പോസ്റ്റുകള്‍

Friday, May 20, 2011

ഡോട്ട്‌കോം യുഗത്തിന് അന്ത്യം : ഇന്റര്‍നെറ്റ് വിലാസം മാറുന്നു




ഡോട്ട് കോമിന്റെ കാലം അവസാനിച്ചു, 'ഡോട്ട് കഴിഞ്ഞ് എന്തും' ആകാവുന്ന കാലത്തിലേക്ക് ഇന്റര്‍നെറ്റ് ചുവടുവെയ്ക്കുന്നു. കമ്പനികള്‍ക്കും വ്യക്തികള്‍ക്കും ഇനി ഏത് 'വാലറ്റം' (suffix) വെച്ചും ഡൊമയ്ന്‍ നാമങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. ഇന്റര്‍നെറ്റ് ഡൊമയ്ന്‍ നാമങ്ങളുടെ നിയന്ത്രണം കൈയാളുന്ന അന്താരാഷ്ട്ര സംഘടനയാണ് ചരിത്രപ്രധാനമായ ഈ തീരുമാനം കൈക്കൊണ്ടത്.

ഐകാന്‍ (ICANN) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന 'കോര്‍പ്പറേഷന്‍ ഫോര്‍ ആസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്‌സ്' ആണ് ഈ തീരുമാനം സിങ്കപ്പൂരില്‍ കൈക്കൊണ്ടത്. ഇന്റര്‍നെറ്റ് വിലാസത്തിന്റെ കാര്യത്തില്‍ കൂടുതല്‍ തുറന്ന സംവിധാനം ഇതുവഴി സാധ്യമാകുമെന്ന് ഐകാന്‍ അധികൃതര്‍ പറഞ്ഞു.

1980 കളില്‍ ഇന്റര്‍നെറ്റ് ഡൊമയ്ന്‍ നാമങ്ങള്‍ നിലവില്‍ വന്നതിന് ശേഷം ഈ രംഗത്ത് സംഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മാറ്റാണിത്. '.com', '.org', '.uk', '.in', '.de' എന്നിങ്ങനെ ഏതാണ്ട് 300 ഡൊമയ്ന്‍ വാലറ്റങ്ങളാണ് നിലവില്‍ അനുവദിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ ''.in' എന്നത് ഇന്ത്യയ്ക്കും, ''.uk' എന്നത് ബ്രിട്ടനും, ''.de' എന്നത് ജര്‍മനിക്കും അനുവദിച്ച് കിട്ടിയിട്ടുള്ള വാലറ്റങ്ങളാണ്.

പുതിയ ഡൊമയ്‌നുകള്‍ അടുത്ത വര്‍ഷം

പുതിയ തീരുമാനത്തോടെ ഈ പരിമിധികളെല്ലാം അവസാനിക്കുകയാണ്. ഇനിമുതല്‍ ഏത് വാലറ്റവും ഡൊമയ്ന്‍ നാമങ്ങള്‍ക്കാകാം, ഭാഷയോ സ്ഥല-സ്ഥാപന നാമങ്ങളോ പ്രശ്‌നമല്ല. ബാങ്കുകള്‍ക്ക് വേണമെങ്കില്‍ '.bank' എന്ന് വെയ്ക്കാം. തിരുവനന്തപുരംകാര്‍ക്ക് ചുരുക്കപ്പേരില്‍ വേണമെങ്കില്‍ '.tvm' എന്നവസാനിക്കുന്ന ഡൊമയ്ന്‍ നാമമാകാം. പടക്കം വില്‍ക്കുന്ന കടക്കാര്‍ക്ക് ''.പടക്കം'' എന്ന് ഡൊമയ്ന്‍ നാമം രജിസ്റ്റര്‍ ചെയ്യാനും തടസ്സമുണ്ടാകില്ല.


എന്നുവെച്ചാല്‍, പുതിയ ആയിരക്കണക്കിന് വാലറ്റങ്ങളോടുകൂടിയ ഡൊമയ്ന്‍ നാമങ്ങള്‍ ഭാവിയില്‍ നിലവില്‍ വരുമെന്നര്‍ഥം. മനുഷ്യഭാവനയും ക്രിയാത്മകതയും മാത്രമാകും ഇക്കാര്യത്തില്‍ അതിര്‍ത്തിയെന്ന് ഐകാന്‍ മേധാവി റോഡ് ബെക്ക്‌ട്രോം പറഞ്ഞു. പുതിയ ഡൊമയ്ന്‍ നാമങ്ങള്‍ അനുവദിച്ച് കിട്ടാനുള്ള അപേക്ഷകള്‍ 2012 ജനവരി 12 മുതല്‍ ഏപ്രില്‍ 12 വരെ ഐകാന്‍ സ്വീകരിക്കും. പുതിയ ഡൊമയ്ന്‍ അടുത്ത നവംബര്‍ മുതല്‍ ഓണ്‍ലൈനിലെത്തും.

വാലറ്റങ്ങള്‍ക്ക് ചിലവേറും

അക്ഷരങ്ങളും സംഖ്യകളും ഏതായിരുന്നാലും കുഴപ്പമില്ല, ഒരു ടോപ്പ് ലെവല്‍ ഡൊമയ്ന്‍ നാമത്തിന് 63 ക്യാരക്ടര്‍ വരെ അനുവദിക്കും. നിലവില്‍ ജനറല്‍ ടോപ്പ് ലവല്‍ ഡൊമയ്ന്‍ നാമങ്ങള്‍ (gTLDs) ആകെയുള്ളത് 22 എണ്ണമാണ്. രാജ്യങ്ങളുമായി ബന്ധപ്പെട്ട തലത്തില്‍ 250 ഡൊമയ്ന്‍ നാമങ്ങളും (.in, .uk, .de തുടങ്ങിയവ). ഭാവിയില്‍ പക്ഷേ ജനറല്‍ ടോപ്പ് ലവല്‍ ഡൊമയ്‌നുകളുടെ എണ്ണം ആയിരക്കണക്കിനാകും.

പക്ഷേ, പുതിയ ഡൊമയ്ന്‍ നാമങ്ങള്‍ അനുവദിച്ച് കിട്ടാന്‍ ചിലവേറും. പുതിയ ഡൊമയ്‌നുകള്‍ക്കുള്ള അപേക്ഷാ ഫീസ് 1.85 ലക്ഷം ഡോളര്‍ (85 ലക്ഷം രൂപ) ആണ്. വര്‍ഷംതോറും 25000 ഡോളര്‍ (11 ലക്ഷം രൂപ) വീതം അടയ്‌ക്കേണ്ടിയും വരും. മാത്രമല്ല, അനുവദിച്ച് കിട്ടാന്‍ അവകാശമുന്നയിക്കുന്ന വാലറ്റങ്ങളുടെ മേല്‍ തങ്ങള്‍ക്ക് നിയമപരമായ അവകാശമുണ്ടെന്ന് അപേക്ഷകര്‍ തെളിയിക്കുകയും വേണം. ഇത്രയും ഉയര്‍ന്ന തുക മുടക്കാന്‍ വന്‍കിട കമ്പനികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലായിരിക്കാം.

ഐകാന്‍ ഇതിനുമുമ്പ് രണ്ടു തവണ വെബ്ബ് വിലാസ സംവിധാനം പരിഷ്‌ക്കരിച്ചിരുന്നു. 2000 ല്‍ '.info', '.biz' തുടങ്ങിയ വാലറ്റങ്ങള്‍ അനുവദിച്ചതായിരുന്നു ആദ്യത്തേത്. 2011 മാര്‍ച്ചില്‍ രതിസൈറ്റുകള്‍ക്ക് '.xxx' വാലറ്റം അനുവദിച്ചതായിരുന്നു. രണ്ടാമത്തെ പരിഷ്‌ക്കരണം. പക്ഷേ, അതിനെക്കാളെല്ലാം വിപുലവും വൈവിധ്യമേറിയതുമായ പരിഷ്‌ക്കരണമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഡൊമയ്ന്‍ നാമം എന്തിന്

ഒരു വെബ്‌സൈറ്റ് എവിടെ കണ്ടെത്തണം അല്ലെങ്കില്‍ ഒരു ഈമെയില്‍ എങ്ങോട്ട് അയയ്ക്കണം എന്ന് ഇന്റര്‍നെറ്റില്‍ ബന്ധിപ്പിച്ചിട്ടുള്ള കമ്പ്യൂട്ടറുകള്‍ക്ക് പറഞ്ഞു കൊടുക്കാനുപയോഗിക്കുന്ന വിലാസമാണ് ഡൊമയ്ന്‍ നാമം.

യഥാര്‍ഥത്തില്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഒരു ഡൊമയ്ന്‍ നാമം ബ്രൗസറിന്റെ അഡ്രസ്സ് ബാറില്‍ നല്‍കുമ്പോള്‍, കമ്പ്യൂട്ടര്‍ അതിനെ കുറെ സംഖ്യകളുടെ കൂട്ടമായി മനസിലാക്കി നിശ്ചിത സൈറ്റിലേക്ക് എത്തുകയാണ് ചെയ്യുക. ഉദാഹരണത്തിന് mathrubhumi.com എന്ന ഡൊമയ്ന്‍ നാമം '50.23.223.5' ആണ്. ap.org എന്നത് '165.1.59.220' ആണ്.

വെബ്ബ്‌സൈറ്റ് അഡ്രസുകള്‍ മനപ്പാഠമാക്കുന്ന സാധാരണ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ കുറവാണ്. ഭൂരിപക്ഷം പേരും ഏതെങ്കിലും സെര്‍ച്ച് എന്‍ജിനുകളിലൂടെയാണ് ആവശ്യമായ സൈറ്റുകള്‍ കണ്ടെത്തുന്നത്. അതിനാല്‍, ഇപ്പോഴത്തെ വിലാസ പരിഷ്‌ക്കരണം സാധാരണ ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ എന്തെങ്കിലും സ്വാധീനം ചെലുത്തുമെന്ന് കരുതാന്‍ വയ്യെന്ന് 'സെര്‍ച്ച് എന്‍ജിന്‍ ലാന്റിന്റെ എഡിറ്റര്‍ ഡാന്നി സള്ളിവന്‍ അഭിപ്രായപ്പെടുന്നു.

കടപ്പാട് -മാതൃഭൂമി

6 comments:

toms/thattakam.com said...

നല്ല ചിന്ത മാഷേ...
തട്ടകത്തിന്റെ ഡോട്ട്കോം മാറ്റി .റ്റോം എന്നാക്കിയാല്‍ എന്താണ് എന്നാലോചിക്കുകയാണ്.

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

വാര്‍ത്ത പത്രത്തില്‍ കണ്ടിരുന്നു. കുറച്ചു കൂടി വിശദമായ വിവരങ്ങള്‍ നല്‍കിയതിനു നന്ദി...

ajith said...

വിലാസം മാറട്ടെ, എന്നിട്ട് വിലസട്ടെ

Naushu said...

കാലത്തിനനുസരിച്ച് മാറട്ടെ !!

Anonymous said...

don't copy from other sites.make sure to type your self

ജനാര്‍ദ്ദനന്‍.സി.എം said...

ഹലോ അനോനിമസ്
എനിക്ക് ഒളിക്കാന്‍ ഒന്നുമില്ല. ലേഖനത്തിനു താഴെ കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്. കഥയും നോവലുമൊന്നുമല്ലല്ലോ. കൂടുതല്‍ പേര്‍ അറിയട്ടെ എന്നു കരുതി മാത്രം.അതും അനോനിമസ് ആകാതെ തന്നെ!