനയും



         ന്റെ 32 കൊല്ലത്തെ അധ്യാപക ജീവിതത്തിന്നിടയില്‍ ഞാന്‍ കുറെയധികം ട്രെയിനിംഗുകളിള്‍ പങ്കെടുത്തിട്ടുണ്ട്. പഠിതാവായും ട്രെയിനറായും. അത്തരം പരിശീലനങ്ങളില്‍ വെച്ച് രസകരങ്ങളായ ഒട്ടേറെ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. അവയിലൊരെണ്ണം ഇതാ.

          പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഡയറ്റിന്റെ കീഴില്‍ യു. പി. അധ്യാപകര്‍ക്കുള്ള ഒരു ഏകദിന ശാക്തീകരണം. അന്ന് ഏതു വിഷയത്തിലാണ് പരിശീലനം എന്നത് മുന്‍കൂട്ടി അറിയില്ല. അവിടെ ചെന്നതിനു ശേഷം അധികൃതര്‍ തീരുമാനിക്കുന്ന ഒന്നോ രണ്ടോ വിഷയങ്ങളില്‍ കുറെ കാര്യങ്ങള്‍. അത് ചിലപ്പോള്‍ നാമെടുക്കാത്ത ചില വിഷയങ്ങളാവാനും മതി.

            അന്ന് ഡയറ്റിലെ അജിത് സാര്‍ സയന്‍സുമായാണ് ക്ലാസ് തുടങ്ങിയത്. പത്തു മണി മുതല്‍ പന്ത്രണ്ടു വരെ. ശാസ്ത്രം രസകരമായി അവതരിപ്പിക്കാന്‍, ലഘു പരീക്ഷണങ്ങള്‍ നടത്താന്‍, കുട്ടികളില്‍ ശാസ്ത്രാവബോധം വളര്‍ത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കണമെന്നുള്ളതായിരുന്നു പ്രധാന ചര്‍ച്ചാവിഷയങ്ങള്‍.

           തുടര്‍ന്ന് ഇംഗ്ലീഷ് പഠനം. അതിനു മൂന്ന് ഭാഗങ്ങളുണ്ടായിരുന്നു. ആദ്യ ഭാഗം ഇംഗ്ലീഷ് പഠനത്തില്‍ സ്പോക്കണ്‍ ഇംഗ്ലീഷിന്റെ പ്രാധാന്യം വിവരിക്കുന്ന ഒരു ക്ലാസ്. തുടര്‍ന്ന് ഉച്ചയ്ക്കു ശേഷം നടക്കേണ്ട ഒരു പ്രവര്‍ത്തനത്തിന്റെ മുന്നൊരുക്കം. പിന്നീട് അവതരണം.

          ക്ലാസിലുള്ള മുപ്പത് അധ്യാപകരെ അഞ്ചു ഗ്രൂപ്പുകളാക്കി. ഓരോ ഗ്രൂപ്പും ഇംഗ്ലീഷില്‍ സ്ക്കിറ്റ് എഴുതി തയ്യാറാക്കണം. അപ്പോള്‍ ഉച്ച ഭക്ഷണത്തിനു പിരിയാം. ഭക്ഷണം കഴിച്ചാല്‍ സ്ക്കിറ്റ് കാണാതെ പഠിച്ച് രംഗത്ത് അവതരിപ്പിക്കാനുള്ള റിഹേര്‍സലാണ്. കൃത്യം രണ്ടു മണിക്ക് അവതരണം. പരമാവധി പത്തു മിനിട്ടു മാത്രമെ എടുക്കാവൂ. അവതരണങ്ങള്‍ക്കു ശേഷം ചര്‍ച്ച. ഇതായിരുന്നു അജിത് സാറിന്റെ നിര്‍ദ്ദേശം.

           ഞങ്ങള്‍ ഗ്രൂപ്പായി. എന്റെ ഗ്രൂപ്പില്‍ ഞാനും ഗോപാലന്‍ മാസ്റ്ററും പിന്നെ നാലു ടീച്ചര്‍മാരും. ശ്രീകല ടീച്ചര്‍ വിജയലക്ഷ്മി ടീച്ചര്‍. മറ്റു രണ്ടു പേരുടെ പേരോര്‍മ്മയില്ല. ശ്രീകല ടീച്ചര്‍ ഇംഗ്ലീഷ് അധ്യാപികയാണ്. പഠിച്ചതും വളര്‍ന്നതും കേരളത്തിനു പുറത്ത്. ഇംഗ്ലീഷ് നന്നായി അറിയാം. അതു സ്ക്കിറ്റെഴുതാന്‍ ഞങ്ങള്‍ക്കു വളരെ സഹായകമായി.

           കഥയും സംവിധാനവും ഞാന്‍ ഏറ്റെടുത്തു. ഒരു വീട്ടില്‍ ഗൃഹനാഥന്‍ ചാരുകസേരയിലിരുന്ന് മയങ്ങുന്നു. പത്രവില്പനക്കാരന്‍ എത്തി കുശലം പറയുമ്പോള്‍ അകത്തുള്ള ഭാര്യയെ വിളിച്ച് പേഴ്സില്‍ നിന്നും 50 രൂപ എടുത്തു കൊണ്ട് വരാന്‍ ആവശ്യപ്പെടുന്നു.ഭാര്യ പണവുമായെത്തുമ്പോള്‍ പുറകെ സ്ക്കൂളില്‍ പോകാനൊരുങ്ങുന്ന കുട്ടികള്‍. ഇവരെല്ലാം ചേര്‍ന്നുള്ള സംഭാഷണം. ഒടുവില്‍ അയല്‍വാസിയായ ഞാന്‍ അവിടെ എത്തുന്നു. ഞങ്ങള്‍ തമ്മിലുള്ള സംസാരത്തോടെ അവസാനം.

           ശ്രീകല ടീച്ചര്‍ സംഭാഷണം ഇംഗ്ലീഷില്‍ പെട്ടെന്നു തന്നെ എഴുതിത്തീര്‍ത്തു. ഗോപാലന്‍ മാസ്റ്റര്‍ മലയാളാധ്യപകനാണ്. മലയാളം വിദ്വാന്‍ പരീക്ഷ പാസ്സായ ആളാണ്. നന്നായി കവിത ചൊല്ലും. ഇംഗ്ലീഷില്‍ വലിയ പിടിപാടൊന്നുമില്ല. ഗ്രൂപ്പിലിരുന്ന് ഞങ്ങള്‍ എഴുതുന്നതും പറയുന്നതും മാഷ് നിസ്സംഗനായി നോക്കി യിരുന്നു.

             ഗോപാലന്‍ മാസ്റ്റര്‍ക്ക് അമ്പതിനു മേല്‍ പ്രായമുണ്ട്. ഇരു നിറത്തില്‍ മെലിഞ്ഞു നീണ്ട ശരീരം. നീണ്ട ജുബ്ബായം മുണ്ടുമാണ് വേഷം. കവിള്‍ അല്പം ഒട്ടിയിട്ടാണെങ്കിലും മുഖത്ത് ചെറിയൊരു കൊമ്പന്‍ മീശയുണ്ട്. തമാശ പറയാന്‍ വിരുതനാണ്. പക്ഷെ ഇടയ്ക്കിടെ വരുന്ന ആസ്ത്മ മാഷെ വല്ലാതെ ശല്യം ചെയ്യും.

             സ്ക്കിറ്റുകള്‍ ഭംഗിയായി അവതരിപ്പിച്ച് ഏറ്റവും മികച്ചത് തങ്ങളുടെതാവണമെന്ന് എല്ലാ ഗ്രൂപ്പുകാര്‍ക്കും വാശിയുണ്ട്. അതിനാല്‍ത്തന്നെ തിരക്കിട്ട് ഭക്ഷണം കഴിച്ച് ഓരോ ഗ്രൂപ്പും റിഹേഴ്സലിനായി പല സ്ഥലങ്ങളിലേക്കു മാറി. ഞങ്ങളും റിഹേഴ്സല്‍ തുടങ്ങി. ഗൃഹനാഥന്‍ ഗോപാലന്‍ മാസ്റ്റര്‍, ഞാന്‍ അയല്‍വാസി, ശ്രീകല ടീച്ചര്‍ ഭാര്യ, വിജയലക്ഷ്മി ടീച്ചര്‍ പത്രം വില്പനക്കാരന്‍, പേരോര്‍മ്മയില്ലാത്ത ടീച്ചര്‍മാര്‍ മക്കള്‍. ഒരു പത്തു മിനിട്ടു കഴിഞ്ഞു കാണും. ഗോപാലന്‍ മാസ്റ്റര്‍ക്ക് വലിവിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. അദ്ദേഹത്തിന്റെ ഭാഗങ്ങള്‍ വേഗം ചെയ്തു തീര്‍ത്തു. മരുന്ന് വാങ്ങണമെന്ന് പറഞ്ഞ് മാഷ് ടൌണിലേക്കു പോയി. ഞങ്ങള്‍ നന്നായി പരിശീലിപ്പിച്ചുറപ്പിച്ചു.

            രണ്ട് മണിക്ക് അജിത് സാര്‍ റെഡി. അവതരണക്രമം നറുക്കിട്ട് തീരുമാനിച്ചു.. ഞങ്ങള്‍ക്ക് 2ആണ് കിട്ടിയത്. ആദ്യ ഗ്രൂപ്പ് രംഗത്തെത്തി. ഒരു ബസ്സിലെ രംഗമാണ് അവര്‍ അവതരിപ്പിച്ചത്. യാത്രക്കാര്‍ തമ്മിലുള്ള ചില പ്രശ്നങ്ങള്‍. അവര്‍ ഭംഗിയായി അവതരിപ്പിച്ചു.

            അടുത്തത് നമ്പര്‍ 2. ഗോപാലന്‍ മാഷ് എത്തിയിട്ടില്ല. അജിത് സാര്‍ വീണ്ടും വിളിച്ചു. ഞങ്ങള്‍ക്ക് സ്ക്കിറ്റ് ഇല്ലെന്നു കരുതി മറ്റു ഗ്രൂപ്പുകാര്‍ ചിരിക്കാന്‍ തുടങ്ങി. മാഷില്ലാതെ തുടങ്ങാനും പറ്റില്ല.

"ഗോപാലന്‍ മാസ്റ്റര്‍ സുഖമില്ലാതെ മരുന്ന് വാങ്ങാന്‍ പോയതാണ്. ഇപ്പോഴെത്തും. അപ്പോഴേക്കും മൂന്നാം ഗ്രൂപ്പ് തുടങ്ങിക്കോട്ടെ.” ശ്രീകല ടീച്ചര്‍ ഒരു നിര്‍ദ്ദേശം വെച്ചു.

"പററില്ല പററില്ല ക്രമം തെറ്റിച്ചു നടത്താനാണെങ്കില്‍ പിന്നെ നറുക്കെടുത്തതെന്തിനാ" മൂന്നാം ഗ്രൂപ്പിലെ ഒരംഗത്തിന്റെ മറുപടി.

           മൊബൈല്‍ ഫോണൊന്നും അന്നുണ്ടായിരുന്നില്ല. ഭാര്യയെ ലേബര്‍ റൂമിലാക്കിയ ഭര്‍ത്താവിനെപ്പോലെ ഞാന്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കാന്‍ തുടങ്ങി. ഇടയ്ക്കിടയ്ക്ക് ഗേറ്റിലേക്കു നോക്കും. അതാ ഗോപാലന്‍ മാസ്റ്റര്‍ സ്കൂള്‍ ഗെയിറ്റില്‍ പ്രത്യക്ഷപ്പെടുന്നു.

"മാഷെത്തി, മാഷെത്തി" ആരോ വിളിച്ചു പറഞ്ഞു

           പക്ഷെ നേരം വൈകിയതിന്റെ തിരക്കൊന്നും മാഷില്‍ കാണാനില്ല. അലസമായി പതുക്കെ നടന്നു വരികയാണ്. ഞാന്‍ വരാന്തയിലേക്ക് ഓടിച്ചെന്നു

"മാഷെ, നമ്മുടെ അവതരണമാണ്. മാഷെന്താ വൈകിയത്?”

"എന്തവതരണം?” ഗോപാലന്‍ മാസ്റ്റര്‍

"സ്ക്കിറ്റ്. റിഹേഴ്സലും കഴിഞ്ഞല്ലേ മാഷ് അങ്ങോട്ട് പോയത്"

"സ്ക്കിറ്റൊന്നും വേണ്ട. എനിക്ക് സുഖമില്ല.”

ഞാന്‍ മാഷിന്റെ അടുത്ത് ചെന്ന് മററുള്ളവര്‍ കേള്‍ക്കേണ്ടെന്നു കരുതി ചെവിയില്‍ പറഞ്ഞു.

"നമ്മുടെ ഗ്രൂപ്പിനെ നാണം കെടുത്തരുത് "

          മുഖം മാഷിന്റെ മുഖത്തോടടുപ്പിച്ചപ്പോള്‍ മദ്യത്തിന്റെ രൂക്ഷ ഗന്ധം. കഴിച്ചത് ആസ്ത്മക്കുള്ള മരുന്ന് മാത്രമല്ലെന്ന് എനിക്കു ബോധ്യമായി.അപ്പോഴേക്കും ശ്രീകല ടീച്ചര്‍ രംഗത്ത് ഒരു കസേരയും അതിന്റെ മുമ്പില്‍ ഒരു സ്ററൂളും ഒരുക്കി. ഞാന്‍ ഗോപാലന്‍ മാസ്റ്ററെ കസേരയില്‍ കൊണ്ടിരുത്തി, കാല്‍ സ്റ്റൂളിന്റെ മുകളില്‍ വെപ്പിച്ചു-ഒരു ചാരു കസേര സ്റ്റൈലില്‍ ഇരിക്കാന്‍ വേണ്ടി. മുഖം ഇടത്തോട്ട് ചരിച്ച് കണ്ണടച്ച് റിഹേഴ്സലില്‍ പറഞ്ഞ മാതിരി മാഷ് ചാരിയിരുന്നു. ഹാവൂ, എന്നിലെ സംവിധായകന്‍ നിര്‍വൃതിയിലാണ്ടു.
വിജയലക്ഷ്മി ടീച്ചര്‍ സൈക്കിളില്‍ വരുന്നതായി അഭിനയിച്ച് ഒരു പത്രം കൈയിലെടുത്തു. കുറച്ചകലേ നിന്നു വിളിച്ചു പറഞ്ഞു

"ഹലോ ഗുഡ് മോണിംഗ് സാര്‍...പേപ്പര്‍"
          അപ്പോള്‍ ഉണര്‍ന്ന് "ഹലോ ഗുഡ് മോണിംഗ് ...പ്ലീസ് വെയ്റ്റ് (അകത്തേക്കു നോക്കി) രുഗ്മിണീ പ്ലീസ് ഗിവ് ഹിം ഫിഫ്റ്റി റുപ്പീസ് " എന്നു പറയണം. പക്ഷെ വലിവ്,മദ്യലഹരി, വെയിലത്തു നടന്നു വന്നതിന്റെ ക്ഷീണം- ഗോപാലന്‍ മാസ്റ്റര്‍ ശരിക്കും ഉറങ്ങിപ്പോയി. യാതൊരു പ്രതികരണവുമില്ല.

          "സാര്‍ പേപ്പര്‍ "വിജയലക്ഷ്മി ടീച്ചര്‍ അല്‍പം ഉച്ചത്തില്‍ പറഞ്ഞു. മാഷ് വെള്ളമടിച്ചിട്ടുണ്ടെന്നുള്ള കാര്യം ഞാന്‍ ആരോടും പറഞ്ഞിരുന്നില്ല. ടീച്ചര്‍ക്കു ദേഷ്യം വന്നു തുടങ്ങി. സാര്‍ പേപ്പര്‍ എന്നു പറഞ്ഞ്കൊണ്ട് ചുരുട്ടിയ പത്രം കൊണ്ട് സാറിന്റെ തുടയില്‍ ഒരടി വെച്ചു കൊടുത്തു.

         "അവിടെ വെച്ചിട്ട് പോടീ." മാഷ് അര്‍ധ മയക്കത്തില്‍ നല്ല ശുദ്ധ മലയാളത്തില്‍ മൊഴിഞ്ഞു. ഞങ്ങളെല്ലാം എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ്. മാഷ് പതുക്കെ കണ്ണു തുറന്നു. സ്ഥലകാലബോധം ഇപ്പോഴും വന്നിട്ടില്ല.

            "....ടീച്ചറായിരുന്നോ? അവിടെ വെച്ചോളൂ..." വീണ്ടും മലയാളത്തില്‍ത്തന്നെ. പിന്നെ യാതൊരനക്കവുമില്ല.

           സംഗതിയുടെ കിടപ്പ് വഷളാകാന്‍ പോകയാണെന്ന് എനിക്കു മനസ്സിലായി. ഏറ്റവും ഒടുവില്‍ രംഗത്തെത്തേണ്ടിയിരുന്ന ഞാന്‍ നേരെ അങ്ങോട്ട് കയറിച്ചെന്നു. കുറച്ചു പണമെടുത്ത് ശ്രീകല ടീച്ചറുടെ കയ്യില്‍ കൊടുത്ത് ഇംഗ്ലീഷില്‍ പറഞ്ഞു. ഇത് മാര്‍ക്കറ്റില്‍ നിന്ന് കടക്കാരന്‍ തന്നതാണ്. എന്തിനുള്ളതാണെന്ന് അതോടൊപ്പമുള്ള കടലാസില്‍ എഴുതിയിട്ടുണ്ട്. പത്രക്കാരന് പണം കൊടുത്ത് തിരിച്ചയച്ചു.എനിക്കറിയാവുന്ന ഇംഗ്ലീഷില്‍ ഞാന്‍ ചോദിച്ചു

             "ഇയാളെന്താണ് പെങ്ങളെ രാവിലെത്തന്നെ കിടന്നുറങ്ങുന്നത്?" മറുപടിയായി നല്ല ഓക്സ്ഫോര്‍ഡ് ഡിക് ഷനില്‍ ടീച്ചര്‍ പറ‍ഞ്ഞു

            "ഇങ്ങേര് ഈ വയസ്സുകാലത്ത് രാത്രി മുഴുവന്‍ ക്രിക്കറ്റ് മാച്ചും കണ്ട് നേരം വെളുക്കാന്‍ നേരം രണ്ട് പെഗ്ഗുമടിച്ച് കിടക്കുകയാണ്"

കുട്ടികള്‍ രംഗത്തു വന്നു. "പപ്പ ഉറക്കത്തില്‍ ഏതു ഭാഷയിലാണ് സംസാരിച്ചത് മക്കളെ?” ഞാന്‍

            റിഹേഴ്സലില്ലാത്ത കാര്യമായതിനാല്‍ അവര്‍ക്കു പെട്ടെന്നു മറുപടി പറയാന്‍ കഴിഞ്ഞില്ല. ശ്രീകല ടീച്ചര്‍ തന്നെ ഇവിടെയും രക്ഷക്കെത്തി

             "ഇതിയാന്റെതല്ലെ മക്കള്‍? പറഞ്ഞാലും ചോദിച്ചാലും മിണ്ടില്ല. മൂപ്പരേതോ സ്വപ്നത്തിലാണ്. അത് കേട്ടിട്ട് ഏതോ അന്യഗ്രഹജീവികളുടെ ഭാഷയാണെന്നാ തോന്നുന്നത്!”(ഇംഗ്ലീഷ് മീഡിയത്തിനു സ്തുതി!)  

സദസ്സില്‍ കൈയടി. ഞങ്ങളുടെ ഭാവനയെ അഭിനന്ദിച്ചു കൊണ്ട് വീണ്ടും കൈയടി. അതി ശക്തമായ കൈയടി ശബ്ദം കേട്ട് ഗോപാലന്‍ മാസ്റ്റര്‍ ഉണര്‍ന്നു. അവസാനം ഏറ്റവും നല്ല സ്ക്കിറ്റായി തെരഞ്ഞടുത്തത് ഞങ്ങളുടെത് തന്നെ!
******************************************************************************

പിന്‍കുറിപ്പ് : കടക്കാരന്‍ തന്നതാണെന്നും പറഞ്ഞ് ഞാന്‍ കൊടുത്ത കുറിപ്പില്‍ ഞാന്‍ ഇങ്ങനെ എഴുതിയിരുന്നു. ടീച്ചര്‍, ഗോപാലന്‍ മാസ്റ്റര്‍ വെള്ളമടിച്ച് തരിപ്പിലാണ്. സംഭാഷണം നമുക്ക് തോന്നിയ പോലെ തുടരാം. ഞാനാരാ മോന്‍!