പോസ്റ്റുകള്‍

Sunday, June 12, 2011

വാടകയ്ക്ക് ഒരു ഹൃദയം.

        സ്കെയില്‍ ഉപയോഗിച്ചു വരച്ചപോലെയുള്ള നേര്‍ റോഡിലൂടെ ബസ്സ് കുതിച്ചു പായുകയാണ്. ഇരുവശത്തും തരിശുനിലങ്ങളും ഒറ്റപ്പെട്ട കൃഷിയിടങ്ങളും. ടോള്‍ കൊടുക്കുമ്പോള്‍ മനസ്സില്‍ അധികൃതരെ പ്രാകി. എന്നാല്‍ ഈ റോഡിലൂടെയുള്ള സുഖസുന്ദരമായ യാത്ര ആസ്വദിച്ചപ്പോള്‍ എന്റെ മനം മാറി. ഭാര്യ എന്റെ തോളില്‍ തല ചായ്ച്ച് മയങ്ങുന്നു.
     അവളുടെ നിര്‍ബ്ബന്ധപ്രകാരമാണ് പഴനിയിലേക്കുള്ള ഈ യാത്രയെന്ന് ഞാനെന്റെ സുഹൃത്തുക്കളോടൊക്കെ പറഞ്ഞിരുന്നു. എന്നാല്‍ മലകേറി ആണ്ടവനെ ദര്‍ശിക്കാനുള്ള ആഗ്രഹം എനിക്കായിരുന്നു കൂടുതല്‍.
    സന്ധ്യയോടടുപ്പിച്ച് ബസ്സിറങ്ങി. മാനത്ത് അവിടവിടെയായി മഴക്കാറുകള്‍ മലകേറിക്കൊണ്ടിരിക്കുന്നു. ഭാരമുള്ള സൂട്ട്കേസ് എന്റെ കയ്യില്‍. ബാഗ് അവളുടെ തോളില്‍. അല്‍പദൂരം മുന്നോട്ട് നടന്നു. ആദ്യം ഭക്ഷണം കഴിക്കണമോ, അതോ മുറിയെടുക്കണമോ? തിരക്കില്‍ നിന്ന് ഒഴിഞ്ഞ് ഒരു വശത്തേക്കു മാറി നിന്നു.
"റൂം വേണമാ സാര്‍?"
        നിര്‍ത്തിയിട്ട കുതിരവണ്ടികള്‍ക്കിടയിലൂടെ പെട്ടെന്ന് എവിടെനിന്നോ പൊട്ടിവീണപോലെയാണവന്‍ മുമ്പില്‍ വന്നു നിന്നത്. ഇറക്കം കുറഞ്ഞ ആടിക്കളിക്കുന്ന പാന്റ്. ക്ഷൌരം ചെയ്യാത്ത കുറ്റിരോമമുള്ള വട്ട മുഖം. ഒരു തോര്‍ത്ത്മുണ്ട് തലയില്‍ ചുറ്റിക്കെട്ടിയിട്ടുണ്ട്. വായിലൊരു മുറിബീഡിയും.
           അവന്‍ പറയുന്നത് ശ്രദ്ധിക്കാതെ ഞാന്‍ ഭാര്യയെ അരികിലേക്കു ചേര്‍ത്തു നിര്‍ത്തി. ആഭരണങ്ങള്‍ ശ്രദ്ധിക്കണമെന്നു ചെവിയില്‍ പറഞ്ഞു. അവള്‍ ഒന്നു ഞെട്ടി. സാരിത്തലപ്പെടുത്ത് കഴുത്തില്‍ച്ചുറ്റി ഒന്നു കൂടി എന്നിന്‍ ചേര്‍ന്നു നിന്നു.
        കുതിരച്ചാണകത്തിന്റെയും മൂത്രത്തിന്റെയും ചൂര് മൂക്കില്‍. അപ്പുറത്ത് ഇഡ്ഡലിയും സാമ്പാറും ചേര്‍ത്തു കഴിക്കുന്നതില്‍ നിന്നും കായത്തിന്റെ മണം. മുറി ഇപ്പോള്‍ എടുക്കണമോ അതോ വല്ലതും കഴിച്ചിട്ട് മതിയോ? എന്റെ മനം വായിച്ചിട്ടായിരിക്കണം ഭാര്യ പറഞ്ഞു.
"ആദ്യം മുറിയെടുക്കാം. എന്നിട്ട് ലഘുവായെന്തെങ്കിലും കഴിച്ച് മല കയറാം"
      ഞങ്ങള്‍ മുന്നോട്ട് നടക്കാനാരംഭിച്ചപ്പോള്‍  അവന്‍ വീണ്ടും അരികിലേക്കു വന്നു. ഇത്തവണ ചോദ്യം മലയാളത്തിലാണ്.
"മുറി വേണമോ സാര്‍."
        അവനെ ശ്രദ്ധിക്കാതെ ഞങ്ങള്‍ മുന്നോട്ട് നടപ്പ് തുടങ്ങി. അവനും പുറകെ നടന്നു.
"റൂമെടുത്ത് കുളിച്ച് ഫ്രഷായിട്ട് എന്തെങ്കിലും കഴിച്ച് മല കയറുന്നതല്ലേ നല്ലത്? ദാ, ...ചേച്ചി ഇപ്പോള്‍ത്തന്നെ ക്ഷീണിച്ചിട്ടുണ്ടല്ലോ"
"എനിക്കിപ്പം മുറിയൊന്നും വേണ്ട. വേണമെങ്കില്‍ത്തന്നെ തന്റെ ആവശ്യവുമില്ല." 
        സ്വല്‍പം പാരുഷ്യത്തോടെയാണ് ഞാന്‍ പറഞ്ഞത്
       അവന്‍ എന്റെ കണ്ണുകളിലേക്ക് തുറിച്ചു നോക്കി. പിന്നെ ചിരി വരുത്തി സ്വകാര്യം പറയുന്ന മട്ടില്‍ വീണ്ടും
"അതേയ്, മുറിയൊക്കെ അഡ്വാന്‍സ് ബുക്കിംഗാണ്. എന്റെ കയ്യില്‍ ഒരെണ്ണമുണ്ട്. സാറിന് വേണമെന്നുവെച്ചാല്‍ തരാം."
ഞാന്‍ ഭാര്യയുടെ കയ്യും പിടിച്ച് വേഗം മുന്നോട്ട് നടന്നു.
"മുറി വേണ്ടേ സാര്‍?"
       അവന്‍ പുറകില്‍ നിന്ന് വീണ്ടും വിളിച്ചു ചോദിച്ചു. പിന്നെ എന്തെല്ലാമോ പിറുപിറുത്തുകൊണ്ട് തിരിഞ്ഞു നടന്നു.
       മുറിയന്വേഷിച്ച് ഞാന്‍ ലോഡ്ജുകള്‍ ഒന്നൊന്നായി കയറിയിറങ്ങി. എല്ലായിടവും ഹൌസ് ഫുള്‍! ലഗേജിന്റെ ഭാരവും നടപ്പിന്റെ ക്ഷീണവും. സമയവും കുറെപ്പോയി. മഴക്കാറിനു കനം വെച്ചു. ഏതു സമയവും മഴ പെയ്യുമെന്ന അവസ്ഥ. മഴയില്ലെങ്കില്‍ അമ്പലമുറ്റത്ത് ഇരുന്നെങ്കിലും നേരം വെളുപ്പിക്കാമായിരുന്നു. എനിയെന്തു ചെയ്യുമെന്റെ മുരുകാ?
"ഇനി വല്ലതും കഴിച്ചിട്ട് മതി അന്വേഷണം. നമുക്ക് വല്ലതും കഴിക്കാം."
       പരിപ്പു വട മാത്രമേയുള്ളൂ. അവിടെ നിന്നിറങ്ങി. ഹോട്ടലിലൊക്കെ ഭക്ഷണം കഴിഞ്ഞിരിക്കുന്നു. ഒടുവില്‍ പരിപ്പുവട തന്നെ ശരണം. വരുന്നത് വരട്ടെ, നമുക്ക് മല കയറാം. പക്ഷെ മുരുകന്റെ തീരുമാനം മറ്റൊന്നായിരുന്നു. മഴ ചാറിത്തുചങ്ങി. അഞ്ചെട്ടു പടികളേ കയറിയിരുന്നുള്ളൂ. പെട്ടെന്ന് ഭാര്യ പറഞ്ഞു
"നമുക്കാ പയ്യനെ ഒന്നു നോക്കിയാലോ?"
"ഏതു പയ്യന്‍?"
"മുറി തരാമെന്നു പറഞ്ഞ ആ പയ്യന്‍"
"അവനെ ഇനി എവിടെ കാണാനാണ്?"
"നമുക്കൊന്നു പോയിനോക്കാം. നേരത്തെ കണ്ട ആ മാര്‍ക്കറ്റിന്റെ അരികിലെവിടേയെങ്കിലും അവനുണ്ടാവുംന്നേ...."
         ഇരുട്ട് കട്ട പിടിച്ചിരുന്നു. പെട്ടെന്ന് വൈദ്യുതിയും നിലച്ചു. തട്ടിയും മുട്ടിയും മുന്നോട്ട് നടന്നു. അവന്റെ പേര്‍ പോലും അറിയില്ലല്ലോ. മഴയുടെ ശക്തി കൂടി വരുന്നു. വഴിയില്‍ ചാണകവും ചളിയും പുതഞ്ഞ് വല്ലാത്തൊരു ദുര്‍ഗ്ഗന്ധം. മറവുചെയ്യാത്ത പഴകിയ കോഴി അവശിഷ്ടങ്ങളുടെ ഗന്ധമാണെനിക്ക് ഓര്‍മ്മ വന്നത്. വഴിയരികിലിരുന്ന് ഒരു മദ്യപന്‍ ഛര്‍ദ്ദിക്കുന്നു. അതിന്റെ മണം കൂടിച്ചേര്‍ന്നപ്പോള്‍ ഏതോ കഥയില്‍ വായിച്ച നരകമാണ് ഓര്‍മ്മ വന്നത്. മുഖവും മനസ്സും മൂടി മുമ്പോട്ട് നടന്നു.
ഒരാള്‍ക്കൂട്ടത്തെക്കണ്ട് അങ്ങോട്ട് ചെന്നു. എല്ലാവരം എന്തോ എത്തി നോക്കുന്നു. ഞാനും ഒന്നെത്തിനോക്കി.   ഒരുത്തന്‍ രക്തത്തില്‍ക്കുളിച്ച് ചളിയില്‍ മലര്‍ന്നു കിടക്കുന്നു. മാറത്ത് ഹൃദയത്തില്‍ തറഞ്ഞ്കിടക്കുന്ന കത്തി. ആരോ ഒരാള്‍ മുഖത്തേക്കു ടോര്‍ച്ചു തെളിച്ചു. അതെ അവന്‍ തന്നെ! കടിച്ചു പിടിച്ച ബീഡി വായില്‍ നിന്ന് വീഴാറായിക്കിടക്കുന്നു. അവന്‍ എന്തോ പറയാന്‍ ഭാവിക്കുന്നതു പോലെ ചുണ്ടുകള്‍
 
   "മുറി വേണമാ സാര്‍............."

11 comments:

കാഡ് ഉപയോക്താവ് said...

"മുറി വേണ്ട" ഹാവൂ ! രക്ഷപ്പെട്ടല്ലോ? ഒരു പക്ഷെ മുറിയെടുക്കാൻ അവന്റെ കൂടെ പോയിരുന്നെങ്കിൽ..... അവൻ രക്ഷപ്പെട്ടേനെ.. അല്ലെ സാർ?

അസീസ്‌ said...

കഥ വായിച്ചു. നന്നായിരിക്കുന്നു.
സാറിനു ഫെയ്സ്ബുക് അക്കൌണ്ട് ഉണ്ടോ?

naushu said...

വളരെ നല്ല കഥ .....

vijayan said...

അവന്‍ താങ്കളോട് വേണമോ എന്ന് ആവശ്യപ്പെട്ട മുറി ,അവനു പിന്നീട് ശ രീരത്തില്‍ ഏല്‍ക്കാന്‍ പോകുന്ന മുറിയയിരിക്കും

somanmi said...

ee katha vayichappol kazhinja varsham
pazhaniyil poyathum murikku vendy alanju oduvil valiya thukakku valare mosappettathum,kothukukal dharalamullathumaya oru nalamkita muriyil kazhichu koottendivannathum ormayil vannu. Athinekkal bheekaramayathu kaikooli vangi murukane darsikkan soukaryam cheytu kodukkunna thamizhanmarum. Nalla katha .nandi soman m i

ഷാ said...

വളരെ നല്ല കഥ ...

മേഘമല്‍ഹാര്‍(സുധീര്‍) said...

അല്ല ഇനി മുറി കിട്ടാത്തതിനാല്‍ ഒന്നും രണ്ടും പറഞ്ഞു മാഷ്‌ തന്നെ അവനെ...
:)

ജനാര്‍ദ്ദനന്‍.സി.എം said...

@കാഡ് ഉപയോക്താവ്
വിധി അങ്ങനെയാണെങ്കില്‍ തടുക്കാന്‍ കഴിയില്ലല്ലോ സാര്‍
@ അസീസ്‌
ഉണ്ട്
@ naushu
നന്ദി
@ vijayan
ഒന്നു മുറി, മറ്റേത് മുറിവ്
@ somanmi
അനുഭവങ്ങള്‍ക്ക് സത്യസന്ധത കൂടും
@ ഷാ
നന്ദി
@ മേഘമല്‍ഹാര്‍(സുധീര്‍)
ഇങ്ങനെയൊന്നും പറയല്ലേ മാലോരേ

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ലളിതവാക്കുകളില്‍ മുറിവുണ്ടാക്കുന്ന എഴുത്തിന്റെ ശൈലി ഏറെ ഇഷ്ടമായി. എല്ലാം ഒരു തിരശീലയില്‍ കാണുന്ന പോലെ തോന്നുന്നു!
ആശംസകള്‍

faisu madeena said...

paavam payyan

sakkirek said...

ശന്പള പരിഷ്കരണ പ്രോഗ്രാം PAY FIXATION FROM EK SAKKIR ഇവിടെ ക്ലിക്ക് ചെയ്യുക.