പോസ്റ്റുകള്‍

Tuesday, April 12, 2011

സ്ക്കൂള്‍ ഡയറി - 8 മനസ്സിലൊരു സംഘനൃത്തം

          സ്ക്കൂള്‍ ഡയറിയുടെ കഴിഞ്ഞ ലക്കം പ്രസിദ്ധീകരിച്ചിട്ട് പത്തു പന്ത്രണ്ട് ദിവസങ്ങളായി. വ്യക്തിപരമായ ചില പ്രശ്നങ്ങളും വൈദ്യുതി, നെറ്റ് മേഖലയില്‍വന്ന തടസ്സങ്ങളും ആണതിനു കാരണം. ഇതിനിടെ ബ്ലോഗില്‍ കയറിയിറങ്ങിയ മാന്യ സുഹൃത്തുക്കളോട് ക്ഷമ ചോദിക്കുന്നു.
          വിഷയത്തിലേക്കു കടക്കാം. സ്ക്കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട ഒരു സംഭവമാണ്. ഇതില്‍ എന്തിത്ര പുതുമ എന്നു ചിന്തിക്കുന്നവരുണ്ടാകാം. ഞങ്ങളുടെ ഗ്രാമത്തിന്റെ അന്നത്തെ അവസ്ഥയും ഗതാഗത, വാര്‍ത്താവിനിമയ രംഗങ്ങളിലുണ്ടായിരുന്ന അന്നത്തെ പ്രശ്നങ്ങളും കൂടി ചേര്‍ത്തു വായിക്കുമ്പോഴേ ഇതിന്റെ സാംഗത്യം ബോധ്യപ്പെടുകയുള്ളൂ.
      എണ്‍പതുകളിലാണ്. ആ വര്‍ഷത്തെ സബ്ബ്ജില്ലാ കലോത്സവത്തില്‍ ഞങ്ങളുടെ സ്ക്കൂള്‍ എല്‍.പി. വിഭാഗം സംഘനൃത്തത്തില്‍ ഒന്നാം സ്ഥാനം നേടി ജില്ലാതല മത്സരത്തിന് യോഗ്യത നേടി. അതിനു മുമ്പും ശേഷവും ജില്ലയില്‍ മത്സരിച്ചിട്ടുണ്ടെങ്കിലും ഇതിനൊരു പ്രത്യേകതയുണ്ടായിരുന്നു. മത്സരാര്‍ത്ഥികളെല്ലാം രണ്ടാം ക്ലാസില്‍ പഠിക്കുന്ന കൊച്ചു കുഞ്ഞുങ്ങള്‍. വളരെയധികം താല്പര്യവും നൃത്തബോധവുമുള്ള ഏഴു പേരെ ഒരുമിച്ച്  ആ ക്ലാസില്‍ നിന്നു തന്നെ കിട്ടിയതിനാലാണ് മൂന്ന്,നാല് ക്ലാസുകാര്‍ അതില്‍ വരാതിരുന്നത്.
      ബാലുശേരി ഗവ.ഹയര്‍സെക്കന്ററി സ്ക്കൂളില്‍ വെച്ചാണ് മേള നടക്കുന്നത്. അത് ഞങ്ങളുടെ സ്ക്കൂളില്‍ നിന്നും കുറച്ചകലത്തിലാണ്. മത്സര ദിവസം കുട്ടികളെ ഉച്ചയ്ക്കുതന്നെ വീട്ടില്‍ വിട്ടു. വൈകുന്നേരം രക്ഷിതാക്കളുമായി സ്ക്കൂളിനടുത്തു തന്നെ താമസിക്കുന്ന രാധാമണി ടീച്ചറുടെ വീട്ടില്‍ ആറു മണിക്കു മുമ്പായി എത്താനായിരുന്നു നിര്‍ദ്ദേശം. പ്രോഗ്രാം നോട്ടീസു പ്രകാരം മത്സരം രാത്രി പത്തു മണിക്കായിരുന്നു നടക്കേണ്ടിയിരുന്നത്.
          ഞങ്ങള്‍ മൂന്ന് അധ്യാപകരും രണ്ട് അധ്യാപികമാരും അഞ്ചു മണിക്കു തന്നെ രാധാമണി ടീച്ചറുടെ വീട്ടിലെത്തി. കുട്ടികള്‍ ഓരോരുത്തരായി വന്നു തുടങ്ങി. പക്ഷെ നീതുവിനെ മാത്രം കണാനില്ല. ആറു മണി കഴിഞ്ഞിട്ടും കാണാതെ വന്നപ്പോള്‍ സദാനന്ദന്‍ മാസ്റ്റര്‍ ബൈക്കില്‍ അന്വേഷിച്ചു പോയി. മൊബൈല്‍ഫോണ്‍ പോയിട്ട് ലാന്റ്ഫോണ്‍ പോലും പരിസരപ്രദേശത്തൊന്നുമില്ല. പത്തു മിനിറ്റ് കഴിഞ്ഞപ്പോള്‍ മാഷെത്തി. "നീതുവിന്റെ അമ്മ പനിപിടിച്ച് ആശുപത്രിയിലാണ്. നീതുവിനെയും കൂട്ടി അവളുടെ അച്ഛന്‍ ശ്രീധരന്‍ അങ്ങോട്ട് പോയി. ഏതു ആശുപത്രിയിലാണെന്ന് ആര്‍ക്കുമറിയില്ല" മാഷ് പറഞ്ഞു നിര്‍ത്തി.
          സമയം ഏഴു മണി. പകരമിട്ടു കളിപ്പിക്കാന്‍ വേറൊരു കുട്ടിയില്ല. ആറു പേര്‍ക്ക് വൃത്തിയായി കളിക്കാനും പറ്റില്ല. പെട്ടെന്ന് തീരുമാനമെടുക്കാന്‍ വിദഗ്ദ്ധനാണ് കുഞ്ഞിമൊയ്തീന്‍ മാഷ്. 
         "നീതു വന്നില്ലെങ്കില്‍ നമുക്ക് പങ്കെടുക്കേണ്ട. ഇനി അടുത്ത വര്‍ഷം നോക്കാം"
         പിന്നീട് ഒരു കൂട്ടക്കരച്ചിലായിരുന്നു. ചെറിയ കുട്ടികളല്ലേ. ഡാന്‍സില്ല എന്നത് അവര്‍ക്കു സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. വന്ന രക്ഷിതാക്കളാകട്ടെ ഞങ്ങള്‍ക്കു നേരെ തിരിഞ്ഞു. നീതു വരാതിരുന്നത് അധ്യാപകരുടെ ശ്രദ്ധക്കുറവ് കൊണ്ടാണെന്നായിരുന്നു അവരുടെ കണ്ടുപിടുത്തം.

സമയം7.30. ഒരവസാനശ്രമം നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഒരു വാടകജീപ്പ് വിളിച്ചു. ഏഴു കി.മീ.അകലെയുള്ള കൊയിലാണ്ടി ടൌണിലേക്ക്. ഒരു സര്‍ക്കാര്‍ആശുപത്രി, മൂന്ന് സ്വകാര്യ ആശുപത്രികളും. എല്ലായിടത്തും കയറിയിറങ്ങി. പക്ഷെ നീതുവോ അവളുടെ രക്ഷിതാക്കളൊ അവിടെയെത്തിയിട്ടില്ല. തിരിച്ചു നാട്ടിലേക്ക്. ഏതാണ്ട് നാലു കിലോമീറ്റര്‍ഓടിക്കാണും. സ്കൂളിന്റ സമീപത്തുള്ള ഒരു ചെറുപ്പക്കാരന്‍ ജീപ്പിന് കൈനീട്ടി. അയാള്‍ നാട്ടിലേക്ക് നടക്കുകയാണ്. ഞങ്ങള്‍ മാഷമ്മാര്‍ എവിടെ നിന്നാണ് ജീപ്പും വിളിച്ചു വരുന്നത് എന്നന്വേഷിച്ചപ്പോള്‍ ഞങ്ങള്‍ മുഴുവന്‍ സംഭവങ്ങളും അയാളോട് പറഞ്ഞു.
     "അയ്യോ മാഷേ ഞാന്‍ അവിടുന്നു വരികയാണ്. ശീധരേട്ടന്റെ കൂടെ ഞാനും പോയിരുന്നു. വടകരയിലുള്ള ഒരാശുപത്രിയിലാണ് നീതുവിന്റെ അമ്മയുള്ളത്. ഞാന്‍ വരുമ്പോള്‍  നീതുവും അവിടെയുണ്ട്"
      എന്തു ചെയ്യണമെന്നറിയാതെ ഞങ്ങള്‍ ജീപ്പിലിരുന്നു. കരഞ്ഞുകൊണ്ടിരിക്കുന്ന ആറു കുഞ്ഞുങ്ങളുടെ ചിത്രം മനസ്സില്‍ നിന്നും മായുന്നില്ല. ജീപ്പ് വടകരയ്ക്ക് തിരിച്ചു വിട്ടു. പുള്ളി നടന്നുപോകാമന്നു പറഞ്ഞു. ഞങ്ങള്‍ വടകര പോയി നീതുവുമായി കഴിയുന്നത്ര വേഗത്തില്‍ തിരിച്ചെത്തുമെന്നുള്ള വിവരം ടീച്ചറുടെ വീട്ടില്‍ പറയാന്‍  അയാളെ ചുമതലപ്പെടുത്തുകയും ചെയ്തു.

         സമയം 8.30. ഞങ്ങള്‍ കുതിച്ചു പാഞ്ഞ് വടകര ആശുപത്രിയിലെത്തി. നീതുവിന്റെ അമ്മ കിടക്കുന്ന മുറിയിലെത്തി. പക്ഷെ കൂടെ നില്‍ക്കുന്ന ഒരു സ്ത്രീ മാത്രമേ അവരുടെ കൂടെയുള്ളൂ.
    "നീതു എവിടെ?" ഞങ്ങള്‍ ഒരുമിച്ചാണ് ചോദിച്ചത്. 
     "അവള്‍ അച്ഛന്റെ കൂടെ എന്റെ വീട്ടില്‍ പോയിരിക്കയാണ്. അവളെ അവിടെ നിര്‍ത്തിയിട്ടു വേണം ശ്രീധരേട്ടന് ഇങ്ങോട്ട് വരാന്‍"              നീതുവില്ലാതെ എങ്ങനെയാണ് ഡാന്‍സ് കളിക്കുക? ഞങ്ങളുടെ ധര്‍മ്മ സങ്കടം കണ്ട് അവര്‍ പറഞ്ഞു. 
   "നിങ്ങള്‍ ജീപ്പില്‍ വന്നതല്ലേ. വീട്ടില്‍ ചെന്ന് കൂട്ടിപ്പോയ്ക്കോളൂ" വീട്ടിലേക്കുള്ള വഴിയും പറഞ്ഞു തന്നു. അവിടെ നിന്നും 8 കി.മീ. ഇനിയും പോണം. ശരവേഗത്തില്‍ അവരുടെ വീട്ടിലേക്ക്.  മുറ്റത്ത് എത്തിയപ്പോള്‍ വാതില്‍ അടഞ്ഞു കിടക്കുന്നു. മുട്ടി വിളിച്ചപ്പോള്‍ ഒരു സ്ത്രീ 'അയ്യോ, എന്താണ്?' എന്ന് നിലവിളിച്ചുകൊണ്ട് പുറത്തേക്കു വന്നു. അപരിചിതരായ ഞങ്ങളെയും ജീപ്പുമെല്ലാം കണ്ട് അവര്‍ ഭയന്നു പോയിരുന്നു. കാര്യങ്ങളെല്ലാം ഒറ്റ ശ്വാസത്തില്‍ പറഞ്ഞുതീര്‍ത്ത് നീതുവിനെ വിളിച്ചുണര്‍ത്താന്‍ ആവശ്യപ്പെട്ടു.
 

"അയ്യോ അവള്‍ ഇവിടില്ലല്ലോ? "
ഒരിടിത്തീ തലയില്‍ വീണതുപോലെയാണ് ഞങ്ങള്‍ക്കു തോന്നിയത്.
 

"അവള്‍ എവിടെപ്പോയി?" അക്ഷമയോടെ ഞാന്‍ ചോദിച്ചു.
"ശ്രീധരേട്ടന്‍ അവളെയുംകൊണ്ട് ഇവിടെ വന്നപ്പോള്‍ എന്റെ ആങ്ങളയും മകളും ഇവിടെ ഉണ്ടായിരുന്നു. നീതു അവരുടെ കൂടെപ്പോയി"
"അതെവിടെയാണ്?"
"അതു കൊറച്ചു ദൂരെയാണ്. ഏതാണ്ട് മാഹി എത്തണം"
       വീട്ടുപേരും വഴിയുമെല്ലാം എഴുതിയെടുത്ത് വണ്ടി മാഹിയിലേക്ക്. ഡ്രൈവര്‍ പരമാവധി വേഗതയിലാണ് വണ്ടി ഓടിക്കുന്നത്. എന്നാല്‍ സമയമാണ് ശരവേഗത്തില്‍ പായുന്നത്. വഴിയില്‍ ആള്‍ക്കാര്‍ കുറഞ്ഞു തുടങ്ങി. അതു വീടന്വേഷിക്കാന്‍ വളരെ ബുദ്ധിമുട്ടുണ്ടാക്കി. എന്നിട്ടും ഒരു ഭഗീരഥശ്രമത്തിനു ശേഷം ആ വീട്ടില്‍ എത്തി. പക്ഷെ നിര്‍ഭാഗ്യത്തിന് അവിടെയും കുട്ടികളും ഒരു സ്ത്രീയും മാത്രമേയുള്ളു.
      ഞങ്ങള്‍ കാര്യങ്ങളെല്ലാം വിശദീകരിച്ചു. ഒരു നിമിഷം ആലോചിച്ച് അവര്‍ ചോദിച്ചു. 
       "നിങ്ങളെയൊന്നും എനക്ക് പരിചയമില്ലല്ലോ? ഇവിടെയാണെങ്കില്‍ കുട്ട്യോളെ അച്ഛനുമില്ല. പിന്നെ എങ്ങനെയാണ് മോളെ ഈ രാത്രി നിങ്ങളോടൊപ്പം പറഞ്ഞയക്ക്വാ"
      കുഞ്ഞിക്കണാരന്‍ മാസ്റ്റര്‍ ജനലിലൂ‍ടെ 'നീതൂ നീതൂ 'എന്നു ഉറക്കെ വിളിച്ചപ്പോള്‍ അവള്‍ ഉറക്കച്ചടവോടെ എഴുന്നേറ്റു വന്നു. ഞങ്ങളെക്കണ്ടതും കരച്ചിലാരംഭിച്ചു. നമ്മള്‍ക്ക ഡാന്‍സ് കളിക്കേണ്ടേ എന്നു ചോദിക്കുമ്പോഴേക്കും അവള്‍ ജീപ്പില്‍ ചാടിക്കയറി. അവളെ സുരക്ഷിതമായി നാളെ അവളുടെ അമ്മയുടെ അടുത്ത് എത്തിക്കാമെന്നു പറഞ്ഞിട്ടും ആ സ്ത്രീക്ക് സമ്മതമായില്ല. ജീപ്പിന്റെ ശബ്ദവും ഞങ്ങളുടെ ഉറക്കെയുള്ള സംസാരവും കേട്ട് അയല്‍വാസികളായ രണ്ടു വൃദ്ധന്മാര്‍ അങ്ങോട്ട് കയറി വന്നു. നീതുവിന്റെ അധ്യാപകരാണെന്നു പറഞ്ഞപ്പോള്‍ അവര്‍ നീതുവില്‍ നിന്നും സംശയനിവൃത്തി വരുത്തി. അര്‍ധ അനുവാദം കിട്ടുമ്പോഴേക്കും ജീപ്പ് ഓടിത്തുടങ്ങിയിരുന്നു.
            രാധാമണി ടീച്ചറുടെ വീട്ടില്‍ എത്തുമ്പോഴേക്കും 11 മണി കഴിഞ്ഞിരുന്നു. കുട്ടികളൊക്കെ അവിടെ കിടന്നുറങ്ങുന്നു. 
      "മത്സരസ്ഥലത്ത് എത്തുമ്പോഴേക്കും 11.45 എങ്കിലുമാവും.  പിന്നെ  മെയ്ക്കപ്പ്, ഡ്രസ്സിങ്ങ് മുതലായവയും. ഇത്രയും വൈകി എനി പോണോ?" 
         ഒരു രക്ഷിതാവിന്റെതാണ് ചോദ്യം. അതു കേട്ടപ്പോള്‍ അരിശമാണ് തോന്നിയത്. കുട്ടികളെ വിളിച്ചുണര്‍ത്തി ജീപ്പില്‍ക്കയറ്റി. അടുത്ത ഓട്ടം ബാലുശേരിയിലേക്ക്. വ്യര്‍ത്ഥമായ യാത്രയാണെന്നു കരുതി എല്ലാവരും മിണ്ടാതെ കുനിഞ്ഞിരിക്കുന്നു.
        ബാലുശേരി എത്തി. ഞാനിറങ്ങി വേദിക്കു പുറകിലേക്കോടി. അവിടെ എത്തിയപ്പോഴല്ലേ രസം. എല്‍.പി.വിഭാഗം സംഘനൃത്തം തുടങ്ങിയിട്ട് പോലുമില്ല! മൂന്ന് നാല് ടീം റെഡിയായി സ്റ്റേജിനു പുറകിലുണ്ട്. കുട്ടികളെ കഴിയുന്നത്ര വേഗത്തില്‍ ഒരുക്കി. അവതരണത്തിനു ഒമ്പതാമത്തെ നമ്പറാണ് കിട്ടിയത്. കാത്തിരുന്ന് കാത്തിരുന്ന് കുഞ്ഞുങ്ങള്‍ക്കുറക്കം വന്നു തുടങ്ങി.നീതു പറഞ്ഞു.     
    "എനിക്കെന്റെ അമ്മയെ കാണണം"
   "ഇപ്പോള്‍ അമ്മയെ കാണാനൊന്നും പറ്റില്ല. മിണ്ടാതവിടെ ഇരുന്നോ"  
     രാധാമണി ടീച്ചറാണ്. ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും സ്നേഹസമ്പന്നയും ഊര്‍ജ്ജസ്വലയും പ്രവര്‍ത്തനന നിരതയുമാണ് ടീച്ചര്‍. പക്ഷെ സംസാര രീതി ഇതാണ്. ഒറ്റ വെട്ട്, രണ്ടു കഷണം. നീതു ഉറക്കെക്കരയാന്‍ തുടങ്ങി. കണ്ണീരിനാല്‍ മെയ്ക്കപ്പ് ഒലിച്ചു പോവാന്‍ തുടങ്ങുന്നു. ഞാന്‍ അടുത്ത് ചെന്ന് കൈനീട്ടി. അവള്‍ എന്റെ കയ്യിലേക്ക്. മേക്കപ്പ്, ഡ്രസ്സ്, തലയില്‍  കിരീടവും മറ്റു ചമയങ്ങളും. മറ്റൊന്നും നോക്കിയില്ല. തോളത്തിട്ടു നടന്നു ഞാന്‍ പുറത്തു തട്ടി പറഞ്ഞു. "അമ്മയെ മാഷ് കാണിച്ചുതരാം" അവള്‍ എന്റെ തോളില്‍ക്കിടന്ന് സുഖമായുറങ്ങി. എട്ടാമത്തെ ടീം കളിച്ചു തുടങ്ങിയപ്പോള്‍ അവളെ ഉണര്‍ത്താന്‍ നോക്കി. പക്ഷെ ഉണരുന്നില്ല. അടുത്തത് ഞങ്ങളാണ്. കുട്ടികളെല്ലാം വേദിയിലെത്തി. നീതുവിനെ അവരുടെ ഇടയില്‍ക്കൊണ്ടുപോയി അവളുടെ സ്ഥാനത്ത് നിര്‍ത്തി ചെവിയില്‍ ഉരക്കെപ്പറഞ്ഞു. ഇതാ ഡാന്‍സ് തുടങ്ങാറായി. അവള്‍ കണ്ണ് തുറന്നു ബാക്കിയുള്ളവരെയെല്ലാം കണ്ടു. പെട്ടെന്നൊരു പുതുജീവന്‍ കൈവന്നതു പോലെ അവള്‍ തുടക്കത്തിലെ നിശ്ചല ദൃശ്യത്തിന്റെ ഭാഗമായി. ഞാന്‍ ഓടി സൈഡ് കര്‍ട്ടന്റെ പിന്നിലൊളിച്ചു. പാട്ടു തുടങ്ങി. നൃത്തം ആരംഭിച്ചു. കുട്ടികള്‍ നന്നായി കളിക്കുകയും ചെയ്തു.
മത്സരഫലം വന്നപ്പോള്‍ ഞങ്ങള്‍ക്ക് മൂന്നാം സ്ഥാനമുണ്ട്! തിരിച്ചു ടീച്ചറുടെ വീട്ടില്‍ എത്തുമ്പോള്‍ മൂന്നു മണി കഴിഞ്ഞിരുന്നു. യഥാര്‍ത്ഥത്തില്‍ സംഘനൃത്തം ഞങ്ങളുടെതായിരുന്നു. അഞ്ചെട്ടു മണിക്കൂര്‍ നീണ്ടു നിന്ന സംഘനൃത്തം!

1 comment:

ajith said...

ആ വെപ്രാളവും ഓട്ടവുമൊക്കെ സങ്കല്പത്തില്‍ കാണുന്നു. എന്തായാലും നല്ലൊരു ഫലമുണ്ടായല്ലോ. അനുഭവവിവരണം ഭംഗിയായി മാഷേ