പോസ്റ്റുകള്‍

Wednesday, October 21, 2009

ലളിത ഗാനം

ചെങ്കതിരുകള്‍ പൊഴിയും സായാഹ്ന വേളയില്‍ 
സാഗര വീഥിയില്‍ നീ വന്നു 
പൊന്നിളം തെന്നല്‍ നിര്‍വൃതി നല്‍കും
സ്വപ്ന ലോകത്തില്‍ നീ വന്നു 
തന്വംഗി യാളെ നിന്‍ കണ്ണിണ യില്‍
എന്‍ പ്രതി ബിംബം ഞാന്‍ കണ്ടു 
എന്‍ മന തംബുരു തന്ത്രി യിലുണരു൦
സുന്ദര രാഗം ഞാന്‍ കേട്ടു 
(ചെങ്കതിരുകള്‍ ) 
കലമാന്‍ മിഴി മണി നിന്‍ കവിളിണയില്‍
സന്ധ്യാ മേഘം ഞാന്‍ കണ്ടു 
രതി കുല ദേവ ധനുസ്സില്‍ നിന്നുണരും 
ഞാണൊളിയപ്പോള്‍ ഞാന്‍ കേട്ടു
(ചെങ്കതിരുകള്‍)

Friday, October 9, 2009

പൂച്ചയും മൂരാച്ചിയും


ഉച്ചവെയിലത്തുച്ചഭഷിണി തന്നി-
ലുച്ചത്തിൽ കൊച്ചന്മാർ വിളിച്ചു കൂവി
അച്ചന്മാരച്ചികൾ നോക്കിച്ചിരിക്കവേ
പൂച്ചയെ മൂരാച്ചി തച്ചു കൊന്നു
കുന്തിച്ചിരിക്കണോ ചിന്തിച്ചു നോക്കുവിൻ
മൂരാച്ചിമാരിനി കൊഞ്ചിക്കൂടാ
നേർച്ചയ്ക്കു കാച്ചിയിറക്കിയ പാലതിൽ
ഈച്ചകൾ വീണതു പൂച്ച കണ്ടു
പാർച്ചയ്ക്കു പറ്റാത്ത പാലിന്റെയർച്ചന
പൂച്ചയോ ചർച്ചയ്ക്കു വെച്ചതില്ല
നേർച്ചയ്ക്കു കാച്ചിയ പാലായാലുമതു
പൂച്ചയ്ക്കുയർച്ചയ്ക്കു ചേർച്ചയല്ലേ
തച്ചു കൊല്ലാനിഛ പതിച്ച മനസ്സതിൽ
പൂച്ചയല്ലഛനല്ലച്ചാച്ചനാരു ?

Sunday, October 4, 2009

നര്‍മ്മം

ഞാനും വരട്ടയോ നിന്റെ കൂടെ

വിണ്ണിലലസനായ്‌ നോക്കി നോക്കി
തിണ്ണയിലേകനായ്‌ ഞാനിരിക്കേ
നിർവ്വൃതി നൽകുമാ ഭൂതരംഗം
എൻ മനതാരിലരിച്ചു വന്നു
ആയിരം കാതങ്ങൾക്കപ്പുറമാ-
യേകയായ്‌ കേഴുമെൻ പ്രാണസഖി
നിന്മനതാരിലുമീത്തരംഗം
നിന്നു വിലസുന്നുണ്ടായിരിക്കും
പെട്ടെന്നു നാളെപ്പരീക്ഷയോർത്തു
തട്ടിക്കുടഞ്ഞിതെൻ ബുക്കെടുത്തു
ശ്രേണിയും ലേഖയും നോക്കിടുമ്പോൾ
കാണുന്നു നിൻ വേണിയൊന്നു മാത്രം
അക്കങ്ങളവ്യക്തരൂപമായി
പൊക്കത്തിലെങ്ങോ പറന്നു പോയി
*****************************************
മാർക്കിട്ട പേപ്പറിൻ ഭംഗി കണ്ടു
കാർക്കിച്ചു തുപ്പിക്കൊണ്ടച്ഛനോതി  
നാളെ നീ കോളേജിൽ പോകുന്നേരം
ഞാനും വരട്ടയോ നിന്റെ കൂടെ

Saturday, October 3, 2009

പുതുമൊഴികൾ

നായുടെ വാലെത്ര നാളു കിടന്നാലു-
മോടക്കുഴലു വളയാറില്ല

കാഞ്ഞിരക്കായൊത്തു വാണാൽ പാലേ
നീയും കയ്പുള്ളതാകും

ചെറുപ്പകാലങ്ങളിലുള്ള ശീലം
ഓർമ്മിക്കുവാനാർക്കുണ്ടിന്നു നേരം

മുല്ലപ്പൂവിൻ പൊടിയേറ്റുകിറ്റന്നാലും
കല്ലിൻ ഹൃദയം കരിങ്കല്ലാണേ