പോസ്റ്റുകള്‍

Friday, May 8, 2015

കുറുമുന്നണി

ഒരു കാട്ടില്‍ പല വിധത്തിലുമുള്ള മൃഗങ്ങള്‍ ഉണ്ടായിരുന്നു. പണ്ടുകാലത്ത് സിംഹമാണ് അവിടം ഭരിച്ചിരുന്നത്. എന്നാല്‍ ക്രമേണ രാജഭരണം അവസാനിക്കുകയുംമൃഗാധിപത്യം വരികയും ചെയ്തു.
പോത്തുകളും കഴുതകളും മൂര്‍ഖന്മാരും ഹൈനകളും ഒരു മുന്നണി.
കീരികളും മുതലകളുംകണ്ടാമൃഗങ്ങളും ഞാഞ്ഞൂലുകളും ചേര്‍ന്ന എതിര്‍ മുന്നണി.
കാട് വെളുപ്പിക്കുന്ന കാര്യത്തിലൊഴിച്ച് ഒന്നിലും ഇവര്‍ സഹകരിക്കാറില്ല എന്നു മാത്രമല്ല ഒരു കൂട്ടര്‍ അബദ്ധവശാല്‍ എന്തെങ്കിലും നല്ല കാര്യം ചെയ്യാമെന്നു വെച്ചാല്‍ മറ്റെക്കൂട്ടര്‍ ഒരു കാരണവശാലും അത് സമ്മതിക്കുകയുമില്ല.
കുഴുതയാണ് നേതാവും ഭരണകര്‍ത്താവുമെങ്കിലും പോത്തുകളാണ് എല്ലാം നിയന്ത്രിക്കുന്നത്.പ്രധാനപ്പെട്ട വകുപ്പുകളെല്ലാം അവരുടെ കയ്യിലാണു താനും.
മൂര്‍ഖന്മാര്‍ ഇടയ്ക്കിടയ്ക്ക് ഫണമുയര്‍ത്തിക്കാട്ടി കഴുതയെ പേടിപ്പിക്കും. സഹികെട്ട കഴുത പോത്തുകളുടെ സഹായത്തോടെ ആരുമറിയാതെ മൂര്‍ഖന്റെ വിഷപ്പല്ലൂരിീയെറിഞ്ഞു

കീരികള്‍ ഭരണം കാട്ടാതെ ഗതിയില്ലാ പ്രേതങ്ങളായി അലയുകയാണ്. അപ്പോഴാണ് പോത്തുകളുടേയും കഴുതകളുടേയും മറ്റും അഴിമതിക്കഥകള്‍ പുറത്തു വരാന്‍ തുടങ്ങിയത്.

അഴിമതി എന്ന വിഷം കാടാകെ ഗ്രസിച്ചിരിക്കുന്നു. അതിനെതിരെ പ്രതിഷേധ സമരം നടത്താന്‍ കീരികളുടെ നേതൃത്ത്വത്തില്‍ തീരുമാനമായി. കാട്ടിലെ ഭരണ കാര്യാലയത്തിനു മുമ്പില്‍ ധര്‍ണ തുടങ്ങി. സമരപ്പന്തലിലേക്ക് മൂര്‍ഖനും കുട്ടിയും ഇഴഞ്ഞു ചെന്നു. തന്റെ ആജന്മ ശത്രുവായ മൂര്‍ഖനെ കണ്ടപ്പോള്‍ ആദ്യം കീരി നേതാവ് ഒന്നമ്പരന്നു. പിന്നെ ചെറു ചിരിയോടെ അടുത്ത് ചേര്‍ത്തു നിര്‍ത്തി ചെവിയില്‍ ചോദിച്ചു.
നീ വിഷ ജീവിയാണ് . എന്നെ കടിക്കുമോ?
മൂര്‍ഖന്‍ മറ്റുള്ള കീരികളും മുതലകളും കേള്‍ക്കാതെ പതുക്കെപ്പറഞ്ഞു
എന്റെ വിഷപ്പല്ല് ആ കഴുത പറിച്ചു കളഞ്ഞു. എനിക്കിനി കടിക്കുന്നതായി അഭിനയിക്കാനെ കഴിയൂ. അല്ലെങ്കില്‍ മോനെക്കൊണ്ട് കടിപ്പിക്കണം
കീരി നേതാവ് ആശ്വാസത്തോടെ നിവര്‍ന്നിരുന്നു.
അപ്പോള്‍ മൂര്‍ഖന്‍ തിരിച്ചു ചോദിച്ചു. അങ്ങ് ഈ സത്യമറിഞ്ഞ സ്ഥിതിക്ക് എന്ന കടിച്ച് മുറിച്ച് കൊന്നു കളയുമോ?
കീരിനേതാവ് ആത്മഗതമായി പറഞ്ഞു
അതിന് എന്റെ വായില്‍ ഒറ്റപ്പല്ലുണ്ടായിട്ടു വേണ്ടേ!

1 comment:

ajith said...

എന്നുവച്ച് ധൈര്യപ്പെടുകയൊന്നും വേണ്ട. പല്ലുപോയാലെന്താ, നഖത്തില്‍ വിഷമുള്ള കൂട്ടരാ അവര്‍