പോസ്റ്റുകള്‍

Tuesday, April 26, 2011

സ്ക്കൂള്‍ ഡയറി -3 അബ്ദുറഹിമാന്‍ മാഷും ഓട്ടവും


                  അബ്ദുറഹിമാന്‍ മാഷും ഓട്ടവും 
                  **********************

           സ്ക്കൂള്‍ ഡയറിയിലെ കഴിഞ്ഞ രണ്ട് അധ്യായങ്ങളില്‍ നിഷ്കളങ്കരായ രണ്ട് വ്ദ്യാര്‍ത്ഥികളെയാണ് ഞാന്‍ പരിചയപ്പെടുത്തിയത്. ഇനി രണ്ട് അധ്യായങ്ങളില്‍ രണ്ട് അധ്യാപകരാണ്. ഒരു ഹെഡ്മാസ്റ്ററും ഹെഡ് മിസ്ട്രസ്സും. രണ്ടു പേരും നിഷ്കളങ്കര്‍ തന്നെ. ഇതു വായിച്ചു കഴിയുമ്പോള്‍ ഇതിലെ സംഭവഗതികള്‍ നിങ്ങള്‍ക്ക് അവിശ്വസനിയമായി തോന്നാം. ആ അവിശ്വസനീയത തന്നെയാണ് ഈ അനുഭവക്കുറിപ്പിന്റെ സാംഗത്യവും. എന്നാല്‍ എന്റെ സത്യ സന്ധതയില്‍ സംശയം തോന്നരുത്. എന്റെ ക്ലസ്റ്റര്‍ കളരി പരമ്പര ദൈവങ്ങളാണേ സത്യം ഇതിലെ കഥാപാത്രങ്ങളുടെ പേരു മാത്രമേ ഞാന്‍ മാറ്റിപ്പറയുന്നുള്ളു. യഥാര്‍ഥത്തിലുള്ള പേരെഴുതി അവര്‍ക്കോ അവരുടെ സ്വന്തക്കാര്‍ക്കോ മനോവിഷമം ഉണ്ടാക്കരുത് എന്ന ഉദ്ദേശ്യത്താല്‍ മാത്രം. ഇന്ന് ഹെഡ് മാസ്റ്ററുടെ കഥ പറയാം.

         2004-05 വര്‍ഷത്തെ സബ്ബ് ജില്ലാ സ്പോര്‍ട്സ് നടക്കുകയാണ്. കൊയിലാണ്ടി മുനിസിപ്പല്‍ സ്റ്റേഡിയമാണ് വേദി. കിഡ്ഡീസ് വിഭാഗം ആണ്‍കുട്ടികളുടെ അമ്പത് മീറ്റര്‍ ഓട്ടപ്പന്തയം നടന്നു കൊണ്ടിരിക്കുന്നു. അവസാന ഹീറ്റ്സിനുള്ള ഒരുക്കങ്ങള്‍ നടക്കവേ മൈക്ക് അനൌണ്‍സ് മെന്റ്.
"സ്റ്റാര്‍ട്ടേര്‍സ്, പ്ലീസ് ഇന്‍ക്ളൂഡ് ചെസ്റ്റ് നമ്പേര്‍സ് 235 & 236 ഇന്‍ ഫിഫ്റ്റി മീറ്റേര്‍സ് റെയ്സ് ഫോര്‍ കിഡ്ഡീസ് ബോയ്സ്.”

         പവലിയന്‍ ഭാഗത്തേക്കു നോക്കുമ്പോള്‍ ഒരാള്‍ രണ്ടു കുട്ടികളുമായി സ്റ്റാര്‍ട്ടിംഗ് പോയന്റിലേക്ക് ഓടി വരുന്നു. അതും മത്സരിക്കുന്നതിനേക്കാള്‍ വേഗത്തില്‍.

           …..........ജി.യു.പി സ്ക്കൂളിലെ ഹെഡ് മാസ്റ്റര്‍ അബ്ദുറഹിമാന്‍ മാഷും രണ്ട് അത് ലറ്റുകളും. മാഷ് ഏതോ ഓണം കേറാമൂലയിലെ ഒരു സ്ക്കൂളില്‍ ആയിരുന്നു. അവിടെ സ്പോര്‍ട്സ് നടക്കാറുണ്ടായിരുന്നോ എന്നറിഞ്ഞു കൂടാ. മാഷേതായാലും അമ്മാതിരി ബുദ്ധിമുട്ടിനൊന്നും ഇതുവരെ മെനക്കെട്ടിരുന്നില്ല. ഇപ്പോള്‍ പ്രമോഷനായി ഈ സ്ക്കൂളില്‍ ഹെഡ് മാസ്റ്ററായി എത്തിയതാണ്. 'രണ്ടെങ്കില്‍ രണ്ട് 'കുട്ടികളെ സ്പോര്‍ട്സില്‍ പങ്കെടുപ്പിക്കണമെന്ന് വാശി പിടിച്ച ദിവാകരന്‍ മാഷ് രണ്ടു ദിവസമായി ലീവിലാണ്. ഏതു പണി പറഞ്ഞാലും മടി കൂടാതെ കൃത്യമായി ഏറ്റെടുക്കുന്ന അറബി അധ്യാപകന്‍ ബഷീര്‍ മാഷ് മോട്ടോര്‍ സൈക്കിളില്‍ നിന്നു വീണ് പരിക്കു പറ്റി ആശുപത്രിയിലും.
        
           അബ്ദുറഹിമാന്‍ മാസ്റ്റര്‍ക്ക് എന്തായാലും ഏ..ഒ ആപ്പീസില്‍ പോകണം. ആപ്പീസ്, ഗ്രൌണ്ടില്‍ നിന്നും വലിയ അകലത്തിലല്ല താനും. എന്നാല്‍ കുട്ടികളെ താന്‍ തന്നെ ഗ്രൌണ്ടിലെത്തിക്കാം എന്നു കരുതിയതാണ്. അതാണ് ഈ താമസത്തിന്റെ കാരണം.
 
          ഹീറ്റ്സില്‍ ഭാഗ്യത്തിന് ആറു പേരെ ഉണ്ടായിരുന്നുള്ളു. ഈ രണ്ടു കുട്ടികളെയും ഉള്‍പ്പെടുത്തി മത്സരം പുനരാരംഭിച്ചു.

           "ഓണ്‍ യുവര്‍ മാര്‍ക്ക്" എന്റെ നിര്‍ദ്ദേശം കേ‍ട്ട് കുട്ടികള്‍ 'ക്രൌച്ച് 'പോസിഷനില്‍ ഇരുന്നു. അതു കണ്ട് അബ്ദുറഹിമാന്‍ കുട്ടികളും ഇരുന്നു. ചുവന്ന കൈയുറയും വെളുത്ത കൊടിയും ഉയര്‍ത്തി 'സെറ്റ്' പറഞ്ഞു. വിസില്‍ വിളിക്കാന്‍ നോക്കുമ്പോള്‍ അബ്ദുറഹിമാന്‍ സാര്‍ അദ്ദേഹത്തിന്റെ കുട്ടികളോട് എണീറ്റ് നില്‍ക്കാന്‍ കൈയാംഗ്യം കാണിച്ചു. അവര്‍ എഴുന്നേറ്റു നിന്നു.

          "നമ്പര്‍ 235 & 236 ഫസ്റ്റ് ഫൌള്‍ ഓണ്‍ യു. ഇനി ഒരു തവണ ആരു ഫൌള്‍ ചെയ്താലും അവര്‍ ഔട്ടാകും.” ഞാന്‍ ഓര്‍മ്മിപ്പിച്ചു.

          അബ്ദുറഹിമാന്‍ സാര്‍ എന്റെ നേരെ തിരിഞ്ഞു. "നിങ്ങള്‍ എവിടുത്തെ മാഷാണ് ഹേ! ഇരുന്നാല്‍ കുട്ടികള്‍ക്ക് ഓടാന്‍ പറ്റ്വോ? കാലു കൊണ്ടല്ലേ ഓടുന്നത്!”

         "ബാക്കിയുള്ള കുട്ടികളെല്ലാം ഇരിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ" ഞാന്‍ അനുനയ സ്വരത്തില്‍ ചോദിച്ചു.

         "ന്നാല്‍ കെടന്നോട്ടെ.... വിസിലു കേള്‍ക്കുമ്പോള്‍ എണീറ്റ് ഓടിയാല്‍ മതിയല്ലോ" മാഷുടെ മറുപടി

               ആ കുട്ടികളില്‍ ഒരാളുടെ രക്ഷിതാവായിരിക്കും അദ്ദേഹമെന്നാണ് ഞാനപ്പോള്‍ കരുതിയിരുന്നത്.
"താങ്കള്‍, അതാ ആ കാണുന്ന ഗാലറിയില്‍ പോയിരിക്കൂ. കുട്ടികളെ ഞങ്ങള്‍ ഓടിച്ചോളാം.”
വിനയം കൈവിടാതെ ഞാന്‍ വീണ്ടും പറഞ്ഞു.എന്നെയെന്തെല്ലാമോ പ്രാകിക്കൊണ്ട് അദ്ദേഹം നടന്നകന്നു. മത്സരം നടന്നു. കുട്ടികളെ പവലിയനില്‍ ഇരുത്തി അബ്ദുറഹിമാന്‍ സാര്‍ ഏ..ഒ ആപ്പീസില്‍ പോയി.

           ഉച്ചയ്ക്കു ശേഷം 200 മീറ്റര്‍ ഓട്ട മത്സരം നടക്കുമ്പോഴാണ് അദ്ദേഹം തിരിച്ചു വന്നത്. പവലിയനില്‍ കുട്ടികളെ കാണുന്നില്ല. അദ്ദഹം സ്റ്റാര്‍ട്ടിംഗ് പോയന്റില്‍ വന്നു നോക്കി. മത്സരം തുടങ്ങാന്‍ പോവുകയാണ്. കുട്ടികള്‍ അവരവരുടെ 'സ്റ്റാഗറില്‍' റെഡിയായി നില്‍ക്കുന്നു. ഞാന്‍ സ്റ്റാര്‍ട്ട് കൊടുക്കുന്നതിനു വേണ്ടി മൈക്ക് പോയന്റിനടുത്തേക്കു നീങ്ങി.

        "കോംപീറ്റേറ്റേര്‍സ്, ഓണ്‍ യുവര്‍ മാര്‍ക്ക്"- മൈക്കിലൂടെ ആദ്യ നിര്‍ദ്ദേശം വന്നതും കഥാനായകന്‍ ട്രാക്കിലേക്കു ചാടിക്കയറിയതും ഒരുമിച്ചായിരുന്നു.

         "ഇതു ഞാന്‍ സമ്മതിക്കില്ല.” എട്ടാം ലെയിനില്‍ മുന്നിലുള്ള സ്റ്റാഗറില്‍ നില്‍ക്കുന്ന കുട്ടിയെ ചൂണ്ടി മാഷ് പറഞ്ഞു. "എന്റെ കുട്ടി ദാ, ഏറ്റവും പുറകെ. ഒരുത്തനിതാ ഇവിടെ മുമ്പില്‍. ഇതു ഞാന്‍ സമ്മതിക്കില്ല.”

         ഞാന്‍ അദ്ദേഹത്തെ അനുനയിപ്പിക്കാനും കാര്യം പറഞ്ഞു മനസ്സിലാക്കാനും അരികിലേക്കു ചെന്നു. ഉടന്‍ മാഷെന്റ നേരെ തട്ടിക്കയറി.

       "ഇങ്ങളൊരു മാഷാണോ? ഈ മത്സരിക്കുന്നതു ചെറിയ കുട്ടികളല്ലേ? ഒരാളെ മുമ്പില്‍, മറ്റുള്ളോരൊക്കെ പുറകില്‍ പുറകില്‍. എന്റെ കുട്ടി ഏറ്റവും പുറകില്‍.ഇപ്പണി നിങ്ങളല്ലാണ്ട് വേറെ ആരെങ്കിലും ചെയ്യ്വോ?”
 
         നിരവധി മത്സരങ്ങള്‍ കണ്ടു പരിചയമുള്ള കാണികളാണ്. മാഷുടെ വാദഗതികള്‍ കേട്ടപ്പോള്‍ അവരെല്ലാം ചിരിക്കാന്‍ തുടങ്ങി. ഞാന്‍ ചെയ്ത വിഡ്ഢിത്തം കണ്ടിട്ടാണ് അവര്‍ ചിരിക്കുന്നതെന്ന് മാഷ് തെറ്റിദ്ധരിച്ചു. അദ്ദേഹം ട്രാക്കില്‍ കുത്തിയിരുന്നു. അവിടെ നിന്ന് വിളിച്ചു പറഞ്ഞു.

    "കുട്ടികളെ എങ്ങനെയാണ് വരിയില്‍ നിര്‍ത്തി ഓടിക്കേണ്ടതെന്നു പോലും അറിയാത്ത ഈ 'പവറനെ' മാറ്റിയാലെ ഞാന്‍ ഇവിടെ നിന്ന് എഴുന്നേല്‍ക്കുകയുള്ളൂ.”

വളണ്ടിയര്‍മാര്‍ ഒത്തു കൂടി. ജനം വളഞ്ഞു. പോലീസെത്തി

          "എണീറ്റ് അങ്ങോട്ട് മാറി നില്‍ക്കെടോ" ഒരു പോലീസുകാരന്‍ പറഞ്ഞു

        "സാറേ 'എഷ്മാഷാണ്.” സദസ്സില്‍ നിന്നൊരാള്‍.

       അപ്പോഴേക്കും ഏ..ഒ സ്ഥലത്തെത്തി. കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കി അദ്ദേഹം മാഷിന്റെ ചെവിയില്‍ എന്തോ പറഞ്ഞു. മനസ്സില്ലാ മനസ്സോടെ ആപ്പീസറുടെ കൂടെ നടക്കുമ്പോള്‍ ഒന്നു കൂടെ എന്നെ തിരിഞ്ഞു നോക്കി പറ‍ഞ്ഞു

"ന്നാലും സാറേ, കുട്ടികളെ ങ്ങനെ വേറെ വേറെ മുമ്പിലും പുറകിലുമായി നിര്‍ത്തി ഓടിക്കുന്നതു ശര്യല്ലട്ടോ......."

7 comments:

Janardanan c m said...

അപ്പോഴേക്കും ഏ.ഇ.ഒ സ്ഥലത്തെത്തി. കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കി അദ്ദേഹം മാഷിന്റെ ചെവിയില്‍ എന്തോ പറഞ്ഞു.
ഏ.ഇ.ഒ മാഷിന്റെ ചെവിയില്‍ പറഞ്ഞതെന്തായിരിക്കും? ഊഹിക്കാമോ?

ഗീതാസുധി said...

ഹഹഹ.ചിരിക്കാതെന്തു ചെയ്യും?

കൂതറHashimܓ said...

:)

അസീസ്‌ said...

ഹ ഹ
അടുത്തത്‌ പോരട്ടെ.

Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

സ്കൂള്‍ വിശേഷങ്ങള്‍ രസകരം ആയിട്ടുണ്ട്‌..

Prinsad said...

മാഷ് വീണ്ടും സ്ക്കുളിലേക്ക് കൊണ്ട് പോയി...

SHINEED said...

chirikkathe vayya