പോസ്റ്റുകള്‍

Wednesday, August 31, 2011

അലമേലുവിന് ആരാകണം?



           ബസ്സില്‍ ഭയങ്കര തിരക്ക്. ശ്വാസം വിടാന്‍ പോലും സ്ഥലമില്ല. അലമേലു കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക്ക് കവര്‍ കഴിയുന്നത്ര തന്നോടടുക്കിപ്പിടിച്ചു. സ്ക്കൂളില്‍ പത്തു വര്‍ഷം തപസ്സിരുന്ന് ലഭിച്ച സര്‍ട്ടിഫിക്കറ്റാണതിലുള്ളത്. ഡ്രൈവര്‍ ഓരോതവണ ബ്രേക്കിടുമ്പോഴും പുറകിലുള്ളവര്‍ അട്ടിയട്ടിയായി വീഴുമ്പോള്‍ തന്റെ ഭൂതവും വര്‍ത്തമാനവും ഭാവിയുമെല്ലാമായുള്ള അത് കീറിപ്പോകുമോ എന്നായിരുന്നു അവളുടെ ഭയം. വളഞ്ഞുപുളഞ്ഞ റോഡിലൂടെ വെട്ടിത്തിരിഞ്ഞ് തപ്പിത്തടഞ്ഞ് ബസ്സ് ചങ്ങലംപരണ്ട ബസ് സ്റ്റാന്റിലെത്തി.

           തിരക്കല്പം കുറഞ്ഞ് ഇറങ്ങാമെന്ന് കരുതി അലമേലു ഒരു വശത്തേക്ക് മാറാനായി ഒരുങ്ങുകയായിരുന്നു. എന്നാല്‍ ദൈവനിയോഗം മറ്റൊന്നായിരുന്നു. ബസ്സിന്റെ പുറത്തേക്കാണവള്‍ ഒഴുകി വീണത്. പ്ലാസ്റ്റിക്ക് കൂടിന്റെ മുകളറ്റം മാത്രമാണ് അവളുടെ കയ്യില്‍ ശേഷിച്ചത്. നഗരത്തിലെ ഏതോ തുണിക്കടയുടെ പേരുള്ള ആ സഞ്ചിയുടെ പ്രസക്തഭാഗങ്ങള്‍ അടുത്ത തെറിക്കലിന് ബസ്സിനു പുറത്തേക്കു വന്നു. അലമേലു ഒറ്റച്ചാട്ടത്തിന് അതു കൈവശപ്പെടുത്തി. തുറന്നപ്പോള്‍ ആശ്വാസമായി. ചെളി പുരണ്ട ചെരിപ്പിനാല്‍ ഒരു പുതിയ സീല്‍ കൂടി. എന്നാലും കീറിപ്പോയില്ലല്ലോ. പ്ലസ് വണ്ണിനുള്ള  അപേക്ഷ കൊടുക്കേണ്ട അവസാന ദിവസമാണ്. ചങ്ങലംപരണ്ട ഗേള്‍സ് ഹയര്‍സെക്കന്ററി സ്ക്കൂള്‍ ലക്ഷ്യമാക്കി അവള്‍ വേഗം നടന്നു. ഒന്നരക്കിലോമീറ്റര്‍ നടക്കണം. അപേക്ഷാഫോറവും സര്‍ട്ടിഫിക്കറ്റും കവറിനകത്തുണ്ടെന്ന് ഒന്നുകൂടി ഉറപ്പുവരുത്തി. ഭാവിജീവിതത്തെപ്പറ്റി പലതരം കിനാവുകള്‍ കണ്ടുകൊണ്ട് അവള്‍ സ്ക്കൂളില്‍ എത്തി. ഓഫീസ് മുറിയില്‍ അപേക്ഷ സ്വീകരിക്കുന്ന വേലായുധന്‍ മാഷ് കയ്യോടെ വാങ്ങി തിരിച്ചും മറിച്ചും നോക്കി.
"സര്‍ട്ടിഫിക്കറ്റിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പി വെച്ചിട്ടില്ല, അല്ലേ?" മാഷ് സൗമ്യമായി ചോദിച്ചു.
നിഷേധാര്‍ത്ഥത്തില്‍ അവള്‍ തലയാട്ടി
"പെട്ടെന്ന് തന്നെ ടൗണില്‍ പോയി ഫോട്ടോസ്റ്റാറ്റ് എടുത്ത് വര്വാ. കൈമള്‍മാഷ് അറ്റസ്റ്റു ചെയ്തു തരും." മാഷ് വീണ്ടും ഉരിയാടി.
             അലമേലു തിരിച്ചു നടന്നു, ഇങ്ങോട്ട് വന്നതിന്റെ ഇരട്ടി വേഗത്തില്‍. ഫോട്ടോസ്റ്റാറ്റ് കടകളുടെ ബോര്‍ഡ് നോക്കി അവള്‍ നടന്നു. ഒടുവില്‍ ആവശ്യമായ കോപ്പികളെടുത്ത് മൂന്നിരട്ടി വേഗത്തില്‍ വീണ്ടും സ്കൂളിലേക്കു നടന്നു. വിയര്‍ത്തുകുളിച്ച് വസ്ത്രം നനഞ്ഞൊട്ടി വീണ്ടും വേലായുധന്‍ മാഷിന്റെ മുമ്പില്‍.
"അറ്റസ്റ്റ് ചെയ്തോ?" മാഷുടെ ചോദ്യം
"ഇല്ല "അവള്‍ മൊഴിഞ്ഞു. "ഏതാ കൈമള്‍ സാര്‍"
"അയ്യോ, സാറു ക്ലാസില്‍ പോയല്ലോ. ഇനി ഒരു മണിക്കൂര്‍ കഴിഞ്ഞേ വരികയുള്ളൂ. ഇത്തിരിം കൂടി നേരത്തേ വരാമായിരുന്നില്ല? ങ്ഹാ.. സൗദാമിനി ടീച്ചര്‍ വരുന്നുണ്ട്..... ദേ ടീച്ചറേ, ഈ കുട്ടീടെ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി ഒന്ന് അറ്റസ്റ്റ് ചെയ്ത് കൊടുക്കിന്‍." വേലായുധന്റെ നീണ്ട ഡയലോഗ്
"അയ്യോന്റെ മാഷേ, ഞാന്‍ സീല് എടുത്ത് രാവിലെ മേശപ്പുറത്ത് വെച്ചതാ. പോരാന്‍ നേരം അതെടുക്കാന്‍ മറന്നു. കൈമള് സാറ് ഇവിടില്ല്യേ." അതും പറഞ്ഞ് ടീച്ചര്‍ സ്റ്റാഫ്റൂമിലേക്ക് നടന്നു.
                അലമേലു വിഷണ്ണയായി നിന്നു. ദയനീയഭാവത്തില്‍ വേലായുധന്‍ മാഷെ നോക്കി. മാഷുടെ മനമലിഞ്ഞു.
"ദേ, അപ്പുറത്തെ കോമ്പൗണ്ടില്‍ ഏ.ഇ.ഓ. ഓഫി‌സാണ്. അവിടെ ചെന്നാല്‍ മതി. പെട്ടെന്ന് ശരിയാവും." സാറിന്റെ ഉപദേശം
മുകള്‍ഭാഗം മുറിഞ്ഞുപോയ സഞ്ചിയും മാറത്തടുക്കിപ്പിടിച്ച് അലമേലു ആപ്പീസിലേക്കു  നടന്നു. ആരായിരിക്കും ഏ.ഇ.ഓ. പണ്ട് പ്രൈമറി ക്ലാസില്‍ പഠിക്കുമ്പോള്‍ ഏതോ കാലന്‍ വരുന്നതിനെപ്പറ്റിയാണ് അധ്യാപകര്‍ പറഞ്ഞിരുന്നത്. എനിക്കു ഒരൊപ്പു തന്നു സഹായിക്കുമോ ആവോ? ഓഫീസിന്റെ വരാന്തയില്‍ കയറിയതും പ്യൂണ്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.
"അറ്റസ്റ്റ് ചെയ്യാനാ ?"
"അതെ." ആശ്വാസത്തോടുകൂടി മറുമൊഴി. 

"ആപ്പീസര്‍ അകത്തുണ്ടോ?"
പ്യൂണ്‍ അതു കേട്ടതായി ഭാവിച്ചില്ല. പക്ഷെ തുടര്‍ന്നു
"അറ്റസ്റ്റ് ചെയ്യാന്‍ സുപ്രണ്ടും മതി. പക്ഷെ സൂപ്രണ്ട് ഇന്നു ലീവാ." ഒരു വളിച്ച ചിരിയോടെ ഗോവിന്ദന്‍
"അപ്പോ ഏ.ഇ.ഓ........."
പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ ഗോവിന്ദന്റെ അടുത്ത കമന്റ്.
"ജൂണ്‍ മാസത്തില് സാറിന് തലയെണ്ണലാ യോഗം. ഇന്ന് ഏതു ഭാഗത്താ പോയേന്ന് സാറിനും ദൈവത്തിനും മാത്രമേ അറിയൂ."
               അലമേലു ഒന്നു കൂടി വിവശയായി. ഇനിയെന്ത് എന്ന മട്ടില്‍ ഗോവിന്ദനെ ഒന്നുകൂടി നോക്കി. പെട്ടെന്ന് ബോധോദയമുണ്ടായവനെപ്പോലെ അയാള്‍ തുടര്‍ന്നു
"ചങ്ങലം പരണ്ട ബോയ്സ് ഹൈസ്കൂളിലെ ഹെഡ്മാഷ് ഉണ്ടല്ലോ. മിടുക്കനാ. ഒപ്പിട്ടു തരും. ഒന്നു പോയി നോക്കൂ."
 ആപ്പീസിന്റെ പടികളിറങ്ങി ചളി നിറഞ്ഞ ഇടവഴികളും കടന്ന് റെയില്‍പാളം മുറിച്ചു കടന്ന് അലമേലു ബോയ്സ് ഹൈസ്ക്കൂള്‍ ലക്ഷ്യമാക്കി നടന്നു. സ്കൂള്‍ ഗേറ്റിലെത്തിയപ്പോഴെ ഒരു ചാഞ്ചല്യം അവളുടെ മനസ്സിനെ പിടികൂടി. എവിടെ നോക്കിയാലും ആണ്‍തരികള്‍ മാത്രം. മുമ്പില്‍ കണ്ട ഒരു കൊച്ചു പയ്യനോട് അവള്‍ ഓഫീസ് മുറി എവിടെയാണെന്നന്വേഷിച്ചു. അവന്‍ കൈമലര്‍ത്തിക്കാണിച്ചു. പിന്നെ എന്തോ പുനരാലോചിച്ച് ഇങ്ങനെ ചോദിച്ചു.
"എഷ്മാഷെ മുറ്യാ. അതാണെങ്കില്‍ ഇതാ അവിടെ"
                        അലമേലു ഒന്നേ നോക്കിയുള്ളൂ. വലിയൊരു ക്യൂ. എല്ലാം ആണ്‍കുട്ടികള്‍ , എല്ലാവരും സര്‍ട്ടിഫിക്കറ്റുമായി നില്‍ക്കുകയാണ്. ചിലരുടെ കയ്യില്‍. ചിലരുടെ പോക്കറ്റില്‍. ചിലരുടെ ബാക്ക് പോക്കറ്റില്‍!
അലമേലു തിരിച്ച് റോഡിലേക്കിറങ്ങി. കൈമള് സാറിനെത്തന്നെ കാണാം. ഇനി ഞാന്‍ തിരിച്ചു ചെല്ലുമ്പോഴേക്ക് അദ്ദേഹം വേറൊരു ക്ലാസില്‍ കയറുമോ ആവോ?
"അലമേലൂ..അലമേലൂ.. "
                  പരിചിതമായൊരു വിളി കേട്ട് അവള്‍ ചിന്തയില്‍ നിന്നുണര്‍ന്നു. തന്നെ മൂന്നാം ക്ലാസില്‍ പഠിപ്പിച്ച രേവതി ടീച്ചറാണ്. പരസ്പരം കുശലാന്വേഷണങ്ങള്‍. അവളുടെ വിഷമം മനസ്സിലാക്കിയ രേവതി ടീച്ചര്‍ പറഞ്ഞു
"മോളെ, സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാന്‍ മാഷമ്മാര് തന്നെ വേണംന്ന് ഒരു നിര്‍ബ്ബന്ധ്വോല്ല. ഞാനിപ്പം ട്രഷറീന്നാ വരുന്നത്. ദാ ആ കാണുന്ന മതിലില്ലേ. അതിനപ്പുറത്ത്. അവിടെ ചെന്നാല്‍ എസ്.ടി.ഓ ഒപ്പിട്ട് തരും."
അതും പറഞ്ഞ് ടീച്ചര്‍ ഒഴുക്കിലെ ഒരു തുള്ളിയായി മറഞ്ഞു. അലമേലു ടീച്ചര്‍ പറഞ്ഞപോലെ മതിലു ലക്ഷ്യമാക്കി നടത്തം തുടര്‍ന്നു. ഖജനാവ് കാര്യക്കാരന്റെ മുമ്പിലെത്തി. അടഞ്ഞ ഹാഫ്ഡോര്‍. മുട്ടണോ അതോ തുറക്കണോ? അവള്‍ ചിന്തിച്ചു. ഹാഫ്ഡോറിനു മുകളിലൂടെ നോക്കാന്‍ എത്തുന്നില്ല. ഒടുവില്‍ ധൈര്യം സംഭരിച്ച് കുനിഞ്ഞു നോക്കി. വലതു കയ്യില്‍ ഊരിപ്പിടിച്ച പേന. ഇടുകൈ നീട്ടി വളര്‍ത്തിയ നരച്ച താടിയിലൂടെ പരതി നടക്കുന്നു. അര്‍ധനിമീലിതങ്ങളായ നേത്രങ്ങള്‍. തന്റെ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയില്‍ ഒപ്പിടാന്‍ ജനിച്ചവന്‍ ഇയാള്‍ തന്നെ. അലമേലു വാതില്‍ പതുക്കെ തുറന്ന് അകത്തു കയറി. അര്‍ധനിമീലിത നേത്രങ്ങള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും അടഞ്ഞിരിക്കുന്നു.
"അറ്റസ്റ്റ് ചെയ്യാനാണോ? "ഉത്തരം കിട്ടുന്നതിനുമുമ്പു തന്നെ കണ്ണുപോലും തുറക്കാതെ കാര്യക്കാര്‍ മൊഴിഞ്ഞു.
"ഇപ്പം നേരംല്ല്യ. ഇന്നു ബില്‍ ഡേറ്റാന്ന് അറീല്ല്യേ?"
അലമേലു ഒന്നും മിണ്ടാതെ അനങ്ങാതെ അലിവു പ്രതീക്ഷിച്ചു അവിടെത്തന്നെ നിന്നു.
"മലയാളം പറഞ്ഞാ മനസ്സിലാവുന്നില്ലാന്നുണ്ടോ? "
ഇപ്രാവശ്യം ശബ്ദം ഉയര്‍ത്തിയാണ് മൊഴി. അവള്‍ പതുക്കെ പിന്‍വാങ്ങി. സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി വെക്കുമ്പോള്‍ അത് സാക്ഷ്യപ്പെടുത്തണം എന്നു നിയമമുണ്ടാക്കിയവന്‍ നരകത്തില്‍ പോയി തുലയട്ടെ. അവള്‍ മനസ്സുരുകി പ്രാര്‍ത്ഥിച്ചു. കൈമള്  സാറിനെത്തന്നെ കാണാം. അവള്‍ റോഡിലേക്കിറങ്ങി. എതിരെ തന്റെ സ്കൂളില്‍ പഠിച്ചിരുന്ന രമണി വരുന്നു. അവള്‍ അപേക്ഷ കൊടുത്തിട്ട് മൂന്ന് ദിവസമായത്രെ! മൃഗഡോക്ടറാണത്രേ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തിയത്.
"അവിടെ തിരക്കൊന്നുമില്ല. നീയും അവിടെ ചെല്ല്." രമണിയുടെ ഉപദേശം ഒരു കുളിര്‍തെന്നലായി അവളുടെ മനസ്സില്‍ പതിച്ചു.
നേരെ മൃഗാസ്പത്രിയിലേക്ക്. ആശുപത്രി വളപ്പില്‍ ആകെ മൂന്നുനാലു പേരേയുള്ളു. അലമേലു വരാന്തയിലേക്കു കയറിയതും ഡോക്ടര്‍ കൈകളില്‍ ഗ്ലൗസ് അണിഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി വരുന്നു. കൂടെ അറ്റന്ററും.
"അറ്റസ്റ്റ് ചെയ്യാനാണെങ്കില്‍ ഉച്ച കഴിഞ്ഞു വരൂ". അറ്റന്ററാണ് പറഞ്ഞത്. "പ്രസവക്കേസാ, ഉച്ചയാവുമ്പം തന്നെ നേരെയാവോന്ന് ആര്‍ക്കറിയാം"
                   അയാളുടെ ആത്മഗതവും കൂടി കേട്ടപ്പോള്‍ ഒരു പരീക്ഷണത്തിനു മുതിരാതെ അവള്‍ തിരിഞ്ഞു നടന്നു. ലക്ഷ്യബോധം നഷ്ടപ്പെട്ട് എങ്ങോട്ടെന്നില്ലാതെ യാന്ത്രികമായി അവള്‍ നടന്നു. കണ്ണ് ഇരുട്ടടയ്ക്കുന്നതു പോലെ അലമേലുവിന് തോന്നി. ഒരു പെട്ടിക്കടയില്‍ക്കയറി നാരങ്ങാവെള്ളം വാങ്ങിക്കുടിച്ചു. ടവ്വലെടുത്തു മുഖം തുടച്ചു. റോഡിന്റെ മറുവശത്തുള്ള ബോര്‍ഡ് അവളെ മാടി വിളിക്കുന്നു. ചങ്ങലംപരണ്ട ഇലക്ട്രിസിറ്റി ആപ്പീസ്. ഇവിടേയും ഒന്നു കയറി നോക്കിയാലോ? വേണ്ട, മനസ്സു മന്ത്രിച്ചു. മറ്റെവിടെക്കേറ്റിയാലും ഇലക്ട്രിസിറ്റി ആപ്പീസില്‍ എന്നെ കേറ്റിക്കല്ലേ എന്നു പുലമ്പിയിരുന്ന അങ്ങേതിലെ പാറുക്കുട്ടിയമ്മയെ അവള്‍ക്കോര്‍മ്മ വന്നു. എന്നിട്ടും ഒരു നിയോഗം പോലെ അവള്‍ നേരെ അവിടെ കയറിച്ചെന്നു.
'മതിധരന്‍ പിള്ള , അസിസ്റ്റന്റ് എന്‍ജിനീയര്‍' ബോര്‍ഡിലെ അക്ഷരങ്ങള്‍ അവള്‍ക്കു മുമ്പില്‍ തെളിഞ്ഞു. നീട്ടി വളര്‍ത്തിയ താടി . ഇടതു കയ്യില്‍ പുകയുന്ന സിഗരറ്റ്. രണ്ടുമൂന്ന് ദിവസമായി കുളിക്കാത്ത പ്രകൃതം. പൊടിയണിഞ്ഞ് പാറിക്കളിക്കുന്ന മുടി. അലമേലുവിന്റെ ശരീരത്തിലെ അവസാന വിയര്‍പ്പു തുള്ളിയും പുറത്തേക്കു വന്നു. ആപ്പീസിനകത്തു തിരക്കോട് തിരക്ക് തന്നെ. ഫയലുകളില്‍ നിന്ന് കണ്ണെടുത്ത് എന്‍ജിനീയര്‍ തല നിവര്‍ത്തി. അലമേലു സകല ദൈവങ്ങളേയും മനസ്സില്‍ ധ്യാനിച്ചു അകത്തേക്കു നടന്നു.
"വരൂ ഇരിക്കൂ-" പരുപരുത്തതെങ്കിലും സ്നേഹമസൃണമായ ശബ്ദം. അലമേലു അവിടെത്തന്നെ നിന്നു. സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും അദ്ദേഹത്തിന്റെ മുമ്പില്‍ ഭവ്യതയോടെ വെച്ചു. സര്‍ട്ടിഫിക്കറ്റ് പരിശോധിക്കവേ അദ്ദേഹത്തിന്റെ കണ്ണുകള്‍ വിടര്‍ന്നു.
"578 മാര്‍ക്കുണ്ടല്ലേ, മിടുക്കി"
അഭിനന്ദനത്തിന്റെ സ്പര്‍ശമുള്ള പ്രതികരണമായിട്ടും അവള്‍ ഒന്നും മിണ്ടാതെ നിന്നതേയുള്ളൂ.
"എന്റെ മോള്‍ക്ക് 371 മാര്‍ക്കേയുള്ളു. എവിടേയും അഡ്മിഷന്‍ കിട്ടുന്ന ലക്ഷണമില്ല." അദ്ദേഹം തന്നോടായിത്തന്നെ പറഞ്ഞു. ഓരോ ഷീറ്റിലായി ഒപ്പിട്ടുകൊണ്ടിരിക്കേ അദ്ദേഹം ചോദിച്ചു
"അച്ഛനെന്താ ജോലി?"
"അച്ഛനില്ലാ സാര്‍"
"ഓ സോറി. അയാം റിയലി സോറി"
ഒപ്പിനടിയില്‍ സീല്‍ പതിപ്പിക്കുമ്പോള്‍ ഒടുവിലത്തെ ചോദ്യം.
"പഠിച്ചു മിടുക്കിയാവണം. ആരാവണം ന്നാ മോഹം?"
അതിനും അവള്‍ മറുപടിയൊന്നും പറഞ്ഞില്ല. വിഷാദമധുരമായ ഒരു പുഞ്ചിരി മാത്രം. എങ്കിലും അവള്‍ മനസ്സില്‍ ഉറക്കെപ്പറഞ്ഞു
'എനിക്ക് ഒരു ഓഫീസറാകണം - അറ്റസ്റ്റു ചെയ്യുന്ന ഒരാപ്പീസര്‍!'

25 comments:

ajith said...

വളരെ ഇഷ്ടമായി ഇക്കഥ. അലമേലു ജയിച്ച് കയറട്ടെ

ഒടിയന്‍/Odiyan said...

സങ്കടം തോന്നി അലമേലുവിനോട്..പാവം.. അവള്‍ടെ ചിന്തകള്‍ക്ക് ശക്തിയുണ്ടാവട്ടെ..നമ്മളും പലപ്പോളും അനുഭവിക്കുന്നതല്ലേ ..നന്നായി അവതരിപ്പിച്ചു.

--

Kalavallabhan said...

"സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി വെക്കുമ്പോള്‍ അത് സാക്ഷ്യപ്പെടുത്തണം എന്നു നിയമമുണ്ടാക്കിയവന്‍ നരകത്തില്‍ പോയി തുലയട്ടെ"
നല്ല അവതരണം.

Dr.Sukanya said...

സര്‍ നന്നായിരിക്കുന്നു കഥ .ആശംസകള്‍

ഷാ said...

ഹ.. ഹ.. നന്നായിരിക്കുന്നു..

Labels: അനുഭവം, കഥ ?!

Lipi Ranju said...

സങ്കടമായി വായിച്ചപ്പോ .... അല്ലെങ്കിലും നമ്മുടെ നാട്ടിലെ നിയമങ്ങള്‍ ഒക്കെ
പാവങ്ങളെയും പിടിപാടില്ലാതവരെയും ബുദ്ധിമുട്ടിക്കാനാ!

Anjana said...

"വിഷാദമധുരമായ ഒരു പുഞ്ചിരി മാത്രം."
അതെ, അത് മാത്രം!

Hari | (Maths) said...

കഥ നന്നായി

bhama said...

നല്ല കഥ

sathyan thalyancheri said...

alameluvinepole ethraper!

Arjun Bhaskaran said...

ഇത് പോലെ പലരും ഓടി നടക്കുന്നത് കണ്ടിട്ടുണ്ട്.പല അറ്റെസ്റിംഗ് ഓഫീസേര്മാരും വാതിലിനു മുകളില്‍ അറെസ്റ്റ്‌ ചെയ്യില്ല എന്ന് എഴുതി ഒട്ടിചിരിക്കുന്നതും കണ്ടിട്ടുണ്ട്. കലികാലം അല്ലാതെ എന്താ പറയാ ??

Vp Ahmed said...

നമ്മള്‍ ഇപ്പോളും അന്തക്കാലത്താ

www.adimaliweb.com said...

നല്ല അവതരണം സര്‍ ... കൊള്ളാം .. നന്നായിരിക്കുന്നു ...

നിതിന്‍‌ said...

നന്നായിരിക്കുന്നു കഥ
ആശംസകള്‍!

Jamuna said...

All teachers who have "green ink pen" should read this excellent piece of writing......

Jamuna said...

All teachers who have "green ink pen" should read this excellent piece of writing...........

Calvin H said...

ഈ അനുഭവത്തിലൂടെ കടന്ന് പോവാത്ത വിദ്യാര്‍ത്ഥികളുണ്ടോ എന്ന് സംശ്യം. രസിച്ചു :)

ഷൈജൻ കാക്കര said...

അറ്റസ്റ്റ് ചെയ്യാൻ അധികാരമുള്ള ഉദ്യോഗസ്ഥരുടെ ആപ്പിസിന്റെ മുന്നിലെ വരാന്തയിൽ, കുട്ടികളെ മുതൽ വൃദ്ധരായവരെ വരെ മണിക്കൂറുകൾ കാത്ത് നിൽക്കുമ്പോൾ ഉദ്യോഗസ്തർക്ക് ലഭിക്കുന്ന സുഖം ഇനിയും തുടരേണ്ടതാണ്....

ചിലയിടങ്ങളിൽ, രണ്ട് രൂപയുടേയും മറ്റും കൂപ്പണുകൾ വെച്ചിട്ടുണ്ട്... അറ്റസ്റ്റ് വേണോ അതും വാങ്ങിപ്പിക്കും... മറ്റു ചിലർ, ഇങ്ങോട്ട് എന്തിനാ കെട്ടിയെടുത്തേ, എന്ന മനോഭാവമാണ്...

അപേക്ഷ സ്വീകരിക്കുന്ന വ്യക്തി ഒറിജിനൽ നോക്കി കോപ്പി അറ്റസ്റ്റ് ചെയ്ത് വെച്ചാൽ പോരെ?

yasir fayas said...

സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ എന്ന എടങ്ങേറ് ഉണ്ടാക്കിവെച്ച ഏമാന്മാര്‍(ഭ്യ) ഇതൊന്ന് വായിച്ചിരുന്നെങ്കില്‍...

ഹരിപ്രിയ said...

നന്നായിരിക്കുന്നു... super like :)

കിരണ്‍ said...

അടിപൊളി. നന്നായി രസിച്ചു :)

cinnamon said...

ഇഷ്ടമായി

സങ്കടം തോന്നി

നന്നായി

നമ്മള്‍ ഇപ്പോളും ബുദ്ധിമുട്ടിക്കാനാ

T T Balakrishnan. Krishnageetha. said...

ഇലക്ട്രിസിറ്റി ആഫീസര്‍ ഗസറ്റഡാണോ സര്‍...അലമേലുവിന്‍െറ അപേക്ഷ മടക്കാതിരുന്നാല്‍ മതിയായിരുന്നു.............

Anil cheleri kumaran said...

നല്ല കഥ, നന്നായെഴുതി. എനിക്ക് ഇലക്ട്രിസിറ്റി ആഫീസറാകണം എന്ന് അലമേലു പറയുമെന്നാ കരുതിയത്.. :)

കുഞ്ഞൂസ് (Kunjuss) said...

മനസ്സില്‍ തട്ടുന്ന വിധം പറഞ്ഞ കഥ, വളരെ ഇഷ്ടമായി. അധികാരത്തിലിരിക്കുന്നവര്‍ ഇതൊന്നു വായിച്ചിരുന്നെങ്കില്‍....!