പോസ്റ്റുകള്‍

Monday, November 7, 2011

നമ്മുടെ മേളകളും ഉത്സവങ്ങളും

(മാത്സ് ബ്ലോഗില്‍ പ്രസിദ്ധപ്പെടുത്തിയ എന്റെ ഈ പോസ്റ്റ് ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു.)

വിവിധ തരത്തിലുള്ള മേളകളും കലോത്സവങ്ങളും സ്കൂള്‍തലം മുതല്‍ നടക്കാന്‍ പോവുകയാണല്ലോ? ഭാരതത്തിനു മുഴുവന്‍ മാതൃകയായാണ് നമ്മുടെ സംസ്ഥാനത്ത് അവ സംഘടിപ്പിക്കപ്പെടുന്നത്. സംസ്ഥാന സ്കൂള്‍ കലോത്സവം ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ മേളയായി അറിയപ്പെടുന്നു. എന്നാല്‍ ഇവ നമ്മുടെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും കുറ്റമറ്റതായി നടക്കുന്നുണ്ടോ? നമ്മുടെ മുഴുവന്‍ കുട്ടികളും ഇവയില്‍ ഭാഗഭാക്കാവുന്നുണ്ടോ? അവ നടത്തപ്പെടുന്നതോടുകൂടി അവയ്ക്കു പിന്നിലുള്ള ഉദ്ദേശ്യലക്ഷ്യങ്ങള്‍ നിറവേറ്റപ്പെടുന്നുണ്ടോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുമ്പോള്‍ നമ്മള്‍ക്ക് അഭിപ്രായവത്യാസമുണ്ടാവാന്‍ ഒട്ടേറെ സാധ്യതകള്‍ കാണുന്നു.ഇത്തരം മേളകളില്‍ സജീവമായി പ്രവര്‍ത്തിച്ചതിന്റെ അടിസ്ഥാനത്തില്‍ ചില ആശയങ്ങള്‍ തോന്നുന്നു. അവയെക്കുറിച്ച് അധ്യാപകന്‍, രക്ഷിതാവ്, വിദ്യാര്‍ത്ഥി എന്നീ നിലകളില്‍ നിങ്ങള്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ പങ്കിടുമല്ലോ?

ഇപ്പോള്‍ നടക്കുന്ന മേളകള്‍ ഇവയാണ്.
1. വിദ്യാരംഗം കലാസാഹിത്യവേദി
2. സ്കൂള്‍ കലോത്സവം
3. അറബിക് കലോത്സവം
4. സംസ്കൃതോത്സവം
5. ശാസ്ത്രമേള
6. ഗണിതശാസ്ത്രമേള
7. സാമൂഹ്യശാസ്ത്രമേള
8. ഐ.ടി. മേള
9. പ്രവൃത്തപരിചയമേള
10. കായികമേള
11. ഗെയിംസ് മത്സരങ്ങള്‍
ഇത്രയൊക്കെ വ്യത്യസ്തങ്ങളായ മേളകള്‍ വിപുലമായി നടത്തിയിട്ടും ഇവയിലൊന്നും പങ്കടുക്കാത്തവര്‍/ പങ്കടുക്കാനാവാത്തവര്‍ ധാരാളമുണ്ടാവുന്നു. ഈ അവസ്ഥ തീര്‍ച്ചയായും മാറേണ്ടതല്ലേ? സ്കൂള്‍മേളകള്‍ ചില സ്ഥലങ്ങളിലെങ്കിലും 'ദാരിദ്ര്യമേള'കളാവുന്നതും സംസ്ഥാനമേള 'ആര്‍ഭാടമേള'യാവുന്നതും നീതിക്കു നിരക്കാത്തതാണ്. മേളയ്ക്ക് ഒരുങ്ങുന്നതിനും അവതരിപ്പിക്കുന്നതിനും പണം ഇഷ്ടംപോലെ ചെലവഴിക്കേണ്ടി വരുന്നതിനാല്‍ പാവപ്പെട്ടവര്‍ക്ക് എത്തിപ്പെടാനാവാത്ത തലങ്ങളിലേക്ക് ഇവ മാറിപ്പോവുന്നു. ഇതിനു പരിഹാരം കാണേണ്ടതാണ്. ജഡ്ജ്മെന്റ് പലപ്പോഴും വിമര്‍ശിക്കപ്പെടുന്നു. അതിനു വേണ്ടിവരുന്ന ചെലവ് ഭീമമാവുന്നു. അതിനെന്തു പരിഹാരം? ചര്‍ച്ചയ്ക്കു വിധേയമാക്കേണ്ട ചില കാര്യങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നത് നോക്കുക.

1) വിദ്യാരംഗം സാഹിത്യവേദി, കലോത്സവം, സംസ്കൃതോത്സവം, അറബിക് കലോത്സവം എന്നിങ്ങനെ നാലു മേളകള്‍ വേണ്ട. അവ രണ്ടാക്കാം. രചനാ സാഹിത്യവേദി, സ്കൂള്‍ കലോത്സവം എന്നിങ്ങനെ

2) ആദ്യത്തേതില്‍ കവിതാ രചന, കഥാരചന, ലേഖനരചന, കവിതാലാപനം, പ്രസംഗം എന്നിവ ഉള്‍പ്പെടുത്താം. ഇവ മലയാളം, ഇംഗ്ളീഷ്, ഹിന്ദി, അറബിക്, സംസ്കൃതം, ഉറുദു, തമിഴ്, കന്നട എന്നീ ഭാഷകളില്‍. കുട്ടി പഠിക്കുന്ന ഭാഷകളില്‍ മാത്രം മത്സരിക്കാന്‍ അവസരം നല്‍കിയാല്‍ മതി. ചിത്രരചനകളും പെയിന്റിംഗ് കൊളാഷ് മത്സരങ്ങളും ഇവിടെത്തന്നെ നടത്താം.

3) സ്കൂള്‍ കലോത്സവത്തില്‍ മുകളിലെഴുതിയ ഇനങ്ങള്‍ ഒഴിവാക്കാം. അറബിക്, സംസ്കൃതം കലോത്സവങ്ങളില്‍ ബാക്കിവരുന്നവയില്‍ പ്രസക്തമായവ കൂടി സ്കൂള്‍ കലോത്സവത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി.

4) ഇപ്പോള്‍ നമ്മുടെ മേളകള്‍ 9 ആയി . സ്കൂള്‍ തലത്തില്‍ എല്ലാ കുട്ടികളും ഏതെങ്കിലും ഒരു മേളയിലെങ്കിലും നിര്‍ബന്ധമായും പങ്കെടുത്തിരിക്കണം. അവയില്‍ നിന്ന് ലഭിക്കുന്ന ഗ്രേഡ് അവന്റെ ക്ലാസ് കയറ്റമൂല്യനിര്‍ണ്ണയത്തില്‍ ഉള്‍പ്പെടുത്തണം. ഒരു കുട്ടിയെ മൂന്നില്‍ കൂടുതല്‍ മേളകളില്‍ പങ്കടുപ്പിക്കയുമരുത്. ഒരു മേളയില്‍ത്തന്നെ 3 ഇനങ്ങളില്‍ കൂടുതല്‍ അവസരം നല്കരുത്.

5) സംസ്ഥാന മേളയില്‍ ആദ്യത്തെ മൂന്ന് സ്ഥാനങ്ങള്‍ക്ക് പ്രൈസ് മണി ഉള്ളതിനാല്‍ വ്യക്തിഗത ഇനങ്ങള്‍ക്ക് സ്കൂള്‍തലം മുതലും ഗ്രൂപ്പിനങ്ങള്‍ക്ക് സബ് ജില്ലാതലം മുതലും 3വീതം മത്സരാര്‍ത്ഥികളെ ഓരോ ഇനത്തിലും പങ്കെടുക്കാന്‍ അനുവദിക്കേണ്ടതാണ്.

6)സംസ്ഥാന മേളകളില്‍ നടക്കുന്ന ആര്‍ഭാടങ്ങള്‍ മുഴുവനായി ഒഴിവാക്കണം. മൂന്നിലധികം പായസങ്ങളും മുപ്പതിലധികം വിഭവങ്ങളും പതിനായിരങ്ങള്‍ കഴിച്ചുപോയിട്ട് നമ്മുടെ കുട്ടികള്‍ക്ക് എന്തു നേട്ടമാണുണ്ടാവുന്നത്.

7) അധ്യാപകസംഘടനകളുടെ റഫറണ്ടം നടത്തി അതാതു മേഖലയിലുള്ളവരുടെ 20% (പതിനഞ്ചെങ്കിലും) പ്രാതിനിധ്യമുള്ള സംഘടനകള്‍ക്കു മാത്രം അംഗീകാരം നല്‍കണം. വിവിധ കമ്മറ്റികളുടെ നടത്തിപ്പ് ഇത്തരം അംഗീകൃത സംഘടനകള്‍ക്കുമാത്രം മാറി മാറി നല്‍കേണ്ടതാണ്. അതായത് 10 സംഘടകളാണുള്ളത് എങ്കില്‍ ഒരു കമ്മറ്റി വീണ്ടും ആ സംഘടനയ്ക്ക് 10 വര്‍ഷത്തിനു ശേഷമേ നല്‍കാവൂ.

8) ഓരോ സബ്ജില്ലകളിലും ജില്ലകളിലും വിവിധ മേളകള്‍ക്കാവശ്യമായ ജഡ്ജസ് പാനല്‍ ഉണ്ടാക്കേണ്ടതാണ്, അതില്‍ നിന്നും തെരഞ്ഞടുക്കപ്പെടുന്നവരായിരിക്കണം മറ്റു സബ്ജില്ലകളില്‍ ജില്ലകളില്‍ ജഡ്ജസാവേണ്ടത്. അവര്‍ക്കു നല്കേണ്ട പരമാവധി റമ്യൂണറേഷനെക്കുറിച്ചും തീരുമാനമുണ്ടാവേണ്ടതാണ്. പരാതിക്കു വിധേയരാവുന്ന ജഡ്ജിമാരെ പരാതി ബോധ്യപ്പെട്ടാല്‍ ഈ പാനലില്‍ നിന്നും എന്നേക്കുമായി ഒഴിവാക്കേണ്ടതാണ്.

9) ജില്ലാതലത്തില്‍ ഉയര്‍ന്ന ഗ്രേഡു ലഭിക്കുന്നവര്‍ക്ക് SSLC, HSS പരീക്ഷകളില്‍ ഗ്രേസ്മാര്‍ക്ക് നല്‍കേണ്ടതാണ്.

10) സ്കൂള്‍, സബ്ജില്ല, ജില്ല, സംസ്ഥാന മേളകള്‍ക്കിടയില്‍ 15 ദിവസമെങ്കിലും ഇടവേള ഉണ്ടായിരിക്കണം. അപ്പീലുകള്‍ വഴി നേടുന്ന പ്രാതിനിധ്യം മേള തുടങ്ങുന്നതിന്റെ 5 ദിവസം മുമ്പെങ്കിലും ഉറപ്പാക്കേണ്ടതാണ്. അതിനു ശേഷമുള്ളവ സ്വീകരിക്കപ്പെടാതിരിക്കാനുള്ള നിയമം ഉണ്ടാക്കേണ്ടതാണ്.

11) അപ്പീലുകള്‍ ഏതു തലത്തിലുള്ളതായാലും രജിസ്റ്റര്‍ ചെയ്താല്‍ അവ വിദ്യാഭ്യാസ വകുപ്പിന്റെ സൈറ്റില്‍ എന്ട്രി നടത്തിയിരിക്കണം. തീര്‍പ്പ് എന്താണെന്നു രേഖപ്പെടുത്തുകയും നിരസിച്ചതാണെങ്കില്‍ അതിന്റെ ഫീസ് സര്‍ക്കാറിന്റെ മേളഫണ്ടിലേക്ക് വകവെക്കേണ്ടതാണെന്ന് നിയമമുണ്ടാക്കണം

12) ജഡ്ജസ് ഓരോ ഇനത്തിലും വാല്യൂ പോയന്റ്സിന് അനുസരിച്ച് മാര്‍ക്ക് നല്‍കണം. അവ ആവശ്യപ്പെട്ടാല്‍ പരസ്യപ്പെടുത്തേണ്ടതുമാണ്

ഇനിയും നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കിലും പോസ്റ്റിന്റെ വിസ്താരഭയത്താല്‍ ഇപ്പോള്‍ ചേര്‍ക്കുന്നില്ല. നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റുകളിലൂടെ വ്യക്തമാക്കുമല്ലോ? അവയില്‍ ശ്രദ്ധേയങ്ങളായവ നമുക്ക് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്താം.