പോസ്റ്റുകള്‍

Sunday, September 25, 2011

മദ്യത്തിനും വിവാഹധൂര്‍ത്തിനുമെതിരെ 'ആരവം'; അരിക്കുളം മാതൃകയാവുന്നു




               'മദ്യവിമുക്തഭവനം' ആര്‍ഭാടരഹിതവിവാഹം' എന്ന സന്ദേശമുയര്‍ത്തി അരിക്കുളം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന 'ആരവം' പദ്ധതി ഗാന്ധിജയന്തിദിനമായ ഒക്ടോബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്യുന്നതോടെ സംസ്ഥാനതലത്തില്‍ത്തന്നെ ശ്രദ്ധേയമാകും. ഒരുവര്‍ഷത്തെ തുടര്‍ച്ചയായ പ്രവര്‍ത്തനത്തിലൂടെ അരിക്കുളം ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ മദ്യവിമുക്ത പഞ്ചായത്താക്കുക, വിവാഹവേളകളിലെ ധൂര്‍ത്ത് അവസാനിപ്പിക്കുക എന്നിവയാണ് 'ആരവം' പദ്ധതിയുടെ ലക്ഷ്യം. അരിക്കുളം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും വിദ്യാഭ്യാസസ്ഥാപനങ്ങളും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.


കാര്‍ഷിക -കാര്‍ഷികാനുബന്ധ ജോലികളില്‍ ഇടപെടുന്നവരാണ് അരിക്കുളം ഗ്രാമപഞ്ചായത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും.


പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ 75 കുടുംബങ്ങളില്‍ (രണ്ട് അയല്‍ക്കൂട്ടം) മാത്രമായി സര്‍വെ നടത്തിയപ്പോള്‍ അതില്‍ 35 വീടുകളിലും മദ്യപാനികള്‍ ഉള്ളതായി കാണാന്‍ കഴിഞ്ഞു. ഇതില്‍ 18 വീടുകളിലും സ്ഥിരം മദ്യപാനി ഒരുദിവസം മദ്യം കഴിക്കാനായി ചെലവിടുന്നത് 100രൂപയില്‍ കൂടുതലാണ്. ഈ കണക്കുപ്രകാരം രണ്ട് അയല്‍ക്കൂട്ടങ്ങളില്‍നിന്നായി 54,000 രൂപ ഒരുമാസം മദ്യത്തിനായി ചെലവിടുന്നു. 13 വാര്‍ഡുകളിലായി 140 അയല്‍ക്കൂട്ടങ്ങള്‍ അരിക്കുളം പഞ്ചായത്തിലുണ്ട്. അങ്ങനെ വരുമ്പോള്‍ ഏകദേശം 24 ലക്ഷംരൂപയോളം ഒരുമാസം മദ്യത്തിനായി ഈ കൊച്ചുഗ്രാമം ചെലവഴിക്കുന്നു.


പ്രദേശത്തെ വിവാഹാഘോഷങ്ങളും അനുബന്ധ പരിപാടികളും അനുദിനം ആര്‍ഭാടമാകുകയാണ്. പുതിയ പുതിയ ചടങ്ങുകള്‍ ആളുകള്‍ മത്സരാടിസ്ഥാനത്തില്‍ കൊണ്ടുവരികയാണ്. ഇതിനൊക്കെ പങ്കടുപ്പിക്കുന്നവരുടെ എണ്ണവും കൂടിക്കൂടി വരുന്നു. ഈ അവസരങ്ങളെല്ലാം മദ്യ സല്‍ക്കാരവേളകളുമാവുന്നു എന്നതാണ് അതിലേറെ അപകടകരമാവുന്നത്.


ഇത്തരമൊരു സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്ത് ഈ പദ്ധതിയുമായി രംഗത്തു വന്നിരിക്കുന്നത്.
ഒക്ടോബര്‍ രണ്ടിന് സാമൂഹികക്ഷേമവകുപ്പുമന്ത്രി എം.കെ. മുനീര്‍ പദ്ധതി ഉദ്ഘാടനംചെയ്യും. ഉദ്ഘാടന ദിവസം ആയിരംപേര്‍ പങ്കെടുക്കുന്ന ഉപവാസം സമൂഹ ചിത്രരചന, കവിസമ്മേളനം, സെമിനാര്‍ എന്നിവയെല്ലാം നടക്കും. ഡോ. സുകുമാര്‍ അഴീക്കോട് പ്രഭാഷണം നടത്തും. പദ്ധതിയുടെ വിജയത്തിനായി 13000 പേര്‍ അണിനിരക്കുന്ന മനുഷ്യച്ചങ്ങല ഒറവിങ്കല്‍ താഴെ മുതല്‍ തണ്ടയില്‍ താഴെ വരെ (കൊയിലാണ്ടി - അഞ്ചാംപീടിക റോഡില്‍) നടത്തും. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പദ്ധതിപ്രചാരണത്തിനായി സെമിനാര്‍, ഭവനസന്ദര്‍ശനം എന്നിവയും നടത്തും.
പദ്ധതിയുടെ ഭാഗമായി അമിതമായി മദ്യപിക്കുന്ന (മദ്യാശ്രയത്വം) വ്യക്തികളെ കണ്ടെത്തി ചികിത്സയ്ക്ക് വിധേയമാക്കും. കോഴിക്കോട് സുരക്ഷ, മാവൂര്‍ ശാന്തി തുടങ്ങിയ ലഹരിവിമോചന ചികിത്സാകേന്ദ്രങ്ങളുമായി സഹകരിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം നടത്തുക. 2012 ജനവരി 26 ന് അരിക്കുളത്തെ മദ്യവിമുക്ത - ആര്‍ഭാടരഹിത ഗ്രാമമായി പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്.

6 comments:

somanmi said...

GOOD ATTEMPT. ALL THE BEST

ajith said...

പ്രയത്നം വിജയിക്കട്ടെ

mini//മിനി said...

ഏതാനും ദിവസം മുൻപ് ടീവിയിൽ ഒരു വാർത്ത കണ്ടു. ഒരു പഞ്ചായത്തിൽ മദ്യഷാപ്പ് ഇല്ലാത്തതുകൊണ്ട് ജനങ്ങൾക്കുള്ള കഷ്ടപ്പാടുകൾ; പലരുമായും അഭിമുഖം നടത്തിയപ്പോൾ കുടിയന്മാരുടെ പ്രതിഷേധങ്ങളും വാർത്തയായി.
അതും ഈ കേരളത്തിൽ തന്നെയാ‍ാ,,,

jokrebel said...

https://lh4.googleusercontent.com/-8UmYq0WTMnE/ToNCjKIVZiI/AAAAAAAABHU/mp9D6MO4l88/s576/ARAVAM_8X6.jpg

Unknown said...

good affort....i think it should be the 1st step of movment ...
i wish u good luck

sunil kumar N said...

it was very nice to read abt this fundamental issue being well taken with the active particaption of the people.there is no doubt that drinking habit is the major cause for all the problems.
best wishes and feeling proud of our village .