പോസ്റ്റുകള്‍

Friday, December 3, 2010

ഘടോല്‍ക്കചന്‍






ഘടോല്‍ക്കചന്‍
************
ആരു ഞാന്‍? ഇക്കുരുക്ഷേത്രഭൂമിയില്‍
ആദിത്യ പുത്രന്റെയമ്പേറ്റു മാറിടം കീറി- 
യൊഴുകിപ്പരക്കും നിണം തന്നിലേകനായ്‌
ആലംബഹീനനായ്‌ കേഴുന്നു
ആരു ഞാന്‍ മദോന്മത്ത ചിന്തകള്‍ പൂട്ടിയ
തേരു തെളിച്ചലറിക്കുതിച്ചവന്‍
ആരു ഞാന്‍ എന്നെത്തന്നെ തിരിയാതുഴലുന്ന
പീഢിതന്‍ , എല്ലാമോര്‍മ്മയില്‍ വരുന്നിപ്പോള്‍!
അധികാരക്കൊതി മൂത്ത കുരുടന്റെ കണ്ണിലെ
കരടായി കനലായുയര്‍ന്നു നില്‍ക്കേ
അപരാധമേലാത്ത പെണ്ണിനെ കളിയിലെ- 
യവസാന കരുവായൊരുക്കി നിര്‍ത്തേ
സത്യവും നീതിയും കരിന്തുണിക്കീറിനാ- 
ലാന്ധ്യം സ്വയം വരിച്ചന്നു നില്‍ക്കേ
ധര്‍മ്മപുത്രന്മാരധര്‍മ്മികള്‍ തന്മുമ്പില്‍
കര്‍മ്മവിമുഖരായ്‌ തരിച്ചിരിക്കേ
കുറുമുന്നണി തീര്‍ത്ത ശകുനിമാരധികാര- 
ക്കറുവില്‍പ്പുറത്താക്കി കാടു വാണോ- 
രതിശക്തവിപ്ലവക്കാറ്റിന്‍ മകനുടെ
അവിഹിത വേഴ്ചതന്‍ ബാക്കിയായി
പ്രതികാര രാഷ്ട്രീയ രാക്ഷസിപ്പെണ്ണിന്റെ
അരുമസന്താനമായ്‌ ഞാന്‍ പിറന്നു. 
സമരാങ്കണങ്ങളിലിടിമുഴക്കം തീര്‍ക്കും
പ്രതികാരജ്വാലയായ്‌ ഞാന്‍ വളര്‍ന്നു

വനമര്‍മ്മരങ്ങളെ പാദപതനങ്ങളാല്‍
വിറതീര്‍ത്തരക്ഷിത മൗനങ്ങളാക്കിയും
വിടപാഗ്ര ശിഖരനീഢങ്ങളില്‍ കിളിമുട്ട
ചെറുകല്ലുതെറ്റിയെറിഞ്ഞുടച്ചൂം
ഭയചകിതരായ് പായുമേണങ്ങളേ-
ദ്ദയാരഹിതമായോടിപ്പിടിച്ചരിഞ്ഞും
ഗിരിഗഹ്വരങ്ങളില്‍ തപമെഴും ശാന്തിയെ
അരണിപ്പൊരിയാലെരിച്ചൊഴിച്ചും
അതിരൗദ്ര ഭൗമചലനങ്ങളുറകൂടി- 
യെന്‍ കരളിലും യൌവനം കത്തിനില്‍ക്കേ
അവിഹിത ബന്ധിതനെങ്കിലും മല്‍താത- 
നഹിതമായരവാക്കുമോതിയില്ല
അടവിക്കു വെളിയിലായപരര്‍ക്കു തോന്നിയ
സുകൃതങ്ങളമ്മയറിഞ്ഞതില്ല

കാനനം തന്നില്‍ വെളിച്ചമെവിടേ
അന്ധകാരത്തിലറിവിന്നു സ്ഥാനമെവിടേ
അറിയേണ്ടതറിയാതെയറിയാത്തതറിയാതെ- 
യറിവുള്ള മൂഢനായ് കാടുനീളെ പുത്ത- 
നറിവും പകര്‍ന്നു ഞാന്‍ കാടു വാണു
അജ്ഞാതവാസം കഴിഞ്ഞു വന്നോര്‍ തന്‍
പ്രജ്ഞയില്‍ പോരിന്റെ നാമ്പു പൊടിച്ചതും
അച്ഛന്റെയിച്ഛയറിഞ്ഞ ഞാനെന്റെപേര്‍
ചൊല്ലിവിളിക്കാതെയോടിയണഞ്ഞതും
യുദ്ധക്കളത്തില്‍ മദിച്ചു നടന്നെങ്ങു- 
മക്ഷരാര്‍ത്ഥത്തില്‍ ഭീതി വിതച്ചതും
പാര്‍ത്ഥന്റെയന്ത്യ വിധിക്കായ് കരുതിയ
തീര്‍ത്ഥജലം വാങ്ങി മോന്തിക്കുടിച്ചതും
ആര്‍ത്തനാദത്തോടെ വീണുപിടഞ്ഞതും
സ്മാര്‍ത്തവിധിക്കാരുറക്കെച്ചിരിച്ചതും
ഓര്‍ക്കുന്നു ഞനെല്ലാമോര്‍ക്കുന്നു നിങ്ങളും
ഓര്‍ക്കുമോയെന്നെ ഘടോല്‍ക്കചനെ


4 comments:

ജയിംസ് സണ്ണി പാറ്റൂർ said...

Arinju kondu maranam varichavan
ghadolkachan
Daivam polum ashrayikkendi vannavan
Pranathile ee viplavakaari

Jayarajan Vadakkayil said...

കവിത ഉഗ്രന്‍. വരട്ടെ അടുത്തത്.

Anish said...

kavita adi poli

Unknown said...

കവിത നന്നായി, വാക്കുകളും വരികളും നന്നയി കോര്‍ത്തിണക്കി.

ഇന്നത്തെ രാഷ്ട്രീയവും കവിതയും ഒന്ന് തന്നെ!