പോസ്റ്റുകള്‍

Thursday, June 9, 2011

സ്ക്കൂള്‍ ഡയറി - 6 വിനീത ടീച്ചറും പ്രതികരണവും


             വിനീത ടീച്ചര്‍ പേരില്‍ മാത്രമല്ല പെരുമാറ്റത്തിലും തികഞ്ഞ വിനീത. ആരോടെങ്കിലും മറുത്തു പറയുന്നതിതുവരെ കണ്ടിട്ടില്ല. ചുണ്ടിലെപ്പോഴും ഒരു പുഞ്ചിരിയാണ്. കുട്ടികളോട് ഹൃദ്യമായി മാത്രമേ സംസാരിക്കാറുള്ളു. സ്ഥിരമായി മൂന്നാം ക്ലാസിലാണ് പഠിപ്പിക്കുന്നത്. സര്‍വീസില്‍ നിന്നു പിരിയാന്‍ ഇനി രണ്ടു വര്‍ഷം മാത്രം.

          അടുത്ത അധ്യയന വര്‍ഷത്തിലെ ക്ലാസ് ചാര്‍ജും വിഷയങ്ങളുമൊക്കെ തീരുമാനിക്കാന്‍ മധ്യവേനലവധിക്ക് സ്റ്റാഫ് കൌണ്‍സില്‍ ചേരുകയാണ്. "ഒന്നാം ക്ലാസ് അര്‍ച്ചന ടീച്ചര്‍ക്കും കദീജ ടീച്ചര്‍ക്കും. രണ്ട് ഒരു ഡിവിഷനേയുള്ളു. അത് ബാലന്‍ മാസ്റ്റര്‍ക്ക്.” ഹെഡ് മാസ്റ്റര്‍ ഇത്രയും പറഞ്ഞപ്പോള്‍ വിനീത ടീച്ചര്‍ പതുക്കെ എഴുന്നേറ്റു നിന്നു

     "മാഷേ, എനിക്ക് ഈ വര്‍ഷം രണ്ടാം ക്ലാസ് മതി. “

    "എന്താ ടീച്ചറേ. ടീച്ചര്‍ സ്ഥിരമായി മൂന്നിലായതിനാല്‍ അതാകും സൌകര്യമെന്നു കരുതിയാണ് ഞാന്‍ മൂന്നാം ക്ലാസ് തന്നെ വെച്ചത്.” ഹെഡ് പറഞ്ഞു.

      "ഒന്നുമുണ്ടായിട്ടല്ല. എനിക്കീ വര്‍ഷം രണ്ടാം ക്ലാസു മതി”.
    
       സീനിയര്‍ ടീച്ചര്‍മാരില്‍ ഒരാളായതു കൊണ്ടും പൊതുവെ വാശിക്കോ തര്‍ക്കത്തിനോ നില്‍ക്കാത്ത ആളായതു കൊണ്ടും ഉടനെത്തന്നെ ടീച്ചര്‍ക്ക് രണ്ടാം ക്ലാസു തന്നെ അനുവദിച്ചു കൊടുത്തു.

        ആഴ്ചകളും മാസങ്ങളും കടന്നു പോയി. നവമ്പര്‍ മാസത്തില്‍ മറ്റൊരു സ്റ്റാഫ് കൌണ്‍സില്‍. കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടയില്‍ ഹെഡ് മാസ്റ്റര്‍ പറഞ്ഞു
        "അടുത്ത വ്യാഴാഴ്ച നമ്മുടെ സ്ക്കൂളില്‍ ഏ..ഒ സാര്‍ ഇന്‍സ്പെക്ഷന്‍ നടത്താന്‍ വരുന്നുണ്ട്. ആരെങ്കിലും ഏതെങ്കിലും കാര്യത്തില്‍ കൃത്യതയില്ലായ്മയുണ്ടങ്കില്‍ എല്ലാം റെഡിയാക്കി വെക്കണം. നമ്മുടെ വിദ്യാലയത്തിനു ചീത്തപ്പേരുണ്ടാക്കി വെക്കരുത്”

          "ഭഗവാനെ … ഇന്നു തിങ്കള്‍...ചൊവ്വ, ബുധന്‍ റണ്ടു ദിവസമല്ലേ ഉള്ളൂ" മൊത്തത്തിലുള്ള ഒരു ഇരമ്പമായിരുന്നു ഇത്.കാര്യങ്ങള്‍ റെഡിയായി ചെയ്യുന്ന വിനീത ടീച്ചര്‍ അപ്പോഴും പുഞ്ചിരിക്കുകയായിരുന്നു.

          പിന്നെ രണ്ടു ദിവസം കല്യാണ വീട്ടിലേക്കാളും വലിയ തിരക്കായിരുന്നു സ്ക്കൂളില്‍. ടീച്ചിംഗ് മാന്വല്‍ എഴുതിത്തീര്‍ക്കല്‍, ചാര്‍ട്ടു വരക്കല്‍, ടീച്ചിംഗ് എയ്ഡ് നിര്‍മ്മിക്കല്‍, മേപ്പ് തെരയല്‍..തിരക്കോട് തിരക്കു തന്നെ! ഷാജി മാഷുടെ സെന്‍സെക്സ് പോയന്റ് ചര്‍ച്ചയില്ല. സഖാവിന്റെ രാഷ്ട്രീയ ക്ലാസുകളില്ല. രാധാകൃഷ്ണന്‍ മാസ്റ്ററുടെ തമാശകളില്ല. ടീച്ചര്‍മാരുടെ പാചക വിശേഷങ്ങളും ഷോപ്പിംഗ് ബഡായികളും ഇല്ലേയില്ല. സ്റ്റാഫ് റൂം ശാന്തം.

          ഞാന്‍ പൊതുവേ നേരത്തെ തന്നെ സ്ക്കൂളില്‍ എത്താറുണ്ട്. വ്യാഴാഴ്ച പതിവിലും അല്പം നേരത്തേയെത്തി. പക്ഷെ അത്ഭുതം മിക്കവാറും എല്ലാവരും അപ്പോഴേക്കും എത്തിയിരുന്നു! ..ഓ മാര്‍ ഇതിനു മുമ്പും ഇന്‍സ്പെക്ഷനു വന്നിട്ടുണ്ട്. എന്നാല്‍ ഇക്കുറി അതുപോലെയല്ല. വരുന്നത് രുഗ്മാംഗദന്‍ സാറാണ്. ടീച്ചിംഗ് നോട്ട് ശരിയല്ലെങ്കില്‍, ബോര്‍ഡിനു നല്ല നിറമില്ലെങ്കില്‍, പരിസരം ശുചിയല്ലെങ്കില്‍ മൂപ്പര്‍ക്ക് കലി കയറും. പിന്നെ എന്താ ചെയ്യുക, എന്താ പറയുക എന്നൊന്നും മുന്‍കൂട്ടി കാണാന്‍ കഴിയുകയില്ല.

           ഒമ്പതര മണിക്കു തന്നെ രുഗ്മാംഗദന്‍ സാറ്‍ എത്തി. കൂടെ ഡയറ്റ് ഫാക്കല്‍റ്റി അജിത് സാറുമുണ്ട്. പൊതുവെ നേരത്തേ വരാറുള്ള വിനീത ടീച്ചര്‍ എന്തോ, പ്രാര്‍ത്ഥന നടക്കുമ്പോഴാണെത്തിയത്. പ്രാര്‍ത്ഥന കഴിഞ്ഞയുടനേ അജിത് സാറിനെ ഒന്നാം ക്ലാസിലേക്കു വിട്ട് സാര്‍ എന്റെ ക്ലാസിലേക്കു വന്നു. വിനീത ടീച്ചര്‍ ആ പഴുതില്‍ ഓഫീസ് റൂമില്‍ ചെന്ന് ടീച്ചിംഗ് മാന്വല്‍ തുറന്ന് ഹെഡിനെക്കൊണ്ട് ഒരരൊപ്പും വെപ്പിച്ച് ക്ലാസിലേക്കോടി. സാര്‍ എന്റെ ടീച്ചിംഗ് മാന്വല്‍ പരിശോധിച്ചു. ആള് മഹാ സമര്‍ത്ഥനാണ്. ഞാന്‍ ഹാജരെടുത്ത് കഴിഞ്ഞ ഉടനെ സാറ് തന്നെ ക്ലാസ് തുടങ്ങി. "മാഷ് ഇന്നലെ ക്ലാസില്‍ എന്തെല്ലാമാണ് ചെയ്തത്?” ഭാഗ്യത്തിന് കുട്ടികള്‍ ഓരോ സ്റ്റെപ്പും കൃത്യമായിപ്പറഞ്ഞു. നോട്ടിലള്ളത് തന്നെ. (രണ്ട് മൂന്നാഴ്ചത്തെ നോട്ട് ഞാന്‍ തലേ ദിവസം രാത്രി ഒറ്റയിരിപ്പിന് എഴുതിത്തീര്‍ത്തതാണ്.അതു വേറെ കാര്യം!) എടുത്തു കൊണ്ടിരുന്ന കവിത അദ്ദേഹം കുട്ടികള്‍ക്ക് ഈണത്തില്‍ ചൊല്ലിക്കൊടുത്തു എന്റെ ക്ലാസില്‍ നിന്നു പോയി.

           നേരെ പോയത് വിനീത ടീച്ചറുടെ ക്ലാസിലേക്ക്. ടീച്ചര്‍ വൈകി വന്നതും ഞങ്ങള്‍ ഒരുമിച്ചു പോവുമ്പോള്‍ അവര്‍ ഓഫീസ് റൂമില്‍ പോയി വരുന്നതം സാര്‍ ശ്രദ്ധിച്ചിരുന്നു.

         ടീച്ചര്‍ ഭംഗിയായി ക്ലാസെടുക്കുന്നുണ്ട്. ബോര്‍ഡില്‍ എഴുതുന്നുണ്ട്. ചുമരില്‍ ചാര്‍ട്ട് തൂക്കുന്നുണ്ട്. ഒരു ഘട്ടമെത്തിയപ്പോള്‍ കുട്ടികളെ ഗ്രൂപ്പാക്കുന്നുണ്ട്. ഇതെല്ലാം ശ്രദ്ധിച്ചു കൊണ്ട് രുഗ്മാംഗദന്‍ സാര്‍ പതിയെ ടീച്ചറുടെ ടീച്ചിംഗ് മാന്വല്‍ കയ്യിലെടുത്തു. പ്രക്രിയ പേജ് പരിശോധിച്ചു. ടീച്ചര്‍ അനുവര്‍ത്തിച്ച സ്റ്റെപ്പുകള്‍ കൃത്യമായി അതില്‍ പ്രതിപാദിച്ചിട്ടുണ്ട്. പുതിയൊരു അധ്യായത്തിന്റെ തുടക്കമാണ്. പക്ഷെ പ്രതികരണപ്പേജ് വെറുതെ നോക്കിയപ്പോള്‍ സാര്‍ ഞട്ടിപ്പോയി. അവിടെ ഇങ്ങനെ എഴുതിയിരുന്നു.

"കമറുന്നീസ ഗ്രൂപ്പില്‍ വേണ്ടത്ര ചര്‍ച്ചകളില്‍ പങ്കെടുത്തില്ല- അവളുടെ ഡയറി ശരിയായില്ല"
"കിരണ്‍ സ്ഥിരമായി അക്ഷരത്തെറ്റുകള്‍ വരുത്തുന്നുണ്ട്. അവന് അക്ഷരബോധത്തിന്നാവശ്യമായ അവസരങ്ങള്‍ പ്രത്യേകം ഉണ്ടാക്കേണ്ടതുണ്ട്.”
"നടാഷയും നന്ദനയും ഡയറി നന്നായി എഴുതിയിട്ടുണ്ട്"
"പൊതുവെ ക്ലാസ് തൃപ്തികരമായി തോന്നുന്നു.”

         ടീച്ചര്‍ ക്ലാസ് എടുക്കാന്‍ തുടങ്ങിയിട്ടല്ലേയുള്ളൂ. കുട്ടികളെ ഗ്രൂപ്പാക്കിയതേയുള്ളു. സാര്‍ ഹാജര്‍ പട്ടികയെടുത്തു കുട്ടികളുടെ പേര് മുഴുവന്‍ വായിച്ചു നോക്കി. പക്ഷെ അക്കൂട്ടത്തില്‍ കിരണ്‍, നടാഷ, കമറുന്നീസ, നന്ദന ഈ പേരുകളൊന്നുമില്ല. സാറിലെ ദുര്‍വ്വാസാവ് ഉണര്‍ന്നു.

     "ടീച്ചറേ നടാഷയുടെയും നന്ദനയുടെയും നോട്ട് ഇങ്ങോട്ട് വാങ്ങി വരൂ"
ടീച്ചര്‍ക്കു കാര്യം മനസ്സിലായില്ല.
     
      "ഈ ക്ലാസില്‍ നടാഷയും നന്ദനയുമില്ലല്ലോ സാര്‍"

    "ഓഹോ, എന്നാല്‍ കിരണും കമറുന്നീസയും ഇങ്ങോട്ട് വരട്ടെ "

    സാര്‍ തന്നെ കളിയാക്കുകയാണെന്ന് തോന്നിയ ടീച്ചര്‍ മിണ്ടാതെ നിന്നു. അപ്പോഴും കാര്യമെന്താണെന്ന് അവര്‍ക്കു മനസ്സിലായില്ല.

      "ടീച്ചര്‍ എന്താണ് മിണ്ടാതെ നില്‍ക്കുന്നത്? കിരണും കമറുന്നീസയും ഇന്ന് വന്നിട്ടില്ലേ?”

    "അങ്ങനെ രണ്ട് കുട്ടികള്‍ ഈ ക്ലാസിലില്ല സാര്‍"

    "എന്നാല്‍ ഈ ക്ലാസിലുള്ള രണ്ട് കുട്ടികളുടെ പേരു പറയൂ ടീച്ചര്‍"

     ടീച്ചര്‍ രണ്ടു കുട്ടികളുടെ പേരു പറഞ്ഞു. അവരുടെ നോട്ട് വാങ്ങി പരിശോധിച്ച് ഒന്നും പറയാതെ അടുത്ത ക്ലാസിലേക്ക് പോയി

          വൈകുന്നേരം അധ്യാപകരുടെ യോഗം വിളിച്ചു. മൊത്തത്തില്‍ കണ്ട ഗുണവശങ്ങളും പോരായ്മകളുമൊക്കെ അവതരിപ്പിച്ചു.ഒടുവില്‍ അദ്ദേഹം ഇങ്ങനെ ഉപസംഹരിച്ചു. "ഇവിടുത്തെ അധ്യാപകര്‍ വളരെ മിടുക്കരാണ്. ക്ലാസെടുക്കുന്നതിനു മുമ്പ് തന്നെ പ്രതികരണമെഴുതാന്‍ കഴിവുള്ള അസാമാന്യ പ്രതിഭയുള്ളവര്‍. എനിക്കു സന്തോഷായി.വളരെ സന്തോഷായി"

        എല്ലാവരം പരസ്പരം മുഖത്തു നോക്കി. എന്താണാപ്പറഞ്ഞതിന്റെ പൊരുള്‍. ആര്‍ക്കും മനസ്സിലായില്ല. രണ്ടു ദിവസം കഴിയുമ്പോഴേക്ക് സത്യം പുറത്തു വന്നു. വില്ലന്‍ KSEB ആണ്. തലേ ദിവസം രാത്രി കറണ്ടില്ലാത്തതിനാല്‍ ടീച്ചര്‍ക്കു നോട്ടെഴുതാന്‍ പറ്റിയില്ല. മിക്സിയും വാഷിംഗ് മെഷീനുമൊന്നും പ്ര്വര്‍ത്തിപ്പിക്കാന്‍ പറ്റിയില്ല. അടുക്കളപ്പണി കഴിഞ്ഞിട്ടു വേണം ഒരു ചാര്‍ട്ടെഴുതാന്‍. നോട്ടില്ലാതെ ഇന്നു പോകാനും പറ്റില്ല. ടീച്ചറുടെ ഭര്‍ത്താവ് മറ്റൊരു സ്ക്കൂളില്‍ രണ്ടാം ക്ലാസില്‍ പഠിപ്പിക്കുന്നു.ഹസ്സിന്റെനോട്ടെടുത്ത് അത് പകര്‍ത്തിയെഴുതിക്കൊടുക്കാന്‍ മകനോട് പറഞ്ഞു. അവന്‍ വലതു വശത്തുള്ള പ്രതികരണപ്പേജ് കൂടി പകര്‍ത്തുമെന്ന് ആലോചിച്ചില്ല. കിട്ടിയ ചെറിയ സമയത്ത് ചാര്‍ട്ട് കൂടി എഴുതിത്തീര്‍ത്ത് സ്ക്കൂളിലേക്ക് ഓടിയതാണ്. തിരക്കില്‍ HM ഒരൊപ്പ് ചാര്‍ത്തിക്കൊടുക്കയും ചെയ്തു.
         
        ഇപ്പോള്‍ ഒരു കാര്യം ഞങ്ങള്‍ക്കു മനസ്സിലായി. ഈ വര്‍ഷം തനിക്കു രണ്ടാം ക്ലാസു മതി എന്നു ടീച്ചര്‍ ആവശ്യപ്പട്ടതെന്തിനാണെന്ന്!!



8 comments:

ശ്രീ said...

സ്വന്തം വീട്ടിലെ തിരക്കുകള്‍ക്കിടയില്‍ ഇത്തരം ചെറീയ തരികിട സൂത്രപ്പണികള്‍ ഒപ്പിയ്ക്കാത്ത അദ്ധ്യാപകരാരുമുണ്ടാകില്ല അല്ലേ...

Jomon said...

.
കൊള്ളാല്ലോ സാര്‍..

ഇത്തരം രസകരമായ അനുഭവങ്ങള്‍ അതിലെ നര്‍മ്മം ചോര്‍ന്നു പോകാതെ അവതരിപ്പിക്കാന്‍ സാറിനു സാധിച്ചിട്ടുണ്ട്...

അടുത്ത പോസ്‌റ്റിനായി കാത്തിരിക്കുന്നു

.

Naushu said...

കൊള്ളാല്ലോ

ജനാര്‍ദ്ദനന്‍.സി.എം said...

@ ശ്രീ
അഭിപ്രായങ്ങള്‍ക്കു നന്ദി
@ജോമോന്‍
അടുത്തത് ഉടനെ പ്രതീക്ഷിക്കാം
@ നൌഷു @ ഹാഷിം
സ്ഥിരമായി വരുന്നത് കആണുന്നുണ്ട്
@ അനിത
മലയാളമേ അറിയു മാഡം

Anonymous said...

സൈനയെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സൈനയെക്കുറിച്ചറിയാന്‍ A HREF="http://vaarthavaathil.blogspot.com/2010/06/blog-post.html" ഇവിടെ /A ക്ലിക്ക് ചെയ്യുക

അഭി said...

കൊള്ളാല്ലോ

drkaladharantp said...
This comment has been removed by the author.
Echmukutty said...

ഇതൊക്കെ എല്ലാവർക്കും പറ്റുന്ന വീഴ്ചകളാ‍വണം അല്ലേ? എന്തായാലും നന്നായെഴുതി. അഭിനന്ദനങ്ങൾ.