പോസ്റ്റുകള്‍

Saturday, June 25, 2011

ലീബ്രെ ഓഫീസ് 3.4 , പുതിയ ഓഫീസ് പാക്കേജ്                 കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ഏതൊരാള്‍ക്കും ഓഫീസ് പാക്കേജുകള്‍ അറിയാമായിരിക്കും. പലരും അവയില്‍ വിദഗ്ദരുമായിരിക്കും. കത്തുകള്‍ ഡ്രാഫ്റ്റ് ചെയ്യാനും കണക്കു പട്ടികകളും ഫോറങ്ങളും പ്രസന്റേഷനുകളുമെല്ലാം ഉണ്ടാക്കാന്‍ നാം അവയെ ഉപയോഗിക്കുന്നു. മൈക്രോസോഫ്റ്റ് ഓഫീസാണ് ഇക്കൂട്ടത്തിലെ പ്രധാനി. എന്നാല്‍ ഓപ്പണ്‍ ഓഫീസ് തുടങ്ങിയ സോഫ്റ്റ്വേറുകളുടെ വരവോടെ അതിന്റെ കുത്തക കുറഞ്ഞു തുടങ്ങി. ലീബ്രെ ഓഫീസിന്റെ വരവ് ഈ മേഖലയിലെ ഏറ്റവും പുതിയ ശക്തമായ വെല്ലുവിളിയാണ്. സ്വതന്ത്ര സോഫ്ട്‌വേര്‍ വിഭാഗത്തിലുള്ള  ലിബ്രെ ഓഫീസിന്റെ പുതിയ പതിപ്പ് രംഗത്തെത്തി. ബിസിനസ് ആവശ്യക്കാര്‍ക്കുള്ള സൗകര്യങ്ങളാണ് ലിബ്രെ ഓഫീസ് 3.4 പതിപ്പിലുള്ളത്. മൈക്രോസോഫ്ടിന്റെ ഓഫീസ് സോഫ്ട്‌വേര്‍ പാക്കേജിന് പകരമായി രംഗത്തുള്ള സോഫ്ട്‌വേറാണ് ലിബ്ര ഓഫീസ്. വിന്‍ഡോസ്, ലിനക്‌സ്, മാക് തുടങ്ങി മിക്ക ഒഎസുകളിലും ഉപയോഗിക്കാന്‍ കഴിയുന്ന ലിബ്രെ ഓഫീസ് പാക്കേജ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

                മൈക്രോസോഫ്റ്റ് ഓഫീസ്  വേഡിന് ബദലായി ഉപയോഗിക്കാവുന്ന റൈറ്റര്‍, എക്‌സലിന് ബദലായുള്ള കാല്‍ക്, പവര്‍പോയന്റിന് പകരമുള്ള ഇംപ്രസ് തുടങ്ങി എം.എസ്. ഓഫീസ് പാക്കേജില്‍ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ലിബ്രെ ഓഫീസിലുണ്ട്. മാത്രമല്ല മാത്തമാറ്റിക്കല്‍ ഫോര്‍മുലകള്‍ ഉണ്ടാക്കാനും എഡിറ്റ് ചെയ്യാനുമുള്ള 'മാത്‌സ്', കോറല്‍ ഡ്രോയുടെ സവിശേഷതയോടു കൂടിയ വെക്റ്റര്‍, ഗ്രാഫിക് എഡിറ്ററായ 'ഡ്രോ' എന്നീ ആപ്ലിക്കേഷനുകളും ലിബ്ര ഓഫീസില്‍ ലഭ്യമാണ്. മെനുവിന്റെയും മറ്റും കാര്യത്തിലും ഉപയോഗരീതിയിലും എം.എസ്. ഓഫീസിനോട് സാമ്യം പുലര്‍ത്തുന്നതിനാല്‍ ഈ പാക്കേജിലേക്ക് മാറുമ്പോള്‍ കാര്യമായ ബുദ്ധിമുട്ട് ഉപഭോക്താക്കള്‍ക്ക് ഉണ്ടാവില്ല. എം.എസ്. ഓഫീസ് പോലെ വളരെയധികം 'യൂസര്‍ ഫ്രണ്ട്‌ലി'യാണ് ഇത്. ആദ്യപതിപ്പായ 3.3 യുടെ പേരായ്മകള്‍ ഒഴിവാക്കി, കൂടുതല്‍ സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് 3.4 പതിപ്പ് പുറത്തിറക്കിയിട്ടുള്ളത്്. എം.എസ്. ഓഫീസ് ഫയലുകള്‍ ലിബ്ര ഓഫീസില്‍ തുറക്കാന്‍ സാധിക്കും എന്നതും ശ്രദ്ധേയമാണ്.

                എം.എസ്. ഓഫീസിലേതുപോലെ ഫോണ്ടുകളുടെ പ്രിവ്യൂ കാണാനുള്ള സൗകര്യം, ആകര്‍ഷകമായ മെനു (യൂണിറ്റി സപ്പോര്‍ട്ട്), എസ്.വി.ജി ഫയലുകളെ ഇംപോര്‍ട്ട് ചെയ്യാനും എഡിറ്റ് ചെയ്യാനുമുള്ള സൗകര്യം, ലോട്ടസ് വേര്‍ഡ് പ്രോ സോഫ്ട്‌വേര്‍ ഫയലുകള്‍ തുറക്കാനുള്ള സൗകര്യം, മുപ്പതോളം ഭാഷകളില്‍ ഉപയോഗിക്കാം-എന്നിങ്ങനെ ഒട്ടനവധി സവിശേഷതകള്‍ അടങ്ങിയതാണ് പുതിയ പതിപ്പ്.

                  സ്വതന്ത്ര സോഫ്റ്റ്വേറുകളുടെ  വിഭാഗത്തില്‍പ്പെടുന്ന പ്രശസ്തമായ ഉബുണ്ടു ഓ.എസ് തങ്ങളുടെ ഏറ്റവും പുതിയ പതിപ്പായ 11.04ല്‍ ലിബ്രെ ഓഫീസ് ആണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. നേരത്തെ ഇവര്‍ ഓപ്പണ്‍ ഓഫീസ് ആയിരുന്നു ഉപയോഗിച്ചിരുന്നത്. കൂടാതെ മറ്റു ലിനക്‌സ് ഒ.എസുകളായ ഓപ്പണ്‍ സ്യൂസ്, ഫെഡോറ , റെഡ് ഹാറ്റ്  തുടങ്ങിയവയെല്ലാം ലിബ്രെ ഓഫീസാണ്  പുതിയ പതിപ്പുകളില്‍ ഉള്‍പ്പെടുത്തുന്നത്.

സ്വതന്ത്ര ഓഫീസ് പാക്കേജായ 'ഓപ്പണ്‍ഓഫീസില്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന ചില അംഗങ്ങള്‍ ചേര്‍ന്ന് 2010 സപ്തംബര്‍ 28ന് 'ദി ഡോക്യുമെന്റ് ഫൗണ്ടേഷന്‍' എന്ന സംഘടന രൂപവത്ക്കരിച്ചു. ഒറാക്കിള്‍ കമ്പനി അവരുടെ നിയന്ത്രണത്തിലുള്ള ഓപ്പണ്‍ ഓഫീസിന്റെ പ്രവര്‍ത്തനത്തില്‍ താത്പര്യം കാണിക്കാതിരുന്നതാണ് പുതിയ സംഘടന രൂപവത്കരിക്കാന്‍ കാരണമായത്. ഒറാക്കിള്‍ ഓപ്പണ്‍ ഓഫീസിനെ ഏറ്റെടുത്ത സമയത്തുതന്നെ പലരും അതിന്റെ ഭാവിയെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നു. അതിന് ശേഷം ഓപ്പണ്‍ ഓഫീസിനെ പുതിയ സംഘടനക്ക് കൈമാറാന്‍ ഇവര്‍ ആവശ്യപ്പെട്ടെങ്കിലും ഒറാക്കിള്‍ അത് നിരസിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ ലിബ്രെ ഓഫീസ് എന്ന പുതിയ പാക്കേജിന് രൂപം കൊടുത്തത്. 2011 ജനവരി 25 ന് ലിബ്ര ഓഫീസിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങി. ഓപ്പണ്‍ ഓഫീസിന്റെ ഉപയോഗരീതിയില്‍ നിന്നും കാര്യമായ വിത്യാസങ്ങളൊന്നുമില്ലാതെയാണ് ലിബ്ര ഓഫീസും രംഗത്തെത്തിയത്. എന്നാല്‍ ചില സവിശേഷതകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. അതോടെ ഓപ്പണ്‍ ഓഫീസിന്റെ പ്രതാപത്തിന് മങ്ങലേല്‍ക്കുകയായിരുന്നു. 1990 ല്‍ സണ്‍ മൈക്രോസിസ്റ്റം സ്റ്റാര്‍ ഓഫീസ് എന്ന സ്വതന്ത്ര ഓഫീസ് സോഫ്ട്‌വേര്‍ പുറത്തിറക്കുന്നത്. വിവിധ ഒഎസുകളില്‍ ഉപയോഗിക്കാവുന്നതും സൗജന്യവുമായ ഈ ഓഫീസ് പാക്കേജ് വളരെപ്പേരെ ആകര്‍ഷിച്ചു എം.എസ്. ഓഫീസ് ആപ്ലിക്കേഷനുകള്‍ക്ക് ബദലായുള്ള എല്ലാ ആപ്ലിക്കേഷനുകളും ഈ പാക്കേജിലും ലഭ്യമായിരുന്നു. ഓപ്പണ്‍ ഓഫീസിന് പകരക്കാരനായി വന്ന ലിബ്ര ഓഫീസിന് പ്രചാരം കൂടിയതും ലിനക്‌സ് ഒഎസുകളില്‍ പ്രശസ്തമായ ഉബുണ്ടു തങ്ങളുടെ പുതിയ പതിപ്പില്‍ നേരത്തെയുണ്ടായിരുന്ന ഓപ്പണ്‍ ഓഫീസിനെ മാറ്റി ലിബ്രെ ഓഫീസ് ഉള്‍പ്പെടുത്തിയതുമെല്ലാം ഒറാക്കിളിന്റെ നയംമാറ്റത്തിന് കാരണമായി.
 ലാബ്രെ ഓഫീസ് വളരെ വേഗത്തില്‍ത്തന്നെ പ്രചുരപ്രചാരം നേടുമെന്നു കരുതാം.കടപ്പാട് - മാതൃഭൂമി

Tuesday, June 14, 2011

അമ്മുവിന് ജന്മദിനാശംസകള്‍ആ പൂവൊന്നു പറിച്ചോട്ടേ...?

Sunday, June 12, 2011

വാടകയ്ക്ക് ഒരു ഹൃദയം.

        സ്കെയില്‍ ഉപയോഗിച്ചു വരച്ചപോലെയുള്ള നേര്‍ റോഡിലൂടെ ബസ്സ് കുതിച്ചു പായുകയാണ്. ഇരുവശത്തും തരിശുനിലങ്ങളും ഒറ്റപ്പെട്ട കൃഷിയിടങ്ങളും. ടോള്‍ കൊടുക്കുമ്പോള്‍ മനസ്സില്‍ അധികൃതരെ പ്രാകി. എന്നാല്‍ ഈ റോഡിലൂടെയുള്ള സുഖസുന്ദരമായ യാത്ര ആസ്വദിച്ചപ്പോള്‍ എന്റെ മനം മാറി. ഭാര്യ എന്റെ തോളില്‍ തല ചായ്ച്ച് മയങ്ങുന്നു.
     അവളുടെ നിര്‍ബ്ബന്ധപ്രകാരമാണ് പഴനിയിലേക്കുള്ള ഈ യാത്രയെന്ന് ഞാനെന്റെ സുഹൃത്തുക്കളോടൊക്കെ പറഞ്ഞിരുന്നു. എന്നാല്‍ മലകേറി ആണ്ടവനെ ദര്‍ശിക്കാനുള്ള ആഗ്രഹം എനിക്കായിരുന്നു കൂടുതല്‍.
    സന്ധ്യയോടടുപ്പിച്ച് ബസ്സിറങ്ങി. മാനത്ത് അവിടവിടെയായി മഴക്കാറുകള്‍ മലകേറിക്കൊണ്ടിരിക്കുന്നു. ഭാരമുള്ള സൂട്ട്കേസ് എന്റെ കയ്യില്‍. ബാഗ് അവളുടെ തോളില്‍. അല്‍പദൂരം മുന്നോട്ട് നടന്നു. ആദ്യം ഭക്ഷണം കഴിക്കണമോ, അതോ മുറിയെടുക്കണമോ? തിരക്കില്‍ നിന്ന് ഒഴിഞ്ഞ് ഒരു വശത്തേക്കു മാറി നിന്നു.
"റൂം വേണമാ സാര്‍?"
        നിര്‍ത്തിയിട്ട കുതിരവണ്ടികള്‍ക്കിടയിലൂടെ പെട്ടെന്ന് എവിടെനിന്നോ പൊട്ടിവീണപോലെയാണവന്‍ മുമ്പില്‍ വന്നു നിന്നത്. ഇറക്കം കുറഞ്ഞ ആടിക്കളിക്കുന്ന പാന്റ്. ക്ഷൌരം ചെയ്യാത്ത കുറ്റിരോമമുള്ള വട്ട മുഖം. ഒരു തോര്‍ത്ത്മുണ്ട് തലയില്‍ ചുറ്റിക്കെട്ടിയിട്ടുണ്ട്. വായിലൊരു മുറിബീഡിയും.
           അവന്‍ പറയുന്നത് ശ്രദ്ധിക്കാതെ ഞാന്‍ ഭാര്യയെ അരികിലേക്കു ചേര്‍ത്തു നിര്‍ത്തി. ആഭരണങ്ങള്‍ ശ്രദ്ധിക്കണമെന്നു ചെവിയില്‍ പറഞ്ഞു. അവള്‍ ഒന്നു ഞെട്ടി. സാരിത്തലപ്പെടുത്ത് കഴുത്തില്‍ച്ചുറ്റി ഒന്നു കൂടി എന്നിന്‍ ചേര്‍ന്നു നിന്നു.
        കുതിരച്ചാണകത്തിന്റെയും മൂത്രത്തിന്റെയും ചൂര് മൂക്കില്‍. അപ്പുറത്ത് ഇഡ്ഡലിയും സാമ്പാറും ചേര്‍ത്തു കഴിക്കുന്നതില്‍ നിന്നും കായത്തിന്റെ മണം. മുറി ഇപ്പോള്‍ എടുക്കണമോ അതോ വല്ലതും കഴിച്ചിട്ട് മതിയോ? എന്റെ മനം വായിച്ചിട്ടായിരിക്കണം ഭാര്യ പറഞ്ഞു.
"ആദ്യം മുറിയെടുക്കാം. എന്നിട്ട് ലഘുവായെന്തെങ്കിലും കഴിച്ച് മല കയറാം"
      ഞങ്ങള്‍ മുന്നോട്ട് നടക്കാനാരംഭിച്ചപ്പോള്‍  അവന്‍ വീണ്ടും അരികിലേക്കു വന്നു. ഇത്തവണ ചോദ്യം മലയാളത്തിലാണ്.
"മുറി വേണമോ സാര്‍."
        അവനെ ശ്രദ്ധിക്കാതെ ഞങ്ങള്‍ മുന്നോട്ട് നടപ്പ് തുടങ്ങി. അവനും പുറകെ നടന്നു.
"റൂമെടുത്ത് കുളിച്ച് ഫ്രഷായിട്ട് എന്തെങ്കിലും കഴിച്ച് മല കയറുന്നതല്ലേ നല്ലത്? ദാ, ...ചേച്ചി ഇപ്പോള്‍ത്തന്നെ ക്ഷീണിച്ചിട്ടുണ്ടല്ലോ"
"എനിക്കിപ്പം മുറിയൊന്നും വേണ്ട. വേണമെങ്കില്‍ത്തന്നെ തന്റെ ആവശ്യവുമില്ല." 
        സ്വല്‍പം പാരുഷ്യത്തോടെയാണ് ഞാന്‍ പറഞ്ഞത്
       അവന്‍ എന്റെ കണ്ണുകളിലേക്ക് തുറിച്ചു നോക്കി. പിന്നെ ചിരി വരുത്തി സ്വകാര്യം പറയുന്ന മട്ടില്‍ വീണ്ടും
"അതേയ്, മുറിയൊക്കെ അഡ്വാന്‍സ് ബുക്കിംഗാണ്. എന്റെ കയ്യില്‍ ഒരെണ്ണമുണ്ട്. സാറിന് വേണമെന്നുവെച്ചാല്‍ തരാം."
ഞാന്‍ ഭാര്യയുടെ കയ്യും പിടിച്ച് വേഗം മുന്നോട്ട് നടന്നു.
"മുറി വേണ്ടേ സാര്‍?"
       അവന്‍ പുറകില്‍ നിന്ന് വീണ്ടും വിളിച്ചു ചോദിച്ചു. പിന്നെ എന്തെല്ലാമോ പിറുപിറുത്തുകൊണ്ട് തിരിഞ്ഞു നടന്നു.
       മുറിയന്വേഷിച്ച് ഞാന്‍ ലോഡ്ജുകള്‍ ഒന്നൊന്നായി കയറിയിറങ്ങി. എല്ലായിടവും ഹൌസ് ഫുള്‍! ലഗേജിന്റെ ഭാരവും നടപ്പിന്റെ ക്ഷീണവും. സമയവും കുറെപ്പോയി. മഴക്കാറിനു കനം വെച്ചു. ഏതു സമയവും മഴ പെയ്യുമെന്ന അവസ്ഥ. മഴയില്ലെങ്കില്‍ അമ്പലമുറ്റത്ത് ഇരുന്നെങ്കിലും നേരം വെളുപ്പിക്കാമായിരുന്നു. എനിയെന്തു ചെയ്യുമെന്റെ മുരുകാ?
"ഇനി വല്ലതും കഴിച്ചിട്ട് മതി അന്വേഷണം. നമുക്ക് വല്ലതും കഴിക്കാം."
       പരിപ്പു വട മാത്രമേയുള്ളൂ. അവിടെ നിന്നിറങ്ങി. ഹോട്ടലിലൊക്കെ ഭക്ഷണം കഴിഞ്ഞിരിക്കുന്നു. ഒടുവില്‍ പരിപ്പുവട തന്നെ ശരണം. വരുന്നത് വരട്ടെ, നമുക്ക് മല കയറാം. പക്ഷെ മുരുകന്റെ തീരുമാനം മറ്റൊന്നായിരുന്നു. മഴ ചാറിത്തുചങ്ങി. അഞ്ചെട്ടു പടികളേ കയറിയിരുന്നുള്ളൂ. പെട്ടെന്ന് ഭാര്യ പറഞ്ഞു
"നമുക്കാ പയ്യനെ ഒന്നു നോക്കിയാലോ?"
"ഏതു പയ്യന്‍?"
"മുറി തരാമെന്നു പറഞ്ഞ ആ പയ്യന്‍"
"അവനെ ഇനി എവിടെ കാണാനാണ്?"
"നമുക്കൊന്നു പോയിനോക്കാം. നേരത്തെ കണ്ട ആ മാര്‍ക്കറ്റിന്റെ അരികിലെവിടേയെങ്കിലും അവനുണ്ടാവുംന്നേ...."
         ഇരുട്ട് കട്ട പിടിച്ചിരുന്നു. പെട്ടെന്ന് വൈദ്യുതിയും നിലച്ചു. തട്ടിയും മുട്ടിയും മുന്നോട്ട് നടന്നു. അവന്റെ പേര്‍ പോലും അറിയില്ലല്ലോ. മഴയുടെ ശക്തി കൂടി വരുന്നു. വഴിയില്‍ ചാണകവും ചളിയും പുതഞ്ഞ് വല്ലാത്തൊരു ദുര്‍ഗ്ഗന്ധം. മറവുചെയ്യാത്ത പഴകിയ കോഴി അവശിഷ്ടങ്ങളുടെ ഗന്ധമാണെനിക്ക് ഓര്‍മ്മ വന്നത്. വഴിയരികിലിരുന്ന് ഒരു മദ്യപന്‍ ഛര്‍ദ്ദിക്കുന്നു. അതിന്റെ മണം കൂടിച്ചേര്‍ന്നപ്പോള്‍ ഏതോ കഥയില്‍ വായിച്ച നരകമാണ് ഓര്‍മ്മ വന്നത്. മുഖവും മനസ്സും മൂടി മുമ്പോട്ട് നടന്നു.
ഒരാള്‍ക്കൂട്ടത്തെക്കണ്ട് അങ്ങോട്ട് ചെന്നു. എല്ലാവരം എന്തോ എത്തി നോക്കുന്നു. ഞാനും ഒന്നെത്തിനോക്കി.   ഒരുത്തന്‍ രക്തത്തില്‍ക്കുളിച്ച് ചളിയില്‍ മലര്‍ന്നു കിടക്കുന്നു. മാറത്ത് ഹൃദയത്തില്‍ തറഞ്ഞ്കിടക്കുന്ന കത്തി. ആരോ ഒരാള്‍ മുഖത്തേക്കു ടോര്‍ച്ചു തെളിച്ചു. അതെ അവന്‍ തന്നെ! കടിച്ചു പിടിച്ച ബീഡി വായില്‍ നിന്ന് വീഴാറായിക്കിടക്കുന്നു. അവന്‍ എന്തോ പറയാന്‍ ഭാവിക്കുന്നതു പോലെ ചുണ്ടുകള്‍
 
   "മുറി വേണമാ സാര്‍............."

Friday, June 10, 2011

മൈക്രോസോഫ്ടിന്റെ പേരില്‍ വ്യാജ ആന്റിവൈറസ്‌             മൈക്രോസോഫ്ടിന്റെ സുരക്ഷാ അപ്‌ഡേറ്റ് എന്ന പേരില്‍ വ്യാജആന്റിവൈറസ് പടരുന്നതായി മുന്നറിയിപ്പ്. 'സോഫോസ്' (Sophos) എന്ന കമ്പ്യൂട്ടര്‍ സുരക്ഷാ കമ്പനിയുടേതാണ് മുന്നറിയിപ്പ്. മൈക്രോസോഫ്ടിന്റെ അപ്‌ഡേറ്റാണെന്ന പേരിലെത്തി കബളിപ്പിച്ച് ഉപഭോക്താവിന്റെ കമ്പ്യൂട്ടറില്‍ ദുഷ്ടപ്രോഗ്രാമിനെ കുടിയിരുത്തുകയാണ് ഈ വ്യാജ ആന്റിവൈറസ് ചെയ്യുക. അതുകഴിഞ്ഞാല്‍, മൈക്രോസോഫ്ട് അപ്‌ഡേറ്റ് പേജിന്റെ ശരിക്കുള്ള പകര്‍പ്പാണ് യൂസര്‍ കാണുക. പക്ഷേ, ഒരു വ്യത്യാസം മാത്രം. മൈക്രോസോഫ്ട് അപ്‌ഡേറ്റുകള്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ വഴിയേ നടക്കൂ. ഈ വ്യാജന്‍ പ്രവര്‍ത്തിക്കുന്നത് ഫയര്‍ഫോക്‌സില്‍ മാത്രവും! 
          
          വളരെ വിദഗ്ധമായ ആക്രമണമാണ് ഈ വ്യാജന്‍ നടത്തുന്നതെന്ന് സോഫോസ് പറയുന്നു. ഒട്ടേറെ ഉപഭോക്താക്കളെ, ശരിക്കുള്ള മൈക്രോസോഫ്ട് അപ്‌ഡേറ്റാണെന്ന് വിശ്വസിപ്പിച്ച് കുടുക്കില്‍ പെടുത്താന്‍ അതിന് സാധിക്കുന്നുണ്ടത്രേ. മാത്രമല്ല, മാസംതോറും മൈക്രോസോഫ്ട് അപ്‌ഡേറ്റുകള്‍ പുറത്തുവരാറുള്ള സമയത്താണ് ഈ വ്യാജന്‍ രംഗത്തെത്തിയത് എന്നകാര്യവും ഒട്ടേറെ ഉപഭോക്താക്കളെ വെട്ടിലാക്കാലാക്കാന്‍ സഹായിച്ചു. എന്നത്തേക്കാളുമേറെ കമ്പ്യൂട്ടര്‍ ഉപഭോക്താക്കള്‍ക്ക് കരുതലുണ്ടാകേണ്ട സമയമാണിതെന്ന് സോഫോസിലെ സീനിയര്‍ ടെക്‌നോളജി കണ്‍സള്‍ട്ടന്റ് ഗ്രഹാം ക്ലൂലേ പറഞ്ഞു. വ്യാജ ആന്റിവൈറസ് ആക്രമണം സൈബര്‍ ക്രിമിനലുകളെ സംബന്ധിച്ച് വലിയ ബിസിനസാണെന്ന് ഓര്‍ക്കണം-അദ്ദേഹം ചൂണ്ടിക്കാട്ടി.  
         
         ബ്രൗസറുകളില്‍ അപ്‌ഡേറ്റുകളെന്ന പേരില്‍ പോപ്പപ്പ് വിന്‍ഡോകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ചാടിക്കയറി ക്ലിക്ക് ചെയ്യാന്‍ മുതിരരുത്. മാത്രമല്ല, എപ്പോഴെങ്കിലും ഫയര്‍ഫോക്‌സില്‍ വിന്‍ഡോസ് അപ്‌ഡേറ്റ് പ്രത്യക്ഷപ്പെടുന്നുവെങ്കിലും സൂക്ഷിക്കുക, കെണിയാകാം. 

കടപ്പാട് : മാതൃഭൂമി

Thursday, June 9, 2011

സ്ക്കൂള്‍ ഡയറി - 6 വിനീത ടീച്ചറും പ്രതികരണവും


             വിനീത ടീച്ചര്‍ പേരില്‍ മാത്രമല്ല പെരുമാറ്റത്തിലും തികഞ്ഞ വിനീത. ആരോടെങ്കിലും മറുത്തു പറയുന്നതിതുവരെ കണ്ടിട്ടില്ല. ചുണ്ടിലെപ്പോഴും ഒരു പുഞ്ചിരിയാണ്. കുട്ടികളോട് ഹൃദ്യമായി മാത്രമേ സംസാരിക്കാറുള്ളു. സ്ഥിരമായി മൂന്നാം ക്ലാസിലാണ് പഠിപ്പിക്കുന്നത്. സര്‍വീസില്‍ നിന്നു പിരിയാന്‍ ഇനി രണ്ടു വര്‍ഷം മാത്രം.

          അടുത്ത അധ്യയന വര്‍ഷത്തിലെ ക്ലാസ് ചാര്‍ജും വിഷയങ്ങളുമൊക്കെ തീരുമാനിക്കാന്‍ മധ്യവേനലവധിക്ക് സ്റ്റാഫ് കൌണ്‍സില്‍ ചേരുകയാണ്. "ഒന്നാം ക്ലാസ് അര്‍ച്ചന ടീച്ചര്‍ക്കും കദീജ ടീച്ചര്‍ക്കും. രണ്ട് ഒരു ഡിവിഷനേയുള്ളു. അത് ബാലന്‍ മാസ്റ്റര്‍ക്ക്.” ഹെഡ് മാസ്റ്റര്‍ ഇത്രയും പറഞ്ഞപ്പോള്‍ വിനീത ടീച്ചര്‍ പതുക്കെ എഴുന്നേറ്റു നിന്നു

     "മാഷേ, എനിക്ക് ഈ വര്‍ഷം രണ്ടാം ക്ലാസ് മതി. “

    "എന്താ ടീച്ചറേ. ടീച്ചര്‍ സ്ഥിരമായി മൂന്നിലായതിനാല്‍ അതാകും സൌകര്യമെന്നു കരുതിയാണ് ഞാന്‍ മൂന്നാം ക്ലാസ് തന്നെ വെച്ചത്.” ഹെഡ് പറഞ്ഞു.

      "ഒന്നുമുണ്ടായിട്ടല്ല. എനിക്കീ വര്‍ഷം രണ്ടാം ക്ലാസു മതി”.
    
       സീനിയര്‍ ടീച്ചര്‍മാരില്‍ ഒരാളായതു കൊണ്ടും പൊതുവെ വാശിക്കോ തര്‍ക്കത്തിനോ നില്‍ക്കാത്ത ആളായതു കൊണ്ടും ഉടനെത്തന്നെ ടീച്ചര്‍ക്ക് രണ്ടാം ക്ലാസു തന്നെ അനുവദിച്ചു കൊടുത്തു.

        ആഴ്ചകളും മാസങ്ങളും കടന്നു പോയി. നവമ്പര്‍ മാസത്തില്‍ മറ്റൊരു സ്റ്റാഫ് കൌണ്‍സില്‍. കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടയില്‍ ഹെഡ് മാസ്റ്റര്‍ പറഞ്ഞു
        "അടുത്ത വ്യാഴാഴ്ച നമ്മുടെ സ്ക്കൂളില്‍ ഏ..ഒ സാര്‍ ഇന്‍സ്പെക്ഷന്‍ നടത്താന്‍ വരുന്നുണ്ട്. ആരെങ്കിലും ഏതെങ്കിലും കാര്യത്തില്‍ കൃത്യതയില്ലായ്മയുണ്ടങ്കില്‍ എല്ലാം റെഡിയാക്കി വെക്കണം. നമ്മുടെ വിദ്യാലയത്തിനു ചീത്തപ്പേരുണ്ടാക്കി വെക്കരുത്”

          "ഭഗവാനെ … ഇന്നു തിങ്കള്‍...ചൊവ്വ, ബുധന്‍ റണ്ടു ദിവസമല്ലേ ഉള്ളൂ" മൊത്തത്തിലുള്ള ഒരു ഇരമ്പമായിരുന്നു ഇത്.കാര്യങ്ങള്‍ റെഡിയായി ചെയ്യുന്ന വിനീത ടീച്ചര്‍ അപ്പോഴും പുഞ്ചിരിക്കുകയായിരുന്നു.

          പിന്നെ രണ്ടു ദിവസം കല്യാണ വീട്ടിലേക്കാളും വലിയ തിരക്കായിരുന്നു സ്ക്കൂളില്‍. ടീച്ചിംഗ് മാന്വല്‍ എഴുതിത്തീര്‍ക്കല്‍, ചാര്‍ട്ടു വരക്കല്‍, ടീച്ചിംഗ് എയ്ഡ് നിര്‍മ്മിക്കല്‍, മേപ്പ് തെരയല്‍..തിരക്കോട് തിരക്കു തന്നെ! ഷാജി മാഷുടെ സെന്‍സെക്സ് പോയന്റ് ചര്‍ച്ചയില്ല. സഖാവിന്റെ രാഷ്ട്രീയ ക്ലാസുകളില്ല. രാധാകൃഷ്ണന്‍ മാസ്റ്ററുടെ തമാശകളില്ല. ടീച്ചര്‍മാരുടെ പാചക വിശേഷങ്ങളും ഷോപ്പിംഗ് ബഡായികളും ഇല്ലേയില്ല. സ്റ്റാഫ് റൂം ശാന്തം.

          ഞാന്‍ പൊതുവേ നേരത്തെ തന്നെ സ്ക്കൂളില്‍ എത്താറുണ്ട്. വ്യാഴാഴ്ച പതിവിലും അല്പം നേരത്തേയെത്തി. പക്ഷെ അത്ഭുതം മിക്കവാറും എല്ലാവരും അപ്പോഴേക്കും എത്തിയിരുന്നു! ..ഓ മാര്‍ ഇതിനു മുമ്പും ഇന്‍സ്പെക്ഷനു വന്നിട്ടുണ്ട്. എന്നാല്‍ ഇക്കുറി അതുപോലെയല്ല. വരുന്നത് രുഗ്മാംഗദന്‍ സാറാണ്. ടീച്ചിംഗ് നോട്ട് ശരിയല്ലെങ്കില്‍, ബോര്‍ഡിനു നല്ല നിറമില്ലെങ്കില്‍, പരിസരം ശുചിയല്ലെങ്കില്‍ മൂപ്പര്‍ക്ക് കലി കയറും. പിന്നെ എന്താ ചെയ്യുക, എന്താ പറയുക എന്നൊന്നും മുന്‍കൂട്ടി കാണാന്‍ കഴിയുകയില്ല.

           ഒമ്പതര മണിക്കു തന്നെ രുഗ്മാംഗദന്‍ സാറ്‍ എത്തി. കൂടെ ഡയറ്റ് ഫാക്കല്‍റ്റി അജിത് സാറുമുണ്ട്. പൊതുവെ നേരത്തേ വരാറുള്ള വിനീത ടീച്ചര്‍ എന്തോ, പ്രാര്‍ത്ഥന നടക്കുമ്പോഴാണെത്തിയത്. പ്രാര്‍ത്ഥന കഴിഞ്ഞയുടനേ അജിത് സാറിനെ ഒന്നാം ക്ലാസിലേക്കു വിട്ട് സാര്‍ എന്റെ ക്ലാസിലേക്കു വന്നു. വിനീത ടീച്ചര്‍ ആ പഴുതില്‍ ഓഫീസ് റൂമില്‍ ചെന്ന് ടീച്ചിംഗ് മാന്വല്‍ തുറന്ന് ഹെഡിനെക്കൊണ്ട് ഒരരൊപ്പും വെപ്പിച്ച് ക്ലാസിലേക്കോടി. സാര്‍ എന്റെ ടീച്ചിംഗ് മാന്വല്‍ പരിശോധിച്ചു. ആള് മഹാ സമര്‍ത്ഥനാണ്. ഞാന്‍ ഹാജരെടുത്ത് കഴിഞ്ഞ ഉടനെ സാറ് തന്നെ ക്ലാസ് തുടങ്ങി. "മാഷ് ഇന്നലെ ക്ലാസില്‍ എന്തെല്ലാമാണ് ചെയ്തത്?” ഭാഗ്യത്തിന് കുട്ടികള്‍ ഓരോ സ്റ്റെപ്പും കൃത്യമായിപ്പറഞ്ഞു. നോട്ടിലള്ളത് തന്നെ. (രണ്ട് മൂന്നാഴ്ചത്തെ നോട്ട് ഞാന്‍ തലേ ദിവസം രാത്രി ഒറ്റയിരിപ്പിന് എഴുതിത്തീര്‍ത്തതാണ്.അതു വേറെ കാര്യം!) എടുത്തു കൊണ്ടിരുന്ന കവിത അദ്ദേഹം കുട്ടികള്‍ക്ക് ഈണത്തില്‍ ചൊല്ലിക്കൊടുത്തു എന്റെ ക്ലാസില്‍ നിന്നു പോയി.

           നേരെ പോയത് വിനീത ടീച്ചറുടെ ക്ലാസിലേക്ക്. ടീച്ചര്‍ വൈകി വന്നതും ഞങ്ങള്‍ ഒരുമിച്ചു പോവുമ്പോള്‍ അവര്‍ ഓഫീസ് റൂമില്‍ പോയി വരുന്നതം സാര്‍ ശ്രദ്ധിച്ചിരുന്നു.

         ടീച്ചര്‍ ഭംഗിയായി ക്ലാസെടുക്കുന്നുണ്ട്. ബോര്‍ഡില്‍ എഴുതുന്നുണ്ട്. ചുമരില്‍ ചാര്‍ട്ട് തൂക്കുന്നുണ്ട്. ഒരു ഘട്ടമെത്തിയപ്പോള്‍ കുട്ടികളെ ഗ്രൂപ്പാക്കുന്നുണ്ട്. ഇതെല്ലാം ശ്രദ്ധിച്ചു കൊണ്ട് രുഗ്മാംഗദന്‍ സാര്‍ പതിയെ ടീച്ചറുടെ ടീച്ചിംഗ് മാന്വല്‍ കയ്യിലെടുത്തു. പ്രക്രിയ പേജ് പരിശോധിച്ചു. ടീച്ചര്‍ അനുവര്‍ത്തിച്ച സ്റ്റെപ്പുകള്‍ കൃത്യമായി അതില്‍ പ്രതിപാദിച്ചിട്ടുണ്ട്. പുതിയൊരു അധ്യായത്തിന്റെ തുടക്കമാണ്. പക്ഷെ പ്രതികരണപ്പേജ് വെറുതെ നോക്കിയപ്പോള്‍ സാര്‍ ഞട്ടിപ്പോയി. അവിടെ ഇങ്ങനെ എഴുതിയിരുന്നു.

"കമറുന്നീസ ഗ്രൂപ്പില്‍ വേണ്ടത്ര ചര്‍ച്ചകളില്‍ പങ്കെടുത്തില്ല- അവളുടെ ഡയറി ശരിയായില്ല"
"കിരണ്‍ സ്ഥിരമായി അക്ഷരത്തെറ്റുകള്‍ വരുത്തുന്നുണ്ട്. അവന് അക്ഷരബോധത്തിന്നാവശ്യമായ അവസരങ്ങള്‍ പ്രത്യേകം ഉണ്ടാക്കേണ്ടതുണ്ട്.”
"നടാഷയും നന്ദനയും ഡയറി നന്നായി എഴുതിയിട്ടുണ്ട്"
"പൊതുവെ ക്ലാസ് തൃപ്തികരമായി തോന്നുന്നു.”

         ടീച്ചര്‍ ക്ലാസ് എടുക്കാന്‍ തുടങ്ങിയിട്ടല്ലേയുള്ളൂ. കുട്ടികളെ ഗ്രൂപ്പാക്കിയതേയുള്ളു. സാര്‍ ഹാജര്‍ പട്ടികയെടുത്തു കുട്ടികളുടെ പേര് മുഴുവന്‍ വായിച്ചു നോക്കി. പക്ഷെ അക്കൂട്ടത്തില്‍ കിരണ്‍, നടാഷ, കമറുന്നീസ, നന്ദന ഈ പേരുകളൊന്നുമില്ല. സാറിലെ ദുര്‍വ്വാസാവ് ഉണര്‍ന്നു.

     "ടീച്ചറേ നടാഷയുടെയും നന്ദനയുടെയും നോട്ട് ഇങ്ങോട്ട് വാങ്ങി വരൂ"
ടീച്ചര്‍ക്കു കാര്യം മനസ്സിലായില്ല.
     
      "ഈ ക്ലാസില്‍ നടാഷയും നന്ദനയുമില്ലല്ലോ സാര്‍"

    "ഓഹോ, എന്നാല്‍ കിരണും കമറുന്നീസയും ഇങ്ങോട്ട് വരട്ടെ "

    സാര്‍ തന്നെ കളിയാക്കുകയാണെന്ന് തോന്നിയ ടീച്ചര്‍ മിണ്ടാതെ നിന്നു. അപ്പോഴും കാര്യമെന്താണെന്ന് അവര്‍ക്കു മനസ്സിലായില്ല.

      "ടീച്ചര്‍ എന്താണ് മിണ്ടാതെ നില്‍ക്കുന്നത്? കിരണും കമറുന്നീസയും ഇന്ന് വന്നിട്ടില്ലേ?”

    "അങ്ങനെ രണ്ട് കുട്ടികള്‍ ഈ ക്ലാസിലില്ല സാര്‍"

    "എന്നാല്‍ ഈ ക്ലാസിലുള്ള രണ്ട് കുട്ടികളുടെ പേരു പറയൂ ടീച്ചര്‍"

     ടീച്ചര്‍ രണ്ടു കുട്ടികളുടെ പേരു പറഞ്ഞു. അവരുടെ നോട്ട് വാങ്ങി പരിശോധിച്ച് ഒന്നും പറയാതെ അടുത്ത ക്ലാസിലേക്ക് പോയി

          വൈകുന്നേരം അധ്യാപകരുടെ യോഗം വിളിച്ചു. മൊത്തത്തില്‍ കണ്ട ഗുണവശങ്ങളും പോരായ്മകളുമൊക്കെ അവതരിപ്പിച്ചു.ഒടുവില്‍ അദ്ദേഹം ഇങ്ങനെ ഉപസംഹരിച്ചു. "ഇവിടുത്തെ അധ്യാപകര്‍ വളരെ മിടുക്കരാണ്. ക്ലാസെടുക്കുന്നതിനു മുമ്പ് തന്നെ പ്രതികരണമെഴുതാന്‍ കഴിവുള്ള അസാമാന്യ പ്രതിഭയുള്ളവര്‍. എനിക്കു സന്തോഷായി.വളരെ സന്തോഷായി"

        എല്ലാവരം പരസ്പരം മുഖത്തു നോക്കി. എന്താണാപ്പറഞ്ഞതിന്റെ പൊരുള്‍. ആര്‍ക്കും മനസ്സിലായില്ല. രണ്ടു ദിവസം കഴിയുമ്പോഴേക്ക് സത്യം പുറത്തു വന്നു. വില്ലന്‍ KSEB ആണ്. തലേ ദിവസം രാത്രി കറണ്ടില്ലാത്തതിനാല്‍ ടീച്ചര്‍ക്കു നോട്ടെഴുതാന്‍ പറ്റിയില്ല. മിക്സിയും വാഷിംഗ് മെഷീനുമൊന്നും പ്ര്വര്‍ത്തിപ്പിക്കാന്‍ പറ്റിയില്ല. അടുക്കളപ്പണി കഴിഞ്ഞിട്ടു വേണം ഒരു ചാര്‍ട്ടെഴുതാന്‍. നോട്ടില്ലാതെ ഇന്നു പോകാനും പറ്റില്ല. ടീച്ചറുടെ ഭര്‍ത്താവ് മറ്റൊരു സ്ക്കൂളില്‍ രണ്ടാം ക്ലാസില്‍ പഠിപ്പിക്കുന്നു.ഹസ്സിന്റെനോട്ടെടുത്ത് അത് പകര്‍ത്തിയെഴുതിക്കൊടുക്കാന്‍ മകനോട് പറഞ്ഞു. അവന്‍ വലതു വശത്തുള്ള പ്രതികരണപ്പേജ് കൂടി പകര്‍ത്തുമെന്ന് ആലോചിച്ചില്ല. കിട്ടിയ ചെറിയ സമയത്ത് ചാര്‍ട്ട് കൂടി എഴുതിത്തീര്‍ത്ത് സ്ക്കൂളിലേക്ക് ഓടിയതാണ്. തിരക്കില്‍ HM ഒരൊപ്പ് ചാര്‍ത്തിക്കൊടുക്കയും ചെയ്തു.
         
        ഇപ്പോള്‍ ഒരു കാര്യം ഞങ്ങള്‍ക്കു മനസ്സിലായി. ഈ വര്‍ഷം തനിക്കു രണ്ടാം ക്ലാസു മതി എന്നു ടീച്ചര്‍ ആവശ്യപ്പട്ടതെന്തിനാണെന്ന്!!