പോസ്റ്റുകള്‍

Tuesday, March 15, 2011

ലൈഫ് ഡയറി-4 കണാരചെട്ടിയാരും മദിരാശിയും


              1959 ജൂണ്‍ രണ്ടാം തിയ്യതി എന്നേ ഒന്നാം ക്ലാസില്‍ ചേര്‍ത്തു. കഴിഞ്ഞ അധ്യായത്തില്‍ പറഞ്ഞപോലെ ഒന്നാം ക്ലാസില്‍ ക്ലാസധ്യാപകന്‍ ആരായിരുന്നുവെന്ന് ഓര്‍ക്കുന്നില്ല.  അതുകൊണ്ട് തന്നെ അപ്പോഴുള്ള പ്രത്യേക സംഭവങ്ങളും മനസ്സില്‍ വരുന്നില്ല. ഇന്നോര്‍ക്കുമ്പോള്‍ അതൊരു നന്ദികേടായി തോന്നുന്നുണ്ട്. രണ്ടാം ക്ലാസില്‍ ദാമോദരന്‍ മാഷായിരുന്നു. വികൃതി കളിക്കുമ്പോള്‍ അദ്ദേഹം കണ്ണു തുറുപ്പിച്ച് നോക്കി പേടിപ്പിക്കും.

        അക്കാലത്ത് രസകരമായൊരു സംഭവമുണ്ടായി. രസകരം എന്നു പറയുന്നത് മറ്റുള്ളവര്‍ക്കാണ്. എനിക്ക് ഭയങ്കരമായ ഒരനുഭവമായിരുന്നു. സ്ക്കൂളില്‍ ചേരുന്നതിനു മുമ്പ് എന്നെ നോക്കി നടത്തുവാന്‍ ഇളയമ്മ പ്രയാസപ്പെട്ടിരുന്ന കാര്യം പറഞ്ഞിരുന്നല്ലോ? തീരെ അനുസരണ കാണിക്കാതിരിക്കുമ്പോള്‍ എന്നെ പേടിപ്പിക്കാനായി ഒരു കാര്യം പറയും
 
          "കണാരചെട്ടിയാര്‍ കെട്ടുമായി വരുന്നുണ്ട്. നിന്നെ അയാള്‍ പിടിച്ചു കൊണ്ടുപോയാലും ഞാന്‍ ആരോടും പറയില്ല."
          കണാരചെട്ടിയാര്‍  കടന്നുപോവുന്നത് ഒന്നുരണ്ടു തവണ ഞാന്‍ കണ്ടിട്ടുണ്ട്. അയാളുടെ തലയില്‍ ഒരു കെട്ടുമുണ്ട്. ചാക്കുതുണി കൊണ്ടുള്ള വലിയൊരു കെട്ട്. നരച്ച കുറ്റിത്തലമുടി. പൂര്‍ണ്ണമായും നരച്ചതല്ല. വെളുപ്പും കറുപ്പും ഇടകലര്‍ന്നത്. പഞ്ചസാരയിലേക്ക് തേയിലപ്പൊടി വിതറിയതുപോലെ. കൃഷ്ണമണി കറുപ്പല്ല. ഇളം തവിട്ടുനിറം കലര്‍ന്ന മഞ്ഞ നിറം. ഇരു കാലിലേയും പെരുവിരലുകള്‍ വശങ്ങളിലേക്കു വിടര്‍ന്നു നില്‍ക്കുന്നു. കയ്യില്‍ ഒരു മുട്ടന്‍ മുളവടി. അതും കുത്തിപ്പിടിച്ചുകൊണ്ടാണ് നടത്തം. കെട്ടിനകത്ത് എന്താണെന്ന് ഞാന്‍ കണ്ടിട്ടില്ല. ഒരിക്കല്‍ ഇളയമ്മ പറഞ്ഞു.
      "ആ കെട്ടില്‍ നിറയെ കുട്ടികളാണ്! അച്ഛനുമമ്മയും അടുത്തില്ലാത്ത  വികൃതികളിച്ചു നടക്കുന്ന കുട്ടികളെ ചെട്ടിയാര്‍ പിടിച്ചു കെട്ടിലാക്കി കൊണ്ടുപോവും. ദൂരെ മദിരാശിയില്‍ കൊണ്ടുപോയി വില്ക്കും."
               പിന്നീടൊരിക്കല്‍ കണാരചെട്ടിയാര്‍  ഞങ്ങളുടെ വീട്ടില്‍ വന്നു. അദ്ദേഹം മുറ്റത്തെത്തുന്നതിനു മുമ്പേ ഞാന്‍ അകത്തേക്കോടി. പോകുന്ന പോക്കില്‍ കെട്ടിനകത്തുനിന്ന വല്ല ആളനക്കമോ മറ്റോ ഉണ്ടെന്ന് ഞാനൊന്ന് പാളി നോക്കി. പക്ഷെ അതു ഉറപ്പുവരുത്താന്‍ എനിക്കു ധൈര്യമില്ല. എന്റെ പേടിയും ഒളിച്ചോട്ടവും കണ്ടിട്ടാകാം പിന്നീട് എന്നെ അടക്കിയിരുത്തേണ്ട അവസരങ്ങളിലെല്ലാം കണാരചെട്ടിയാരും അദ്ദേഹത്തിന്റെ കെട്ടും ഇളയമ്മയുടെ നാവിലേക്കിറങ്ങി വരും. 

         രണ്ടാം ക്ലാസിലെത്തിയപ്പോള്‍ ഞാന്‍ സ്ക്കൂളിലേക്ക് അമ്മയുടെ കൂടെ പോകുന്നതിനു പകരം അയല്‍വാസികളായ കൂട്ടുകാരുടെ കൂടെയാണ് പോവുക. അടുത്ത വീട്ടിലെ വിജയനും ദാമോദരനുമാണ് അതില്‍ പ്രധാനികള്‍. ദാമോദരന്‍ ഞങ്ങളേക്കാള്‍ മൂത്തതാണ്. എനിക്കു രണ്ടു വര്‍ഷം മുമ്പേ ചേര്‍ന്നവന്‍. പക്ഷേ ഞാന്‍ അഞ്ചാം ക്ലാസു വിട്ട് മൂന്നു വര്ഷം കൂടി കഴിഞ്ഞിട്ടേ മൂപ്പര്‍ സ്ക്കൂളില്‍ നിന്ന് റിട്ടയര്‍ ചെയ്തുള്ളൂ! പഠിക്കാന്‍ അത്ര മിടുക്കനായിരുന്നു എന്നു സാരം.

          ഓണാവധി കഴിഞ്ഞ് സ്ക്കൂള്‍ തുറക്കുന്ന ദിവസം ഞാന്‍ ഓണത്തിനു കിട്ടിയ പുത്തന്‍ നിക്കറും ഷര്‍ട്ടുമിട്ട് നേരത്തേ തന്നേ സ്ക്കൂളിലേക്കു പുറപ്പെട്ടു. ബെല്ലടിക്കുന്നതിനു മുമ്പ് എത്തിയാലല്ലേ  പുതിയ ഡ്രസ്സുമിട്ട് എല്ലാവരുടേയും മുമ്പിലൂടെ ഗമയിലങ്ങനെ നടക്കാന്‍ പറ്റൂ. ദാമുവേട്ടനെ കാത്തു നിന്നു. കാണുന്നില്ല. സ്കൂളിലേക്കുള്ള വഴിയൊക്കെ അറിയാം. വളരെ അടുത്തുമാണ്. എന്നാല്‍ ഒറ്റയ്ക്കാണ് പോയതെന്നറിഞ്ഞാല്‍ അമ്മ വഴക്കു പറയും.

        രണ്ടിടവഴികള്‍ നടന്നാല്‍ ഒരു ചെറിയ വയല്‍. വയലിന് നടുവിലൂടെ ഒരു തോട്. തോട്ടില്‍ എപ്പോഴും വെള്ളമുണ്ടാവും. എന്നാല്‍ ആഴമൊന്നും അധികമില്ല.
         ഞാന്‍ ഇടയ്ക്കിടെ ദാമുവേട്ടനെ തിരിഞ്ഞു നോക്കി പതുക്കെ സ്ക്കൂളിലേക്കു നടന്നു. വയല്‍ വരമ്പിലെ പുല്ലില്‍ മഞ്ഞ് നിറഞ്ഞു നില്‍ക്കുന്നു. വയലില്‍ വിളഞ്ഞു നില്‍ക്കുന്ന നെല്‍ച്ചെടികളെ ചുറ്റിപ്പിടിച്ചു നില്‍ക്കുന്ന ഇളം വള്ളികളില്‍ നിറയെ കാക്കപ്പൂവ്. ഞാന്‍ പതുക്കെ നടന്ന് തോട്ടുവക്കത്തെത്തി. തോട്ടിലെ വെള്ളത്തില്‍ കുഞ്ഞോളങ്ങള്‍. അതിലൂടെ നെറ്റിയില്‍ മഞ്ഞപ്പൊട്ടുള്ള കൊച്ചു മീനുകള്‍ നീന്തിക്കളിക്കുന്നു. തോടു കടക്കാന്‍ രണ്ടു തെങ്ങിന്‍കഷണങ്ങള്‍ ചേര്‍ത്തിട്ട ചെറിയൊരു പാലം. ഞാന്‍ പതുക്കെ പാലത്തിലേക്കു കയറി. തോട്ടുവരമ്പില്‍ നിറയെ മഞ്ഞണിഞ്ഞു നില്‍ക്കുന്ന എട്ടുകാലി വലകള്‍. വെയില്‍ തട്ടുമ്പോള്‍ അവയില്‍ മാരിവില്ലുകള്‍ വിരിയുന്ന കാഴ്ച കണ്ട് ഞാന്‍ കോരിത്തരിച്ചു. തോട്ടുവക്കില്‍ നിന്ന് ഇലകള്‍ പറിച്ചെടുത്ത് വെള്ളത്തിലിട്ട് അവ ഒഴുകിപ്പോകുന്നതും നോക്കി അല്പനേരം ഞാനാ പാലത്തില്‍ ഇരുന്നു.

       പെട്ടെന്ന് ഒന്നുരണ്ടു മഴത്തുള്ളികള്‍ എന്റെ ദേഹത്തു വീണു. കയ്യില്‍ പുസ്തകസഞ്ചിയും ഓലക്കുടയുമുണ്ട്. നല്ല നീളന്‍ മളങ്കാലുള്ള അസ്സലൊരു ഓലക്കുട. പതുക്കെ എഴുന്നേറ്റ് പാലം കടന്നു. ഇനി ദാമുവേട്ടന്‍ വരുന്നെങ്കില്‍ വരട്ടെ. ഇത്തിരി കൂടി നടന്നാല്‍ സ്ക്കൂളിലെത്താം. ചരിച്ചു പിടിച്ചിരുന്ന കുട നേരെ പിടിച്ചപ്പോള്‍ അതാ തൊട്ടുമുമ്പില്‍ കണാരചെട്ടിയാര്‍ ! മുളവടിയും നരച്ച താടിയും മുടിയുമെല്ലാം മുമ്പു കണ്ട പോലെത്തന്നെ. കെട്ടിന് അല്പം കൂടി വലുപ്പമുണ്ട്. ഒന്നേ നോക്കിയുള്ളൂ. പിന്നേ ഒരലര്‍ച്ചയായിരുന്നു.
 
    "അയ്യോ എന്നെ കൊല്ലാന്‍ വരുന്നേ...."
    ചാക്കു സഞ്ചിയും ഓലക്കുടയും ആവുന്നത്ര ശക്തിയോടെ ഞാന്‍ അയാളുടെ നേര്‍ക്കെറിഞ്ഞു. തിരിഞ്ഞു പാലം കടന്ന് ഒറ്റ ഓട്ടം. ഓട്ടത്തിന്നിടയിലും ഞാന്‍ ഉറക്കെക്കരയുന്നുണ്ട്.
          കണാരചെട്ടിയാര്‍ക്ക് എന്നെ അറിയാം. അച്ഛനെയും അമ്മയേയും നന്നായി പരിചയമുണ്ട്. എനിക്കെന്താണ് പറ്റിയതെന്ന് ആ പാവത്തിന് മനസ്സിലായില്ല. അദ്ദേഹം ചളിയില്‍ വീണ  സഞ്ചിയും കുടയുമെടുത്ത് എന്റെ പുറകെ ഓടി.
 
     "മോനേ ഓടേണ്ട, മോന്റെ സ്ലേറ്റും പുസ്തകവുമിതാ"
      രണ്ടു വരമ്പ് ഓടിയതിനു ശേഷം ഞാനൊന്നു തിരിഞ്ഞു നോക്കി. കണാരചെട്ടിയാര്‍ ഇതാ എന്റെ പുറകില്‍ വരുന്നു, എന്റെ സഞ്ചിയും കുടയും കാട്ടി എന്നെ വശീകരിക്കുകയാണ്. ഞാനിപ്പം അയാളുടെ കെട്ടിന്നുള്ളിലാവും. നാളെ നേരം വെളുക്കുന്നതിനു മുമ്പ് ഞാന്‍ അകലെയെവിടെയോ ഉള്ള മദിരാശിയിലെത്തും.
        "അയ്യോ, അമ്മേ ...."  ഞാന്‍ ഓട്ടത്തിനു വേഗത കൂട്ടി, ഇടവഴിയിലെത്തിയപ്പോള്‍ ദാമുവേട്ടന്‍ വരുന്ന.
      "എന്താടാ, എന്തു പറ്റി. നായ കടിക്കാന്‍ വന്നോ?"
       "ഇ....ല്ല, കണാര.....ചെട്ടി....യാര്‍ "
       "അതിനു നീയെന്തിനാ ഓടുന്നത്?"
        അതും പറഞ്ഞ് ദാമുവേട്ടന്‍ എന്റെ കയ്യില്‍ പിടിച്ചു. ചെട്ടിയാര്‍  പുറകെ നടന്നടുക്കുന്നു. കുതറി ഏട്ടന്റെ പിടി വിടുവിച്ച് വീണ്ടും ഓട്ടം തുടങ്ങി. എന്നെ പിടിച്ചു നിര്‍ത്താനായി ദാമുവേട്ടന്‍ പുറകെ. എന്നെ പിടിച്ചുകെട്ടാനായി കാലന്‍ അതിനും പുറകെ. എന്റെ അവസാനം ഇതാ അടുക്കാറായി. പിന്നീടുള്ള ഓട്ടം ജീവന്മരണപ്പോരാട്ടമായിരുന്നു. കാള്‍ ലൂയീസും ഉസ്സൈന്‍ ബോള്‍ട്ടുമൊന്നും അപ്പോള്‍ എനിക്കു മുമ്പില്‍ ആരുമല്ല. ഓടുന്ന ഓട്ടത്തിന്നിടയില്‍ പേടിച്ച് ഒന്നും രണ്ടും നിക്കറില്‍ത്തന്നെ നിര്‍വഹിച്ചു!!
          എന്റെ നിലവിളി കേട്ട് ഇളയമ്മ മുറ്റത്തേക്കിറങ്ങി വന്നു. ഞാന്‍ ഓടി ഇളയമ്മയുടെ മുണ്ടിന്നുള്ളിലൊളിച്ചു. എന്താണ് സംഭവിച്ചതെന്നു പറയാനുള്ള ത്രാണിപോലും എനിക്കുണ്ടായിരുന്നില്ല. ദാമുവേട്ടനും ചെട്ടിയാരും മിനിറ്റുകള്‍ക്കകം മുറ്റത്തെത്തി. ചെട്ടിയാര്‍ നടന്ന സംഭവങ്ങള്‍ മുഴുവന്‍ ഇളയമ്മയോട് പറഞ്ഞു. ഇളയമ്മയ്ക്കു കുറ്റബോധം തോന്നിയിരിക്കണം. എന്റെ തലമുടിയില്‍ വിരലോടിച്ചുകൊണ്ട് അവര്‍ പറഞ്ഞു.
         "ചെട്ടിയാര്‍ പാവമാ മോനേ. ഞാന്‍ നിന്നെ വെറുതെ പേടിപ്പിക്കാന്‍ പറഞ്ഞതല്ലേ?"
        "എന്താ നിങ്ങള് മോനോട് പറഞ്ഞത്?" ചെട്ടിയാര്‍ക്കും ആകാംക്ഷയായി. ഇളയമ്മ കാര്യങ്ങളെല്ലാം വിശദീകരിച്ചു.അദ്ദേഹം എന്നെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ ഞാനതൊന്നും വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ചെട്ടിയാര്‍ പറഞ്ഞു
          "മോന് എന്റെ കെട്ടിലുള്ളത് കാണണോ?"
          എന്റെ ഉത്തരത്തിന് കാത്തു നില്ക്കാതെ തന്നെ അദ്ദേഹം കെട്ട് മുറ്റത്തിറക്കിവെച്ച് അഴിച്ചു. അതിനകത്ത് പല തരത്തിലുള്ള പുതിയ വസ്ത്രങ്ങള്‍. മുണ്ട്, കൈലി, തോര്‍ത്ത്, ട്രൌസര്‍, കോണകം, ബോഡീസ്...
          എന്റെ പാരവശ്യം അപ്പോഴും മാറിയിട്ടില്ല. കണാരചെട്ടിയാര്‍ അതില്‍നിന്ന് ഒരു പുതിയ ചുവന്ന പട്ടുകോണകമെടുത്ത് എനിക്കു സമ്മാനിച്ചു. പക്ഷെ ഞാനതു വാങ്ങിയില്ല. കാരണം അച്ഛന്റെ സമ്മതമില്ലാതെ വാങ്ങിയാല്‍ നല്ല അടി കിട്ടും. പക്ഷെ അതിനേക്കാള്‍ എന്നെ വിഷമിപ്പിച്ചത് എന്റെ പുത്തനുടുപ്പ് അലക്കാതെ ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലായതായിരുന്നു..

7 comments:

ഹിത & ഹരിത said...

നന്നായിരിക്കുന്നു സര്‍.ശരിക്കും ആസ്വദിച്ചു .
നല്ല ഭാഷ ശൈലി.ഇനിയും പ്രതീക്ഷിക്കുന്നു
സത്യം പറഞ്ഞാല്‍ ബോബനും മോളിയും വായിച്ച ഒരു പ്രതീതി

അസീസ്‌ said...

ഓണത്തിനു കിട്ടിയ പുത്തന്‍ നിക്കറും ഷര്‍ട്ടുമിട്ട് വിലസാനുള്ള അവസരം നഷ്ടപ്പെട്ടലെന്താ മാഷേ ബൂലോകത്തിന് നല്ലൊരു പോസ്റ്റ്‌ കിട്ടിയില്ലേ .

sandeep said...

G one mashey
Ormayundo nammudey LIC bachiney

pilachery said...

kozhippennu....I read the diary .
It is good.I think if you go through "the animal farm" by George
orvel you can give a philosophical
outlook and can raise the story
from primary school level
Kumaran Pilachery

Reji Puthenpurackal said...

ജനാര്‍ദ്ദനന്‍ സാര്‍......നന്നായിട്ടുണ്ട്. ...ചെറുപ്പത്തിലെ ഇത്തരം സംഭവങ്ങള്‍ പിന്നീട് രസകരങ്ങളായ ഓര്‍മ്മകളാണ്. "കണാരചെട്ടിയാര്‍" ഒരു പ്രതീകമാണ്". എല്ലാവര്ക്കും ഇങ്ങനെ ആരെയെങ്കിലും കുട്ടികാലത്ത് ഭയമുണ്ടാകും. കുട്ടികള്‍ ഭക്ഷണം കഴിച്ചില്ലങ്കില്‍ അമ്മമാര്‍ ഇങ്ങനെ ഓരോ കഥാപാത്രങ്ങളെ സൃഷ്ട്ടിക്കും. രസകരമെന്നു പറയട്ടെ ഇവര്‍ വളരെ നിരുഭദ്രാവകാരികളും ആയിരിക്കും.

Anonymous said...

കൊള്ളാം മാഷേ.. അസ്സലായി.,
എന്റെ ചെറുപ്പത്തില്‍ എനിക്കുമുണ്ടായിരുന്നു ഇങ്ങനെയൊരു ചെട്ടിയാര്‍. പക്ഷേ ഈ അനുഭവമുണ്ടായിട്ടില്ല. ഞാന സ്വാമിയെ ക്കാണ്ടിട്ടു കൂടിയില്ല. മിക്കവാറും എന്റെ ഉമ്മയുടെ ഒരു ഭാവനയായിരുന്നിരിക്കണം “പപ്പട സ്വാമി”യെന്നു വിളിക്കപ്പെട്ടിരുന്ന ആ ചെട്ടിയാര്‍.

(പരിചയപ്പെടാന്‍...
പേര്: മുഹമ്മദ് ശമീം
ബ്ലോഗുകള്‍:
ദിശ, നാവ്

Anonymous said...

mashinte ormasakthi aparam