എന്റെ 32 കൊല്ലത്തെ അധ്യാപക ജീവിതത്തിന്നിടയില്‍ ഞാന്‍ കുറെയധികം ട്രെയിനിംഗുകളിള്‍ പങ്കെടുത്തിട്ടുണ്ട്. പഠിതാവായും ട്രെയിനറായും. അത്തരം പരിശീലനങ്ങളില്‍ വെച്ച് രസകരങ്ങളായ ഒട്ടേറെ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. അവയിലൊരെണ്ണം ഇതാ.
പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഡയറ്റിന്റെ കീഴില്‍ യു. പി. അധ്യാപകര്‍ക്കുള്ള ഒരു ഏകദിന ശാക്തീകരണം. അന്ന് ഏതു വിഷയത്തിലാണ് പരിശീലനം എന്നത് മുന്‍കൂട്ടി അറിയില്ല. അവിടെ ചെന്നതിനു ശേഷം അധികൃതര്‍ തീരുമാനിക്കുന്ന ഒന്നോ രണ്ടോ വിഷയങ്ങളില്‍ കുറെ കാര്യങ്ങള്‍. അത് ചിലപ്പോള്‍ നാമെടുക്കാത്ത ചില വിഷയങ്ങളാവാനും മതി.
അന്ന് ഡയറ്റിലെ അജിത് സാര്‍ സയന്‍സുമായാണ് ക്ലാസ് തുടങ്ങിയത്. പത്തു മണി മുതല്‍ പന്ത്രണ്ടു വരെ. ശാസ്ത്രം രസകരമായി അവതരിപ്പിക്കാന്‍, ലഘു പരീക്ഷണങ്ങള്‍ നടത്താന്‍, കുട്ടികളില്‍ ശാസ്ത്രാവബോധം വളര്‍ത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കണമെന്നുള്ളതായിരുന്നു പ്രധാന ചര്‍ച്ചാവിഷയങ്ങള്‍.
തുടര്‍ന്ന് ഇംഗ്ലീഷ് പഠനം. അതിനു മൂന്ന് ഭാഗങ്ങളുണ്ടായിരുന്നു. ആദ്യ ഭാഗം ഇംഗ്ലീഷ് പഠനത്തില്‍ സ്പോക്കണ് ഇംഗ്ലീഷിന്റെ പ്രാധാന്യം വിവരിക്കുന്ന ഒരു ക്ലാസ്. തുടര്‍ന്ന് ഉച്ചയ്ക്കു ശേഷം നടക്കേണ്ട ഒരു പ്രവര്‍ത്തനത്തിന്റെ മുന്നൊരുക്കം. പിന്നീട് അവതരണം.
ക്ലാസിലുള്ള മുപ്പത് അധ്യാപകരെ അഞ്ചു ഗ്രൂപ്പുകളാക്കി. ഓരോ ഗ്രൂപ്പും ഇംഗ്ലീഷില്‍ സ്ക്കിറ്റ് എഴുതി തയ്യാറാക്കണം. അപ്പോള്‍ ഉച്ച ഭക്ഷണത്തിനു പിരിയാം. ഭക്ഷണം കഴിച്ചാല്‍ സ്ക്കിറ്റ് കാണാതെ പഠിച്ച് രംഗത്ത് അവതരിപ്പിക്കാനുള്ള റിഹേര്‍സലാണ്. കൃത്യം രണ്ടു മണിക്ക് അവതരണം. പരമാവധി പത്തു മിനിട്ടു മാത്രമെ എടുക്കാവൂ. അവതരണങ്ങള്‍ക്കു ശേഷം ചര്‍ച്ച. ഇതായിരുന്നു അജിത് സാറിന്റെ നിര്‍ദ്ദേശം.
ഞങ്ങള്‍ ഗ്രൂപ്പായി. എന്റെ ഗ്രൂപ്പില്‍ ഞാനും ഗോപാലന് മാസ്റ്ററും പിന്നെ നാലു ടീച്ചര്‍മാരും. ശ്രീകല ടീച്ചര്‍ വിജയലക്ഷ്മി ടീച്ചര്‍. മറ്റു രണ്ടു പേരുടെ പേരോര്‍മ്മയില്ല. ശ്രീകല ടീച്ചര്‍ ഇംഗ്ലീഷ് അധ്യാപികയാണ്. പഠിച്ചതും വളര്‍ന്നതും കേരളത്തിനു പുറത്ത്. ഇംഗ്ലീഷ് നന്നായി അറിയാം. അതു സ്ക്കിറ്റെഴുതാന് ഞങ്ങള്‍ക്കു വളരെ സഹായകമായി.
കഥയും സംവിധാനവും ഞാന്‍ ഏറ്റെടുത്തു. ഒരു വീട്ടില്‍ ഗൃഹനാഥന് ചാരുകസേരയിലിരുന്ന് മയങ്ങുന്നു. പത്രവില്പനക്കാരന് എത്തി കുശലം പറയുമ്പോള്‍ അകത്തുള്ള ഭാര്യയെ വിളിച്ച് പേഴ്സില്‍ നിന്നും 50 രൂപ എടുത്തു കൊണ്ട് വരാന്‍ ആവശ്യപ്പെടുന്നു.ഭാര്യ പണവുമായെത്തുമ്പോള്‍ പുറകെ സ്ക്കൂളില്‍ പോകാനൊരുങ്ങുന്ന കുട്ടികള്‍. ഇവരെല്ലാം ചേര്‍ന്നുള്ള സംഭാഷണം. ഒടുവില്‍ അയല്‍വാസിയായ ഞാന്‍ അവിടെ എത്തുന്നു. ഞങ്ങള്‍ തമ്മിലുള്ള സംസാരത്തോടെ അവസാനം.
ശ്രീകല ടീച്ചര്‍ സംഭാഷണം ഇംഗ്ലീഷില്‍ പെട്ടെന്നു തന്നെ എഴുതിത്തീര്‍ത്തു. ഗോപാലന് മാസ്റ്റര്‍ മലയാളാധ്യപകനാണ്. മലയാളം വിദ്വാന് പരീക്ഷ പാസ്സായ ആളാണ്. നന്നായി കവിത ചൊല്ലും. ഇംഗ്ലീഷില്‍ വലിയ പിടിപാടൊന്നുമില്ല. ഗ്രൂപ്പിലിരുന്ന് ഞങ്ങള്‍ എഴുതുന്നതും പറയുന്നതും മാഷ് നിസ്സംഗനായി നോക്കി യിരുന്നു.
ഗോപാലന് മാസ്റ്റര്‍ക്ക് അമ്പതിനു മേല്‍ പ്രായമുണ്ട്. ഇരു നിറത്തില്‍ മെലിഞ്ഞു നീണ്ട ശരീരം. നീണ്ട ജുബ്ബായം മുണ്ടുമാണ് വേഷം. കവിള് അല്പം ഒട്ടിയിട്ടാണെങ്കിലും മുഖത്ത് ചെറിയൊരു കൊമ്പന് മീശയുണ്ട്. തമാശ പറയാന്‍ വിരുതനാണ്. പക്ഷെ ഇടയ്ക്കിടെ വരുന്ന ആസ്ത്മ മാഷെ വല്ലാതെ ശല്യം ചെയ്യും.
സ്ക്കിറ്റുകള്‍ ഭംഗിയായി അവതരിപ്പിച്ച് ഏറ്റവും മികച്ചത് തങ്ങളുടെതാവണമെന്ന് എല്ലാ ഗ്രൂപ്പുകാര്‍ക്കും വാശിയുണ്ട്. അതിനാല്‍ത്തന്നെ തിരക്കിട്ട് ഭക്ഷണം കഴിച്ച് ഓരോ ഗ്രൂപ്പും റിഹേഴ്സലിനായി പല സ്ഥലങ്ങളിലേക്കു മാറി. ഞങ്ങളും റിഹേഴ്സല്‍ തുടങ്ങി. ഗൃഹനാഥന് ഗോപാലന് മാസ്റ്റര്‍, ഞാന്‍ അയല്‍വാസി, ശ്രീകല ടീച്ചര്‍ ഭാര്യ, വിജയലക്ഷ്മി ടീച്ചര്‍ പത്രം വില്പനക്കാരന്, പേരോര്‍മ്മയില്ലാത്ത ടീച്ചര്മാര് മക്കള്‍. ഒരു പത്തു മിനിട്ടു കഴിഞ്ഞു കാണും. ഗോപാലന് മാസ്റ്റര്‍ക്ക് വലിവിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. അദ്ദേഹത്തിന്റെ ഭാഗങ്ങള്‍ വേഗം ചെയ്തു തീര്‍ത്തു. മരുന്ന് വാങ്ങണമെന്ന് പറഞ്ഞ് മാഷ് ടൌണിലേക്കു പോയി. ഞങ്ങള്‍ നന്നായി പരിശീലിപ്പിച്ചുറപ്പിച്ചു.
രണ്ട് മണിക്ക് അജിത് സാര്‍ റെഡി. അവതരണക്രമം നറുക്കിട്ട് തീരുമാനിച്ചു.. ഞങ്ങള്‍ക്ക് 2ആണ് കിട്ടിയത്. ആദ്യ ഗ്രൂപ്പ് രംഗത്തെത്തി. ഒരു ബസ്സിലെ രംഗമാണ് അവര്‍ അവതരിപ്പിച്ചത്. യാത്രക്കാര്‍ തമ്മിലുള്ള ചില പ്രശ്നങ്ങള്‍. അവര്‍ ഭംഗിയായി അവതരിപ്പിച്ചു.
അടുത്തത് നമ്പര്‍ 2. ഗോപാലന് മാഷ് എത്തിയിട്ടില്ല. അജിത് സാര്‍ വീണ്ടും വിളിച്ചു. ഞങ്ങള്‍ക്ക് സ്ക്കിറ്റ് ഇല്ലെന്നു കരുതി മറ്റു ഗ്രൂപ്പുകാര്‍ ചിരിക്കാന്‍ തുടങ്ങി. മാഷില്ലാതെ തുടങ്ങാനും പറ്റില്ല.
"ഗോപാലന് മാസ്റ്റര്‍ സുഖമില്ലാതെ മരുന്ന് വാങ്ങാന്‍ പോയതാണ്. ഇപ്പോഴെത്തും. അപ്പോഴേക്കും മൂന്നാം ഗ്രൂപ്പ് തുടങ്ങിക്കോട്ടെ.” ശ്രീകല ടീച്ചര്‍ ഒരു നിര്‍ദ്ദേശം വെച്ചു.
"പററില്ല പററില്ല ക്രമം തെറ്റിച്ചു നടത്താനാണെങ്കില്‍ പിന്നെ നറുക്കെടുത്തതെന്തിനാ" മൂന്നാം ഗ്രൂപ്പിലെ ഒരംഗത്തിന്റെ മറുപടി.
മൊബൈല്‍ ഫോണൊന്നും അന്നുണ്ടായിരുന്നില്ല. ഭാര്യയെ ലേബര്‍ റൂമിലാക്കിയ ഭര്‍ത്താവിനെപ്പോലെ ഞാന്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കാന്‍ തുടങ്ങി. ഇടയ്ക്കിടയ്ക്ക് ഗേറ്റിലേക്കു നോക്കും. അതാ ഗോപാലന് മാസ്റ്റര്‍ സ്കൂള്‍ ഗെയിറ്റില്‍ പ്രത്യക്ഷപ്പെടുന്നു.
"മാഷെത്തി, മാഷെത്തി" ആരോ വിളിച്ചു പറഞ്ഞു
പക്ഷെ നേരം വൈകിയതിന്റെ തിരക്കൊന്നും മാഷില്‍ കാണാനില്ല. അലസമായി പതുക്കെ നടന്നു വരികയാണ്. ഞാന്‍ വരാന്തയിലേക്ക് ഓടിച്ചെന്നു
"മാഷെ, നമ്മുടെ അവതരണമാണ്. മാഷെന്താ വൈകിയത്?”
"എന്തവതരണം?” ഗോപാലന് മാസ്റ്റര്‍
"സ്ക്കിറ്റ്. റിഹേഴ്സലും കഴിഞ്ഞല്ലേ മാഷ് അങ്ങോട്ട് പോയത്"
"സ്ക്കിറ്റൊന്നും വേണ്ട. എനിക്ക് സുഖമില്ല.”
ഞാന്‍ മാഷിന്റെ അടുത്ത് ചെന്ന് മററുള്ളവര്‍ കേള്‍ക്കേണ്ടെന്നു കരുതി ചെവിയില്‍ പറഞ്ഞു.
"നമ്മുടെ ഗ്രൂപ്പിനെ നാണം കെടുത്തരുത് "
മുഖം മാഷിന്റെ മുഖത്തോടടുപ്പിച്ചപ്പോള്‍ മദ്യത്തിന്റെ രൂക്ഷ ഗന്ധം. കഴിച്ചത് ആസ്ത്മക്കുള്ള മരുന്ന് മാത്രമല്ലെന്ന് എനിക്കു ബോധ്യമായി.അപ്പോഴേക്കും ശ്രീകല ടീച്ചര്‍ രംഗത്ത് ഒരു കസേരയും അതിന്റെ മുമ്പില്‍ ഒരു സ്ററൂളും ഒരുക്കി. ഞാന്‍ ഗോപാലന് മാസ്റ്ററെ കസേരയില്‍ കൊണ്ടിരുത്തി, കാല് സ്റ്റൂളിന്റെ മുകളില്‍ വെപ്പിച്ചു-ഒരു ചാരു കസേര സ്റ്റൈലില്‍ ഇരിക്കാന്‍ വേണ്ടി. മുഖം ഇടത്തോട്ട് ചരിച്ച് കണ്ണടച്ച് റിഹേഴ്സലില്‍ പറഞ്ഞ മാതിരി മാഷ് ചാരിയിരുന്നു. ഹാവൂ, എന്നിലെ സംവിധായകന് നിര്‍വൃതിയിലാണ്ടു.
വിജയലക്ഷ്മി ടീച്ചര്‍ സൈക്കിളില്‍ വരുന്നതായി അഭിനയിച്ച് ഒരു പത്രം കൈയിലെടുത്തു. കുറച്ചകലേ നിന്നു വിളിച്ചു പറഞ്ഞു
"ഹലോ ഗുഡ് മോണിംഗ് സാര്‍...പേപ്പര്‍"
അപ്പോള്‍ ഉണര്‍ന്ന് "ഹലോ ഗുഡ് മോണിംഗ് ...പ്ലീസ് വെയ്റ്റ് (അകത്തേക്കു നോക്കി) രുഗ്മിണീ പ്ലീസ് ഗിവ് ഹിം ഫിഫ്റ്റി റുപ്പീസ് " എന്നു പറയണം. പക്ഷെ വലിവ്,മദ്യലഹരി, വെയിലത്തു നടന്നു വന്നതിന്റെ ക്ഷീണം- ഗോപാലന് മാസ്റ്റര്‍ ശരിക്കും ഉറങ്ങിപ്പോയി. യാതൊരു പ്രതികരണവുമില്ല.
"സാര്‍ പേപ്പര്‍ "വിജയലക്ഷ്മി ടീച്ചര്‍ അല്പം ഉച്ചത്തില്‍ പറഞ്ഞു. മാഷ് വെള്ളമടിച്ചിട്ടുണ്ടെന്നുള്ള കാര്യം ഞാന്‍ ആരോടും പറഞ്ഞിരുന്നില്ല. ടീച്ചര്‍ക്കു ദേഷ്യം വന്നു തുടങ്ങി. സാര്‍ പേപ്പര്‍ എന്നു പറഞ്ഞ്കൊണ്ട് ചുരുട്ടിയ പത്രം കൊണ്ട് സാറിന്റെ തുടയില്‍ ഒരടി വെച്ചു കൊടുത്തു.
"അവിടെ വെച്ചിട്ട് പോടീ." മാഷ് അര്‍ധ മയക്കത്തില്‍ നല്ല ശുദ്ധ മലയാളത്തില്‍ മൊഴിഞ്ഞു. ഞങ്ങളെല്ലാം എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ്. മാഷ് പതുക്കെ കണ്ണു തുറന്നു. സ്ഥലകാലബോധം ഇപ്പോഴും വന്നിട്ടില്ല.
"ആ....ടീച്ചറായിരുന്നോ? അവിടെ വെച്ചോളൂ..." വീണ്ടും മലയാളത്തില്‍ത്തന്നെ. പിന്നെ യാതൊരനക്കവുമില്ല.
സംഗതിയുടെ കിടപ്പ് വഷളാകാന്‍ പോകയാണെന്ന് എനിക്കു മനസ്സിലായി. ഏറ്റവും ഒടുവില്‍ രംഗത്തെത്തേണ്ടിയിരുന്ന ഞാന്‍ നേരെ അങ്ങോട്ട് കയറിച്ചെന്നു. കുറച്ചു പണമെടുത്ത് ശ്രീകല ടീച്ചറുടെ കയ്യില്‍ കൊടുത്ത് ഇംഗ്ലീഷില്‍ പറഞ്ഞു. ഇത് മാര്‍ക്കറ്റില്‍ നിന്ന് കടക്കാരന് തന്നതാണ്. എന്തിനുള്ളതാണെന്ന് അതോടൊപ്പമുള്ള കടലാസില്‍ എഴുതിയിട്ടുണ്ട്. പത്രക്കാരന് പണം കൊടുത്ത് തിരിച്ചയച്ചു.എനിക്കറിയാവുന്ന ഇംഗ്ലീഷില്‍ ഞാന്‍ ചോദിച്ചു.
"ഇയാളെന്താണ് പെങ്ങളെ രാവിലെത്തന്നെ കിടന്നുറങ്ങുന്നത്?" മറുപടിയായി നല്ല ഓക്സ്ഫോര്‍ഡ് ഡിക് ഷനില്‍ ടീച്ചര്‍ പറഞ്ഞു.
"ഇങ്ങേര് ഈ വയസ്സുകാലത്ത് രാത്രി മുഴുവന്‍ ക്രിക്കറ്റ് മാച്ചും കണ്ട് നേരം വെളുക്കാന്‍ നേരം രണ്ട് പെഗ്ഗുമടിച്ച് കിടക്കുകയാണ്"
കുട്ടികള്‍ രംഗത്തു വന്നു. "പപ്പ ഉറക്കത്തില്‍ ഏതു ഭാഷയിലാണ് സംസാരിച്ചത് മക്കളെ?” ഞാന്‍
റിഹേഴ്സലില്ലാത്ത കാര്യമായതിനാല്‍ അവര്‍ക്കു പെട്ടെന്നു മറുപടി പറയാന്‍ കഴിഞ്ഞില്ല. ശ്രീകല ടീച്ചര്‍ തന്നെ ഇവിടെയും രക്ഷക്കെത്തി.
"ഇതിയാന്റെതല്ലെ മക്കള്‍? പറഞ്ഞാലും ചോദിച്ചാലും മിണ്ടില്ല. മൂപ്പരേതോ സ്വപ്നത്തിലാണ്. അത് കേട്ടിട്ട് ഏതോ അന്യഗ്രഹജീവികളുടെ ഭാഷയാണെന്നാ തോന്നുന്നത്!”(ഇംഗ്ലീഷ് മീഡിയത്തിനു സ്തുതി!)
സദസ്സില്‍ കൈയടി. ഞങ്ങളുടെ ഭാവനയെ അഭിനന്ദിച്ചു കൊണ്ട് വീണ്ടും കൈയടി. അതി ശക്തമായ കൈയടി ശബ്ദം കേട്ട് ഗോപാലന് മാസ്റ്റര്‍ ഉണര്‍ന്നു. അവസാനം ഏറ്റവും നല്ല സ്ക്കിറ്റായി തെരഞ്ഞടുത്തത് ഞങ്ങളുടെത് തന്നെ!
******************************************************************************
പിന്കുറിപ്പ് : കടക്കാരന് തന്നതാണെന്നും പറഞ്ഞ് ഞാന്‍ കൊടുത്ത കുറിപ്പില്‍ ഞാന്‍ ഇങ്ങനെ എഴുതിയിരുന്നു. ടീച്ചര്‍, ഗോപാലന് മാസ്റ്റര്‍ വെള്ളമടിച്ച് തരിപ്പിലാണ്. സംഭാഷണം നമുക്ക് തോന്നിയ പോലെ തുടരാം. ഞാനാരാ മോന്!
12 comments:
നാടകം കലക്കിയിരിക്കും... ഉറപ്പ്.
ഹ ഹ അഹാ
കലക്കി, ഇഷ്ട്ടായി
മലയാളത്തെ അന്യഗ്രഹ ഭാഷ ആകിയല്ലേ.. :(
@മിനി ടീച്ചര്‍
നന്ദി
@ കൂതറ ഹാഷിം
സ്ഥിരമായി വരികയും അഭിപ്രായം പറയുകയും ചെയ്യുന്നതില്‍ വല്ലാത്തൊരു സന്തോഷം.
ഹ..ഹ..ഹ
കലക്കി മാഷേ..
നാടകം നേരിൽ കാണുന്ന അനുഭൂതിയുളവാക്കിയ അവതരണം...കൊള്ളാം,
പക്ഷേ മലയാളത്തെ അങ്ങനെ കൊച്ചാക്കിയത് ശരിയായില്ല..,
ഇനിയും പോരട്ടെ ഇതു പോലുള്ളത്..ഞാനും കൂടെ ചേരുന്നു..
അതങ്ങ് ഇഷ്ടപ്പെട്ടു മാഷേ.
പലപ്പോഴും മനോധര്‍മ്മം അനുസരിച്ച് പ്രവര്‍ത്തിയ്ക്കേണ്ടി വരാറുണ്ട്.
@ കമ്പര്‍
"പക്ഷേ മലയാളത്തെ അങ്ങനെ കൊച്ചാക്കിയത് ശരിയായില്ല..,"
ഒരിക്കലുമല്ല. ഞാനൊരു മലയാളം മാഷായിരുന്നു. എനിക്ക് അറിയാവുന്ന വിഷയവും അതു തന്നെ.
@ശ്രീ
നന്ദി. ഇനിയും കാണണം
ജനാര്ദ്ദനന് സര്
ഇപ്പോഴാണ് കമന്റാന്‍ പറ്റിയത്.നല്ല അനുഭവവും അതിനേക്കാള്‍ നല്ല അവതരണവും.
അടുത്തത് എന്താണ്? കാത്തിരിക്കുന്നു
ഗോപാലന് മാഷ് കലക്കി...
മനോഹരമായിരിക്കുന്നു മാഷേ...
http://manavanboologathil.blogspot.com/
മാഷെ, മാഷാണ് മാഷ്....!
മാഷിലെ സംവിധായകന് ഉണര്‍ന്നു പ്രവര്‍ത്തിച്ചത് കൊണ്ടും ഗോപാലന് മാഷ് ഉറങ്ങിയത് കൊണ്ടും ഒന്നാമതെത്തി...കലക്കി കേട്ടോ..!
കലക്കി മാഷേ
ആശംസകള്‍
മാഷെ കലക്കി, എത്ര മുന്നൊരുക്കം നടത്തിയാലും വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ
Post a Comment