പോസ്റ്റുകള്‍

Saturday, February 14, 2015

വാലന്റൈന്‍ ദിനംഇന്ന് വാലന്റൈന്‍ ദിനം, ആയിക്കോട്ടെ!
രണ്ടുമൂന്നാഴ്ച മുമ്പ്. സംസ്ഥാന യുവജനോത്സവം നടക്കുന്ന സമയം. ഞാന്‍ അതി രാവിലെ തന്നെ മേള നഗരിയിലേക്കു പോവുകയാണ്. വീട്ടില്‍ നിന്ന് പുലര്‍ച്ചെ പുറപ്പെട്ടു. 7 മണിക്ക് കൊയിലാണ്ടിയില്‍ എത്തി. ഇരുന്നു പോകാമെന്നു കരുതി ലൈന്‍ബസ്സിലാണ് പോവുന്നത്. ഡ്രൈവര്‍ക്കു വണ്ടി ഓടിക്കുന്നതിലും താല്പര്യം നിര്‍ത്തിയിടുന്നതിലാണെന്ന് പെട്ടെന്ന് തന്നെ മനസ്സിലായി. എല്ലാ സ്റ്റോപ്പിലും സ്റ്റോപ്പില്ലാത്ത സ്ഥലത്തും നിര്‍ത്തും. ആളുകള്‍ കയറിയാലും ഇനി ആരെങ്കിലും വരുമെന്ന പ്രതീക്ഷയില്‍ കുറച്ചു കൂടി കാത്തിട്ടേ പോവൂ. കൂടുതലും സ്ക്കൂള്‍ കുട്ടികളാണ് കയറുന്നത്.
നാലഞ്ചു സ്റ്റോപ്പുകള്‍ കഴിഞ്ഞപ്പോഴാണ് അവള്‍ കയറി വന്നത്. വെളുത്തു മെലിഞ്ഞ് ഒരു വിദ്യാര്‍ഥിനി. പത്തിലോ പതിനൊന്നിലോ പന്ത്രണ്ടിലോ പഠിക്കുന്നവളായിരിക്കും. വലിയൊരു ബാഗും ചുമലിട്ട് അവള്‍ തിരക്കിന്നിടയിലൂടെ നുഴഞ്ഞുകയറി ഏതാണ് മധ്യ ഭാഗത്തിരിക്കുന്ന എന്റ അരികില്‍ വന്നു നിലയുറപ്പിച്ചു. പെട്ടെന്ന് അവള്‍ തോളത്തു നിന്നും ബാഗ് ഊരിയെടുത്ത് എന്റെ സമ്മതമോ അനുവാദമോ കൂടാതെ എന്റെ മടിയിലേക്കിട്ടു. ഹെന്റമ്മോ! ഒരു ഇരുപത് ഇരുപത്തഞ്ചു കിലോ ഭാരം വരും. എന്റെ കാലുകള്‍ ‍ഞെരിഞ്ഞമര്‍ന്നു പോയി.
ഞാനല്പം ദേഷ്യഭാവത്തില്‍ അവളെയൊന്നു നോക്കിയെങ്കിലും അവളതു കാര്യമാക്കിയില്ല.

അല്പ സമയം കഴിഞ്ഞപ്പോള്‍ അവളുടെ ഫോണ്‍ ബാഗില്‍ ശബ്ദിച്ചു. മെസേജു വന്ന ശബ്ദമാണ്. എന്റെ മടിയിലിരിക്കെത്തന്ന ബാഗാ തുറന്നു അവള്‍ ഫോണ്‍ കയ്യിലെടുത്തു. സാംസഗിന്റെ വിലകൂടിയ ഫോണ്‍. പിന്നീട് ഒരഭ്യാസ പ്രകടനമായിരുന്നു. രണ്ടു കയ്യും പിടി വിട്ട് സീറ്റില്‍ ചാരി നിന്ന് ഇരുപെരുവിരലും ധ്രുതഗതിയില്‍ ചലിപ്പിച്ച് മെസേജുകള്‍ പോയിക്കൊണ്ടിരുന്നു.എന്റെ കണ്‍മുമ്പില്‍ വെച്ചാണ് ടൈപ്പിംഗ്. ഇത്രയും വേഗത്തില്‍ മൊബൈലില്‍ ടൈപ്പ് ചെയ്യുന്നത് ഞാന്‍ ആദ്യമായി കാണുകയാണ്. ചെയ്യാന്‍ പാടില്ലാത്തതാണെങ്കിലും ഇടയ്ക്ക് ഞാന്‍ അതില്‍ നോക്കിക്കൊണ്ടിരുന്നു. അപ്പുറത്ത് ബോയ്ഫ്രണ്ടാണ്.
ബസ്സ് ഇഴയുകയാണ്. മിനിട്ടുകള്‍ മണിക്കൂറിലെത്താനായി. ബാഗിന്റെ ഭാരം എനിക്ക് അസഹ്യമായിത്തുടങ്ങിയിരിക്കുന്നു. ഞാന്‍ അപ്പീലിനു വന്നവരുടെ നീണ്ട ക്യൂ സ്വപ്നംകണ്ട് ഒന്നു മയങ്ങി. നഗരത്തിനടുത്തുള്ള ഒരു സ്റ്റോപ്പില്‍ ബസ്സു നിന്നു. അപ്പോഴും അവളുടെ നേര്‍ത്ത വിരലുകള്‍ കീബോര്‍ഡില്‍ സംഹാരതാണ്ഡവമാടുകയാമ്. പെട്ടെന്ന് എന്തോ ബോധോദയമുണ്ടായി അവള്‍ ഇഹലോകത്തിലേക്കു തിരിച്ചു വന്നു. ബസ്സ് ഇളകിത്തുടങ്ങിയിരുന്നു. അവള്‍ നിര്‍ദ്ദാക്ഷിണ്യം ബാഗ് മടിയില്‍ നിന്നും വലിച്ചെടുത്തു. ഇടതുതോളില്‍ബാഗും വലതു കയ്യില്‍ മൊബൈലുമായി റോഡിലേക്കു ചാടി വീണു. അതേ യൂനിഫോമിലുള്ള കൂട്ടുകാരികലുടെ ഇടയിലേക്ക് കൂടി.
ഇന്ന് ഈ വാലന്റൈന്‍ ദിനത്തില്‍ ആ കൊച്ചിന് എല്ലാ ഭാവുകങ്ങളും നേരുന്നു