പോസ്റ്റുകള്‍

ABOUT ME             "കുട്ടിക്കാലത്തെവിടെയോ മറന്നു വെച്ച പ്രിയപ്പെട്ട ഒരു പമ്പരം പോലെയാണ് പിരിഞ്ഞു പോകുന്ന അധ്യാപകന്‍. വര്‍ഷങ്ങള്‍ക്കു ശേഷം അത് കണ്ടെടുക്കുമ്പോള്‍ നെഞ്ചകത്ത് ഇത്തിരി വേദനയുടെ വെയില്‍ പരക്കും... പക്ഷെ, മറന്നു വെച്ച ഓര്‍മ്മയെടുത്ത് നമ്മള്‍ അഭിമാനത്തോടെ ആഘോഷിക്കും, വീണ്ടുമൊരിക്കല്‍ക്കൂടി മറന്നു വെക്കാന്‍..." ഈ വരികള്‍ മാര്‍ച്ച് 31-ം തീയതി 32 വര്‍ഷത്തെ സുദീര്‍ഘമായ സേവനത്തിനു ശേഷം ഊരള്ളൂര്‍ എം യു.പി സ്ക്കൂളില്‍ നിന്നും വിരമിക്കുന്ന ഒരു അധ്യാപകനെപ്പറ്റി ശിഷ്യന്റെ വരികളാണ്. ആ അധ്യാപകന്‍ മറ്റാരുമല്ല, നമ്മുടെ ബ്ലോഗിലെ ഊര്‍ജ്ജസ്വലസാന്നിധ്യമായ നിമിഷകവിയായ ജനാര്‍ദ്ദനന്‍ മാഷെക്കുറിച്ചാണ്. യു.പി തലത്തില്‍ സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗം, സംസ്ഥാന തലം വരെയുള്ള കലോത്സവങ്ങളില്‍ നിറസാന്നിധ്യമായ, കായികമേളകളിലും ശാസ്ത്രമേളകളിലും ആധികാരികമായ സംഘാടകപാടവം, ജനകീയാസൂത്രണം പോലെയുള്ള സാമൂഹികസംരംഭങ്ങളില്‍ നേതൃത്വം... സ്ക്കൂള്‍ പുറത്തിറക്കിയ ബുക്ക് ലെറ്റില്‍ ജനാര്‍ദ്ദനന്‍ മാഷെക്കുറിച്ചുള്ള വിശേഷണങ്ങള് അങ്ങനെ നീളുന്നു....മാഷിനെക്കുറിച്ചുള്ള മാത്‍സ് ബ്ലോഗിന്റെ അന്വേഷങ്ങള്‍ കൊണ്ടെത്തിച്ചത് ഒരു പ്രതിഭാവിലാസത്തിന്റെ പ്രകാശഗോപുരങ്ങളിലേക്കാണ്.

കോഴിക്കോട് ജില്ലയിലെ അരീക്കുളം സ്വദേശിയായ ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ 1978 ലാണ് അധ്യാപകനായി ജോലിയില്‍ പ്രവേശിക്കുന്നത്. അതിനു മുമ്പ് റവന്യൂ ഡിപ്പാര്‍ട്ടുമെന്റിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു. ഈ ബ്ലോഗിന് ജനനം കുറിച്ച എറണാകുളം വൈപ്പിന്‍കരയിലെ എടവനക്കാട്ട് ഗ്രാമമായിരുന്നു ആദ്യ പ്രവര്‍ത്തന മേഖല. അത് ഉപേക്ഷിച്ചാണ് അദ്ദേഹം പിന്നീട് വിദ്യാഭ്യാസമേഖലയിലേക്ക് തിരിഞ്ഞത്. മലയാളം അധ്യാപകനും മലയാളം ആര്‍.പിയുമൊക്കെ ആയിരുന്നുവെങ്കിലും ആദ്യകാലത്ത് ഗണിതശാസ്ത്ര ആര്‍.പിയായും സേവനമനുഷ്ടിച്ചിരുന്നുവെന്നത് അദ്ദേഹത്തിന്റെ പ്രതിഭാധനത വ്യക്തമാക്കുന്നു. രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ ഇഷ്ടമായിരുന്നുവെന്നതിന് കഴിഞ്ഞ ദിവസം തന്റെ കണ്ണുകളെ ഈറനണിയിച്ച ഒരു രണ്ടാം ക്ലാസുകാരിയുടെ സംഭാഷണം കമന്റ് ചെയ്തിരുന്നുവല്ലോ. ഫോട്ടോയില്‍ അല്പം ഗൌരവം തോന്നിക്കുമെങ്കിലും തീര്‍ത്തും സൌമ്യശീലനാണെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു.

മുഖസ്തുതിയില്‍ ഒട്ടും താല്പര്യമല്ലാത്ത അദ്ദേഹത്തെക്കുറിച്ച് അവര്‍ക്ക് പറയാന്‍ മറ്റൊരു കഥ കൂടിയുണ്ട്. ഇടവേളകളിലെപ്പോഴോ സ്ക്കൂളിലേക്ക് പുസ്തകങ്ങളുമായി ഒരു കച്ചവടക്കാരന്‍ എത്തി. അയാള്‍ കൊണ്ടുവന്ന പുസ്തകങ്ങളിലൊന്ന് എടുത്തു നോക്കിയ സഹ അധ്യാപകര്‍ ഞെട്ടിപ്പോയി!!!! രചയിതാവ് ജനാര്‍ദ്ദനന്‍ മാഷ്... വിഷയം ക്രിക്കറ്റ്.. ഒരു പുസ്തകം എഴുതിയിട്ട് അതേപ്പറ്റി തന്റെ ഒപ്പമുള്ള അധ്യാപകര്‍ക്ക് ഒരു സൂചന പോലും നല്‍കിയിരുന്നില്ലാത്രേ. സ്പോര്‍ട്സ് ഗ്രൌണ്ടിലെ നിറസാന്നിധ്യമായിരുന്ന ജനാര്‍ദ്ദനന്‍ മാഷെ സ്റ്റാര്‍ട്ടിങ് പോയിന്റിലും ഫിനിഷിങ് പോയിന്റിലും ഒരേ സമയം കാണാനാകും. നല്ല അനൌണ്‍സര്‍ കൂടിയായ അദ്ദേഹം അതേസമയം തന്നെ പവലിയനില്‍ ക്ലറിക്കല്‍ ജോലിയും ചെയ്യും. വോളിബോള്‍ കമന്റേറ്ററായി വേദികളില്‍ തിളങ്ങുന്ന മാഷ് നല്ലൊരു കളിക്കാരന്‍ കൂടിയാണെന്ന് നാട്ടുകാര്‍ സമ്മതിക്കുന്നു.

നക്ഷത്രനിരീക്ഷണം, ജാതകം എന്നിവയില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. മാഷിന്റെ നക്ഷത്ര നിരീക്ഷണ ക്ലാസ്സുകളെക്കുറിച്ച്, അതില്‍ പങ്കെടുത്തവര്‍ക്കൊക്കെ പറയാന്‍ ഒരുപാട് കാണും. പൊരുത്തവും മുഹൂര്‍ത്തവും നോക്കാന്‍ ഇപ്പോഴും അദ്ദേഹത്തെത്തേടി പലരുമെത്താറുണ്ട്. ഗണിതതാല്പര്യം എങ്ങനെ വന്നുവെന്നതിന് അതുകൊണ്ടു തന്നെ മറ്റു തെളിവുകളും ആവശ്യമില്ല. നിമിഷകവിയാണെന്നതിന് പ്രത്യേകിച്ച് ആമുഖവും വേണ്ടല്ലോ. നമ്മുടെ ബ്ലോഗിലെ കമന്റ് ബോക്സുകളില്‍ കുറിക്കപ്പെട്ട കവിതകള്‍ അവയ്ക്കുള്ള മികച്ച ഉദാഹരണങ്ങള്‍ തന്നെ. ഹെഡ്മാസ്റ്റര്‍ അല്ലെങ്കിലും സ്ക്കൂളിലെ ഓഫീസ് ജോലികളും മികവോടെ ചെയ്യും. അതുകൊണ്ടു തന്നെ സ്ക്കൂളില്‍ നിന്നുമുള്ള പടിയിറക്കം ഏറ്റവുമധികം വിഷമിപ്പിക്കുന്നവരില്‍ സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ കുഞ്ഞിമൊയ്തീന്‍ മാഷുമുണ്ടാകും.

ഏപ്രില്‍ 3 ശനിയാഴ്ച യാത്രയയപ്പു ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത് ബഹു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രനാണ്. അധ്യക്ഷന്‍ ശ്രീ. കെ.കുഞ്ഞമ്മദ് മാസ്റ്റര്‍ എം.എല്‍.എയാണ്. പൊതുസമൂഹത്തില്‍ ജനാര്‍ദ്ദനന്‍ മാഷുടെ സാന്നിധ്യമെത്രമാത്രമെന്നറിയുന്നതിനുതകുന്ന നല്ലൊരു അരങ്ങ്. അങ്ങനെ, അറിയുന്നതും അറിയാത്തതുമായ ഒട്ടേറെ കഴിവുകളുള്ള ബഹുമുഖപ്രതിഭയായ അദ്ദേഹത്തിന് അതുകൊണ്ടു തന്നെ സര്‍വ്വീസില്‍ നിന്നും വിരമിക്കല്‍ കേവലം കടലാസുകളില്‍ മാത്രമൊതുങ്ങുന്നു. പക്ഷെ, ശിഷ്യരുടെ, സഹപ്രവര്‍ത്തകരുടെ വേദനകള്‍ തീരുന്നില്ലല്ലോ. യാത്രയയപ്പ് നോട്ടീസിലെ സ്നേഹാര്‍ദ്രവചസ്സുകളിങ്ങനെ.. ഋഷിയുടെ പുഞ്ചിരി പോലെ . അദ്ദേഹം പ്രകാശിച്ചു കൊണ്ടിരുന്നു. എത്ര വസന്തങ്ങള്‍ കഴിഞ്ഞാലാണ് ഈ അധ്യാപകനെ നമുക്ക് തിരിച്ചു കിട്ടുക..?

(ഇത്രയും വിവരങ്ങള്‍ ശേഖരിച്ചു തന്നത്, അയല്‍വാസി കൂടിയായ ബ്ലോഗ് ടീം അംഗം ശ്രീ. വിജയന്‍ സാറാണ്.)