പോസ്റ്റുകള്‍

Thursday, August 26, 2010

സ്ക്കൂള്‍ ഡയറി - 9 മയൂരവാഹനന്റെ പരാക്രമങ്ങള്‍

           ഞാന്‍ സ്ക്കൂളില്‍ ചേരുമ്പോഴേ അവിടെയുണ്ട്. നാലു വര്‍ഷം മുമ്പെങ്കിലും ആശാന്‍ മാഷായിട്ടുണ്ട്. മണിയന്‍ എന്നുള്ളത് വീട്ടിലും അടുത്ത കൂട്ടുകാരിലും ഉള്ള പേരാണ്. ശരിയായ പേര്‍ മയൂരവാഹനന്‍ പിള്ള. കുട്ടികള്‍ക്ക് മയൂരന്‍ മാഷാണ്. നാട്ടുകാര്‍ക്കും അതേ പേരു തന്നെയാണിഷ്ടം. ഇത്തിരി വ്യത്യാസം വരുത്താറുണ്ടന്നു മാത്രം.

          സ്ക്കൂളില്‍ ചേര്‍ന്ന കൊല്ലം എനിക്ക് നാലാം ക്ലാസാണ് കിട്ടിയത്. അത് ഒരു ഷെഡിലായിരുന്നു. ഒരു ദിവസംഒരു നാലാം പിരീഡ് അഞ്ചാം ക്ലാസിലേക്ക് സബ്സ്റ്റിറ്റ്യൂഷന്‍ കിട്ടി. അപ്പോഴാണാദ്യമായി ഞാന്‍ മയൂരന്റെ വിശ്വരൂപം കാണുന്നത്. ആശാന്‍ ആറാം ക്ലാസില്‍ പഠിപ്പിക്കുന്നു. ക്ലാസുകള്‍ തമ്മില്‍ വിഭജന മറയുണ്ടായിരുന്നില്ല. നാലു ക്ലാസുകാര്‍ക്ക് പരസ്പരം കാണുകയും കേള്‍ക്കുകയും ചെയ്യാം. മയൂരവാഹനന്‍ പിള്ള വന്നിട്ടുണ്ടോ എന്നറിയാന്‍ ഒരു പ്രയാസവുമില്ല. അത്ര വലിയ ശബ്ദമാണ്. ആളെ കാണാനാണെങ്കില്‍ കഷ്ടിച്ച് അഞ്ചടി മാത്രം. ചിലപ്പോഴൊക്കെ ജുബ്ബയായിരിക്കും വേഷം. അന്ന് ഒന്നു കൂടി ചെറുതാവും.

          മൂപ്പര് നേരത്തെ പറഞ്ഞ ക്ലാസില്‍ ഉണ്ണായിവാര്യരുടെ ഏതോ വരികളാണ് പഠപ്പിക്കുന്നത്. ഞാനൊന്ന് പാളി നോക്കി. കഥകളി പദം പാടുന്നുണ്ട്. അല്പസ്വല്പം ആടുന്നുമുണ്ട്. ചരിത്രം പറയുന്നുണ്ട്. കഥകളി ആശാന്മാരെപ്പറ്റി പ്രഭാഷണം നടത്തുന്നുണ്ട്. ഒരു നിമിഷം പോലും ആ നാവ് അനങ്ങാതിരിക്കുന്നില്ല. ഉച്ചഭക്ഷണത്തിനു വിട്ടപ്പോള്‍ ഞങ്ങള്‍ ഒരുമിച്ചു ഹോട്ടലിലേക്കു നടന്നു. ഞാന്‍ പറഞ്ഞു. "മാഷേ ക്ലാസ് ഗംഭീരമായിരുന്നു. ഞന്‍ ശ്രദ്ധിച്ചു"
"എന്റെ മാഷേ, തൊണ്ട പോയതു മിച്ചം. ഒരു വക അതുങ്ങള്‍ക്ക് മനസ്സിലായിട്ടില്ല."
കൊഴപ്പം എവിടെയാണെന്ന് എനിക്ക് മനസ്സിലായെങ്കിലും അപ്പോള്‍ ഞാനത് പറഞ്ഞില്ല. എന്നാലും ചില ഹിന്റുകളൊക്കെ നല്‍കുകയും ചെയ്തു. അത് ഒരു സൌഹൃദത്തിന്റെ തുടക്കമായി. പുള്ളി കൊല്ലം ജില്ലക്കാരനാണ്. കല്യാണമൊന്നും കഴിഞ്ഞിരുന്നില്ല. 'വീണേടം വിഷ്ണുലോകം'! സ്ക്കൂളില്‍ നിന്നു കുറച്ചകലെ പാറക്കുളങ്ങരയിലെ ഹൈസ്ക്കൂളിനടുത്തുള്ള ഒരു കടയുടെ മുകളിലായിരുന്നു താമസം. കൂടെ രണ്ടു മാഷന്മാര്‍ വേറെയുമുണ്ട്.

           ആളു മഹാ പരോപകാരിയും പൊതുജനപ്രിയനുമാണ്. താമസസ്ഥലത്തിനടുത്തുള്ള അമ്മോട്ടി മാസ്റ്ററുടെ വീട്ടില്‍ കറവക്കാരന്‍ വന്നില്ല എന്നു കേള്‍ക്കേണ്ട താമസം മൂപ്പരു പോയി പശുവിനെ കറന്നു കൊടുക്കും. വൈകുന്നേരം താന്‍ തന്നെ വന്നു കറന്നു തരാമെന്ന് ഏല്‍ക്കുകയും ചെയ്യും. ഇബ്രായി മാസ്റ്ററുടെ ബന്ധുവിന് ദീനം വന്നപ്പോള്‍ ഓടിച്ചെന്ന് തെങ്ങില്‍ക്കയറി കരിക്കിട്ടു കൊടുത്തതും പിള്ളസ്സാര്‍ തന്നെ!
            മണിയന്‍ പിള്ള ഒരു ദിവസം കാലത്ത് എണീറ്റ് കക്കൂസില്‍ പോകാന്‍ ഒരുങ്ങുമ്പോള്‍ ഭാസ്ക്കരന്‍ മാഷ് ബക്കറ്റുമായി കിണറ്റിന്‍ കരയിലേക്കു നടക്കുന്നു. വെള്ളം കോരിയെടുത്തു വേണം ടോയ്ലറ്റില്‍ പോകാന്‍. "ഡേയ്, ഞാന്‍ പോയി വന്നിട്ട് പോകാം തനിക്ക്.എനിക്ക് അര്‍ജന്റാ" റാംജിറാവുവിലെ മുകേഷ് സ്റ്റൈല്‍ ആവര്‍ത്തിക്കേണ്ടെന്നു കരുതി ഭാസ്ക്കരന്‍ മാസ്റ്റര്‍ ബക്കറ്റ് അവിടെ വെച്ച് അകത്തേക്കു പോയി. അഞ്ചു മിനിറ്റും പത്തു മിനിറ്റും കഴിഞ്ഞിട്ടും മണിയനെ കാണാനില്ല. 
      "എടാ, നീയവിടെയങ്ങ് താമസമാക്ക്യോ" എന്നു ചോദിച്ചുകൊണ്ട് ഭാസ്ക്കരന്‍ മാഷ് കിണറിന്നടുത്തേക്ക് നടന്നു. അടുത്തെത്താറായപ്പോള്‍ മാഷ് ഞെട്ടി. വെള്ളം കോരാനുള്ള കപ്പി ഉറപ്പിച്ചിരിക്കുന്ന കുറ്റിക്കാല്‍ കാണാനില്ല. ഓടിച്ചെന്നു നോക്കിയപ്പോള്‍ ദേണ്ടെ മണിയന്‍ തലയ്ക്ക് കൈയും കൊടുത്ത് മുകളിലേക്ക് നോക്കിക്കൊണ്ട് കിണറ്റില്‍.
         "എടാ ഒരു കയറിങ്ങോട്ട് താഴ്ത്തിയേ" മണിയന്‍
       "അതിന് കയറും ബക്കറ്റുമെല്ലാം നിന്റെ കയ്യിലല്ലോ? അതിങ്ങോട്ട് എറിയെടാ"- ഭാസ്ക്കരന്‍
        "അടുത്ത വീട്ടില്‍ നിന്നു കയര്‍ വാങ്ങി വാ, നായിന്റെമോനേ"
       മണിയന്‍ അങ്ങിനെയാണ്. ഒരാളെ പരിചയപ്പെടുന്നതിനു മുമ്പ് സാറെ എന്നു വിളിക്കും. പരിചയപ്പെട്ടു കഴിഞ്ഞാല്‍ വിളി ഹലോ എന്നായിരിക്കും. സൌഹൃദം പുതുക്കിയാല്‍ വിളി എടാ എന്നാവും. ഇഷ്ടപ്പെട്ടാല്‍ എടാ മോനെ എന്നാവാം. ഇന്റിമസി കൂടിയാല്‍ നേരത്തെ വിളിച്ചതും!
             ഭാസ്ക്കരന്‍ മാഷ് അമ്മോട്ടി മാഷുടെ വീട്ടിലേക്കോടി. അവിടുത്തെ കയര്‍ അഴിച്ച് തിരിച്ചോടുന്നതു കണ്ട് വീട്ടുകാരും പുറകെ ചെന്നു. കയര്‍ ഒരു തെങ്ങില്‍ കെട്ടി മറ്റെ അറ്റം കിണറിലേക്കിട്ടു കൊടുത്തു. മണിയന്‍ കയറില്‍ തൂങ്ങി പതുക്കെ മുകളിലേക്ക്. മുകളിലെത്തിയതും ബോധം പോയതും ഒരേ നിമിഷത്തില്‍. ഓടി വന്നവരെല്ലാം ബേജാറിലായി. മണിയനെ താങ്ങിപ്പിടിച്ച് വരാന്തയില്‍ കൊണ്ടുകിടത്തി. വിളിച്ചു നോക്കി, വെള്ളം തളിച്ചു നോക്കി. ഒരു രക്ഷയുമില്ല. ബോധം വരുന്നില്ല.
        ഇബ്രായിമാസ്റ്റര്‍ ടാക്സിക്ക് ഫോണ്‍ ചെയ്തു. അഞ്ചു മിനിറ്റിനകം ജീപ്പെത്തി.. അതിന്റെ ഹോണടി ശബ്ദം കേട്ട മണിയന്‍ പതുക്കെ കണ്ണു തുറന്നു. ചുറ്റും ആള്‍ക്കാര്‍ കൂടിയിരിക്കുന്നു. ഭാസ്ക്കരനെ മാത്രം കാണാനില്ല.
     "എന്റെ പാക്കരോ, നിനക്കെന്തു പറ്റിയെടാ " മണിയന്‍ ഉറക്കെച്ചോദിച്ചു. താന്‍ കിണറ്റില്‍ വീണതും കയറിവന്നതും ബോധം നഷ്ടപ്പെട്ടതുമൊന്നും ആശാനോര്‍മ്മയില്ല.ഭാസ്ക്കരന് എന്തോ അത്യാഹിതം സംഭവിച്ചു എന്നാണ് പാവം കരുതിയത്. എല്ലാവരും ഉറക്കെച്ചിരിച്ചു. കുഴപ്പമൊന്നുമില്ലെങ്കിലും മണിയനെ ആശുപത്രിയില്‍ കൊണ്ടുപോയി. ആകെ സംഭവിച്ചത് മുന്‍വശത്തെ ഒരു പല്ലിന്റെ പകുതി മുറിഞ്ഞുപോയി എന്നതു മാത്രം!
          അന്ന് ക്രിക്കറ്റൊന്നും ഞങ്ങളുടെ ഊരള്ളൂരില്‍ പ്രാബല്യത്തിലായിട്ടില്ല. പത്രങ്ങളില്‍ വായിച്ചും അത്യാവശ്യം റേഡിയോ കമന്‍ട്രി കേട്ടുമുള്ള അറിവു മാത്രം.ഒരു ദിവസം ഞാന്‍ ഒരു ക്രിക്കറ്റ് ബാറ്റും ബോളുമായി സ്ക്കൂളിലെത്തി. സ്ക്കൂള്‍ വിട്ട ശേഷം മാഷമ്മാരെയല്ലാം കൂട്ടി കളി തുടങ്ങി. മണിയന്‍ ബാറ്റിംഗും ബൌളിംഗും അല്പദിവസം കൊണ്ട് വശത്താക്കി. റബ്ബര്‍പന്തു മാറ്റി ടെന്നീസ് ബോളാക്കി കളി തുടര്‍ന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഓണാവധി വന്നു. നാട്ടില്‍ പോയ ആശാന്‍ ഒരു ദിവസം ക്രിക്കറ്റു ബോള്‍ കൊണ്ടുള്ള അടിയേറ്റ് മുഖത്ത് മൂന്ന തുന്നലുമായി സ്ക്കൂളില്‍ തിരിച്ചെത്തി.

           പിള്ള താമസിച്ചിരുന്നത് ഹൈസ്ക്കൂളിനടുത്താണെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ. അവിടെ ഇടയ്ക്ക് അമേച്വര്‍ ക്രിക്കറ്റു മത്സരങ്ങള്‍ നടക്കാറുണ്ട്. ഒരു ഞായറാഴ്ച അവിടെ മത്സരം നടക്കുമ്പോള്‍ നിയന്ത്രിക്കാന്‍ അംപയറെക്കിട്ടിയില്ല. മൈതാനത്തിനു പുറത്ത് കളി കാണാനെത്തിയ മണിയനെ ചൂണ്ടി ആരോ പറഞ്ഞു. 
  "മാഷിന് കളിയൊക്കെ നന്നായറിയാം. ഇദ്ദേഹത്തെ അംപയറാക്കാം"
          കളി തുടങ്ങി. മത്സരം പുരോഗമിക്കെ ഒരു ഫീല്‍ഡറിനു പകരം പകരക്കാരന്‍ ഇറങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ അംപയറുടെ അനുവാദം വാങ്ങാതെ മറ്റെയാളും ഗ്രൌണ്ടിലിറങ്ങി. ഇതു കണ്ട എതിര്‍ ക്യാപ്ടന്‍ അംപയറായ മയൂരവാഹനന്‍ പിള്ളയുടെ അടുത്തെത്തി. പതിനൊന്നിനു പകരം പന്ത്രണ്ടു പേര്‍ഫീല്‍ഡു ചെയ്യുന്നുണ്ടെന്നു പരാതി പറഞ്ഞു. മണിയന്‍ എണ്ണി. ഒന്ന്, രണ്ട്, മൂന്ന്...............ശരിയാ പന്ത്രണ്ടു പേരുണ്ട്. ഇത്തരം ഒരു ഘട്ടം വന്നാല്‍ എന്താണ് ചെയ്യേണ്ടതെന്ന് ആശാന് അറിയില്ലായിരുന്നു. ഞാന്‍ പറഞ്ഞു കൊടുത്ത ചില അത്യാവശ്യ നിയമങ്ങള്‍ മാത്രമേ മൂപ്പര്‍ക്കറിയാമായിരുന്നുള്ളു. ഒരു നിമിഷം കണ്ണടച്ച് ആലോചിച്ചു. ഉടനെ ഫീല്‍ഡിംഗ് ക്യാപ്ടനെ അരികില്‍ വിളിച്ചു.
"ഇയാളാണോ ക്യാപ്ടന്‍"
"അതേ"
"ഒരേ സമയം എത്ര പേര്‍ക്ക് ഫീല്‍ഡ് ചെയ്യാം"   മണിയന്‍
"പതിനൊന്ന് " ക്യാപ്ടന്‍
"ഇപ്പോള്‍ എത്ര പേര്‍ കളിക്കുന്നുണ്ട്, എണ്ണൂ " മണിയന്‍
            ക്യാപ്ടന്‍ ഓരോരുത്തരെയായി എണ്ണിയശേഷം ഒരു ഇളിഭ്യച്ചിരിയോടെ  "പന്ത്രണ്ട്"
         "ഓഹോ! ഒരേ സമയം എത്രപേരെ ഫീല്‍ഡുചെയ്യിക്കാമെന്നു പോലും ശ്രദ്ധിക്കാത്ത ഇയാള്‍ ക്യാപ്ടനുമാകേണ്ട, കളിക്കുകയും വേണ്ട. ഗ്രൌണ്ടിനു വെളിയിലേക്കു പോകൂ!"
         ക്യാപ്ടന്‍ പ്രതിഷേധിച്ചു നോക്കി. അംപയറുടെ തീരുമാനം അംഗീകരിക്കണമെന്ന് കാണികള്‍ ബഹളം വെച്ചപ്പോള്‍ അയാള്‍ക്കത് സ്വീകരിക്കേണ്ടി വന്നു.
അങ്ങനെ മയൂരവാഹനന്‍ പിള്ള 'പ്രസിദ്ധനായ' ക്രിക്കറ്റ് അംപയറുമായി

6 comments:

ജനാര്‍ദ്ദനന്‍.സി.എം said...

കമന്റില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. തീര്‍ന്നു എന്നു കരുതുന്നു

Hari | (Maths) said...

മയൂരവാഹനന്‍ ഒരു വിക്രമന്‍ തന്നെ!

വി.കെ. നിസാര്‍ said...

മയൂരവാഹനന്റെ പരാക്രമങ്ങള്‍ നന്നായി ആസ്വദിച്ചു.

അസീസ്‌ said...

മയൂരവാഹനന്‍ പിള്ള സാറിന്റെ ക്രിക്കറ്റ് അമ്പയറിംഗ് കലക്കി. ആളെപ്പറ്റി മുമ്പ് കേട്ടിരുന്നെങ്കിലും കൂടുതല്‍ മനസ്സിലായത്‌ ഇപ്പോഴാണ് .പോസ്റ്റ്‌ നന്നായി ആസ്വദിച്ചു.

ജനാര്‍ദ്ദനന്‍.സി.എം said...

ഹരി, നിസാര്‍, അസീസ് അഭിപ്രായങ്ങള്‍ രേഖപ്പെ‍ടുത്തിയതിന് നന്ദി.

Arjun Bhaskaran said...

anubhava kadhakal vaayikkaan oru prathyeka rasam thanneyaanu..nannaayi maashe peruthishttam aayi..