പോസ്റ്റുകള്‍

Monday, October 8, 2012

ഞാന്‍ ബുദ്ധിജീവി !

ഞാനൊരു ബുദ്ധിജീവി
അതൊട്ടുമില്ലാത്ത നിങ്ങളോടു
സംവദിക്കാനിശ്വരന്‍
നേരിട്ടയച്ചൊരു മാന്യന്‍

ഞാനൊരു വൃക്ഷപ്രേമി
അതു തെളിയിക്കാന്‍
എത്രയെത്ര പേജുകളാണ്
ഞാന്‍ എഴുതിക്കൂട്ടിയത്
എത്ര പ്രതികളാണതിന്
അച്ചടി വേണ്ടി വന്നത്
എന്റെ മച്ചിലും ചുവരിലും
തറയിലും മരപ്പലക വിരിച്ചതും
വാതിലും ജനലും കേമത്തില്‍ തീര്‍ത്തതും
പ്രകൃതിയോടിണങ്ങി ജീവിക്കാനല്ലേ?
കുറച്ചു മരങ്ങളതിനു നശിച്ചാലും
ഞാന്‍ മരപ്രേമം വളര്‍ത്തുന്നുണ്ടല്ലോ?

ഞാനൊരു പുഴസ്നേഹി
എന്റെ മണിമാളിക തീര്‍ക്കാന്‍
മണലൂറ്റി വാരിയതു
പുഴ തടസ്സമില്ലാതെ ഒഴുകാനല്ലയോ?
എന്റെ വിസര്‍ജ്ജ്യ മാലിന്യങ്ങള്‍
‌ഞാനതില്‍ തട്ടുന്നത്
മത്സ്യങ്ങള്‍ ഭക്ഷ​ണം തിന്നു
സുഖമായ് ജീവിക്കാനല്ലേ?

ഞാനൊരു പ്രകൃതിസ്നേഹി
എന്റെ മുറ്റം പോലും കോണ്‍ക്രീറ്റിട്ടതു
നിങ്ങള്‍ക്കു ചളി പറ്റാതെ
എന്നരികലിലണയാന്‍ വേണ്ടിയല്ലയോ?

ഞാനൊരു ആരോഗ്യപ്രേമി
ടവറുകള്‍ക്കെതിരെപ്പട നയിക്കുമ്പോള്‍
എന്നരയില്‍ത്തിരുകിയ മൊബൈലുകള്‍
നിങ്ങള്‍ക്കെപ്പൊഴുമെന്നെ കിട്ടാനല്ലയോ?
ആണവ താപ ജല വൈദ്യുത പദ്ധതിക-
ളായവയെല്ലാം ഞാനെതിര്‍ത്തു തോല്‍പ്പിച്ചീടും
അതിലെ വൈദ്യുതി ഞാനുപയോഗിക്കും
അതു നിങ്ങളെയുള്ളില്‍ വെളിച്ചം കേറ്റാനല്ലേ?

ഞാനൊരു മഹാസംഭവം
അധികം പറയേണ്ട
ഞാനില്ലയെങ്കില്‍ നീയില്ല!- അല്ല
ഈ ലോകമേയില്ലിതു സത്യം!