പോസ്റ്റുകള്‍

Tuesday, March 29, 2011

ലൈഫ് ഡയറി - 3 സ്ക്കൂളിലേക്ക്
        ക്രിസ്മസ് ഒഴിവിന് അഞ്ചെട്ടു ദിവസം അമ്മയുടെ വീട്ടില്‍ സുഖമായങ്ങനെ കഴിച്ചുകൂട്ടി. സ്ക്കൂള്‍ തുറക്കുന്നതിന്റെ തലേ ദിവസം രാവിലെത്തന്നെ അവിടെ നിന്നു തിരിച്ചു. വഴിവക്കില്‍ ഗോപാലക്കുറുപ്പ് കാത്തു നില്‍ക്കുന്നു. ഞാന്‍ അരികിലെത്തിയപ്പോള്‍ അദ്ദേഹം സിഗാര്‍ലൈറ്ററെടുത്ത് എന്റെ പോക്കററിലിട്ടു തന്നു. അതു തിരിച്ചു കൊടുക്കാന്‍ അമ്മ കുറെ നിര്‍ബ്ബന്ധിച്ചുവെങ്കിലും ഞാനതു അനുസരിച്ചില്ല. മറ്റുള്ളവരുടെ വസ്തുക്കള്‍ മോഹിക്കരുത്, വാങ്ങരുത് എന്ന് അമ്മ പറഞ്ഞപ്പോള്‍  കുറുപ്പ് പറഞ്ഞു. "അതു സാരമില്ല. എന്റെ കയ്യില്‍ വേറെയുണ്ട്." അപ്പോഴാണ് ഞാന്‍ കീശയിലുള്ളത് എടുത്തു നോക്കിയത്. അതു പുതിയതായിരുന്നു!
        പോയ വഴികളില്‍ക്കൂടി തന്നെയായിരുന്നു മടക്കയാത്രയും. പക്ഷെ ഇത്തവണ തോണിയില്‍ കയറിയപ്പോള്‍ അത്ര ഭയം തോന്നിയില്ല. പില്‍ക്കാലത്ത് തോണിയില്‍ ദീര്‍ഘയാത്ര നടത്താനും എനിക്കിഷ്ടമായി.

         ഉച്ചയ്ക്കു മുമ്പെ ചാമക്കണ്ടി വീട്ടില്‍ എത്തി. ഭക്ഷണം കഴിക്കുന്നതിനിടയില്‍ അമ്മ എന്റെ വികൃതികളെയും കുസൃതികളെയും കുറിച്ച് നല്ലൊരു വിവരണം അവതരിപ്പിച്ചു. വിളമ്പത്തിന്നിടയില്‍ ഇളയമ്മ എല്ലാവരും കേള്‍ക്കേ പറഞ്ഞു.
 
     "ഏടത്തീ, നാളെ സ്ക്കൂളില്‍ പോവുമ്പം ഇവനെക്കൂടി കൂട്ടിക്കോ. ഈ പണിത്തിരക്കിനിടയില്‍ ഇവന്റെ കാര്യം കൂടി നോക്കാന്‍ എനിക്ക് പറ്റില്ല."
         സംഗതി കൊള്ളാമെന്ന് എനിക്കും തോന്നി. സ്ക്കൂളില്‍ പാട്ടുണ്ട്, കഥയുണ്ട്, ഉച്ചയ്ക്ക് ഉപ്പുമാവും പാലുമുണ്ട് എന്നൊക്കെ ഞാനും കേട്ടിട്ടുണ്ട്.
        "ഇവനവിടെ വന്നാല്‍ എന്റെ പുറകെ നടക്കും. അടങ്ങിയിരിക്കില്ല."  അമ്മയുടെ കമന്റ്
          "അതിന് ഞാനച്ഛന്റെ സ്ക്കൂളിലാണല്ലോ പോവുന്നത്."
         കൂടുതലൊന്നും ആലോചിക്കാതെ ഞാനങ്ങു വെച്ചു കാച്ചി. അച്ഛനെന്നെ സൂക്ഷിച്ചൊന്നു നോക്കി. ആ നോട്ടത്തില്‍ത്തന്നെ ആരും ഒന്നു ഭയന്നു പോവും. അടിയുടെ കാര്യത്തിലും മോശമൊന്നുമല്ല. ചെറിയ തെറ്റിനു പോലും അടിക്കും. പക്ഷെ പഠിപ്പിക്കാന്‍ വലിയ ഉത്സാഹമാണ്. അച്ഛന്‍ ഒന്നാം ക്ലാസില്‍ മാത്രമേ പഠിപ്പിച്ചതായറിവുള്ളൂ. അക്ഷരബോധന രീതിയായിരുന്നു അന്ന് നിലവിലുള്ളത്. അക്ഷരം പഠിപ്പിച്ചെടുക്കാന്‍ അച്ഛന് വൈദഗ്ദ്ധ്യമേറെയാണ്. അതിനു വേണ്ടി പലതരം ചാര്‍ട്ടുകളും മണലും വസ്തുക്കളും ഉപയോഗിച്ചു. എനിക്കാണെങ്കില്‍ അക്ഷരങ്ങളും ചിഹ്നങ്ങളുമെല്ലാം അപ്പോഴേക്കും വശമായിക്കഴിഞ്ഞിരുന്നു. മാതൃഭൂമി പത്രം ഞാന്‍ കൂട്ടി വായിച്ചെടുത്തിരുന്നു.

          പിറ്റെ ദിവസം രാവിലെത്തന്നെ കുളിച്ചൊരുങ്ങി. സമചതുരാകൃതിയിലുള്ളൊരു ചാക്കു സഞ്ചി. അതിനകത്ത് വലിയൊരു സ്ലേറ്റും സ്ലേറ്റുപെന്‍സിലും. ഒരു പഴയ ഒന്നാം പാഠപുസ്തകവുമുണ്ട്. പെന്‍സില്‍ പൊട്ടിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം അച്ഛന്റെ വക. അമ്മയുടെ സ്ക്കൂളിനു മുമ്പിലുള്ള ഇടവഴികളിലൂടെ വേണം പോകാന്‍. വര്‍ഷത്തില്‍ എല്ലാ മാസവും ഒഴുകുന്ന ഒരു കൊച്ചരുവി ആ ഇടവഴികളിലെ പ്രധാന ആകര്‍ഷണമായിരുന്നു. ഇപ്പോഴത് ജൂണ്‍, ജൂലായ് മാസങ്ങളില്‍ മാത്രമായൊതുങ്ങി.

          അമ്മ സ്ക്കൂളിലേക്ക് കയറിപ്പോവുന്നത് ഞാന്‍ നോക്കി നിന്നു. അരിയിലെഴുതാന്‍ പോയപ്പോഴുള്ള ആരവമൊന്നും അപ്പോഴില്ല. കൃഷ്ണന്‍ ഗുരുക്കള്‍ സ്ക്കൂളിലുണ്ടെങ്കില്‍ കുട്ടികളൊന്നും ഒച്ചയുണ്ടാക്കാറില്ലത്രേ!

           ഞങ്ങളുടെ തറവാടു വീടായ മേപ്പണശ്ശേരിയുടെ സമീപമാണ് അച്ഛന്‍ പഠപ്പിക്കുന്ന നിടുമ്പൊയില്‍ മാപ്പിള എല്‍. പി. സ്ക്കൂള്‍. നാലു ക്ലാസും നാലു മാഷന്മാരും നൂറോളം കുട്ടികളും. അച്യുതന്‍ മാഷ്, കേളുക്കുട്ടി മാഷ്, നാരായണന്‍ മാഷ് പിന്നെ അച്ഛനും. നാലു പേരും ഏതാണ്ട് സമപ്രായക്കാര്‍.
        അച്ഛനെന്നെ ക്ലാസില്‍ക്കൊണ്ടിരുത്തി. പത്തിരുപത്തഞ്ച് കുട്ടികളുണ്ട്. അവരുടെ മാഷുടെ മോനല്ലേ. എല്ലാവരും അവരവരുടെ ബെഞ്ചിലേക്ക് എന്നെ ക്ഷണിച്ചു. പക്ഷെ അച്ഛന്‍ ഇരുത്തിയ സീറ്റില്‍ നിന്ന് മാറിയിരിക്കാന്‍ എനിക്ക് ധൈര്യമില്ല. ഉച്ചയ്ക്ക് ഉപ്പുമാവും പാലും കഴിച്ചു. ഒരുമിച്ചിരുന്നു കഴിക്കുമ്പോള്‍ നല്ല രുചി. അച്ഛന്‍ ഊണ് കഴിക്കാന്‍ പോയ തക്കത്തിന് മറ്റുള്ള കുട്ടികളുടെ കൂടെ കുറെ ഓടിക്കളിച്ചു. തിരിച്ച് ക്ലാസില്‍ക്കയറുമ്പോള്‍ ഒരുത്തനുണ്ട് എന്റെ സഞ്ചിയില്‍ നിന്ന് പെന്‍സില്‍ എടുത്ത് എഴുതുന്നു. ഓടിച്ചെന്ന് അതു ബലമായി പിടിച്ചു വാങ്ങി. അവന്റെ തലക്കിട്ട് ഒന്നു പൊട്ടിച്ചും കൊടുത്തു! ഈ രംഗം കണ്ടുകൊണ്ടാണ് അച്ഛന്റെ വരവ്. പെന്‍സില്‍ മൂന്ന കഷണമായിരുന്നു. രണ്ട് ചുട്ട അടി കിട്ടി, പെന്‍സില്‍ പൊട്ടിച്ചതിനും സഹപാഠിയെ ഉപദ്രവിച്ചതിനും. സ്ക്കൂളിലെ ആദ്യ ദിനം കിട്ടിയ സമ്മാനം. കുറച്ചു നേരം ചിണുങ്ങിക്കരഞ്ഞ് മുഖം വീര്‍പ്പിച്ച് വൈകുന്നേരം വരെ സീറ്റിലിരുന്നു.
               പിറ്റെ ദിവസം സ്ക്കൂളിലേക്കു പോവുമ്പോള്‍ ഒരു കാര്യം ഞാന്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നു. അതു നടപ്പിലാക്കുന്നതു വരെ ആരോടും പറഞ്ഞില്ലെന്നു മാത്രം. അമ്മയുടെ സ്ക്കൂള്‍ ഗേറ്റിലെത്തി, അമ്മ സ്ക്കൂളിലോട്ട് കയറുമ്പോള്‍ ഒന്നുമറിയാത്തതു പോലെ ഞാനും പുറകെ കയറി. അച്ഛന്‍ പുറകില്‍ നിന്ന വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു
        "ഞാനിന്ന് അമ്മയുടെ സ്ക്കൂളിലാണ് പഠിക്കുന്നത്. അച്ഛന്റെ സ്ക്കൂളില്‍ നാളെ."
         അങ്ങനെ പറഞ്ഞെങ്കിലും ഇനി ഒരിക്കലും അങ്ങോട്ടില്ലെന്ന് ഞാനൊരു തീരുമാനമെടുത്തിരുന്നു. അച്ഛന്‍ എന്നേയും കൊണ്ടുപോയേ അടങ്ങൂ എന്ന രീതിയില്‍ അവിടെത്തന്നെ നില്‍ക്കുകയാണ്. ഞാന്‍ ഓടി സ്ക്കൂളിനകത്തു കയറി. അച്ഛനും പുറകെ വന്നു. ഒടിച്ചെന്നു നിന്നത് കൃഷ്ണന്‍ ഗുരുക്കളുടെ മുമ്പിലാണ്. അച്ഛനും കൃഷ്ണന്‍ ഗുരുക്കളും ഉത്തമ സുഹൃത്തുക്കളാണ്.
      "എന്താ മാഷേ, ഇന്നിവിടെയാണോ പഠിപ്പിക്കുന്നത്?"  ഗുരുക്കള്‍.
        അമ്മ കാര്യമെല്ലാം പറഞ്ഞു. "എന്നാല്‍ അവനിവിടെ പഠിക്കട്ടെ." രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്പ്പിച്ചതും ഒന്നു തന്നെ!
       ഗുരുക്കള്‍തന്നെ എന്റെ കൈപിടിച്ച് ഒന്നാം ക്ലാസിലെ ഒരു ബെഞ്ചില്‍ കൊണ്ടിരുത്തി. ആ ക്ലാസില്‍ അന്നരം പഠിപ്പിച്ചതാരാണെന്ന് എനിക്കോര്‍മ്മയില്ല. ഏതായാലും കുറച്ചു സമയമിരുന്നപ്പോള്‍ എനിക്കൊരേകാന്തത അനുഭവപ്പെട്ടു. എല്ലാവരും കഷ്ടപ്പെട്ട് ഏതോ ഒരക്ഷരം എഴുതാന്‍ പഠിക്കുകയാണ്. എനിക്കതു നേരത്തേ അറിയാവുന്നതു കൊണ്ട് വിരസതയും.
           ഞാന്‍ പതുക്കെ എഴുന്നേറ്റു. അമ്മയുടെ ക്ലാസ് ലക്ഷ്യമാക്കി നടന്നു. ക്ലാസുകള്‍ തമ്മില്‍ വിഭജന മറയൊന്നുമില്ല. അമ്മ അഞ്ചാംക്ലാസില്‍ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. ഞാന്‍ പ്രാഞ്ചിപ്പതുങ്ങി സഞ്ചിയും തൂക്കി വരുന്നത് കണ്ട് അമ്മ അരികിലേക്കു വന്നു.
         "പോയി ഒന്നാം ക്ലാസിലിരിക്കെടാ. അല്ലെങ്കില്‍ നാളെ അച്ഛന്റെ കൂടെ പറഞ്ഞയയ്ക്കും"
           ഞാന്‍ ധര്‍മ്മസങ്കടത്തിലായി. ഒന്നാം ക്ലാസില്‍ ഇരിക്കാന്‍ ഇഷ്ടമില്ല. അമ്മയുടെ ക്ലാസില്‍ കേറ്റുന്നില്ല. അച്ഛന്റെ സ്ക്കൂളില്‍ പോകാന്‍ താല്‍പര്യവുമില്ല. ഇതികര്‍ത്തവ്യാമൂഢനായി ഞാന്‍ ചുറ്റിലും നോക്കി. അതാ മൂന്നാം ക്ലാസില്‍ സുമതിയേടത്തി ഇരിക്കുന്നു. അമ്മയുടെ ഉറ്റ സുഹൃത്തും സഹപ്രവര്‍ത്തകയും ബന്ധുവുമായ  ജാനകി ടീച്ചറുടെ മകളാണ് സുമതി. ഞാന്‍ അമ്മയുടെ കൂടെ അവരുടെ വീട്ടില്‍ പോയിട്ടുണ്ട്. അവര്‍ ഇടയ്ക്കിടയ്ക്ക് വീട്ടിലും വരാറുണ്ട്. പിന്നെ സംശയിച്ചു നിന്നില്ല. പതുക്കെ മൂന്നാം ക്ലാസില്‍ക്കയറി പുസ്തകം വെക്കാനുള്ള വെഞ്ചിലൂടെ കയറിയിറങ്ങി സുമതിയേടത്തിയുടെ മടിയില്‍ക്കയറി ഇരുന്നു.
        "മാധവി ടീച്ചറേ ഓനെ ഇങ്ങോട്ട് ഇറക്കി വിടിന്‍. നല്ല അടി കിട്ടാഞ്ഞിട്ടാ."  അമ്മ രോഷാകുലയായി.
           മാധവി ടീച്ചറേയും ഞാന്‍ പല പ്രാവശ്യം കണ്ടിട്ടുണ്ട്. ഞങ്ങളുടെ വീടിനു മുമ്പിലൂടെയാണ് ടീച്ചര്‍ സ്ക്കൂളില്‍ വരുന്നതും പോവുന്നതും. സമയമുള്ളപ്പോഴൊക്കെ വീട്ടില്‍ കയറാറുമുണ്ട്. ടീച്ചര്‍ എന്റെ മുഖത്തു നോക്കി സ്നേഹം നിറഞ്ഞ ഒരു ചിരി പാസാക്കി.
          "മോന്‍ കുറച്ചു നേരം ഇവിടെയിരുന്നോട്ടെ ടീച്ചറേ"  
         മാധവി ടീച്ചര്‍അങ്ങിനെയാണ്.  ടീച്ചര്‍ക്ക് സ്വന്തമായി കുട്ടികളില്ല. എന്നാല്‍ എല്ലാ കുട്ടികളെയും സ്വന്തം കുട്ടികളേപ്പോലെ സ്നേഹിക്കും. മോനേ അല്ലെങ്കില്‍ മോളേ എന്നു മാത്രമേ അവര്‍ കുട്ടികളെ വിളിച്ചു കേട്ടിട്ടുള്ളൂ. സ്വാതന്ത്ര്യസമര ചരിത്രത്തില്‍ കേരളത്തില്‍ നടന്ന സമരപരമ്പരകളില്‍ ഏറ്റവും പ്രശസ്തമായ ഒരേടാണ് കീഴരിയൂര്‍ ബോംബു കേസ്. ടീച്ചറുടെ ഭര്‍ത്താവ് പാച്ചറേട്ടന്‍ അതിലെ പ്രധാന പ്രതികളില്‍ ഒരാളായിരുന്നു

             ടീച്ചര്‍ എന്റെ അടുത്തു വന്നു. സുമതിയേടത്തിയുടെ മടിയില്‍ നിന്നും എന്നെ പതുക്കെ എഴുന്നേല്‍പ്പിച്ചു. മേശയ്ക്കരികിലേക്കു കൊണ്ടുപോയി. എന്നിട്ട് എന്നെ ഉയര്‍ത്തി ടീച്ചറുടെ കസേരയില്‍ ഇരുത്തി ക്ലാസ് തുടര്‍ന്നു. അധ്യാപകന്റെ കസേരയില്‍ ഇരുന്ന ആദ്യ അവസരം. പിന്നീട് ഹൈസ്ക്കൂളില്‍ വെച്ച് ഉച്ചയ്ക്കുള്ള ഇടവേളയില്‍ അധ്യാപകന്റെ കസേരയില്‍ ഇരുന്നതിന് എനിക്ക് ഒരധ്യാപകന്റെ അടി കിട്ടിയിട്ടുണ്ട്. അതെന്നെ വല്ലാതെ വേദനിപ്പിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ സര്‍വ്വീസിലുള്ളപ്പോള്‍ ഏതെങ്കിലും കുട്ടി അധ്യാപകന്റെ കസേരയില്‍ ഇരിക്കുന്നത് കണ്ടാല്‍ ഞാന്‍ വിമ്മിട്ടപ്പെട്ടിരുന്നില്ല.
          അടുത്ത ദിവസം ഞാന്‍  ഏതു സ്ക്കൂളിലാണ് പഠിക്കേണ്ടതെന്നുള്ള കാര്യത്തില്‍ വീട്ടില്‍ ഒരു ചര്‍ച്ച നടന്നു. ഞാന്‍ അച്ഛന്റെ സ്ക്കളില്‍ പോയാല്‍ മതി എന്ന അഭിപ്രായമായിരന്നു അമ്മയ്ക്ക്. അച്ഛനും അത് പിന്താങ്ങി. മാധവി ടീച്ചറുടെ സ്ക്കൂളിലേ പഠിക്കൂ എന്നു ഞാനും. ഒടുവില്‍ തീരുമാനം വന്നു, അതെ അമ്മയുടെ സ്ക്കൂളില്‍ത്തന്നെ!
          രണ്ടുമൂന്ന് ദിവസം സുമതിയേടത്തിയുടെ അരികില്‍ത്തന്നെ. പിന്നെ ക്ലാസിനു പുറത്തു വെച്ച് 'പെണ്‍കുട്ടികളുടെ കൂടെയിരിക്കുന്നവന്‍ ' എന്നു പറഞ്ഞ് ചില കുട്ടികള്‍ എന്നെ കളിയാക്കാന്‍ തുടങ്ങി. മനസ്സില്ലാമനസ്സോടെ ഒന്നാംക്ലാസിലേക്കു തന്നെ ചേക്കേറേണ്ടി വന്നു. എങ്കിലും ഇടയ്ക്കിടയ്ക്ക്  ഞാന്‍ മാധവി ടീച്ചറുടെ ക്ലാസിലെത്തും. കുട്ടികളെ അടക്കിയിരുത്താന്‍ വടിയോ ശകാരമോ അല്ല, സ്നേഹമാണ് ഏറ്റവും നല്ല ആയുധമെന്ന് മനസ്സിലാക്കാന്‍ ആദ്യമായി എന്നെ സഹായിച്ചത് മാധവി ടീച്ചറായിരുന്നു. അമ്മയും അച്ഛനും കൃഷ്ണന്‍ ഗുരുക്കളും മാധവി ടീച്ചറും ഇന്ന് ജീവിച്ചിരിപ്പില്ല. എങ്കിലും അവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മരിക്കുന്നില്ല.
Tuesday, March 22, 2011

സ്ക്കൂള്‍ ഡയറി-4-സൌദാമിനി ടീച്ചറും മാതൃഭൂമിയും


                സ്ക്കൂള്‍ ഡയറിയിലെ കഴിഞ്ഞ അധ്യായത്തില്‍ അബ്ദുറഹിമാന്‍ മാഷിന്റെ ഓട്ടത്തെപ്പറ്റി പറ്റി പറയുന്നതിനിടയില്‍ ഒരു ഹെഡ് മിസ്ട്രസ്സിനെപ്പറ്റി സൂചിപ്പിച്ചിരുന്നു. സൌദാമിനി ടീച്ചര്‍. അമ്പതിനോടടുത്ത് പ്രായം. വെളുത്ത് തടിച്ച് ഒരു പ്രൌഢ. ഹൃദ്യമായ പെരുമാറ്റം. വിനയം വിടാതെയുള്ള സംസാര രീതി. എച്ച്. എം. കോണ്‍ഫറന്‍സായാലും വേറെ എന്തു പരിപാടിയായാലും ടീച്ചര്‍ നിശ്ചിത സമയത്തിനും മുമ്പേ എത്തും.
 
             അക്കാലത്ത് ഞങ്ങളുടെ എ..ഒ രുഗ്മാംഗദന്‍ സാറായിരുന്നു. കാര്യങ്ങളൊക്കെ ഭംഗിയായി നടക്കണമെന്ന കാര്യത്തില്‍ കടുംപിടുത്തക്കാരനായിരുന്നു. അത്യാവശ്യംചില ഞെട്ടിക്കലൊക്കെ ഉള്ളതിനാല്‍ പലര്‍ക്കും അദ്ദേഹത്തെ ഭയമായിരുന്നു. പക്ഷെ അടുത്തറിയുമ്പോള്‍ അദ്ദേഹം ഒരു പ്രിയ കൂട്ടുകാരനായി മാറും.

              അക്കൊല്ലത്തെ സബ് ജില്ലാ സ്ക്കൂള്‍ കലോത്സവം കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ വെച്ചായിരുന്നു. ഒരുക്കങ്ങളെല്ലാം തകൃതിയായി നടക്കുന്നു. എല്ലാറ്റിനും മേല്‍നോട്ടം വഹിച്ചു കൊണ്ട് രുഗ്മാംഗദന്‍ സാറുമുണ്ട്. മേളയ്ക്ക് രണ്ടു ദിവസം മുമ്പ് അദ്ദേഹം ഹെഡ് മാസ്റ്റര്‍മാരുടെ ഒരു യോഗം വിളിച്ചു. സാറിന്റെ കൂടെ മേളയുടെ കമ്മറ്റി ഭാരവാഹികളായി ഞങ്ങള്‍ രണ്ടു മൂന്ന് പേരും കൂടെയുണ്ടായിരുന്നു.

            മൂന്നു മണിക്കായിരുന്ന യോഗത്തിന് ഞങ്ങള്‍ നേരത്തേ തന്നെ ഹാളിലെത്തി. അപ്പോഴേക്കും സൌദാമിനി ടീച്ചര്‍ അവിടെ എത്തിയിരുന്നു. ഇളം നീല നിറത്തിലുള്ള കവറുള്ള ഒരു ഡയറി മുമ്പിലുണ്ട്. യോഗത്തില്‍ പറയുന്നതെല്ലാം ടീച്ചര്‍ കുറിച്ചെടുക്കും. ..ഒ സംസാരിക്കുന്നതിനിടയ്ക്ക് തുമ്മിയപ്പോള്‍ ടീച്ചര്‍ ആക്ചീ... എന്ന് എഴുതിയെടുത്തെന്ന് ലളിത ടീച്ചര്‍ പറഞ്ഞു പരത്തിയത് അസൂയ കൊണ്ടു മാത്രമാണ്. അത് ശരിയാണെന്ന് സാക്ഷ്യം പറ‍ഞ്ഞവരെല്ലാം യോഗത്തില്‍ കലപില സംസാരിച്ച് അലമ്പുണ്ടാക്കുന്നവരും പിന്നീട് ടീച്ചറുടെ ഡയറി നോക്കി കാര്യങ്ങള്‍ എഴുതിയെടുക്കുന്നവരും ആണെന്ന് ആര്‍ക്കാണറിയാത്തത്.

                യോഗത്തില്‍ രുഗ്മാംഗദന്‍ സാര്‍ മേള വിജയിപ്പിക്കാന്‍ ആവശ്യമായ ഒരുക്കങ്ങള്‍ ഓരോന്നായി വിശദീകരിച്ചു. ഒടുവില്‍ ഇങ്ങനെ ഉപസംഹരിച്ചു.
"പ്രിയപ്പെട്ട പ്രധാനാധ്യാപകരെ നിങ്ങളോടായി എനിക്കൊരഭ്യര്‍ത്ഥനയുണ്ട്. നിങ്ങള്‍ മറ്റന്നാള്‍ വരുമ്പോള്‍ ഓരോരുത്തരും പരമാവധി വാഴയിലകള്‍ കൂടി സംഘടിപ്പിച്ചു കൊണ്ടുവരണം. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സഹകരണം തേടണം. ഇതൊരപേക്ഷയാണ്"

                യോഗം പിരിഞ്ഞു. ഞങ്ങള്‍ എ..ഒ ആപ്പീസിലേക്കു പോയി. ഞാനും ഡയറ്റിലെ അജിത് സാറും രുഗ്മാംഗദന്‍ സാറിന്റെ മുറിയിലെത്തി. സാറിന്റെ മുമ്പിലെ കസരയില്‍ ഞാന്‍, വലതു വശത്തു അജിത്ത് സാര്‍. ഒരു പതിനഞ്ചു മിനിട്ടു കഴിഞ്ഞു കാണും സൌദാമിനി ടീച്ചര്‍ മുറിയിലേക്കു കടന്നു വന്നു. രുഗ്മാംഗദന്‍ സാര്‍ തല തെല്ലുയര്‍ത്തി പറഞ്ഞു.
"ആ ടീച്ചര്‍ക്ക് ഒരു പി.എഫ് ലോണ്‍ ഉണ്ട് അല്ലേ? അത് ‍ ഞാന്‍ രാവിലെ തന്നെ ഒപ്പിട്ടു വെച്ചിട്ടുണ്ടല്ലോ"

      "അത് ഞാന്‍ നേരത്തെ എടുത്തു സര്‍ . അതല്ല........" ടീച്ചര്‍ മുഴുമിപ്പിക്കാതെ നിര്‍ത്തി.

        "പറയൂ..പിന്നെന്താണ് പ്രശ്നം"
       "സാര്‍......അത്......അത്.....സാര്‍ വാഴയില കൊണ്ടു വരാന്‍ പറഞ്ഞില്ലേ? ഇല ഞാന്‍ സംഘടിപ്പിക്കാം. പക്ഷെ അതു കൊണ്ടു വരാന്‍ എനിക്കു പ്രയാസമുണ്ട്.”

          ".. .. ഇതിനാണോ ടീച്ചര്‍ ഇങ്ങനെ വിഷമിക്കുന്നത്. ടീച്ചറേ, ഇല കൂടുതലുണ്ടെങ്കില്‍ ഒരു ഓട്ടോറിക്ഷയില്‍ കൊടുത്തയച്ചോളൂ. കൂലി ഇവിടെ നിന്ന് ഞങ്ങള്‍ കൊടുത്തോളാം.”

       "അത്രയ്ക്കൊന്നും ഉണ്ടാവുകയില്ല” ടീച്ചറുടെ മറുമൊഴി

        "കുറച്ചേ ഉള്ളുവെങ്കില്‍ ടീച്ചറൊരു കാര്യം ചെയ്യൂ. ഒരു പഴയ മാതൃഭൂമിയില്‍ പൊതിഞ്ഞ് ബസ്സില്‍ കൊണ്ടു വന്നോളൂ. സ്റ്റോപ്പില്‍ നിന്ന് ഞാനെടുപ്പിച്ചോളാം. എന്താ?...”

         ടീച്ചര്‍ അതെ എന്ന അര്‍ത്ഥത്തില്‍ തല കുലുക്കി തിരിഞ്ഞു നടന്നു. രണ്ടടി വെച്ച് തിരിഞ്ഞു നിന്നു.
     
        "എന്താ, ടീച്ചറേ...”

        "സാര്‍....വീട്ടില്‍ മാതൃഭൂമിയല്ല വാങ്ങുന്നത്!"

          ഒരു നിമിഷം ഞങ്ങള്‍ മൂന്ന് പേരും ഷോക്കടിച്ചതു പോലെ ഞെട്ടിപ്പോയി. വിശ്വാസം വരാത്തതു പോലെ പരസ്പരം കണ്ണുകളിലേക്കു നോക്കി. മൂന്നു പേരുടെ ചുണ്ടിലേക്കും ഒരു പുഞ്ചിരി പടരാന്‍ നോക്കിയെങ്കിലും ഞങ്ങളതു കഷ്ടപ്പെട്ട് പിടിച്ചു നിര്‍ത്തി. ഒടുവില്‍ സ്വതസ്സിദ്ധമായ ഗൌരവത്തില്‍ ..ഒ സാര്‍ പറഞ്ഞു.
         "ടീച്ചറൊരു കാര്യം ചെയ്യൂ. അടുത്ത വീട്ടിലെങ്ങാനും മാതൃഭൂമി കിട്ടുമോ എന്നു നോക്കൂ. കിട്ടിയില്ലെങ്കില്‍ ..., ടീച്ചറുടെ വീട്ടില്‍ ഏതു പത്രമാ വാങ്ങുന്നത്...”

           "മനോരമ "

            "...മനോരമയില്‍ പൊതിഞ്ഞു കൊണ്ടുവന്നാലും മതി"

            അതെ എന്ന അര്‍ത്ഥത്തില്‍ തല കുലുക്കി സൌദാമിനി ടീച്ചര്‍ തിരിച്ചു പോയി. ഞങ്ങള്‍ പൊട്ടിച്ചിരിച്ചു. പൊട്ടിപ്പൊട്ടി ചിരിച്ചു.

          രാത്രി വൈകുന്നതു വരെ ഞങ്ങള്‍ ആപ്പീസില്‍ തന്നെയായിരുന്നു. സ്ക്കൂളുകള്‍ക്കുള്ള രജിസ്ട്രേഷനാവശ്യമായ സാധനങ്ങള്‍ ഒരുക്കുന്ന തിരക്കില്‍. പത്തു മണിയായപ്പോള്‍ രുഗ്മാംഗദന്‍ സാര്‍ വിളിച്ചു പറഞ്ഞു
        "ജനാര്‍ദ്ദനന്‍ മാഷേ, ഭക്ഷണം പാര്‍സലായി കൊണ്ടു വന്നിട്ടുണ്ട്. മാഷിനു ചോറോ ചപ്പാത്തിയോ? രണ്ടായാലും 'മാതൃഭൂമിയില്‍' പൊതിഞ്ഞതു തന്നാണേ!”

Tuesday, March 15, 2011

ലൈഫ് ഡയറി-4 കണാരചെട്ടിയാരും മദിരാശിയും


              1959 ജൂണ്‍ രണ്ടാം തിയ്യതി എന്നേ ഒന്നാം ക്ലാസില്‍ ചേര്‍ത്തു. കഴിഞ്ഞ അധ്യായത്തില്‍ പറഞ്ഞപോലെ ഒന്നാം ക്ലാസില്‍ ക്ലാസധ്യാപകന്‍ ആരായിരുന്നുവെന്ന് ഓര്‍ക്കുന്നില്ല.  അതുകൊണ്ട് തന്നെ അപ്പോഴുള്ള പ്രത്യേക സംഭവങ്ങളും മനസ്സില്‍ വരുന്നില്ല. ഇന്നോര്‍ക്കുമ്പോള്‍ അതൊരു നന്ദികേടായി തോന്നുന്നുണ്ട്. രണ്ടാം ക്ലാസില്‍ ദാമോദരന്‍ മാഷായിരുന്നു. വികൃതി കളിക്കുമ്പോള്‍ അദ്ദേഹം കണ്ണു തുറുപ്പിച്ച് നോക്കി പേടിപ്പിക്കും.

        അക്കാലത്ത് രസകരമായൊരു സംഭവമുണ്ടായി. രസകരം എന്നു പറയുന്നത് മറ്റുള്ളവര്‍ക്കാണ്. എനിക്ക് ഭയങ്കരമായ ഒരനുഭവമായിരുന്നു. സ്ക്കൂളില്‍ ചേരുന്നതിനു മുമ്പ് എന്നെ നോക്കി നടത്തുവാന്‍ ഇളയമ്മ പ്രയാസപ്പെട്ടിരുന്ന കാര്യം പറഞ്ഞിരുന്നല്ലോ? തീരെ അനുസരണ കാണിക്കാതിരിക്കുമ്പോള്‍ എന്നെ പേടിപ്പിക്കാനായി ഒരു കാര്യം പറയും
 
          "കണാരചെട്ടിയാര്‍ കെട്ടുമായി വരുന്നുണ്ട്. നിന്നെ അയാള്‍ പിടിച്ചു കൊണ്ടുപോയാലും ഞാന്‍ ആരോടും പറയില്ല."
          കണാരചെട്ടിയാര്‍  കടന്നുപോവുന്നത് ഒന്നുരണ്ടു തവണ ഞാന്‍ കണ്ടിട്ടുണ്ട്. അയാളുടെ തലയില്‍ ഒരു കെട്ടുമുണ്ട്. ചാക്കുതുണി കൊണ്ടുള്ള വലിയൊരു കെട്ട്. നരച്ച കുറ്റിത്തലമുടി. പൂര്‍ണ്ണമായും നരച്ചതല്ല. വെളുപ്പും കറുപ്പും ഇടകലര്‍ന്നത്. പഞ്ചസാരയിലേക്ക് തേയിലപ്പൊടി വിതറിയതുപോലെ. കൃഷ്ണമണി കറുപ്പല്ല. ഇളം തവിട്ടുനിറം കലര്‍ന്ന മഞ്ഞ നിറം. ഇരു കാലിലേയും പെരുവിരലുകള്‍ വശങ്ങളിലേക്കു വിടര്‍ന്നു നില്‍ക്കുന്നു. കയ്യില്‍ ഒരു മുട്ടന്‍ മുളവടി. അതും കുത്തിപ്പിടിച്ചുകൊണ്ടാണ് നടത്തം. കെട്ടിനകത്ത് എന്താണെന്ന് ഞാന്‍ കണ്ടിട്ടില്ല. ഒരിക്കല്‍ ഇളയമ്മ പറഞ്ഞു.
      "ആ കെട്ടില്‍ നിറയെ കുട്ടികളാണ്! അച്ഛനുമമ്മയും അടുത്തില്ലാത്ത  വികൃതികളിച്ചു നടക്കുന്ന കുട്ടികളെ ചെട്ടിയാര്‍ പിടിച്ചു കെട്ടിലാക്കി കൊണ്ടുപോവും. ദൂരെ മദിരാശിയില്‍ കൊണ്ടുപോയി വില്ക്കും."
               പിന്നീടൊരിക്കല്‍ കണാരചെട്ടിയാര്‍  ഞങ്ങളുടെ വീട്ടില്‍ വന്നു. അദ്ദേഹം മുറ്റത്തെത്തുന്നതിനു മുമ്പേ ഞാന്‍ അകത്തേക്കോടി. പോകുന്ന പോക്കില്‍ കെട്ടിനകത്തുനിന്ന വല്ല ആളനക്കമോ മറ്റോ ഉണ്ടെന്ന് ഞാനൊന്ന് പാളി നോക്കി. പക്ഷെ അതു ഉറപ്പുവരുത്താന്‍ എനിക്കു ധൈര്യമില്ല. എന്റെ പേടിയും ഒളിച്ചോട്ടവും കണ്ടിട്ടാകാം പിന്നീട് എന്നെ അടക്കിയിരുത്തേണ്ട അവസരങ്ങളിലെല്ലാം കണാരചെട്ടിയാരും അദ്ദേഹത്തിന്റെ കെട്ടും ഇളയമ്മയുടെ നാവിലേക്കിറങ്ങി വരും. 

         രണ്ടാം ക്ലാസിലെത്തിയപ്പോള്‍ ഞാന്‍ സ്ക്കൂളിലേക്ക് അമ്മയുടെ കൂടെ പോകുന്നതിനു പകരം അയല്‍വാസികളായ കൂട്ടുകാരുടെ കൂടെയാണ് പോവുക. അടുത്ത വീട്ടിലെ വിജയനും ദാമോദരനുമാണ് അതില്‍ പ്രധാനികള്‍. ദാമോദരന്‍ ഞങ്ങളേക്കാള്‍ മൂത്തതാണ്. എനിക്കു രണ്ടു വര്‍ഷം മുമ്പേ ചേര്‍ന്നവന്‍. പക്ഷേ ഞാന്‍ അഞ്ചാം ക്ലാസു വിട്ട് മൂന്നു വര്ഷം കൂടി കഴിഞ്ഞിട്ടേ മൂപ്പര്‍ സ്ക്കൂളില്‍ നിന്ന് റിട്ടയര്‍ ചെയ്തുള്ളൂ! പഠിക്കാന്‍ അത്ര മിടുക്കനായിരുന്നു എന്നു സാരം.

          ഓണാവധി കഴിഞ്ഞ് സ്ക്കൂള്‍ തുറക്കുന്ന ദിവസം ഞാന്‍ ഓണത്തിനു കിട്ടിയ പുത്തന്‍ നിക്കറും ഷര്‍ട്ടുമിട്ട് നേരത്തേ തന്നേ സ്ക്കൂളിലേക്കു പുറപ്പെട്ടു. ബെല്ലടിക്കുന്നതിനു മുമ്പ് എത്തിയാലല്ലേ  പുതിയ ഡ്രസ്സുമിട്ട് എല്ലാവരുടേയും മുമ്പിലൂടെ ഗമയിലങ്ങനെ നടക്കാന്‍ പറ്റൂ. ദാമുവേട്ടനെ കാത്തു നിന്നു. കാണുന്നില്ല. സ്കൂളിലേക്കുള്ള വഴിയൊക്കെ അറിയാം. വളരെ അടുത്തുമാണ്. എന്നാല്‍ ഒറ്റയ്ക്കാണ് പോയതെന്നറിഞ്ഞാല്‍ അമ്മ വഴക്കു പറയും.

        രണ്ടിടവഴികള്‍ നടന്നാല്‍ ഒരു ചെറിയ വയല്‍. വയലിന് നടുവിലൂടെ ഒരു തോട്. തോട്ടില്‍ എപ്പോഴും വെള്ളമുണ്ടാവും. എന്നാല്‍ ആഴമൊന്നും അധികമില്ല.
         ഞാന്‍ ഇടയ്ക്കിടെ ദാമുവേട്ടനെ തിരിഞ്ഞു നോക്കി പതുക്കെ സ്ക്കൂളിലേക്കു നടന്നു. വയല്‍ വരമ്പിലെ പുല്ലില്‍ മഞ്ഞ് നിറഞ്ഞു നില്‍ക്കുന്നു. വയലില്‍ വിളഞ്ഞു നില്‍ക്കുന്ന നെല്‍ച്ചെടികളെ ചുറ്റിപ്പിടിച്ചു നില്‍ക്കുന്ന ഇളം വള്ളികളില്‍ നിറയെ കാക്കപ്പൂവ്. ഞാന്‍ പതുക്കെ നടന്ന് തോട്ടുവക്കത്തെത്തി. തോട്ടിലെ വെള്ളത്തില്‍ കുഞ്ഞോളങ്ങള്‍. അതിലൂടെ നെറ്റിയില്‍ മഞ്ഞപ്പൊട്ടുള്ള കൊച്ചു മീനുകള്‍ നീന്തിക്കളിക്കുന്നു. തോടു കടക്കാന്‍ രണ്ടു തെങ്ങിന്‍കഷണങ്ങള്‍ ചേര്‍ത്തിട്ട ചെറിയൊരു പാലം. ഞാന്‍ പതുക്കെ പാലത്തിലേക്കു കയറി. തോട്ടുവരമ്പില്‍ നിറയെ മഞ്ഞണിഞ്ഞു നില്‍ക്കുന്ന എട്ടുകാലി വലകള്‍. വെയില്‍ തട്ടുമ്പോള്‍ അവയില്‍ മാരിവില്ലുകള്‍ വിരിയുന്ന കാഴ്ച കണ്ട് ഞാന്‍ കോരിത്തരിച്ചു. തോട്ടുവക്കില്‍ നിന്ന് ഇലകള്‍ പറിച്ചെടുത്ത് വെള്ളത്തിലിട്ട് അവ ഒഴുകിപ്പോകുന്നതും നോക്കി അല്പനേരം ഞാനാ പാലത്തില്‍ ഇരുന്നു.

       പെട്ടെന്ന് ഒന്നുരണ്ടു മഴത്തുള്ളികള്‍ എന്റെ ദേഹത്തു വീണു. കയ്യില്‍ പുസ്തകസഞ്ചിയും ഓലക്കുടയുമുണ്ട്. നല്ല നീളന്‍ മളങ്കാലുള്ള അസ്സലൊരു ഓലക്കുട. പതുക്കെ എഴുന്നേറ്റ് പാലം കടന്നു. ഇനി ദാമുവേട്ടന്‍ വരുന്നെങ്കില്‍ വരട്ടെ. ഇത്തിരി കൂടി നടന്നാല്‍ സ്ക്കൂളിലെത്താം. ചരിച്ചു പിടിച്ചിരുന്ന കുട നേരെ പിടിച്ചപ്പോള്‍ അതാ തൊട്ടുമുമ്പില്‍ കണാരചെട്ടിയാര്‍ ! മുളവടിയും നരച്ച താടിയും മുടിയുമെല്ലാം മുമ്പു കണ്ട പോലെത്തന്നെ. കെട്ടിന് അല്പം കൂടി വലുപ്പമുണ്ട്. ഒന്നേ നോക്കിയുള്ളൂ. പിന്നേ ഒരലര്‍ച്ചയായിരുന്നു.
 
    "അയ്യോ എന്നെ കൊല്ലാന്‍ വരുന്നേ...."
    ചാക്കു സഞ്ചിയും ഓലക്കുടയും ആവുന്നത്ര ശക്തിയോടെ ഞാന്‍ അയാളുടെ നേര്‍ക്കെറിഞ്ഞു. തിരിഞ്ഞു പാലം കടന്ന് ഒറ്റ ഓട്ടം. ഓട്ടത്തിന്നിടയിലും ഞാന്‍ ഉറക്കെക്കരയുന്നുണ്ട്.
          കണാരചെട്ടിയാര്‍ക്ക് എന്നെ അറിയാം. അച്ഛനെയും അമ്മയേയും നന്നായി പരിചയമുണ്ട്. എനിക്കെന്താണ് പറ്റിയതെന്ന് ആ പാവത്തിന് മനസ്സിലായില്ല. അദ്ദേഹം ചളിയില്‍ വീണ  സഞ്ചിയും കുടയുമെടുത്ത് എന്റെ പുറകെ ഓടി.
 
     "മോനേ ഓടേണ്ട, മോന്റെ സ്ലേറ്റും പുസ്തകവുമിതാ"
      രണ്ടു വരമ്പ് ഓടിയതിനു ശേഷം ഞാനൊന്നു തിരിഞ്ഞു നോക്കി. കണാരചെട്ടിയാര്‍ ഇതാ എന്റെ പുറകില്‍ വരുന്നു, എന്റെ സഞ്ചിയും കുടയും കാട്ടി എന്നെ വശീകരിക്കുകയാണ്. ഞാനിപ്പം അയാളുടെ കെട്ടിന്നുള്ളിലാവും. നാളെ നേരം വെളുക്കുന്നതിനു മുമ്പ് ഞാന്‍ അകലെയെവിടെയോ ഉള്ള മദിരാശിയിലെത്തും.
        "അയ്യോ, അമ്മേ ...."  ഞാന്‍ ഓട്ടത്തിനു വേഗത കൂട്ടി, ഇടവഴിയിലെത്തിയപ്പോള്‍ ദാമുവേട്ടന്‍ വരുന്ന.
      "എന്താടാ, എന്തു പറ്റി. നായ കടിക്കാന്‍ വന്നോ?"
       "ഇ....ല്ല, കണാര.....ചെട്ടി....യാര്‍ "
       "അതിനു നീയെന്തിനാ ഓടുന്നത്?"
        അതും പറഞ്ഞ് ദാമുവേട്ടന്‍ എന്റെ കയ്യില്‍ പിടിച്ചു. ചെട്ടിയാര്‍  പുറകെ നടന്നടുക്കുന്നു. കുതറി ഏട്ടന്റെ പിടി വിടുവിച്ച് വീണ്ടും ഓട്ടം തുടങ്ങി. എന്നെ പിടിച്ചു നിര്‍ത്താനായി ദാമുവേട്ടന്‍ പുറകെ. എന്നെ പിടിച്ചുകെട്ടാനായി കാലന്‍ അതിനും പുറകെ. എന്റെ അവസാനം ഇതാ അടുക്കാറായി. പിന്നീടുള്ള ഓട്ടം ജീവന്മരണപ്പോരാട്ടമായിരുന്നു. കാള്‍ ലൂയീസും ഉസ്സൈന്‍ ബോള്‍ട്ടുമൊന്നും അപ്പോള്‍ എനിക്കു മുമ്പില്‍ ആരുമല്ല. ഓടുന്ന ഓട്ടത്തിന്നിടയില്‍ പേടിച്ച് ഒന്നും രണ്ടും നിക്കറില്‍ത്തന്നെ നിര്‍വഹിച്ചു!!
          എന്റെ നിലവിളി കേട്ട് ഇളയമ്മ മുറ്റത്തേക്കിറങ്ങി വന്നു. ഞാന്‍ ഓടി ഇളയമ്മയുടെ മുണ്ടിന്നുള്ളിലൊളിച്ചു. എന്താണ് സംഭവിച്ചതെന്നു പറയാനുള്ള ത്രാണിപോലും എനിക്കുണ്ടായിരുന്നില്ല. ദാമുവേട്ടനും ചെട്ടിയാരും മിനിറ്റുകള്‍ക്കകം മുറ്റത്തെത്തി. ചെട്ടിയാര്‍ നടന്ന സംഭവങ്ങള്‍ മുഴുവന്‍ ഇളയമ്മയോട് പറഞ്ഞു. ഇളയമ്മയ്ക്കു കുറ്റബോധം തോന്നിയിരിക്കണം. എന്റെ തലമുടിയില്‍ വിരലോടിച്ചുകൊണ്ട് അവര്‍ പറഞ്ഞു.
         "ചെട്ടിയാര്‍ പാവമാ മോനേ. ഞാന്‍ നിന്നെ വെറുതെ പേടിപ്പിക്കാന്‍ പറഞ്ഞതല്ലേ?"
        "എന്താ നിങ്ങള് മോനോട് പറഞ്ഞത്?" ചെട്ടിയാര്‍ക്കും ആകാംക്ഷയായി. ഇളയമ്മ കാര്യങ്ങളെല്ലാം വിശദീകരിച്ചു.അദ്ദേഹം എന്നെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ ഞാനതൊന്നും വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ചെട്ടിയാര്‍ പറഞ്ഞു
          "മോന് എന്റെ കെട്ടിലുള്ളത് കാണണോ?"
          എന്റെ ഉത്തരത്തിന് കാത്തു നില്ക്കാതെ തന്നെ അദ്ദേഹം കെട്ട് മുറ്റത്തിറക്കിവെച്ച് അഴിച്ചു. അതിനകത്ത് പല തരത്തിലുള്ള പുതിയ വസ്ത്രങ്ങള്‍. മുണ്ട്, കൈലി, തോര്‍ത്ത്, ട്രൌസര്‍, കോണകം, ബോഡീസ്...
          എന്റെ പാരവശ്യം അപ്പോഴും മാറിയിട്ടില്ല. കണാരചെട്ടിയാര്‍ അതില്‍നിന്ന് ഒരു പുതിയ ചുവന്ന പട്ടുകോണകമെടുത്ത് എനിക്കു സമ്മാനിച്ചു. പക്ഷെ ഞാനതു വാങ്ങിയില്ല. കാരണം അച്ഛന്റെ സമ്മതമില്ലാതെ വാങ്ങിയാല്‍ നല്ല അടി കിട്ടും. പക്ഷെ അതിനേക്കാള്‍ എന്നെ വിഷമിപ്പിച്ചത് എന്റെ പുത്തനുടുപ്പ് അലക്കാതെ ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലായതായിരുന്നു..

Saturday, March 5, 2011

ഒരു കോഴിപ്പെണ്ണിന്റെ ഡയറിക്കുറിപ്പ്

             വെറുമൊരു കോഴിപ്പെണ്ണായ എനിക്കെന്തു കഥ എന്നായിരിക്കും നിങ്ങളിപ്പോള്‍ ആലോചിക്കുന്നത്. പക്ഷെ എനിക്കു പറയാനുള്ളത് പറഞ്ഞല്ലേ കഴിയൂ.
         ആന്ധ്രപ്രദേശിലെ ഒരുള്‍നാടന്‍ ഗ്രാമത്തിലെ വലിയൊരു ഷെഡ്ഡിലാണെന്റെ ജന്മം. തോടു പൊട്ടിച്ചു പുറത്തേക്കു വരുമ്പോള്‍ ഞാന്‍ തനിച്ചായിരിക്കുമോ എന്നൊരു ആകാംക്ഷ  എനിക്കുണ്ടായിരുന്നു. എന്നാല്‍ എന്റെ കൂട്ടുകാരുടെ വലിയ നിര കണ്ട് ഞാനത്ഭുതപ്പെട്ടു പോയി. പക്ഷെ ആ തിരക്കിലും ഞാനെന്റെ അമ്മയെ തിരഞ്ഞു. കൊത്തിപ്പെറുക്കിത്തരാനും ചിറകിന്നുള്ളിലൊളിപ്പിച്ച് മാതൃത്വത്തിന്റെ ചൂട് തരാനും ഒരാളില്ലാതായിപ്പോയി എന്നുള്ളത് എന്റെ ദുര്യോഗത്തിന്റെ തുടക്കം മാത്രം.
                 വലിയ നിയോണ്‍ ബള്‍ബിട്ട് പ്രകാശം വിതറി നില്‍ക്കുന്ന കൂട്ടിലേക്ക് രണ്ടു മനുഷ്യജീവികള്‍ കയറിവരുന്നത് കണ്ടുകൊണ്ടാണ് എന്റെ ആദ്യ പ്രഭാതം പൊട്ടി വിരിഞ്ഞത്. കപ്പടാ മീശയും തുറുകണ്ണുകളുമുള്ള ഒരു വലിയ മനുഷ്യന്‍. പഴയൊരു മുറിട്രൌസര്‍ മാത്രം ധരിച്ചൊരു മനുഷ്യക്കോലം കൂടെ. അയാള്‍ അവനെന്തൊക്കെയോ നിര്‍ദ്ദേശം കൊടുക്കുന്നുണ്ട്. ഞങ്ങളുടെ കീയോ, കീയോ ശബ്ദത്തിന്നുപരിയായി അദ്ദേഹത്തിന്റെ ഘനഗംഭീരശബ്ദം മുഴങ്ങിക്കൊണ്ടിരിക്കുന്നു.
           അമ്മയെക്കാണാത്ത ദു:ഖമൊക്കെ കുറച്ചു സമയം കൊണ്ട് വിട്ടൊഴിഞ്ഞു. ഷെഡ്ഡിലൂടെ ചെറുതായൊന്നു ചുറ്റിക്കറങ്ങിയപ്പോള്‍ അവിടവിടെയായി വെള്ളവും ഭക്ഷണവും. ചിക്കിപ്പെറുക്കേണ്ട, അന്വേഷിച്ച് തളരേണ്ട. ഞാനൊരു ഭാഗ്യവതി തന്നെ! തൊട്ടടുത്ത ഷെഡ്ഡുകളിലായി ധാരാളും സുഹൃത്തുക്കള്‍. പല ഷെഡ്ഡിലും പല പ്രായക്കാര്‍. ഈ ലോകത്തെ ഏറ്റവും ഭാഗ്യവാന്മാരായ ജീവികള്‍ ഞങ്ങള്‍ കോഴികള്‍ തന്നെ.
            രണ്ടുമൂന്നു ദിവസം കഴിഞ്ഞപ്പോള്‍ കുറെ ചെക്കന്മാര്‍ വന്നു ഞങ്ങളെ ഓരോരുത്തരെയായി എടുത്തു പരിശോധിച്ചു. ആണുങ്ങളായവരെയെല്ലാം പലതരം ചായം തേച്ചു പിടിപ്പിച്ചു. എന്തൊരു ഭംഗിയാണവരെ അപ്പോള്‍ കാണാന്‍. എന്റെ ദേഹത്തു കൂടി ചായം പൂശിക്കിട്ടിയിരുന്നെങ്കില്‍. പക്ഷെ നിരാശയായിരുന്നു ഫലം. ഞാനനെന്റെ ചായക്കൂട്ടുകാരുടെ ദേഹത്തൊക്കെ മുട്ടിയുരുമ്മി നോക്കി. ഒരു മാറ്റവുമില്ല. പക്ഷ അതു ഭാഗ്യമായി എന്ന് വൈകുന്നേരമെനിക്ക് ബോധ്യമായി. സൈക്കിളില്‍ വന്ന കുറെ കരുമാടിക്കുട്ടന്മാര്‍ ചായം തേച്ചവരെയെല്ലാം പരന്ന കൊട്ടയിലാക്കി അടച്ച് സൈക്കിളില്‍ വച്ചുകെട്ടി എങ്ങോട്ടോ കൊണ്ടുപോയി.
ദിവസങ്ങള്‍ കഴിയുന്തോറും ഒരു കാര്യം വേദനയോടെ ഞാന്‍ മനസ്സിലാക്കി. എന്റെ ഇടതു കാലിന് ചെറിയൊരു മുടന്ത്. മാത്രമല്ല എന്റെ കൂട്ടുകാരികളുടെ ശരീരം നിത്യേന തടിച്ചു വരുന്നു. ഞന്‍ മാത്രം ശോഷിച്ച്, കഷ്ടിച്ച് എണീറ്റ് നടക്കാന്‍ മാത്രമുള്ള ആരോഗ്യവുമായി ഇങ്ങനെ. അവരെല്ലാം ഉജാല മുക്കിയ തൂവെള്ളച്ചിറകുകളുമായി നടന്നപ്പോള്‍ എന്റ ചിറകോ, നരച്ച മഞ്ഞ നിറത്തില്‍.
             ഒരു ദിവസം തടിയനും കൂട്ടാളിയും ഷെഡ്ഡിലെത്തി. അയാള്‍ എന്നെ നോക്കി മുഖം ചുളിച്ചു സഹായിയോട് എന്തോ പറഞ്ഞു.  അവന്‍ ഉടനെത്തന്നെ എന്നെയെടുത്ത് കൂടിനു വെളിയില്‍ക്കൊണ്ടുപോയി ദൂരേക്ക് വലിച്ചെറിഞ്ഞു. ബോധം തെളിഞ്ഞപ്പോള്‍ കത്തുന്ന വെയിലില്‍ കുറെ ചപ്പുചവറുകള്‍ക്കിടയില്‍ കിടക്കുകയായരുന്നു ഞാന്‍. ചുറ്റിലും നിസ്സഹായതയോടെ നോക്കി. വിശപ്പും ദാഹവും കൊണ്ട് എന്റെ ശരീരം ഒന്നു കൂടി ക്ഷീണിതമായി. വേച്ച് വേച്ച് കൂട് ലക്ഷ്യമാക്കി നടന്നു. ചുറ്റിലും കമ്പിവല കെട്ടിയിരിക്കുന്നു. ഒരിടത്തൊരു ചെറിയ വിടവ്. ആരും കാണാതെ ഒരുവിധം അകത്തു കയറിപ്പറ്റി. ആഹാരവും വെള്ളവും ലഭിച്ചപ്പോള്‍ ക്ഷീണം കുറഞ്ഞു. എന്തിനാണ് ആ കശ്മലന്‍ എന്നെയെടുത്ത് ദൂരെയെറിഞ്ഞതെന്ന് എനിക്കപ്പോഴും മനസ്സിലായില്ല. പിന്നീട് അവര്‍ കൂട്ടിനകത്തു വരുമ്പോള്‍ ഞാനേതെങ്കിലും  ചേച്ചിയുടെ ചിറകിന്നുള്ളിലൊളിക്കും. ഒരുതരം അജ്ഞാതവാസം!
              കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങളെ മറ്റൊരു ഷെഡ്ഡിലേക്കു മാറ്റി. എല്ലാവരും യൌവനയുക്തകളായി അഴകോടെ നടക്കുമ്പോള്‍ ഞാന്‍ മാത്രം.... ഏതെങ്കിലുമൊരു കോണില്‍ മറ്റുള്ളവരുടെ മുമ്പില്‍പെടാതെ നിരാശയോടെ കഴിഞ്ഞു കൂടി. എന്താണ് ഈശ്വരന്‍ എനിക്കു മാത്രം അഴകും ആരോഗ്യവും തരാരിരുന്നത്?
        ഇതിനിടെ പല ഷെഡ്ഡുകളില്‍ നിന്നും ചേച്ചിമാര്‍ ലോറികളില്‍ കയറി യാത്രപോയത് ഞാന്‍ അസൂയയോടെ നോക്കി നിന്നിട്ടുണ്ട്. പുറം ലോകം കാണാനുള്ള ഭാഗ്യമല്ലേ അവര്‍ക്കു കിട്ടിയിരിക്കുന്നത്. ഭഗവാനേ  പുതുലോകം കാണാനുള്ള ഭാഗ്യം എനിക്കുമുണ്ടാവണേ.

           എന്റെ പ്രാര്‍ത്ഥനയ്ക്ക് ഇത്രവേഗം ഫലമുണ്ടാവുമെന്ന് കരുതിയതല്ല. വലിയൊരു ലോറിയുമായി ഒരു തമിഴന്‍ ഞങ്ങളുടെ ഷെഡ്ഡിന്നരികില്‍ വന്നു. എന്റെ മുതലാളിയേക്കാള്‍ തടിയും കറുപ്പുമുണ്ട് അയാള്‍ക്ക്. ലോറിയില്‍ നിന്ന് ഇറക്കിയ കമ്പിക്കൂടുകളിലേക്ക്  ഞങ്ങളോരോരുത്തരെയായി ചിറകുകളില്‍ പിടിച്ച് തൂക്കിയിട്ടു. ലോകം കാണാനുള്ള ആഗ്രഹത്താല്‍ ഞാന്‍ തിക്കിത്തിരക്കി അവരുടെ മുമ്പിലേക്കു ചെന്നു. എന്നെ കയ്യിലെടുത്തപ്പോള്‍ 'ചിന്നക്കോളി' എന്നു പറഞ്ഞ് അവന്‍ കളിയാക്കി. കൂട്ടിലേക്ക് ഒരേറും. എനിക്കവനെ കൊല്ലാനുള്ള മനസ്സുണ്ടായിരുന്നു. പക്ഷെ എന്റെ കൂട് ഭാഗ്യത്തിന് ലോറിയുടെ വശങ്ങളിലൊന്നിലായിരുന്നു.അതു കാരണം എനിക്ക് വഴിയിലെ കാഴ്ചകള്‍ കാണാന്‍ പറ്റി. അതു മാത്രമല്ല എന്റ സഹോദരിമാര്‍ക്കൊന്നും ഉയരം തീരെ കമ്മിയായ കൂടുകളില്‍ നേരേ നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്റെ ശരീരത്തിന്റെ വലിപ്പക്കുറവില്‍ എനിക്കു വിഷമം തോന്നാതിരുന്നത് അപ്പോള്‍ മാത്രമാണ്.  കൂടുകളുടെ മുകളില്‍ കൂടുകള്‍ നിരന്നു. അവസാനം ഉച്ചയോടെ ഞങ്ങള്‍ യാത്രയാരംഭിച്ചു. ഞാനെന്റെ ഉടയോനെ അവസാനമായൊന്നു കൂടി നോക്കി. എനിക്കയാളെ ഇഷ്ടമല്ലായിരുന്നുവെങ്കിലും അയാള്‍തന്ന ഭക്ഷണമല്ലേ താനിത്രയും ദിവസം കഴിച്ചിരുന്നത്. അയാളുടെ ഷെഡ്ഡിലല്ലേ ആരേയും പേടിക്കാതെ കഴിഞ്ഞു കൂടിയത്. അടുക്കിവെച്ച നോട്ടുകള്‍ കീശയിലേക്കിട്ട് അയാള്‍ ലോറി ഡ്രൈവറെ കൈവീശിക്കാണിച്ചു. ഞാന്‍ തിരിച്ചു ചിറകു വീശിയെങ്കിലും അയാളതു കണ്ടില്ല.

             പൊടിനിറഞ്ഞ ചെമ്മണ്‍പാതയിലൂടെ കത്തുന്ന വെയിലില്‍ യാത്ര സുഖകരമായിരുന്നില്ല. ടാര്‍റോഡിലെത്തിയപ്പോള്‍ വണ്ടിയുടെ കുലുക്കമല്‍പ്പം കുറഞ്ഞുവെന്നു മാത്രം. വിശാലമായ തരിശുനിലങ്ങളിലൂടെ വിരസമായ യാത്ര. ചിലപ്പോള്‍ ചെറിയ അങ്ങാടികള്‍ കണ്ടെങ്കിലായി. കുറെക്കഴിഞ്ഞപ്പോള്‍ വിശപ്പും ദാഹവും കൊണ്ട് എല്ലാവരും പൊറുതിമുട്ടി. ഡ്രൈവറും സഹായിയും ഇടയ്ക്ക് എവിടെയോ വണ്ടി നിര്‍ത്തി ഭക്ഷണം കഴിക്കാന്‍ പോയി. തിരിച്ചു വരുമ്പോള്‍ ഞങ്ങള്‍ക്കെന്തെങ്കിലും തരുമായിരിക്കും. പക്ഷെ അതൊരു പാഴ് ക്കിനാവ് മാത്രമായിരുന്നു. രാത്രിയായപ്പോള്‍ ഇരുള്‍ പരന്നു. അതു കണ്ട് ശീലിച്ചിട്ടില്ലാത്ത ഞങ്ങള്‍ക്കു പേടിയായി. എനിക്കാണെങ്കില്‍ പുറംകാഴ്ചകള്‍ കാണാന്‍ കഴിയാത്തതിലുള്ള വിഷമമായിരുന്നു. പുറകില്‍ വരുന്ന വണ്ടികളുടെ ഹെഡ്ലൈറ്റ് കണ്ണിലടിച്ചപ്പോള്‍ വെളിച്ചം വേണ്ട, ഇരുട്ട് തന്നെയാണ് നല്ലതെന്നു തോന്നി. എല്ലാവരും നിന്ന നില്‍പ്പില്‍ വിസര്‍ജനം കൂടി നിര്‍വ്വഹിച്ചതോടെ ഞങ്ങളുടെ വെള്ളക്കുപ്പായമൊക്കെ ആകെ വൃത്തികേടായി. രാത്രി കനത്തതോടുകൂടി ‍ങ്ങള്‍ മയക്കത്തിലേക്കു വഴുതി വീണു.

                ഉറക്കമുണര്‍ന്നപ്പോഴേക്കും നേരം പരപരാ വെളുത്തു. കൌതുകത്തോടെ പുറത്തേക്കു നോക്കിയപ്പോള്‍ കാലാവസ്ഥയിലും ഭൂപ്രകൃതിയിലും സാരമായ മാറ്റം കാണുന്നു. എങ്ങും പച്ചപ്പ്. വലിയ കരിമ്പനകളും മനോഹരമായ നെല്‍വയലുകളും. പനകള്‍ പിന്നീട് തെങ്ങുകള്‍ക്ക് വഴിമാറി. ഇത്രയും വൃത്തിയോടെ നടക്കുന്ന മനുഷ്യരുമുണ്ട് എന്ന് അല്പസമയം കൊണ്ട് ബോധ്യമായി. പക്ഷെ എല്ലാവരും തിരക്കിലാണ്.പരസ്പരം സംസാരിക്കുകപോലും ചെയ്യാതെ പോകുന്നവരാണധികവും. ഒരു നാട്ടുമ്പുറത്തെത്തിയപ്പോള്‍ ഡ്രൈവര്‍ ഒരു ചെറിയ ചായക്കടയുടെ മുമ്പില്‍ വണ്ടി നിര്‍ത്തി. അവരിരുവരും ഉള്ളിലേക്കു കയറിപ്പോയി. ഞങ്ങള്‍ക്കിത്തവണയും ആഹാരവും ജലവും സ്വപ്നത്തിലൊതുക്കേണ്ടി വന്നു. നേരേ നില്‍ക്കാന്‍ പോലും കഴിയാതിരുന്ന അവസ്ഥയില്‍ ചിലര്‍  ബോധമറ്റു വീണു. നടുക്കുള്ള ചില കൂടുകളില്‍ നിന്നും അവസാനശ്വാസത്തിന്റെ ചില ഞരക്കങ്ങള്‍ കേട്ടുവോ എന്തോ?

            അസ്വസ്ഥത ഒഴിവാക്കാനായി വെറുതെ പുറത്തക്കു നോക്കി. ജീവിതത്തില്‍ അന്നേവരെ കണ്ടിട്ടില്ലാത്തൊരു കാഴ്ചയാണപ്പോള്‍ കണ്ടത്.തൊട്ടടുത്തുള്ള വീട്ടിലെ ആലപ്പുറത്തു കയറി നിന്ന് ഞങ്ങളുടെ വര്‍ഗത്തിലുള്ള ഒരു പുരുഷന്‍ ഉറക്കെ 'കൊക്കരക്കോ...'എന്നു കൂവുന്നു. ഇത്രയും ഭംഗിയുള്ള ഒരാളെ ഈ ജീവിതത്തില്‍ കണ്ടിട്ടില്ല. ചുവന്ന പൂവും താടയും. കറുപ്പും ചുവപ്പും കലര്‍ന്ന എണ്ണമയമുള്ള പൂമേനി. അങ്കവാലില്‍ മാരിവില്ലിലെ സകല നിറങ്ങളും. അപ്രതീക്ഷിതമായി ആശ്രമകവാടത്തില്‍ സര്‍വാഭരണവിഭൂഷിതനായ ദുഷ്യന്ത മഹാരാജാവിനെക്കണ്ട ശകുന്തളയേപ്പോലെ ഞാനും പ്രണയപരവശയായി മുഖം കുനിച്ചു. കഴുത്ത് അഴികളിലൂടെ പുറത്തേക്കിട്ട് അവന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ ഞാനൊരു ശ്രമം നടത്തി നോക്കി. എന്നെ കണ്ട അവന്റെ അരുണിമയാര്‍ന്ന കണ്ണ് വികസിച്ചുവോ? കൂടും ഷെഡ്ഡുമില്ലാത്ത അവന്റെ സാമ്രാജ്യത്തില്‍ മഹാറാണിയായിക്കഴിയാന്‍ എന്റെ മനം കൊതിച്ചു. തിരിച്ച് എന്തെങ്കിലും ശബ്ദമുണ്ടാക്കാന്‍ ക്ഷീണം മൂലം കഴിഞ്ഞില്ല.  അവന്‍ കഴുത്തുയര്‍ത്തിപ്പിടിച്ച് ഒന്നു കൂടി കൂവി. കൊക്കരക്കോ... പക്ഷെ, സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടെടുത്ത വണ്ടിയുടെ ശബ്ദത്തില്‍ അതലിഞ്ഞലിഞ്ഞില്ലാതായി.

         നാട്ടിന്‍പുറങ്ങളും ചെറിയ അങ്ങാടികളും വലിയ പട്ടണങ്ങളും വന്‍നഗരങ്ങളും കടന്ന് ലോറി കുതിച്ചു പായുകയാണ്. നേരത്തേ കണ്ട കാമദേവനെ ധ്യാനിച്ച് പകല്‍ക്കിനാവുകള്‍ കണ്ടതിനാല്‍ പല കാഴ്ചകളും കണ്ടിട്ടും കാണാതെ പോയി. പൂര്‍ത്തിയാകാത്ത ഒരു സ്റ്റേഡിയത്തിന്റെ ഗാലറിയിലിരുന്ന് കുറേപ്പേര്‍ പന്തുകളി കാണുന്നു. ഇവരെന്തു മണ്ടന്മാരാണ്. കിട്ടുന്ന സമയത്ത് എന്നെപ്പോലെ  ഇങ്ങനെ നാടു കാണാനിറങ്ങിക്കൂടേ? എന്തെല്ലാമുണ്ട് നമ്മള്‍ കാണാത്തതായിട്ട്. അവിടെ നിന്ന് തിരിഞ്ഞ് വീതി കുറഞ്ഞൊരു റോഡിലൂടെയായി പിന്നെ യാത്ര. അടച്ചിട്ട റെയില്‍വെ ഗേറ്റിനു മുമ്പില്‍ വാഹനം നിന്നു. ആളുകള്‍ ഞങ്ങളുടെ അരികിലൂടെ പോവുമ്പോള്‍ എന്തിനാണ് മൂക്കും പൊത്തി നടക്കുന്നതാവോ? ഗേറ്റിന്നിരുപുറവും കാത്തു നില്‍ക്കുന്നവരെ പുച്ഛിച്ചുകൊണ്ട് തീവണ്ടി ഓടിപ്പോയി. എന്തൊരു ഗമ. ഞാനും തീവണ്ടിയിലായിരുന്നു വരേണ്ടിയിരുന്നത്. ആട്ടെ അടുത്ത യാത്ര തീവണ്ടിയിലാക്കാം.
           യാത്ര തുടരുകയാണ്. റോഡിലെ വളവുകള്‍ കൂടിക്കൂടി വന്നു. ഡ്രൈവര്‍ എന്തെല്ലാമോ പിറുപിറുക്കുന്നു. ഇവന്മാര്‍ക്ക് റോഡ് നേരെയുണ്ടാക്കിയാലെന്താ? പുഴയുടെ പാലം കടക്കുമ്പോള്‍ തണുപ്പുള്ള കാറ്റ് സന്തോഷത്തോടെ തലോടി. പിന്നെയും വളഞ്ഞു പുളഞ്ഞ് ഒരു കുന്നിന്റെ അടിവാരത്തുള്ള വലിയൊരാല്‍ മരത്തിന്റെ ചോട്ടില്‍ വണ്ടി നിന്നു. ഓടിയെത്തിയ മൂന്ന് ചെറുപ്പക്കാര്‍ ഞങ്ങളുടെ കമ്പിക്കൂടുകള്‍ ഒന്നൊന്നായി താഴെയിറക്കി. വീണ്ടും വിസ്താരമേറിയ കൂട്ടിലേക്ക്. രണ്ടു ദിവസമായി ഭക്ഷണം കിട്ടാത്തതിന്റെ ആര്‍ത്തി എല്ലാവരും പ്രകടമാക്കി. ഭക്ഷണപ്പാത്രത്തില്‍ കയറിയിരിക്കാന്‍ പോലും ചിലര്‍ മുതിര്‍ന്നു. തടിച്ചികളുടെ തിക്കിലും തിരക്കിലും ഞാന്‍ വീണുപോകാതിരുന്നത് ഭാഗ്യം കൊണ്ടു മാത്രമാണ്.ഇത്രയും ദൂരം സഞ്ചരിച്ചെത്തിയത് പഴയതുപോലെ കമ്പിവലഷെഡ്ഡില്‍ ജീവിതം ഹോമിക്കാനായിരുന്നോ? ആലപ്പുറത്തു കയറി ലോകം കീഴടക്കിയ എന്റ വേള്‍ക്കാത്ത മണവാളനെ സ്വപ്നം കണ്ട് ആ രാത്രി സുഖമായുറങ്ങി.

               രണ്ടുമൂന്ന് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നാലു കാലില്‍ കെട്ടിയുയര്‍ത്തിയ ഒരു ചെറിയ കൂട്ടിലേക്കു എനിക്കു സ്ഥാനക്കയറ്റം കിട്ടി. കൂടെ പത്തിരുപതു ചേച്ചിമാരും. അവിടെയിരുന്നാല്‍ എല്ലാം കാണാം. പക്ഷെ ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ് അവിടെ നിന്ന് കണ്ടത്. കൂടിന്റെ എതിര്‍വശത്ത് ചെറിയൊരു മുറി. ഞങ്ങളില്‍ നിന്ന് രണ്ടു പേരെ ഒരുത്തന്‍ പിടിച്ചുകൊണ്ടുപോയി ത്രാസില്‍ വെച്ച് തൂക്കി. അതിനുശേഷം കത്തികൊണ്ട് കഴുത്തറത്ത് ഒരു വീപ്പയിലേക്ക്.... പുറത്തെടുത്ത് തൊലിയുരിഞ്ഞ് വലിയൊരു മരക്കുറ്റിയില്‍ വെച്ച് തുണ്ടം തുണ്ടമായി .......അയ്യോ, ഞാനതെങ്ങനെ പറയും. പലരും അപ്രത്യക്ഷരായി. പതിയ സഖാക്കള്‍ കൂട്ടില്‍ വന്നുകൊണ്ടിരുന്നു. ഓരോരുത്തര്‍ വരുമ്പോഴും പേടിച്ചരണ്ട് പുറകിലേക്ക് മാറി ഒളിക്കല്‍ ശീലമായിത്തീര്‍ന്നു.
ഒരു ദിവസം ഗള്‍ഫില്‍ നിന്ന് വന്നൊരു ചെറുപ്പക്കാരന്‍ ബൈക്കില്‍ അവിടെയെത്തി.  അയാള്‍ക്ക് നാലെണ്ണം വേണമത്രേ. കൂട്ടിലപ്പോള്‍ ഞാനടക്കം നാലു പേരേയുള്ളു. പേടിച്ച് പുറകോട്ട് മാറിയ എന്നെ കൊടിലുകൊണ്ട് ആ ദ്രോഹി കൊളുത്തിപ്പിടിച്ചു. പുറത്തെത്തിയ  എന്നെ ആ ഗള്‍ഫന്‍ സൂക്ഷിച്ചൊന്നു നോക്കി. പിന്നെ കയ്യിലെടുത്തു. വിലകൂടിയ മദ്യത്തിന്റെയും അത്തറിന്റെയും സമ്മിശ്രഗന്ധം മൂക്കിലേക്കിരച്ചു കയറി. അവന്റെ കഴുത്തിലെ സ്വര്‍ണച്ചങ്ങല കൊലക്കയറായാണ് എനിക്കു തോന്നിയത്. പക്ഷെ എന്നെ കൂട്ടിലേക്ക് തിരിച്ചെറിഞ്ഞ് അവന്‍ മൊഴിഞ്ഞു.
         "ഈ മാതിരി കൊച്ചിലിക്കോടനൊന്നും എനിക്കു വേണ്ട. വൈകുന്നേരം 'പരിപാടി'യുണ്ട്. അതിനിത്തിരി കാമ്പുള്ളതൊക്കെത്തന്നെ വേണം."
        പിന്നീട് പല ദിവസങ്ങളിലും എന്നെ പലര്‍ക്കും കൊടുക്കാന്‍ അവന്‍ ശ്രമിച്ചെങ്കിലും ആര്‍ക്കും എന്നെ വേണ്ടായിരുന്നു. ഒരു ദിവസം ഒരു കല്യാണപ്പാര്‍ട്ടിക്കു വേണ്ടി കുറെയധികം പേരുടെ കൂട്ടത്തില്‍ എന്നേയും ഉള്‍പ്പെടുത്തി. എന്നാല്‍ കട്ടു ചെയ്താല്‍ പീസിനു വലിപ്പമുണ്ടാവില്ല എന്നു പറഞ്ഞു അയാളും എന്റെ ആയുസ്സ് നീട്ടിത്തന്നു. എന്നെ ഏറ്റവും വ്യസനപ്പെടുത്തിയ ഈ ശരീരമാണല്ലേ ഇപ്പോഴെന്റെ ജീവന്‍ രക്ഷപ്പെടുത്തുന്നത്.
ഇന്ന് ഞായറാഴ്ച. കാലത്തു തന്നെ ഏന്തി വലിഞ്ഞ് കിതച്ചാണയാള്‍ അവിടേക്കു കയറി വന്നത്. കറുത്ത് ശോഷിച്ച ശരീരം. വാരിയെല്ലുകളെല്ലാം തെളിഞ്ഞു കാണാം. മുഷിഞ്ഞ കൈലിയാണ് വേഷം. അതിലും മുഷിഞ്ഞ തോര്‍ത്ത് തലയില്‍ കെട്ടിയിട്ടുണ്ട്. കൂട്ടിലൊക്കെ നോക്കി അയാള്‍ പതുക്കെ പറഞ്ഞു
"മോനെ, ഒരു ചെറിയ കോഴി വേണം."
കടക്കാരന്‍ ചെറുത് നോക്കി ഒന്നു രണ്ടു കോഴികളുടെ വില പറഞ്ഞു
"അതിലും ചെറിയത് മതി"
"എന്നാ, ങ്ങളൊരു മുട്ട വാങ്ങിക്കോളിന്‍ " അവന്റെ പരിഹാസം.
"അത്.. അത്..എന്റെ കയ്യില്‍ ആകെ നാല്‍പ്പത്തെട്ട് ഉറുപ്പ്യേള്ളൂ"
"48 ഉറുപ്പ്യേക്കു കോഴ്യോ.. നല്ല കഥ"
"മോനേ, എന്റെ മോളെ  പെറാന്‍ കൂട്ടിക്കൊണ്ട് വന്നിട്ടുണ്ട്. അവളിന്നലെ അച്ഛാ, എനിക്ക് കോഴിറച്ചി കൂട്ടാനൊരു  പൂതീന്ന്. എന്താപ്പം ചെയ്യ്വാ?"
പെട്ടെന്നാണ് അവന് എന്റെ കാര്യം ഓര്‍മ്മ വന്നത്. എന്റെ കാലില് കൊടില് വീണു. ചിറകുകള്‍ കൂട്ടിപ്പിരിച്ചു ത്രാസില്‍ വെച്ചു.
"ഇതാ അമ്പത്താറുറുപ്പികക്കുണ്ട്. ഇതു വാങ്ങിക്കോളീന്‍"
"എട്ടുറുപ്പ്യ ഞാന്‍ പിന്നെത്തന്നാല്‍ മത്യോ?"
"ബാക്കി തര്വെന്നും വേണ്ട. ഇങ്ങളു കൊണ്ടു പോയ്ക്കോ."

           അവന്‍ എന്നെ ചിറകില്‍ തൂക്കി അകത്തേക്കു നടന്നു. തല പുറകിലേക്ക് വളച്ച് പിടിച്ച് കത്തിയെടുത്ത് എന്റെ ചങ്കിലൂടെ പതുക്കെ അരിഞ്ഞു താഴ്ത്തി. രക്തം എന്റെ കുഴുത്തിലൂടെ ഒലിച്ചിറങ്ങുന്നു. കണ്ണ് തുറന്നിച്ച് കിട്ടുന്നില്ല. ഒരു കുഞ്ഞിക്കാലു കാണാനുള്ള ഭാഗ്യം എനിക്കേതായാലും ഉണ്ടായില്ല. തന്റെ കുഞ്ഞിനെ വയറ്റിലിട്ട് കോഴിയിറച്ചി തിന്നാന്‍ പൂതി തോന്നിയ സഹോദരീ, എന്റെയീ പാഴ്ജന്മം നിനക്കു വോണ്ടി തരുന്നതില്‍ എനിക്കു സന്തോഷമേയുള്ളൂ. അങ്കവാലുയര്‍ത്തി ആലപ്പുറത്തു കയറി ഉറക്കെ 'കൊക്കരക്കോ' പാടിയ എന്റെ മണവാളാ, അടുത്ത ജന്മത്തിലെങ്കിലും നിന്റെ സഖിയായി പറമ്പിലും പാടത്തും ഓടിക്കളിക്കാന്‍ എനിക്കു കഴിയണേ. വിറയ്ക്കുന്ന കൈകളാല്‍ തുട്ടുകള്‍ എണ്ണത്തിട്ടപ്പെടുത്തുന്ന അമ്മാവാ ... ഞാനിതാ നിങ്ങളോടൊപ്പം വ..രു...ന്നു....

Tuesday, March 1, 2011

കുഞ്ഞിശങ്കരന്‍ മാഷിന്റെ മറവികള്‍!           ഇങ്ങനെയൊരു ദുര്യോഗവാര്‍ത്ത കേള്‍ക്കാന്‍ വേണ്ടിയായിരുന്നില്ല ഞാന്‍ അതിരാവിലെത്തന്നെ വീട്ടില്‍ നിന്നിറങ്ങിയത്. വീട്ടില്‍ തേങ്ങയിട്ടിട്ട് അഞ്ചുമാസം കഴിഞ്ഞു. തെങ്ങില്‍ക്കയറുന്ന കുഞ്ഞിരാമന്‍ ഒരിക്കലും പറഞ്ഞ തിയ്യതികളിലൊന്നും വരാറില്ല. ആള് മടിയനായതുകൊണ്ടൊന്നുമല്ല. അത്ര തിരക്കാണിഷ്ടന്. രാവിലെ അഞ്ചു മണിക്കെഴുന്നേറ്റ് അഞ്ചരയാവുമ്പോഴേക്ക് ഏണിയും കൊടുവാളുമെടുത്ത് ആശാന്‍ റെഡിയായിരിക്കും. താഴെ ഇടവഴിയില്‍ തന്നെ നോക്കി വരുന്ന ആരെങ്കിലുമൊരാളുടെ തല കണ്ടാല്‍ മൂപ്പരിറങ്ങും. മുമ്പ് ഏറ്റിരുന്ന കയറ്റങ്ങളൊക്കെ മറന്ന് വന്ന ആളുടെ കൂടെയങ്ങു പോവും.
         കുഞ്ഞിരാമനെ കയ്യോടെ പിടികൂടാം എന്ന ഉദ്ദേശത്തോടെയാണ് നേരം വെളുക്കുന്നതിനു മുമ്പ് ഞാനും ഇറങ്ങിയത്. പറഞ്ഞതുപോലെ വീടിന്റെ അരികിലെത്തിയപ്പോള്‍ വേലിക്കരികില്‍ത്തന്നെ ആശാന്‍ റെഡിയായി നില്‍ക്കുന്നു. എന്നെക്കണ്ടയുടനെ താഴോട്ടിറങ്ങി വന്നു.
"ഞാനിന്നങ്ങോട്ട് തന്നെയാണ്. മാഷ് ഇങ്ങോട്ട് വര്വോന്നും വേണ്ടായിരുന്നു" എന്നു പറഞ്ഞുകൊണ്ട് കക്ഷി എന്റടുത്തേക്കു വന്നു.
കുഞ്ഞിരാമന്‍ ഇങ്ങനെ വേലിക്കരികില്‍ത്തന്നെ റെഡിയായി നില്‍ക്കുന്നതിനെപ്പറ്റി നാട്ടില്‍ ചില അടക്കം പറച്ചിലുകളുണ്ട്. ആരും തന്റെ വീട്ടില്‍ വരുന്നത് അയാള്‍ക്കിഷ്ടമല്ല. അതിന്റെ കാരണമാണ് വിചിത്രം. കുഞ്ഞിരാമനും ഭാര്യ സുശീലയും എണ്ണക്കറുപ്പാണ്. മക്കള്‍ മൂന്ന് പേര്‍. മൂന്നാമത്തെ കുട്ടി നല്ലപോലെ വെളുത്തിട്ട്. അതില്‍പ്പിന്നെ അവന്റെ മനസ്സില്‍ എന്തെക്കൊയോ ഒരു സമാധാനക്കുറവ്. ഭാര്യയുമായി നിത്യവും വഴക്ക്. വീടിന്റെ പരിസരത്തു കൂടി ആരും പോകാന്‍ പാടില്ല.

         ഞങ്ങളിരുവരും ഇടവഴിയിറങ്ങി റോഡിലെത്തി. നേരം പുലര്‍ന്നു വരുന്നതേയുള്ളു. പക്ഷെ കുറെപ്പേര്‍ എതിരേ തിരക്കിട്ട് നടന്നു വരുന്നു.
"എന്താ, എന്താ.....  ഇത്ര രാവിലെ തിരക്കിട്ട്?"
"അപ്പം മാഷൊന്നും അറിഞ്ഞില്ലേ?"
"എന്താ?"
"മ്പളെ കുഞ്ഞിശങ്കരന്‍ മാഷെ ആരോ തെങ്ങില്‍ പിടിച്ച് കെട്ടീന്ന്. ഞാള് അതു കാണാന്‍ പോവ്വാ"
         ഞാന്‍ ഒരു വേള ശങ്കിച്ചു നിന്നു. ഓടിപ്പോയി കുഞ്ഞിശങ്കരന്‍ മാഷെയും അയാളെ കെട്ടിയിട്ട തെങ്ങും പോയിക്കാണണോ, അതോ അഞ്ചുമാസമായി കയറാത്ത എന്റെ വീട്ടിലെ തെങ്ങിന്‍ ചുവട്ടിലേക്കു പോകണോ? പക്ഷെ എനിക്കധികനേരം ചിന്തിക്കേണ്ടി വന്നില്ല. കുഞ്ഞിരാമന്‍ തൊട്ടടുത്ത തൊടിയില്‍ കയറി ഏണിയും തളയും കൊടുവാളും അവിടെ സൂക്ഷിച്ചു.
"നമ്മള്‍ക്കൊന്നു പോയി നോക്കാം  മാഷേ"
          ഞാന്‍ എന്തെങ്കിലും തിരിച്ചു പറയുന്നതിനു മുമ്പ് പുള്ളി നടന്നു തുടങ്ങി. ഞാനും പുറകേ നടന്നു.
         നടത്തത്തിനിടയില്‍ കുഞ്ഞിശങ്കരന്‍ മാഷെപ്പറ്റിയുള്ള ഓര്‍മ്മകള്‍ എന്നെ വന്നു പൊതിഞ്ഞു. കുഞ്ഞിശങ്കരന്‍ മാസ്റ്റര്‍ സര്‍വീസില്‍ നിന്ന് പിരിയാന്‍ ഇനി ഒരു വര്‍ഷമേയുള്ളു. എന്നേക്കാള്‍ പത്തുമുപ്പതു വയസ്സു മൂത്തയാള്‍. പെരിങ്ങോട്ട് വീട്ടിലെ ശങ്കരന്‍ നായരുടെ ഏക പുത്രന്‍. ശങ്കരന്‍ നായരുടേയും വിശാലാക്ഷി അമ്മയുടേയും പന്ത്രണ്ടു മക്കളില്‍ ബാക്കി പതിനൊന്നു പേരും പെണ്‍കുട്ടികള്‍. ഏറ്റവും ഇളയവനും ആകെയുള്ള ആണ്‍തരിയുമായതിനാല്‍ കൊഞ്ചിച്ചും ലാളിച്ചുമാണ് കുഞ്ഞ്യങ്കരനെ വളര്‍ത്തിയത്. അനന്തന്‍ നായര്‍ സാമ്പത്തികതമായി അത്ര ഭദ്രതയുള്ളവനൊന്നുമായിരുന്നില്ല. എന്നാല്‍ നാട്ടില്‍ എല്ലാവര്‍ക്കും വേണ്ടപ്പെട്ടവന്‍. കുഞ്ഞ്യങ്കരനും ആ പദവിക്കു കോട്ടം തട്ടിച്ചില്ല. മാന്യരില്‍ മാന്യന്‍. പഠിക്കാന്‍ ബഹു മിടുക്കന്‍. പത്താംക്ലാസ് പരീക്ഷയില്‍ കണക്കിനു നൂറില്‍ നൂറും വാങ്ങിയ പ്രതിഭയെ കോളേജില്‍ ചേര്‍ക്കാന്‍ നാട്ടുകാരെല്ലാം പറഞ്ഞെങ്കിലും മകനെ ഒരു മാഷാക്കാനാണ് അനന്തന്‍ നായര്‍ തുനിഞ്ഞത്. ട്രെയിനിംഗ് കഴിഞ്ഞ് ഒരു എല്‍. പി സ്ക്കൂളില്‍ ചേര്‍ന്നു. അധികം താമസിയതെ ഹെഡ്മാസ്റ്റര്‍ ആവുകയും ചെയ്തു.
            സ്ക്കൂളിലും നാട്ടിലും കുഞ്ഞിശങ്കരന്‍ മാഷ് എല്ലാവരുടെയും സ്വന്തക്കാരനായി മാറി. അപേക്ഷാഫോറങ്ങള്‍ പൂരിപ്പിക്കാനും, പരാതികള്‍ എഴുതിയുണ്ടാക്കാനും, സാമൂഹ്യപ്രവര്‍ത്തനങ്ങല്‍ക്കു നേതൃത്വം വഹിക്കാനും, തര്‍ക്കമധ്യസ്ഥതയ്ക്കുമെല്ലാം മുമ്പില്‍ കുഞ്ഞിശങ്കരന്‍ മാഷ് തന്നെ വേണം.
        ഇളം കറുപ്പ് നിറം. ചുരുണ്ട മുടി. തിളങ്ങുന്ന കണ്ണുകള്‍. അലക്കിത്തേച്ച വെള്ള ഖദര്‍ മുണ്ടും ഷര്‍ട്ടും. തോളില്‍ എപ്പോഴും ഒരു ദ്വിവര്‍ണ്ണക്കര വേഷ്ടിയും. പുകവലിയില്ല, മദ്യപാനമില്ല, മറ്റ് സ്വഭാവദൂഷ്യങ്ങളൊന്നുമില്ല. പ്രായത്തേക്കാള്‍കവിഞ്ഞ പക്വത. എന്നാല്‍ സൂര്യനായാലും കളങ്കമുണ്ടായല്ലേ പറ്റൂ. കുഞ്ഞിശങ്കരന്‍ മാഷിനും അങ്ങനെയൊന്നുണ്ടായിപ്പോയി. അത് ചീട്ടുകളി. വെറുതെ തമാശിന്. കല്യാണ വീടുകളിലും അതുപോലുള്ള സുഹൃല്‍സദസ്സുകളിലും മാത്രം. പക്ഷെ ഈ നേരംപോക്കാണ് അദ്ദേഹത്തെ ഇന്നിവിടെയെത്തിച്ചത്. അതൊരു വലിയ കഥയാണ്.
      ഒരു ദിവസം വൈകുന്നേരം കുഞ്ഞിശങ്കരന്‍ മാഷ് ഏതോ ഒരു വീട്ടില്‍ മധ്യസ്ഥം പറഞ്ഞ് തിരിച്ചു വരുമ്പോഴാണ് തന്റെ സഹപാഠിയും ഗള്‍ഫില്‍ നിന്ന് ഒരാഴ്ച മുമ്പ് മാത്രമെത്തിയവനുമായ സുഹൃത്ത് അബ്ദുറഹിമാനെ വഴിക്കു വെച്ച് കാണുന്നത്. കുശലപ്രശ്നങ്ങള്‍ക്കു ശേഷം പിരിയാന്‍നേരത്ത് മാഷ് ചോദിച്ചു.
"അന്ത്റൂ, ഇപ്പം എങ്ങോട്ടാ പോകുന്നത്?"
"ഞാന്‍ ടൈംപാസ്സിന് കാര്‍ഡ്സ് കളിക്കാന്‍ പോവുകയാ. എന്താ കുഞ്ഞിശങ്കരാ പോരുന്നോ?"
        ചീട്ടുകളി എന്നു കേട്ടപ്പോള്‍ മാഷ് പിന്നെ മറ്റൊന്നും ഓര്‍ത്തില്ല. അബ്ദുറഹിമാന്റെ കൂടെപ്പോയി. തൊട്ടടുത്തുള്ള മറ്റൊരു പഴയ തറവാട്ടിലേക്ക്. പണ്ടു പ്രസിദ്ധമായിരുന്ന പരശ്ശേരി തറവാട്. കുറേക്കൊല്ലങ്ങള്‍ക്കു മുമ്പ് പരശ്ശേരി എന്ന പേര് കേള്‍ക്കുമ്പോള്‍ത്തന്നെ സാധാരണക്കാരന് ഭയമായിരുന്നു. കൊല്ലും കൊലയും നടത്തി നാട് ഭരിച്ച പ്രമാണിമാരുടെ തറവാട്. ഇന്നവിടെ നിത്യജീവിതത്തിനുതന്നെ ബുദ്ധിമുട്ടുള്ള ഒരു കുടുംബമാണ്. രാവുണ്ണിനായരും ഭാര്യ ദേവുവും. മക്കളില്ല അവര്‍ക്ക്. രാവുണ്ണിനായര്‍ക്ക് അമ്പതിനടുത്ത് പ്രായം. ദേവു നാല്പതു കഴിഞ്ഞ പൌഢ. പകല്‍ രാവുണ്ണിനായര്‍ ഒരു തോക്കുമെടുത്ത് നാടു ചുറ്റും. വല്ല പ്രാവിനേയോ കുളക്കോഴിയേയോ മറ്റോ വെടിവെച്ചിടും. വോകുന്നേരമാവുമ്പോള്‍ വീട്ടിലെത്തും. കപ്പയും ഇറച്ചിക്കറിയും ചേര്‍ന്നൊരു സായാഹ്നഭക്ഷണം. അപ്പോഴേക്കും ചീട്ടുകളിക്കാനായി ചിലര്‍ എത്തും. പിന്നെ രാത്രി വൈകുന്നതുവരെ ചീട്ടുകളിയാണ്.
അവിടേക്കാണ് അബ്ദുറഹിമാന്‍ നമ്മുടെ കുഞ്ഞിശങ്കരന്‍ മാഷെയും വിളിച്ച് പോയത്. അന്ന് വേറെയാരും വന്നിരുന്നില്ല. അതിനാല്‍ത്തന്നെ രാവുണ്ണിനായരം ദേവുവും അബ്ദുറഹിമാനും മാഷും കൂടി കുറേ നേരം ചീട്ടു കളിച്ചു. കുഞ്ഞിശങ്കരന്‍ മാഷെപ്പറ്റി നന്നായറിയാവുന്ന രാവുണ്ണിനായര്‍ മറ്റു കലാപരിപാടികള്‍ക്കൊന്നും മുതിര്‍ന്നതുമില്ല.
         കുഞ്ഞിശങ്കരന്‍ മാസ്റ്റര്‍ പരശ്ശേരി ഇടയ്ക്കിടെ പോയിത്തുടങ്ങി. സ്ക്കൂളില്‍ നിന്നു വന്നാല്‍ അതൊരു പതിവായി മാറാന്‍ അധിക കാലമൊന്നും വേണ്ടിവന്നില്ല. ഒരു ഞായറാഴ്ച മാഷ് ഉച്ചയൂണും കഴിഞ്ഞ് വെറുതേ വീടിനു മുമ്പിലുള്ള കുളത്തിന്നരികിലേക്ക് നടന്നു. കുളത്തില്‍ വലിയൊരു വരാല്‍ മീന്‍. രാമുണ്ണിനായരെ കൂട്ടിവന്നാല്‍ അതിനെ വെടിവെച്ചു പിടിക്കാം. നായരെയുമന്വേഷിച്ച് പുറത്തിറങ്ങി. ഒരു വിധം സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചു. ആരും കണ്ടവരില്ല. എന്നാല്‍ പതിവിനു വിപരീതമായി ഇന്നദ്ദേഹം വീട്ടില്‍ത്തന്നെയായിരിക്കുമോ? കുഞ്ഞിശങ്കരന്‍ മാഷ് പരശ്ശേരിയില്‍ എത്തി. പടിപ്പുര കടന്നു മുറ്റത്തെത്തിയപ്പോള്‍ നായര്‍ വരാന്തയില്‍ ചാരുകസേരയില്‍ കിടന്നു പത്രം വായിക്കുന്നു. നേരെ അങ്ങോട്ടേക്കു നടന്നു.
        പത്രം നിവര്‍ത്തിപ്പിടിച്ചിരുന്നതിനാല്‍ അടുത്തെത്തിയപ്പോഴാണ് ആളെ മനസ്സിലായത്. പത്രം വായിക്കുന്നത് ദേവു അമ്മ. കാലില്‍ എന്തോ പുരട്ടിയിട്ടുണ്ട്. അത് മുണ്ടിലാവാതിരിക്കാന്‍ മുട്ടിനു മുകളിലേക്കു തെറുത്ത്കയറ്റിവെച്ചിരിക്കുന്നു. അരുതാത്തത് എന്തോ കണ്ടപോലെ മാഷ് പെട്ടെന്ന് തിരിച്ചു നടന്നു. പേപ്പറില്‍ നിന്ന് മുഖമെടുത്ത് ദേവുഅമ്മ വിളിച്ചു.
"കുഞ്ഞിശങ്കരന്‍ മാഷേ.. വരീന്‍"
മാഷ് അറച്ചു നിന്നപ്പോള്‍ അവര്‍ വീണ്ടും പറഞ്ഞു
"ഇങ്ങളു വരീന്‍ മാഷേ, എന്തായിത് !?"
ദേവു അമ്മ വീണ്ടും വിളിച്ചപ്പോള്‍ മാഷ് അറച്ചറച്ച് അരികിലേക്കു ചെന്നു.          
          പക്ഷെ അവര്‍ അവിടെനിന്ന് എണീക്കുകയോ വസ്ത്രം നേരെയാക്കിയിടുകയോ ചെയ്തില്ല.
"കാലിന് ഭയങ്കര വേദന. മഹാനാരായണതൈലം പെരട്ട്യേതാ"
   മാഷ് ഒന്നും മിണ്ടിയില്ല. താനിങ്ങോട്ട് വരേണ്ടായിരുന്നു എന്നാണപ്പോഴും അദ്ദേഹത്തിനു തോന്നിയത്.
"ഇങ്ങള് ഇവിടെ ഒന്ന് നോക്ക്, ഒരു നീല നിറം കണ്ടില്ലേ -അതാവും വേദനിക്കുന്നത്"
       ദേവു അമ്മ മുട്ടിനു മുകളിലുള്ള ഭാഗം ചൂണ്ടിക്കാണിച്ച് മാഷോട് പിന്നേം പറഞ്ഞു. മാഷിന് നോക്കാതെ നിവൃത്തിയില്ലായിരുന്നു. തൊട്ടപ്പുറത്ത് ഒരു സ്റ്റൂളില്‍ വിദേശമദ്യക്കുപ്പിയും ഗ്ലാസും. ഗ്ലാസില്‍ അല്പം ഒഴിച്ച് വെള്ളം ചേര്‍ത്ത് ദേവു ഒറ്റവലിക്ക് കുടിച്ചു. മറ്റൊരു പെഗ്ഗൊഴിച്ച് മാസ്റ്റര്‍ക്കു നീട്ടി. മാഷ് തല കുലുക്കി വിസമ്മതം പ്രകടിപ്പിച്ചു. ദേവു കൈനീട്ടി മാഷിന്റെ കയ്യില്‍ പിടിച്ചു അരികത്തേക്കു നിര്‍ത്തി പറഞ്ഞു
"ഇത് ഇമ്പളെ അബ്ദുറഹിമാന്‍ കൊണ്ടുവന്നതാ, ഗള്‍ഫില്‍ നിന്ന്. നല്ല സാധനാ. ഒരിറക്ക് കുടിച്ചാല്‍ ഒന്നും വരില്ല. ഞാനല്ലേ തരുന്നത്."
മാഷ് വീണ്ടും ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും ദേവു മാഷെ ഒന്നു കൂടി ദേഹത്തോടടുപ്പിച്ച് ഗ്ലാസ് ചുണ്ടോടടുപ്പിച്ച് പിടിച്ചു . മനസ്സില്ലാ മനസ്സോടെ മാഷ് ഒരിത്തിരി മൊത്തി. ദേവു അമ്മ പെട്ടെന്ന് മാഷെ പിടിച്ച് കുനിച്ച് അദ്ദേഹത്തിന്റെ ചുണ്ടില്‍ ഒരു മുത്തം വെച്ചുകൊടുത്തു.
"ഇതൊക്ക ഒരു രസല്ലേ മാഷേ!"
 സ്തബ്ധനായിപ്പോയ കുഞ്ഞിശ്ശങ്കര്‍ ബാക്കി മുഴുവന്‍ ഒറ്റ വലിക്ക് അകത്താക്കി. ഒരുമ്മ കൂടി കിട്ടിയപ്പോള്‍ പാവം ആകെ പേടിച്ചു പോയി. അരുതാത്ത രണ്ടു കാര്യങ്ങളാണ് നടന്നത്. അദ്ദേഹം അവിടെ നിന്നിറങ്ങി വീട്ടിലേക്കു നടന്നു. 
        എന്നാല്‍ അത് ഒരു തുടക്കം മാത്രമായിരുന്നു. കുഞ്ഞിശങ്കരന്‍ മാസ്റ്റര്‍ പറശ്ശേരി വീട്ടിലെ നിത്യ സന്ദര്‍ശകനായി. ചീട്ടുകളി പണം വെച്ചായി. മദ്യം ഒരു നിര്‍ബ്ബന്ധിതവസ്തുവായി മാറാന്‍ കുറച്ചു മാസങ്ങളേ വേണ്ടി വന്നുള്ളു. എന്നാല്‍ സംഭവങ്ങളുടെ ഗൌരവം സ്ഥിതി ചെയ്യുന്നത് അവിടെയല്ല. മദ്യം അകത്തു ചെന്നാല്‍ കുഞ്ഞിശങ്കരന്‍ മാസ്റ്റര്‍ക്ക് മറവി വരും. പല പ്രധാന കാര്യങ്ങളും മറക്കാന്‍ തുടങ്ങി. എന്താണ് ചെയ്തതെന്നോ, ചെയ്യുന്നതെന്നോ ഓര്‍മ്മിക്കാന്‍ കഴിയുന്നില്ല. ഇങ്ങനെയൊക്കെയാണെങ്കിലും സ്ക്കൂളില്‍ പോകുമ്പോള്‍ മാഷ് മദ്യപിക്കാറില്ല. പക്ഷെ ഒരു ദിവസം അതും സംഭവിച്ചു. സ്ക്കൂളില്‍ പോകുന്ന വഴിക്കുള്ള ഒരിടത്ത് ഗൃഹനിര്‍മ്മാണ കുറ്റിയടി പൂജയ്ക്ക് മാഷെ ക്ഷണിച്ചു. കാലത്താണ് പരിപാടി. മാഷ് എട്ടു മണിക്ക് അവിടെ എത്തി. പൂജ കഴിഞ്ഞപ്പോള്‍ ആശാരിക്ക് മദ്യം സല്‍ക്കരിച്ചു. കണ്ടപ്പോള്‍ മാഷോടും കുടിച്ചു പോയി. സ്ക്കൂളിലെത്തിയ സാറിന് വയറ്റില്‍ നിന്നൊരു വിമ്മിഷ്ടം. തോളില്‍ നിന്ന് വേഷ്ടിയെടുത്ത് ചുമരിലെ ആണിയില്‍ തൂക്കി മാസ്റ്റര്‍ ടോയ്ലറ്റില്‍ പോയി. കുത്തനെ വരകളുള്ള, ചരടു വലിച്ചുകെട്ടുന്ന ഒരുതരം അണ്ടര്‍വെയറാണ് മാഷിന്റെ ബ്രാന്റ്. ടോയ്ലറ്റില്‍ നിന്നെഴുന്നേറ്റ് മുഖം കഴുകി മാസ്റ്റര്‍ അണ്ടര്‍വെയര്‍ കയ്യിലുള്ളത് വേഷ്ടിയാണെന്ന് തെറ്റിദ്ധരിച്ച് മുഖം തുടച്ച ശേഷം തോളത്തിട്ട് ഓഫീസ്  റൂമില്‍ വന്നിരുന്നു തന്റെ പ്രവൃത്തികളില്‍ മുഴുകി.
    കദീജ ടീച്ചറാണ് ആദ്യം വന്നത്. അവര്‍ മേശപ്പുറത്ത് നിന്ന് ഹാജര്‍ പട്ടികയെടുത്ത് നിവര്‍ത്തി ഒപ്പിടാന്‍നേരം വെറുതെ മാഷെയൊന്നു നോക്കി. മാസ്റ്റര്‍ ഇതാ അണ്ടര്‍വെയറും ചുമലിലിട്ട് ഇരിക്കുന്നു. ടീച്ചര്‍ ഒപ്പിടാന്‍ പോലും നില്ക്കാതെ തിരിച്ചു നടന്നു.
"ടീച്ചറേ, ദാ, പെന്ന് എന്റെ കയ്യിലുണ്ട്. ഒപ്പിട്ടു പോകൂ"
"ദാ, ഇപ്പോ വരാം." ടീച്ചര്‍ നടന്നകന്നു.ശേഷിക്കുന്ന മൂന്നു പേരില്‍ ദേവയാനി ടീച്ചറും കല്യാണി ടീച്ചറും എത്തി. കദീജ അവരോട് കാര്യം പറഞ്ഞു. അറബിമാഷ് കാസിം വന്നിട്ട് അയാളോട് പറയാമെന്നു കരുതി ആരും ഓഫീസ് റൂമിലേക്കു പോയില്ല. പത്തു മണിയാവാറായപ്പോള്‍ കുഞ്ഞിശങ്കരന്‍ മാഷ് അവരുടെ അരികിലേക്കു ചെന്നു. അതിപ്പോഴും തോളില്‍ത്തന്നെയുണ്ട്.
"എന്താ, ഇന്ന് ആര്‍ക്കും ക്ലാസില്‍ പോവ്വൊന്നും വേണ്ടേ? ഒപ്പു പോലുമിടാതെ ഇവിടിരിക്കുന്നു."
എല്ലാവരും മാഷെ നോക്കി. പരസ്പരം നോക്കി. ചിരി വരുന്നുണ്ട്, ചിരിക്കാന്‍ പറ്റുന്നില്ല. പറയണമെന്നുണ്ട്, പറയാന്‍ കഴിയുന്നില്ല. ഒടുവില്‍ കൂട്ടത്തില്‍ പ്രായക്കൂടുതലുള്ള ദേവയാനി ടീച്ചര്‍ താഴോട്ടു നോക്കി പതുക്കെ പറഞ്ഞു.
"മാഷ് ഓഫീസ് റൂമില്‍ പോയി ആ വേഷ്ടിയൊന്ന് ശരിയാക്കിയിട്. അപ്പോഴേക്കും ഞങ്ങളങ്ങെത്താം."
പാവം കുഞ്ഞിശങ്കരന്‍ മാഷ്. വേഷ്ടി കയ്യിലെടുത്തു നോക്കി. പിന്നെ ഒരോട്ടമായിരുന്നു.

            ഇതേ മറവി തന്നെയാണ് മാഷെ ഇന്ന് തെങ്ങിലെത്തിച്ചതും. ഇന്നലെ രാത്രി മാഷ് ഒരു കല്യാണവീട്ടില്‍ പോയി. പോവുമ്പോള്‍ത്തന്നെ മദ്യപിച്ചിട്ടുണ്ട്. അവിടെ നിന്ന് കുറച്ചുകൂടിച്ചെന്നപ്പോള്‍ നേരെ നില്ക്കാന്‍ പറ്റാത്ത അവസ്ഥ. അപ്പോഴാണ് ഒരു മൂലയില്‍ കുറെ ചെറുപ്പക്കാര്‍ ഇരുന്ന് ചീട്ടുകളിക്കുന്നത് കാണുന്നത്. മാഷ് ആടിക്കുഴഞ്ഞ് അവരുടെ അരികിലെത്തി.
"ഞാനുമുണ്ട് കളിക്കാന്‍. "  ആരും ഒന്നും മിണ്ടിയില്ല.
"എന്താടാ, പറഞ്ഞതു കേട്ടില്ലേ, ഞാനുമുണ്ട് കളിക്കാന്‍"
"നിങ്ങള്‍ വേറെയെവിടേയെങ്കിലും കളിച്ചോ. ഇവിടെ സീറ്റ് ഫുള്ളാണ്."
"അതെന്താടാ, എന്നെക്കൂടി കൂട്ടിയാല്‍, കഴുവേറിമോനേ"
ആ ചെറുപ്പക്കാരന്‍ എണീറ്റതും മാഷുടെ മുഖത്തടി വീണതും പെട്ടെന്നായിരുന്നു. എന്തെല്ലാമോ വിളിച്ചു പറഞ്ഞുകൊണ്ട് മാഷ് അവിടെ നിന്നിറങ്ങി. കയ്യിലുള്ള ടോര്‍ച്ചില്‍ ബാറ്ററി വളരെക്കുറവാണ്. ബള്‍ബ് മിന്നുന്നതേയുള്ളു. സമയം രാത്രി രണ്ടുമണിയെങ്കിലുമായിക്കാണും.
പതുക്കെ വീട്ടിലേക്കു നടന്നു. വയല്‍വരമ്പുകള്‍ കഴിഞ്ഞ് റോഡിലെത്തി. കുറച്ചു ദൂരം നടന്നപ്പോള്‍ കനാല്‍ വക്കിലെത്തി. മാസ്റ്റര്‍ജിക്കു വലത്തോട്ടാണ് പോകേണ്ടത്. പക്ഷെ ദൈവം അദ്ദേഹത്തെ ഇടത്തോട്ടാണ് നടത്തിയത്. കുറച്ചു നടന്നപ്പോള്‍ വീടിന്റെ മുമ്പിലെത്തി. തന്റെ വീടുതന്നെയാണെന്ന പൂര്‍ണ്ണവിശ്വാസത്തില്‍ കയറിച്ചെന്നു. ആദ്യം പുറകുവശത്തു ചെന്നു ടോയ്ലറ്റില്‍ പോയി. അണ്ടര്‍വെയര്‍ ഇനി ഇടേണ്ട ആവശ്യമില്ലല്ലോ. അത് തോളിലിട്ടു മുന്‍വശത്തെ വാതിലില്‍ തട്ടി വിളിച്ചു.
"ജാന്വോ...ജാന്വോ... വാതിലു തുറക്കെടീ"
മാഷിന്റെ ഭാര്യയാണ് ജാനകി. സ്നേഹത്തോടെ ജാന്വോന്നെ വിളിക്കാറുള്ളൂ.
വീട്ടുകാരി മയക്കത്തില്‍ നിന്നുണര്‍ന്നു. മാഷിന്റെ കഷ്ടകാലത്തിന് അവളുടെ പേരും ജാനു . അവള്‍ ഭര്‍ത്താവിനെ കുലുക്കി വിളിച്ചു.
"ഏയ്...എണീക്കീന്ന്...ആരോ വാതിലില്‍ മുട്ടി വിളിക്കുന്നു."
അവന്‍ വന്നു പതുക്കെ വാതില്‍ തുറന്നു
"ഇതെന്താ ജാന്വോ  വാതിലു തുറക്കാന്‍ ഇത്ര താമസം."
    ജാനുവിന്റെ ഭര്‍ത്താവ് ഒന്നേ നോക്കിയുള്ളൂ. കുഞ്ഞിശങ്കരന്‍ മാഷ് രാത്രി രണ്ടുമണിക്ക് അണ്ടര്‍വെയര്‍ അഴിച്ച് ചുമലിലിട്ട് തന്റെ ഭാര്യയെ പേര്‍ ചൊല്ലി വിളിക്കുന്നു.
ഒറ്റച്ചവിട്ടിന് മാഷ് താഴെ വീണു. ജാനു ഉറക്കെ നിലവിളിച്ചു. അയല്‍വീട്ടുകാര്‍ ശബ്ദം കേട്ട് ഓടി വന്നു.
"പിടിച്ചുകെട്ടെടാ ഈ നായിന്റെ മോനെ"
ആരോ ഒരാള്‍ ആക്രോശിച്ചു. മാഷുടെ വേഷ്ടികൊണ്ട് തന്നെ കൈ പുറകില്‍ കെട്ടി തെങ്ങില്‍ കെട്ടി. പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി.
     ഞങ്ങളെത്തുമ്പോഴേക്കും വലിയൊരു ജനക്കൂട്ടം തന്നെ അവിടെയുണ്ട്. കുത്തനെ നീണ്ട വരകളുള്ള ആ അണ്ടര്‍വെയര്‍ ആ ചുമലില്‍ത്തന്നെയുണ്ട്. കുഞ്ഞിശങ്കരന്‍ മാഷ് തല കുനിച്ച് താഴോട്ട് നോക്കി നില്‍ക്കുകയാണ്.
കുഞ്ഞിരാമന്‍ തെങ്ങിന്റെ മുകളിലോട്ട് നോക്കി എന്നോട് പറഞ്ഞു. "ഒരു കുല തേങ്ങ വരണ്ടു നില്‍ക്കുന്നു. ഒരോല ഉണങ്ങി തൂങ്ങീം നില്‍ക്കുന്നു. ഒന്നും വരുത്തല്ലേ ഭഗവാനേ!!"