പോസ്റ്റുകള്‍

Monday, September 6, 2010

സ്ക്കൂള്‍ ഡയറി - 10 കലന്തന്റെ കലകളും കുലകളും

           ഒരു ദിവസം ഉച്ചയ്ക്കു ശേഷമുള്ള ഇന്റര്‍വെല്ലിന് ഞാന്‍ ക്ലാസില്‍ നിന്ന് സ്റ്റാഫ്റൂമില്‍ എത്തിയപ്പോള്‍ കലന്തന്‍ അവിടെയുണ്ട്. ഇത്തവണ വന്നത് മികച്ചയിനം വാഴക്കന്നുകളുമായാണ്. പുതപ്പു വില്ക്കുന്നവരുടെയും പ്രഷര്‍കുക്കര്‍ മുതല്‍ പിഞ്ഞാണക്കോപ്പകള്‍ വരെ വില്ക്കന്നവരുടെയും വിഹാരകേന്ദ്രങ്ങളാണ് സ്ക്കൂള്‍ സ്റ്റാഫ്റൂമുകള്‍. കലന്തനെയും അക്കൂട്ടത്തിലൊരാളായി തള്ളാമായിരുന്നു. എന്നാല്‍ കലന്തനെ അങ്ങനെയങ്ങു വിട്ടുകൂടാ. ആശാനെന്റെ സഹപാഠിയാണ്, ഹൈസ്ക്കൂളില്‍.


     വാഴപ്പഴം മനുഷ്യന് എങ്ങനെയാണ് ഒരു ഉത്തമാഹാരമായിരിക്കുന്നത് എന്നതു മുതല്‍ ഈ അപൂര്‍വ്വയിനം വാഴക്കന്നുകള്‍ താന്‍ എങ്ങനെ സംഘടിപ്പിച്ചു എന്നതുവരെയുള്ള വിശദമായ ലക്ചര്‍ പുള്ളി നടത്തിക്കൊണ്ടിരിക്കെയാണ് ഞാന്‍ അങ്ങോട്ട് കയറിച്ചെന്നത്. ഒളികണ്ണാല്‍ എന്നെക്കണ്ടതും കലന്തന്‍ മൊഴിഞ്ഞു.
 
                "എടാ ജനാര്‍ദ്ദനാ........അല്ല സോറി, ജനാര്‍ദ്ദനന്‍ മാഷേ  നീ ഇപ്പോള്‍ ഇവിടേയാണോ? ഇപ്പോള്‍ കവിതയൊക്കെ എഴുതാറുണ്ടെടേയ് ?"
 
    "ഉം...." ഉണ്ടെന്നോ ഇല്ലെന്നോ അര്‍ത്ഥം വരുന്ന വിധത്തില്‍ ഞാനൊന്നു മൂളി. കാരണം കലന്തന്‍ വില്ക്കാന്‍ കൊണ്ടുവന്ന സാധനത്തെപ്പറ്റി എനിക്കത്ര വിശ്വാസം പോരായിരുന്നു.

കലന്തനെ ആദ്യമായി എട്ടാം ക്ലാസില്‍ വെച്ചാണ് ഞാന്‍ പരിചയപ്പെടുന്നത്. കല എന്നു വിളിക്കുന്നതാണ് പുള്ളിക്കിഷ്ടം. അല്പസ്വല്പം കവിതാഭ്രമമൊക്കെയുള്ള മൂപ്പരുടെ തൂലികാനാമമാണത്. ജന്മനാ ചെറിയൊരു വൈകല്യമുണ്ട്. ഇടതുകാലിന് അല്പം നീളക്കുറവ്. നടക്കുമ്പോള്‍ ചെറുതായി മുടന്തും. എട്ടാം ക്ലാസിലെ ആദ്യദിനം. ഞങ്ങളുടെ ക്ലാസ് ടീച്ചറായ രോഹിണിക്കുട്ടി ടീച്ചര്‍ കുട്ടികളെ പരിചയപ്പെടുന്ന കൂട്ടത്തില്‍ ചോദിച്ചു.
 
     "കലന്താ... ഈ മുടന്ത് ജന്മനാ ഉള്ളതാണോ?"
      "ഇല്ല ടീച്ചര്‍. അതൊരു കഥയാണ്."
     "എന്താ കുട്ടീ, എന്തു പറ്റി?"  ടീച്ചര്‍
   "ടീച്ചര്‍ ,എനിക്കന്നു നാലു വയസ്സു പ്രായം. ഉമ്മ അരച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ അമ്മിയില്‍ നിന്ന് തേങ്ങ വാരിത്തിന്നാന്‍ നോക്കി."
     "എന്നിട്ട്"
        "ഉമ്മ എന്നെ അടിക്കാന്‍ നോക്കി. അപ്പോള്‍ അമ്മിക്കുട്ടി അബദ്ധത്തില്‍ എന്റെ ഇടതുകാലിലേക്കു ഉരുണ്ടുവീണു. കാലു ചതഞ്ഞരഞ്ഞു. എല്ലു പൊട്ടി. അതിനു ശേഷം ഞാനൊരു മുടന്തനായി!"
കലയുടെ കഥ കേട്ട ഞങ്ങള്‍ക്കെല്ലാം വിഷമമായി. കലയുടെ ഉമ്മയുടെ അശ്രദ്ധയെ ഞങ്ങള്‍ പഴിച്ചു. എനി ഒരമ്മയും അങ്ങനെ ചെയ്യല്ലേ എന്നു ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു.
 
        എന്നാല്‍ തൊട്ടടുത്ത പിരിയഡുതന്നെ കല ഞങ്ങളെ ഞെട്ടിച്ചുകളഞ്ഞു. രോഹിണി ടീച്ചറുടെ ചേച്ചിയാണ് കല്യാണിക്കുട്ടി ടീച്ചര്‍. കുട്ടികള്‍ ചിരിക്കുന്നതും സംസാരിക്കുന്നതുമൊന്നും ടീച്ചര്‍ക്കിഷ്ടപ്പെടില്ല. ക്ലാസിനിടയില്‍ കലന്തന്‍ എന്തോ ശബ്ദമുണ്ടാക്കി. ടീച്ചര്‍ വടിയെടുത്തു.
 
     "വാടാ ഇവിടെ"
കലന്തന്‍ ഞൊണ്ടി ഞൊണ്ടി ടീച്ചറുടെ അരികിലേക്ക് നടന്നു ചെന്നു.
    "എന്താടാ നിന്റെ കാലിന്?"  ടീച്ചര്‍
    "അതൊരു ആക്സിഡണ്ടാണ് ടീച്ചര്‍ " കല പതുക്കെപ്പറഞ്ഞു
    "ഉറക്കെപ്പറയെടാ. ഇപ്പോള്‍ നിന്റെ ശബ്ദമെവിടെപ്പോയി?"
കല മുഖത്തു യാതൊരു ഭാവഭേദവും കൂടാതെ ഉറക്കെത്തുടര്‍ന്നു.
   "കുറെക്കൊല്ലം മുമ്പാണ്. ഞാനും ബാപ്പയും കൂടി കോഴിക്കോടിന് പോവുകയായിരുന്നു. വണ്ടി നില്‍ക്കുന്നതിനു മുമ്പ് ബാപ്പ പ്ലാറ്റ്ഫോമിലേക്കു ചാടി. പുറകെ ഞാനും ചാടി. വീണുപോയ എന്റെ കാല്‍ പ്ലാറ്റ്ഫോമിനും വണ്ടിക്കുമിടയില്‍കുടുങ്ങി. എന്റെ കാല്‍ ചതഞ്ഞുപോയി!"
         അമ്പട കള്ളാ! ഞങ്ങളെല്ലാവരുടെയും മനസ്സില്‍ നിന്ന് ഒരമ്പരപ്പുയര്‍ന്നു.  ആരും ഒന്നും മിണ്ടിയില്ല. പക്ഷെ കല ആരാണെന്ന് ഞങ്ങള്‍ക്കു മനസ്സിലായി. ദിവസങ്ങള്‍ക്കുള്ളില്‍ കല സ്ക്കൂളിലെ പ്രധാന കഥാപാത്രമായി. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കല തന്നെ സ്ക്കൂള്‍ലീഡര്‍

       അക്കാലത്ത് സ്ക്കൂളില്‍ പട്ടാളച്ചിട്ടയായിരുന്നു. ദേശീയ അധ്യാപക അവാര്‍ഡു നേടിയ കെ. കെ. രാമന്‍ നായരാണ് ഹെഡ്മാസ്റ്റര്‍. അധ്യാപകനാവുന്നതിന് മുമ്പ് സാറ് പട്ടാളത്തിലായിരുന്നു. മാഷ് വരാന്തയിലൂടെ നടന്നാല്‍ പിന്നെ മൊട്ടുസൂചി വീഴുന്ന ശബ്ദം പോലും കേള്‍ക്കാം. അത്ര നിശ്ശബ്ദത ആണ്. സ്ക്കൂളിലെ യൂണിഫോം പോലും കാക്കിയും വെള്ളയുമാക്കിക്കളഞ്ഞു ആ ദേശസ്നേഹി. ഇഷ്ടമില്ലെങ്കിലും ഞങ്ങളതു സഹിച്ചു.
       അഞ്ചെട്ടു മാസം കഴിഞ്ഞു. സ്ക്കൂള്‍ അസംബ്ലി നടക്കുകയാണ്. ലീഡറായ കല കടും ചുവപ്പു നിറത്തിലുള്ള ഷര്‍ട്ടും കറുത്ത പാന്റുമണിഞ്ഞ് നില്‍ക്കുന്നു. ഹെഡ്മാസ്റ്റര്‍ ഒന്നേ നോക്കിയുള്ളൂ. അദ്ദേഹത്തിന്റെ മുഖം കോപം കൊണ്ട് ചുവന്നു. കലയെ നോക്കി അട്ടഹസിച്ചു.
 
      "ഇവിടെ വാടാ"
യാതൊരു കൂസലുമില്ലാതെ കല അദ്ദേഹത്തിന്നരികിലെത്തി.
     "ഇതെന്താടാ ഈ ഇട്ടുവന്നിരിക്കുന്നത്?"
     "പാന്റും ഷര്‍ട്ടും"  കലന്തന്‍
     "ഇതെന്തു നിറമാണെടാ? " രാമന്‍ മാസ്റ്റര്‍
     "ചുവപ്പും കറുപ്പും"
    "ലീഡറായ നീ തന്നെ യൂണിഫോം ഇടാതെ വന്നിരിക്കുന്നോ? പോയി മാറ്റി വാടാ"
     "പറ്റില്ല." 
       ഇത്തവണ കലയും ഉച്ചത്തിലാണ് പറഞ്ഞത്. "ഇവിടുത്തെ ഈ കാക്കി യൂണിഫോം കുട്ടികള്‍ക്കാര്‍ക്കും ഇഷ്ടമല്ല. ഒരു ലീഡര്‍ എന്ന നിലയില്‍ അതു ബഹിഷ്ക്കരിച്ചുകൊണ്ടുള്ള സമരത്തിന് നേതൃത്വം കൊടുക്കേണ്ടത് എന്റെ കടമയാണ്."
         തന്റെ രൂപം കണ്ടാല്‍ ഇലയനങ്ങാത്ത അന്തരീക്ഷത്തില്‍ ഈ നിഷേധസ്വരം അദ്ദേഹത്തിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. കുട്ടികള്‍ എല്ലാവരും കേള്‍ക്കേ അദ്ദേഹം വീണ്ടും പറഞ്ഞു.
 
       "ഇത്തരം നിഷേധികളെ ഈ സ്ക്കൂളില്‍ വെച്ചു പൊറുപ്പിക്കില്ല. ഇവനെ ഈ സ്ക്കൂളില്‍ നിന്നും ഡിസ്മിസ് ചെയ്തിരിക്കുന്നു." തുടര്‍ന്നു കലന്തനെ നോക്കി പറഞ്ഞു. "നിനക്കു വേണമെങ്കില്‍ ടി. സിയും വാങ്ങി ഇന്നു തന്നെ പോകാം."
       ഇതു കേട്ട കലന്തനും വിട്ടു കൊടുത്തില്ല. "ഇത്തരം ഒരു സ്ക്കൂളില്‍ പഠിക്കാന്‍ എനിക്കും നാണക്കേടാണ്. ടി. സി വാങ്ങണമെന്ന് കുറെ ദിവസമായി ഞാനും ആലോചിക്കുന്നു. പിന്നെ ഞാനായിട്ട് അതിന് മുന്‍കൈയെടുത്തു എന്നൊരു പേരുദോഷം വേണ്ടാ വേണ്ടാ എന്നു വിചാരിച്ചിട്ടാണ്. അതിങ്ങു തന്നേക്കൂ സാറേ!"

        ഈ മറുപടിയും കേട്ടതോടെ ഹെഡ്മാസ്റ്റര്‍ തളര്‍ന്നു പോയി. കലന്തന്‍ ഞങ്ങളുടെ സ്ക്കൂളിലെ പഠിത്തം അന്നു തന്നെ ഒഴിവാക്കി. പിന്നീട് രണ്ട് ഹൈസ്ക്കൂളുകളിലും കൂടി പഠിച്ചതിനു ശേഷമാണ് അദ്ദേഹം എസ്. എസ്. എല്‍. സി എഴുതിയത്. കലന്തന്‍ പിന്നീട് നടത്താത്ത തൊഴിലുകളില്ല. പെയിന്റിങ്ങിനു പോയി. മടുത്തപ്പോള്‍ കസേര മെടയല്‍ തുടങ്ങി. കടലാസ് പൂ നിര്‍മ്മാണം, ഡക്കറേഷന്‍ , പിന്നെ സകലമാന വഴിയോരക്കച്ചവടങ്ങളും നോക്കി. അതിന്റെ അവസാന രൂപമാണ് ഇപ്പോള്‍ കണ്ട വാഴക്കന്നു വിതരണം.
 
         സ്ക്കൂള്‍ വിട്ടതിനു ശേഷം ഞാന്‍ കലയെ ആദ്യമായി കാണുന്നത് കൊയിലാണ്ടി ടൌണില്‍ വെച്ചാണ്. പോസ്റ്റാപ്പീസിന്റെ മുമ്പിലുള്ള റോഡരികില്‍ തെങ്ങിന്‍തൈ വില്‍ക്കുമ്പോള്‍. അതുമൊരു കഥയാണ്.
കലന്തന്‍ ഒരു ദിവസം എന്തോ ഒരാവശ്യത്തിന് ഞങ്ങളുടെ സുഹൃത്തായ എന്‍. എസ് .നമ്പൂതിരിയുടെ വീട്ടില്‍ എത്തുന്നു. വരാന്തയിലിരുന്ന് കുശലം പറയുന്നതിനിടയ്ക്ക് തൊടിയില്‍ പാകി മുളപ്പിച്ചിരിക്കുന്ന നാടന്‍ തെങ്ങിന്‍തൈകള്‍ കാണുന്നു.അക്കാലത്ത് പത്തു രൂപയായിരുന്നു ഒരു തൈയുടെ വില. കലന്തന്‍ എണ്ണിനോക്കി. നാല്‍പ്പത്തഞ്ചെണ്ണമുണ്ട്. നമ്പൂതിരിയോട് ചോദിച്ചു.
        "നമ്പൂരീ, തൈക്കെന്തു വില തരണം."
        "പത്തു രൂപയാണ്. പക്ഷെ ഞാനിതു വില്‍ക്കുന്നില്ല."
       "അയ്യേ പത്തു രൂപയോ? അതു കുറവല്ലേ? പന്ത്രണ്ടു രൂപ വെച്ച് ഞാനെടുക്കാം."
        "ഞാനതു വില്‍ക്കുന്നില്ല കലന്താ"
      "അങ്ങനെ പറയരുത്. എനിക്ക് കുറച്ച് തെങ്ങിന്‍ തൈകള്‍ അത്യാവശ്യമാണ്. പതിമൂന്ന് രൂപ വെച്ച് വാങ്ങിക്കോളൂ. "  നമ്പൂതിരി വഴങ്ങിയില്ല. എന്നാല്‍ കലന്തന്റെ നിര്‍ബന്ധത്തിന്നു വഴങ്ങി പതിന്നാല് രൂപ പ്രകാരം 45 എണ്ണവും വിറ്റു. പിറ്റെദിവസം കാലത്ത് പണം കൊടുത്ത് തൈകള്‍ ഒരു വാഹനത്തില്‍ കയറ്റി നേരത്തെ പറഞ്ഞ പോസ്റ്റാപ്പീസിന്റെ മുമ്പില്‍ കൊണ്ടിറക്കി. തൈകള്‍ നിരത്തി വെച്ചു. നല്ലൊരു ബോര്‍ഡും വെച്ചു. 'മേത്തരം NS45 തെങ്ങിന്‍ തൈകള്‍. 25 രൂപ മാത്രം.'
      കലന്തന്‍ തന്റെ വാഗ്ധോരണി പുറത്തെടുത്തു. "
      സുഹൃത്തുകളെ, കാസര്‍ഗോഡ് തെങ്ങുവിള ഗവേഷണകേന്ദ്രത്തിലെ വിദഗ്ധരായ ശാസ്ത്രജ്ഞന്മാര്‍ ഒരുക്കിയെടുത്ത മികച്ചയിനം തെങ്ങിന്‍തൈകള്‍ NS45 ഇതാ കുറച്ചെണ്ണം കൂടി മാത്രം വില്‍ക്കാനുണ്ട്. ആവശ്യക്കാരുണ്ടെങ്കില്‍ മുന്നോട്ടു വരിക. പക്ഷെ ഒരാള്‍ ദയവു ചെയ്ത് ഒന്നില്‍ക്കൂടുതല്‍ ചോദിക്കരുത്. ഈ വര്‍ഷത്തെ സ്റ്റോക്കു കഴിഞ്ഞു. കഴിയുന്നത്രപേരില്‍ എത്തിക്കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശ്യം."
 
     "എന്താ ഈ NS45?" ഒരാള്‍ ഒരു ചോദ്യമെറിഞ്ഞു
കല അയാളെ സൂക്ഷിച്ചൊന്നു നോക്കി. പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു
           "TxD എന്നു കേട്ടിട്ടുണ്ടോ? IR 8 എന്നു കേട്ടിട്ടില്ലേ? അതു പോലൊന്ന്. ഏറ്റവും പുതിയ തെങ്ങിനമാണ്. സഹോദരാ അതിന്റെ ഫുള്‍ഫോമൊന്നും എനിക്കറിയില്ല. ഏറ്റവും മികച്ചതാണെന്ന് മാത്രമറിയാം."
          ഒരാള്‍ക്ക് ഒന്നു മാത്രമേ നല്‍കുകയുള്ളൂ എന്നു പറഞ്ഞത് ആളുകളക്ക് കൂടുതല്‍ വിശ്വാസത്തിനു കാരണമായി. നിമിഷനേരം കൊണ്ട് തൈകളെല്ലാം 25 രൂപ വെച്ച് വിറ്റുപോയി. തിരിച്ചു ബസ് സ്റ്റാന്‍ന്റിലേക്കു നടക്കുമ്പോള്‍ ഞാന്‍ ചോദിച്ചു. 
         "കലാ എന്താ ഈ NS45"
     "എടാ ഇതു നല്ല തമാശ. Ns നമ്പൂരിയുടെ വീട്ടില്‍ നിന്ന് വാങ്ങിയത്.അതാ NS. ആകെ 45 എണ്ണമേ ഉണ്ടായിരുന്നുള്ളു. ഇപ്പോ മനസ്സിലായോ മൂഢാ എന്താണ് NS45 എന്ന്!"
 
           ഞാനീ കഥകളെല്ലാം ഓര്‍മ്മിക്കുമ്പോഴേക്കും അധ്യാപകരെല്ലാം പത്തും പതിനഞ്ചും വാഴക്കന്നുകള്‍ വാങ്ങിക്കഴിഞ്ഞിരുന്നു. ഒടുവില്‍ മൂന്നെണ്ണം മാത്രം ബാക്കി.കല പറഞ്ഞു
 
      "എടോ ജനാര്‍ദ്ദനന്‍ മാഷേ ആ മൂന്നെണ്ണം നിനക്കുള്ളതാണ്. പണമൊന്നും വേണ്ട. താന്‍ കൊണ്ടുപോയി കുലപ്പിച്ച് പഴം കഴിക്ക്"
 
        മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ എല്ലാവരുടെയും വാഴ കുലച്ചു. വലിയ കുലകളും കിട്ടി. പക്ഷെ അതു പൂവനല്ല, പാളയംകോടനായിരുന്നു എന്നു മാത്രം!

15 comments:

അസീസ്‌ said...

ജനാര്‍ദ്ദനന്‍ സര്‍
കലന്തന്‍ വാഴക്കന്നു വിറ്റ കഥ മുന്‍പ് കേട്ടിരുന്നു .പക്ഷെ വിശദമായി ഇപ്പോഴാണ് മനസ്സിലായത്‌. NS 45 കലക്കി.

Manickethaar said...

നന്നായിട്ടുണ്ട്‌

അനൂപ്‌ .ടി.എം. said...

കക്കട്ടിലിന്റെ അധ്യാപക കഥകള്‍ പോലെ ലളിതം സുന്ദരം..
ഒരു പയ്യോളിക്കാരന്റെ ആശംസകള്‍..
തുടരുക

Kalavallabhan said...

"എടോ ജനാര്‍ദ്ദനന്‍ മാഷേ ആ മൂന്നെണ്ണം നിനക്കുള്ളതാണ്. പണമൊന്നും വേണ്ട. താന്‍ കൊണ്ടുപോയി കുലപ്പിച്ച് പഴം കഴിക്ക്"
കലന്തന്റെ മനസ്സിലും എന്തൊക്കെയോ പറയാനുണ്ട്.....

വി.കെ. നിസാര്‍ said...

കലന്തന്റെ കുലകളും കലകളും ഏറെ ഇഷ്ടമായി.
ലളിതസുന്ദരാനുഭവങ്ങള്‍ ഇനിയുമിനിയും വേണം.
ആദ്യമായി, എട്ടാം ക്ലാസില്‍ വെച്ച് മുഴുവനായി വായിച്ചുതീര്‍ത്ത എസ്.കെയുടെ 'ഒരു ദേശത്തിന്റെ കഥ' ഓര്‍മ്മവരുന്നു.

Unknown said...

കണ്ണേ കലയ് മാനേ......

ജനവാതിലില്‍ കൂടി വന്ന ഈ കലയ്മാനെ ഒത്തിരി ഇഷ്ട്ടാ.. യി

ജനാര്‍ദ്ദനന്‍.സി.എം said...

@അസീസ്
സന്തോഷം. അഭിനന്ദനങ്ങള്‍ തുടര്‍ന്നും എഴുതാനുള്ള ധൈര്യം തരുന്നു
@ Manickethaar
നന്ദി. ഇനിയും വരണം
@ അനൂപ്
നന്ദി. ഞാന്‍ ബ്ലോഗില്‍ കമന്റിയിട്ടുണ്ട്
@ സകലകാവല്ലഭന്‍
കലന്തന്റെ മനസ്സിലും എന്തൊക്കെയോ പറയാനുണ്ട്.....
എന്തായിരിക്കാം????
@നിസാര്‍ മാഷ്
സന്തോഷം. എന്റെ പ്രിയ എഴുത്തുകാരനാണ് എസ്.കെ
സോണി എം.എം

നന്ദി. ഇനിയും കാണണം

sijusadhana said...

kala veliyannure enna asaamanya prathibhaasaaliyute vazhavithh vitharanamahamahathil njanum pankaliyayittund .enikkukittiya poovan kannukalil ninn kadalippazham kazhikkumpol parinama rahasyamarinjathupoloru santhosham...

ജനാര്‍ദ്ദനന്‍.സി.എം said...

സിജു സാധന
അഭിപ്രയങ്ങള്‍ക്ക് നന്ദി. അനുഭവം സത്യമാണെന്ന് ബോധ്യപ്പെട്ടല്ലോ

കൊമ്പന്‍ said...

കലന്തന്‍ ഇമ്മക്ക് പെരുത്ത് ഇഷ്ടായി ട്ടോ നുണ പറയല്‍ കല ആക്കിയ കലാകാരന്‍
വിദ്യ പര്‍വതം താണ്ടിയ അദ്ധ്യാപകരെ അദ്ധ്യാപഹയരാക്കി പഹയന്‍

Unknown said...

കലന്തൻ കഥ നന്നായിരിക്കുന്നു...

പഞ്ചാരകുട്ടന്‍ -malarvadiclub said...

കലന്തൻ ആള് കൊള്ളാമല്ലോ

faisu madeena said...

azeezkka thanna linkil clikkiyanu ivide ethiyathu....nannaayitundu mashe .....aalu kollamallo ee kalanthan....!

അംജിത് said...

കലന്തന്‍ സാഹിബ് ആള് കൊള്ളാമല്ലോ മാഷേ !! :)

ഷാഹിദ്.സി said...

മാഷെ കല കലക്കീട്ടൊ.“അതിന്റെ അവസാന രൂപമാണ് ഇപ്പോള്‍ കണ്ട വാഴക്കന്നു വിതരണം.“ .............. ഇന്നു കലന്തൻ റിയലെസ്റ്റേറ്റു ബിസിനസ്സാണ്. വീടൊക്കെ കാണണം.ഏതോ കച്ചവടത്തിന് കൊടുത്ത പണം കുറഞ്ഞെന്നും പറഞ്ഞ് ഉപ്പയുമായി തെറ്റി