പോസ്റ്റുകള്‍

Tuesday, March 29, 2011

ലൈഫ് ഡയറി - 3 സ്ക്കൂളിലേക്ക്
        ക്രിസ്മസ് ഒഴിവിന് അഞ്ചെട്ടു ദിവസം അമ്മയുടെ വീട്ടില്‍ സുഖമായങ്ങനെ കഴിച്ചുകൂട്ടി. സ്ക്കൂള്‍ തുറക്കുന്നതിന്റെ തലേ ദിവസം രാവിലെത്തന്നെ അവിടെ നിന്നു തിരിച്ചു. വഴിവക്കില്‍ ഗോപാലക്കുറുപ്പ് കാത്തു നില്‍ക്കുന്നു. ഞാന്‍ അരികിലെത്തിയപ്പോള്‍ അദ്ദേഹം സിഗാര്‍ലൈറ്ററെടുത്ത് എന്റെ പോക്കററിലിട്ടു തന്നു. അതു തിരിച്ചു കൊടുക്കാന്‍ അമ്മ കുറെ നിര്‍ബ്ബന്ധിച്ചുവെങ്കിലും ഞാനതു അനുസരിച്ചില്ല. മറ്റുള്ളവരുടെ വസ്തുക്കള്‍ മോഹിക്കരുത്, വാങ്ങരുത് എന്ന് അമ്മ പറഞ്ഞപ്പോള്‍  കുറുപ്പ് പറഞ്ഞു. "അതു സാരമില്ല. എന്റെ കയ്യില്‍ വേറെയുണ്ട്." അപ്പോഴാണ് ഞാന്‍ കീശയിലുള്ളത് എടുത്തു നോക്കിയത്. അതു പുതിയതായിരുന്നു!
        പോയ വഴികളില്‍ക്കൂടി തന്നെയായിരുന്നു മടക്കയാത്രയും. പക്ഷെ ഇത്തവണ തോണിയില്‍ കയറിയപ്പോള്‍ അത്ര ഭയം തോന്നിയില്ല. പില്‍ക്കാലത്ത് തോണിയില്‍ ദീര്‍ഘയാത്ര നടത്താനും എനിക്കിഷ്ടമായി.

         ഉച്ചയ്ക്കു മുമ്പെ ചാമക്കണ്ടി വീട്ടില്‍ എത്തി. ഭക്ഷണം കഴിക്കുന്നതിനിടയില്‍ അമ്മ എന്റെ വികൃതികളെയും കുസൃതികളെയും കുറിച്ച് നല്ലൊരു വിവരണം അവതരിപ്പിച്ചു. വിളമ്പത്തിന്നിടയില്‍ ഇളയമ്മ എല്ലാവരും കേള്‍ക്കേ പറഞ്ഞു.
 
     "ഏടത്തീ, നാളെ സ്ക്കൂളില്‍ പോവുമ്പം ഇവനെക്കൂടി കൂട്ടിക്കോ. ഈ പണിത്തിരക്കിനിടയില്‍ ഇവന്റെ കാര്യം കൂടി നോക്കാന്‍ എനിക്ക് പറ്റില്ല."
         സംഗതി കൊള്ളാമെന്ന് എനിക്കും തോന്നി. സ്ക്കൂളില്‍ പാട്ടുണ്ട്, കഥയുണ്ട്, ഉച്ചയ്ക്ക് ഉപ്പുമാവും പാലുമുണ്ട് എന്നൊക്കെ ഞാനും കേട്ടിട്ടുണ്ട്.
        "ഇവനവിടെ വന്നാല്‍ എന്റെ പുറകെ നടക്കും. അടങ്ങിയിരിക്കില്ല."  അമ്മയുടെ കമന്റ്
          "അതിന് ഞാനച്ഛന്റെ സ്ക്കൂളിലാണല്ലോ പോവുന്നത്."
         കൂടുതലൊന്നും ആലോചിക്കാതെ ഞാനങ്ങു വെച്ചു കാച്ചി. അച്ഛനെന്നെ സൂക്ഷിച്ചൊന്നു നോക്കി. ആ നോട്ടത്തില്‍ത്തന്നെ ആരും ഒന്നു ഭയന്നു പോവും. അടിയുടെ കാര്യത്തിലും മോശമൊന്നുമല്ല. ചെറിയ തെറ്റിനു പോലും അടിക്കും. പക്ഷെ പഠിപ്പിക്കാന്‍ വലിയ ഉത്സാഹമാണ്. അച്ഛന്‍ ഒന്നാം ക്ലാസില്‍ മാത്രമേ പഠിപ്പിച്ചതായറിവുള്ളൂ. അക്ഷരബോധന രീതിയായിരുന്നു അന്ന് നിലവിലുള്ളത്. അക്ഷരം പഠിപ്പിച്ചെടുക്കാന്‍ അച്ഛന് വൈദഗ്ദ്ധ്യമേറെയാണ്. അതിനു വേണ്ടി പലതരം ചാര്‍ട്ടുകളും മണലും വസ്തുക്കളും ഉപയോഗിച്ചു. എനിക്കാണെങ്കില്‍ അക്ഷരങ്ങളും ചിഹ്നങ്ങളുമെല്ലാം അപ്പോഴേക്കും വശമായിക്കഴിഞ്ഞിരുന്നു. മാതൃഭൂമി പത്രം ഞാന്‍ കൂട്ടി വായിച്ചെടുത്തിരുന്നു.

          പിറ്റെ ദിവസം രാവിലെത്തന്നെ കുളിച്ചൊരുങ്ങി. സമചതുരാകൃതിയിലുള്ളൊരു ചാക്കു സഞ്ചി. അതിനകത്ത് വലിയൊരു സ്ലേറ്റും സ്ലേറ്റുപെന്‍സിലും. ഒരു പഴയ ഒന്നാം പാഠപുസ്തകവുമുണ്ട്. പെന്‍സില്‍ പൊട്ടിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം അച്ഛന്റെ വക. അമ്മയുടെ സ്ക്കൂളിനു മുമ്പിലുള്ള ഇടവഴികളിലൂടെ വേണം പോകാന്‍. വര്‍ഷത്തില്‍ എല്ലാ മാസവും ഒഴുകുന്ന ഒരു കൊച്ചരുവി ആ ഇടവഴികളിലെ പ്രധാന ആകര്‍ഷണമായിരുന്നു. ഇപ്പോഴത് ജൂണ്‍, ജൂലായ് മാസങ്ങളില്‍ മാത്രമായൊതുങ്ങി.

          അമ്മ സ്ക്കൂളിലേക്ക് കയറിപ്പോവുന്നത് ഞാന്‍ നോക്കി നിന്നു. അരിയിലെഴുതാന്‍ പോയപ്പോഴുള്ള ആരവമൊന്നും അപ്പോഴില്ല. കൃഷ്ണന്‍ ഗുരുക്കള്‍ സ്ക്കൂളിലുണ്ടെങ്കില്‍ കുട്ടികളൊന്നും ഒച്ചയുണ്ടാക്കാറില്ലത്രേ!

           ഞങ്ങളുടെ തറവാടു വീടായ മേപ്പണശ്ശേരിയുടെ സമീപമാണ് അച്ഛന്‍ പഠപ്പിക്കുന്ന നിടുമ്പൊയില്‍ മാപ്പിള എല്‍. പി. സ്ക്കൂള്‍. നാലു ക്ലാസും നാലു മാഷന്മാരും നൂറോളം കുട്ടികളും. അച്യുതന്‍ മാഷ്, കേളുക്കുട്ടി മാഷ്, നാരായണന്‍ മാഷ് പിന്നെ അച്ഛനും. നാലു പേരും ഏതാണ്ട് സമപ്രായക്കാര്‍.
        അച്ഛനെന്നെ ക്ലാസില്‍ക്കൊണ്ടിരുത്തി. പത്തിരുപത്തഞ്ച് കുട്ടികളുണ്ട്. അവരുടെ മാഷുടെ മോനല്ലേ. എല്ലാവരും അവരവരുടെ ബെഞ്ചിലേക്ക് എന്നെ ക്ഷണിച്ചു. പക്ഷെ അച്ഛന്‍ ഇരുത്തിയ സീറ്റില്‍ നിന്ന് മാറിയിരിക്കാന്‍ എനിക്ക് ധൈര്യമില്ല. ഉച്ചയ്ക്ക് ഉപ്പുമാവും പാലും കഴിച്ചു. ഒരുമിച്ചിരുന്നു കഴിക്കുമ്പോള്‍ നല്ല രുചി. അച്ഛന്‍ ഊണ് കഴിക്കാന്‍ പോയ തക്കത്തിന് മറ്റുള്ള കുട്ടികളുടെ കൂടെ കുറെ ഓടിക്കളിച്ചു. തിരിച്ച് ക്ലാസില്‍ക്കയറുമ്പോള്‍ ഒരുത്തനുണ്ട് എന്റെ സഞ്ചിയില്‍ നിന്ന് പെന്‍സില്‍ എടുത്ത് എഴുതുന്നു. ഓടിച്ചെന്ന് അതു ബലമായി പിടിച്ചു വാങ്ങി. അവന്റെ തലക്കിട്ട് ഒന്നു പൊട്ടിച്ചും കൊടുത്തു! ഈ രംഗം കണ്ടുകൊണ്ടാണ് അച്ഛന്റെ വരവ്. പെന്‍സില്‍ മൂന്ന കഷണമായിരുന്നു. രണ്ട് ചുട്ട അടി കിട്ടി, പെന്‍സില്‍ പൊട്ടിച്ചതിനും സഹപാഠിയെ ഉപദ്രവിച്ചതിനും. സ്ക്കൂളിലെ ആദ്യ ദിനം കിട്ടിയ സമ്മാനം. കുറച്ചു നേരം ചിണുങ്ങിക്കരഞ്ഞ് മുഖം വീര്‍പ്പിച്ച് വൈകുന്നേരം വരെ സീറ്റിലിരുന്നു.
               പിറ്റെ ദിവസം സ്ക്കൂളിലേക്കു പോവുമ്പോള്‍ ഒരു കാര്യം ഞാന്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നു. അതു നടപ്പിലാക്കുന്നതു വരെ ആരോടും പറഞ്ഞില്ലെന്നു മാത്രം. അമ്മയുടെ സ്ക്കൂള്‍ ഗേറ്റിലെത്തി, അമ്മ സ്ക്കൂളിലോട്ട് കയറുമ്പോള്‍ ഒന്നുമറിയാത്തതു പോലെ ഞാനും പുറകെ കയറി. അച്ഛന്‍ പുറകില്‍ നിന്ന വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു
        "ഞാനിന്ന് അമ്മയുടെ സ്ക്കൂളിലാണ് പഠിക്കുന്നത്. അച്ഛന്റെ സ്ക്കൂളില്‍ നാളെ."
         അങ്ങനെ പറഞ്ഞെങ്കിലും ഇനി ഒരിക്കലും അങ്ങോട്ടില്ലെന്ന് ഞാനൊരു തീരുമാനമെടുത്തിരുന്നു. അച്ഛന്‍ എന്നേയും കൊണ്ടുപോയേ അടങ്ങൂ എന്ന രീതിയില്‍ അവിടെത്തന്നെ നില്‍ക്കുകയാണ്. ഞാന്‍ ഓടി സ്ക്കൂളിനകത്തു കയറി. അച്ഛനും പുറകെ വന്നു. ഒടിച്ചെന്നു നിന്നത് കൃഷ്ണന്‍ ഗുരുക്കളുടെ മുമ്പിലാണ്. അച്ഛനും കൃഷ്ണന്‍ ഗുരുക്കളും ഉത്തമ സുഹൃത്തുക്കളാണ്.
      "എന്താ മാഷേ, ഇന്നിവിടെയാണോ പഠിപ്പിക്കുന്നത്?"  ഗുരുക്കള്‍.
        അമ്മ കാര്യമെല്ലാം പറഞ്ഞു. "എന്നാല്‍ അവനിവിടെ പഠിക്കട്ടെ." രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്പ്പിച്ചതും ഒന്നു തന്നെ!
       ഗുരുക്കള്‍തന്നെ എന്റെ കൈപിടിച്ച് ഒന്നാം ക്ലാസിലെ ഒരു ബെഞ്ചില്‍ കൊണ്ടിരുത്തി. ആ ക്ലാസില്‍ അന്നരം പഠിപ്പിച്ചതാരാണെന്ന് എനിക്കോര്‍മ്മയില്ല. ഏതായാലും കുറച്ചു സമയമിരുന്നപ്പോള്‍ എനിക്കൊരേകാന്തത അനുഭവപ്പെട്ടു. എല്ലാവരും കഷ്ടപ്പെട്ട് ഏതോ ഒരക്ഷരം എഴുതാന്‍ പഠിക്കുകയാണ്. എനിക്കതു നേരത്തേ അറിയാവുന്നതു കൊണ്ട് വിരസതയും.
           ഞാന്‍ പതുക്കെ എഴുന്നേറ്റു. അമ്മയുടെ ക്ലാസ് ലക്ഷ്യമാക്കി നടന്നു. ക്ലാസുകള്‍ തമ്മില്‍ വിഭജന മറയൊന്നുമില്ല. അമ്മ അഞ്ചാംക്ലാസില്‍ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. ഞാന്‍ പ്രാഞ്ചിപ്പതുങ്ങി സഞ്ചിയും തൂക്കി വരുന്നത് കണ്ട് അമ്മ അരികിലേക്കു വന്നു.
         "പോയി ഒന്നാം ക്ലാസിലിരിക്കെടാ. അല്ലെങ്കില്‍ നാളെ അച്ഛന്റെ കൂടെ പറഞ്ഞയയ്ക്കും"
           ഞാന്‍ ധര്‍മ്മസങ്കടത്തിലായി. ഒന്നാം ക്ലാസില്‍ ഇരിക്കാന്‍ ഇഷ്ടമില്ല. അമ്മയുടെ ക്ലാസില്‍ കേറ്റുന്നില്ല. അച്ഛന്റെ സ്ക്കൂളില്‍ പോകാന്‍ താല്‍പര്യവുമില്ല. ഇതികര്‍ത്തവ്യാമൂഢനായി ഞാന്‍ ചുറ്റിലും നോക്കി. അതാ മൂന്നാം ക്ലാസില്‍ സുമതിയേടത്തി ഇരിക്കുന്നു. അമ്മയുടെ ഉറ്റ സുഹൃത്തും സഹപ്രവര്‍ത്തകയും ബന്ധുവുമായ  ജാനകി ടീച്ചറുടെ മകളാണ് സുമതി. ഞാന്‍ അമ്മയുടെ കൂടെ അവരുടെ വീട്ടില്‍ പോയിട്ടുണ്ട്. അവര്‍ ഇടയ്ക്കിടയ്ക്ക് വീട്ടിലും വരാറുണ്ട്. പിന്നെ സംശയിച്ചു നിന്നില്ല. പതുക്കെ മൂന്നാം ക്ലാസില്‍ക്കയറി പുസ്തകം വെക്കാനുള്ള വെഞ്ചിലൂടെ കയറിയിറങ്ങി സുമതിയേടത്തിയുടെ മടിയില്‍ക്കയറി ഇരുന്നു.
        "മാധവി ടീച്ചറേ ഓനെ ഇങ്ങോട്ട് ഇറക്കി വിടിന്‍. നല്ല അടി കിട്ടാഞ്ഞിട്ടാ."  അമ്മ രോഷാകുലയായി.
           മാധവി ടീച്ചറേയും ഞാന്‍ പല പ്രാവശ്യം കണ്ടിട്ടുണ്ട്. ഞങ്ങളുടെ വീടിനു മുമ്പിലൂടെയാണ് ടീച്ചര്‍ സ്ക്കൂളില്‍ വരുന്നതും പോവുന്നതും. സമയമുള്ളപ്പോഴൊക്കെ വീട്ടില്‍ കയറാറുമുണ്ട്. ടീച്ചര്‍ എന്റെ മുഖത്തു നോക്കി സ്നേഹം നിറഞ്ഞ ഒരു ചിരി പാസാക്കി.
          "മോന്‍ കുറച്ചു നേരം ഇവിടെയിരുന്നോട്ടെ ടീച്ചറേ"  
         മാധവി ടീച്ചര്‍അങ്ങിനെയാണ്.  ടീച്ചര്‍ക്ക് സ്വന്തമായി കുട്ടികളില്ല. എന്നാല്‍ എല്ലാ കുട്ടികളെയും സ്വന്തം കുട്ടികളേപ്പോലെ സ്നേഹിക്കും. മോനേ അല്ലെങ്കില്‍ മോളേ എന്നു മാത്രമേ അവര്‍ കുട്ടികളെ വിളിച്ചു കേട്ടിട്ടുള്ളൂ. സ്വാതന്ത്ര്യസമര ചരിത്രത്തില്‍ കേരളത്തില്‍ നടന്ന സമരപരമ്പരകളില്‍ ഏറ്റവും പ്രശസ്തമായ ഒരേടാണ് കീഴരിയൂര്‍ ബോംബു കേസ്. ടീച്ചറുടെ ഭര്‍ത്താവ് പാച്ചറേട്ടന്‍ അതിലെ പ്രധാന പ്രതികളില്‍ ഒരാളായിരുന്നു

             ടീച്ചര്‍ എന്റെ അടുത്തു വന്നു. സുമതിയേടത്തിയുടെ മടിയില്‍ നിന്നും എന്നെ പതുക്കെ എഴുന്നേല്‍പ്പിച്ചു. മേശയ്ക്കരികിലേക്കു കൊണ്ടുപോയി. എന്നിട്ട് എന്നെ ഉയര്‍ത്തി ടീച്ചറുടെ കസേരയില്‍ ഇരുത്തി ക്ലാസ് തുടര്‍ന്നു. അധ്യാപകന്റെ കസേരയില്‍ ഇരുന്ന ആദ്യ അവസരം. പിന്നീട് ഹൈസ്ക്കൂളില്‍ വെച്ച് ഉച്ചയ്ക്കുള്ള ഇടവേളയില്‍ അധ്യാപകന്റെ കസേരയില്‍ ഇരുന്നതിന് എനിക്ക് ഒരധ്യാപകന്റെ അടി കിട്ടിയിട്ടുണ്ട്. അതെന്നെ വല്ലാതെ വേദനിപ്പിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ സര്‍വ്വീസിലുള്ളപ്പോള്‍ ഏതെങ്കിലും കുട്ടി അധ്യാപകന്റെ കസേരയില്‍ ഇരിക്കുന്നത് കണ്ടാല്‍ ഞാന്‍ വിമ്മിട്ടപ്പെട്ടിരുന്നില്ല.
          അടുത്ത ദിവസം ഞാന്‍  ഏതു സ്ക്കൂളിലാണ് പഠിക്കേണ്ടതെന്നുള്ള കാര്യത്തില്‍ വീട്ടില്‍ ഒരു ചര്‍ച്ച നടന്നു. ഞാന്‍ അച്ഛന്റെ സ്ക്കളില്‍ പോയാല്‍ മതി എന്ന അഭിപ്രായമായിരന്നു അമ്മയ്ക്ക്. അച്ഛനും അത് പിന്താങ്ങി. മാധവി ടീച്ചറുടെ സ്ക്കൂളിലേ പഠിക്കൂ എന്നു ഞാനും. ഒടുവില്‍ തീരുമാനം വന്നു, അതെ അമ്മയുടെ സ്ക്കൂളില്‍ത്തന്നെ!
          രണ്ടുമൂന്ന് ദിവസം സുമതിയേടത്തിയുടെ അരികില്‍ത്തന്നെ. പിന്നെ ക്ലാസിനു പുറത്തു വെച്ച് 'പെണ്‍കുട്ടികളുടെ കൂടെയിരിക്കുന്നവന്‍ ' എന്നു പറഞ്ഞ് ചില കുട്ടികള്‍ എന്നെ കളിയാക്കാന്‍ തുടങ്ങി. മനസ്സില്ലാമനസ്സോടെ ഒന്നാംക്ലാസിലേക്കു തന്നെ ചേക്കേറേണ്ടി വന്നു. എങ്കിലും ഇടയ്ക്കിടയ്ക്ക്  ഞാന്‍ മാധവി ടീച്ചറുടെ ക്ലാസിലെത്തും. കുട്ടികളെ അടക്കിയിരുത്താന്‍ വടിയോ ശകാരമോ അല്ല, സ്നേഹമാണ് ഏറ്റവും നല്ല ആയുധമെന്ന് മനസ്സിലാക്കാന്‍ ആദ്യമായി എന്നെ സഹായിച്ചത് മാധവി ടീച്ചറായിരുന്നു. അമ്മയും അച്ഛനും കൃഷ്ണന്‍ ഗുരുക്കളും മാധവി ടീച്ചറും ഇന്ന് ജീവിച്ചിരിപ്പില്ല. എങ്കിലും അവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മരിക്കുന്നില്ല.
7 comments:

ശ്രീ said...

വളരെ സുഖമുള്ള ഓര്‍മ്മകള്‍ അല്ലേ മാഷേ. ഇന്നത്തെ കുട്ടികളും ഇതൊക്കെ വായിച്ചിരിയ്ക്കണം.

ഒരു യാത്രികന്‍ said...

ഹൃദ്യം....സസ്നേഹം

വി.കെ. നിസാര്‍ said...

നല്ല വായനാസുഖം!
കൂടുതല്‍ കാത്തിരിക്കുന്നു.

Hari | (Maths) said...

എന്റെ സ്ക്കൂള്‍ പഠനകാലത്തെ സ്മരണകള്‍ ഇടക്കെപ്പോഴോ കയറി വരാതിരുന്നില്ല. നഴ്സറി ക്ലാസുകളും എല്‍.പി ക്ലാസുകളും ഇന്നും മനസ്സില്‍ സുഖമുള്ള നൊമ്പരങ്ങള്‍ ഉണര്‍ത്തുന്നു.

കെ.പി.സുകുമാരന്‍ said...

:-)

Shukoor Cheruvadi said...

എന്നെന്നുമോമനിക്കുമോര്‍മകള്‍. സുന്ദരം.

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

മാഷെ നന്നായിട്ടുണ്ട് എഴുത്ത്. മരിക്കാത്ത ഓര്‍മ്മകള്‍..:)