പോസ്റ്റുകള്‍

Sunday, July 11, 2010

സ്ക്കൂള്‍ ഡയറി- 7 തലക്കാദറും കത്തിയും


           1981ല്‍ ആണ് സംഭവം. ഞാന്‍ സര്‍വീസില്‍ കയറിയിട്ട് രണ്ടു വര്‍ഷമേ ആയിട്ടുള്ളു. ഒരു ദിവസം അവസാനത്തെ പിരീഡ് അഞ്ചാം ക്ലാസില്‍ സയന്‍സ് എടുക്കുന്നു. തലേ ദിവസം കൊടുത്ത ചോദ്യങ്ങളുടെ ഉത്തരം വീട്ടില്‍ നിന്നു എഴുതി വന്നത് വായിപ്പിക്കുകയാണ്. ആദ്യത്തെ രണ്ടു ചോദ്യങ്ങളുടെ ഉത്തരം രണ്ട് കുട്ടികള്‍ വായിച്ചു

        "മൂന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം അസ്ലം വായിക്കട്ടെ." ഞാന്‍ പറഞ്ഞു. അസ്ലം നോട്ടെടുത്ത് നിവര്‍ത്തി പതുക്കെ വായിക്കാന്‍ തുടങ്ങി. ശരിയുത്തരം തന്നെ. പക്ഷെ ഇടയ്ക്കൊരു വാക്കു തെറ്റി. ശ്വാസം എന്നുള്ളതിനു പകരം കാറ്റ് എന്നാണ് വായിച്ചത്. ഞാന്‍ തിരുത്തിയപ്പോള്‍ അസ്ലം നോട്ട്ബുക്ക് ഡസ്ക്കില്‍ വെച്ച് പേന തുറന്ന് അപ്പോള്‍ത്തന്നെ കാറ്റ് വെട്ടി ശ്വാസം എന്നെഴുതുകയും ചെയ്തു. ഇതു കണ്ട് തൊട്ടടുത്തിരിക്കുന്ന കുട്ടികള്‍ വാ പൊത്തി ചിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. അസ്ലം നിവര്‍ന്നു നിന്ന് ബാക്കി ഉത്തരവും കൂടി വായിച്ചു. നന്നായിട്ടുണ്ട് ഞാന്‍ പറഞ്ഞു. ഇത്തവണ കുട്ടികള്‍ അല്പം ഉറക്കെയാണ് ചിരിച്ചത്. സംശയം തോന്നിയ ഞാന്‍ അസ്ലത്തിന്റെ നോട്ട് വാങ്ങി നോക്കി. അത്ഭുതം അതിനകത്ത് ആകെ ശ്വാസം എന്നൊരു വാക്കു മാത്രമേ എഴുതിയിട്ടുള്ളു. മുഖത്തു നോക്കിയപ്പോള്‍ അവന്‍ ഒരു കള്ളച്ചിരിയുമായി നില്ക്കുകയാണ്.

         ഇത്രയും ശരിയായി ഉത്തരം ഓര്‍മ്മിച്ചുവെച്ച അവനോട് ക്ഷമിക്കേണ്ടതായിരുന്നു. പക്ഷെ പക്വത കൈവന്നിട്ടില്ലാത്ത ഞാന്‍ കൈകൊണ്ട് അവന്റെ കവിളത്ത് ഒരടി വെച്ചു കൊടുത്തു. പതുക്കെ അടിക്കണമെന്ന് കരുതിയിരുന്നോ എന്നോര്‍മ്മയില്ല. സംഗതി കുറച്ച് കടുത്തതായിപ്പോയി. എന്റെ കൈവിരലുകള്‍ അവന്റെ മുഖത്ത് തെളിഞ്ഞു വന്നു. അവന്‍ കരയാന്‍ തുടങ്ങിയെങ്കിലും എനിക്കൊരു കുറ്റബോധവും തോന്നിയില്ല.

          ക്ലാസ് കഴിഞ്ഞ് സ്റ്റാഫ് റൂമിലെത്തിയ ഞാന്‍ ഈ വിവരം അധ്യാപക സുഹൃത്തുക്കളോട് പറഞ്ഞു. നല്ലൊരടി ഞാന്‍ കൊടുത്തിട്ടുണ്ട് എന്നു പറഞ്ഞപ്പോള്‍ സമാധാനപ്രിയനായ സദാനന്ദന്‍ മാസ്റ്റര്‍ പറഞ്ഞു

          "അതു വേണ്ടായിരുന്നു മാഷെ, പുറകു ബെഞ്ചില്‍ ഇരിക്കുന്ന അസ്ലമല്ലേ? അതു നമ്മുടെ തലക്കാദറുടെ മകനാ. ഇതു ചോദിക്കാന്‍ നാളെക്കാലത്ത് കാദറിങ്ങെത്തും.”

          "തലക്കാദറോ ..അതാരാ? അയാള്‍ നാളെയിങ്ങു വരട്ടെ. അപ്പോള്‍ പറയാം”.
സ്ഥലവാസിയും ഉറുദു അധ്യാപകനുമായ രാധാകൃഷ്ണന്‍ മാസ്റ്റര്‍ പെട്ടെന്ന് ഇടപെട്ടു

         "കാദര്‍ ആരാണെന്ന് മാഷ് ക്ക് അറിയ്വോ? മഹാ കച്ചറ ആണ്. ഉത്സവസ്ഥലത്തും നാലാള് കൂടുന്നെടുത്തും അടിയുണ്ടാക്കലാണ് ആശാന്റെ ഹോബി. കൈകൊണ്ടടിക്കുന്നതിനിടയില്‍ സൂത്രത്തില്‍ തല കൊണ്ടടിക്കാന്‍ വിദഗ്ദ്ധനാണ്. തല കൊണ്ടുള്ള അടി കിട്ടിയവരൊന്നും പെട്ടെന്ന് എണീക്കില്ല!”

           ഒരു ചെറിയ പേടി എന്റെ മനസ്സിലൂടെ പാഞ്ഞുപോയി. എന്നാലും അത് പുറത്തറിയിക്കാതെ ഞാന്‍ വീമ്പിളക്കി.

           "ഇവിടെ നിയമ വ്യവസ്ഥയൊന്നുമില്ലാത്ത രാജ്യമൊന്നുമല്ലല്ലോ? വരട്ടെ അപ്പോള്‍ കാണാം.”
രാധാകൃഷ്ണന്‍ മാസ്റ്റര്‍ തുടര്‍ന്നു. "നിയമമൊന്നും മൂപ്പര്‍ക്കൊരു പ്രശ്നമല്ല. അങ്ങനെയല്ലേ അഹമ്മത് ഹാജിക്ക് കിട്ടിയത്!”

           അഹമ്മത് ഹാജിക്ക് എന്താ കിട്ടിയത് എന്നു പറയാതെ തന്നെ ചോദിക്കുന്ന ഭാവം എന്റെ മഖത്തു കണ്ട ഉറുദു തുടര്‍ന്നു.

          പോലീസ് സ്റ്റേഷനടുത്ത് വലിയൊരു സ്റ്റേഷനറി കട നടത്തുന്ന ആളാണ് അഹമ്മത് ഹാജി. സ്വതവേ കുരുട്ടുബുദ്ധിയായ അയാള്‍ക്ക് പോലീസുകാരുമായി കിട്ടിയ ചങ്ങാത്തം ഇത്തിരി അഹന്ത കൂടി നല്‍കി. ഒരു ദിവസം കടയില്‍ വെച്ച് ഹാജിയാരും നമ്മുടെ കാദറും തമ്മില്‍ എന്തോ പറഞ്ഞ് പിശകി.

          "നിന്നെ ഞാന്‍ സ്റ്റേഷനില്‍ കേറ്റുമെടാ " അമ്മതാജി

          "പോലീസ് സ്റ്റേഷന്‍ നിന്റെ ബാപ്പാന്റെ വകയാണോ? “ കാദര്‍ ഇതും പറഞ്ഞ് തിരിച്ചു പോയി. പക്ഷെ കാദര്‍ തന്റെ കടയില്‍ക്കയറി സാധനങ്ങള്‍ വലിച്ചുവാരിയിട്ടെന്നും ചോദ്യം ചെയ്ത തന്നെ അടിച്ചുവെന്നും പറഞ്ഞ് ഒരു പരാതി സ്റ്റേഷനില്‍ കൊടുത്തു.

            സബ്ബ് ഇന്‍സ്പെക്ടര്‍ കാദറെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി. അയ്മതാജിയും എത്തി. ഇന്‍സ്പെക്ടര്‍ കാദറെ ചോദ്യം ചെയ്തു. എന്താണ് നടന്നതെന്ന് കാദര്‍ സത്യം സത്യമായി ഇന്‍സ്പെക്ടറോട് പറഞ്ഞു. എന്നിട്ടും തെറിപ്പാട്ടിലെ മനോഹരമായ പദങ്ങള്‍ ഉപയോഗിച്ച് അദ്ദേഹം കാദറിനെ അഭിഷേകം ചെയ്തു. മേലാല്‍ ആ പരിസരത്തൊന്നും കണ്ടുപോകരുതെന്ന് പറഞ്ഞ് ഒന്ന് ഞോണ്ടുകയും ചെയ്തു.

           അഹമ്മത് ഹാജി പുറത്തിറങ്ങി. പുറകെ കാദറും. സ്റ്റേഷന്‍ വരാന്തയില്‍ വെച്ച് അയമതിന്റെ കവിളത്ത് കാദര്‍ ഒന്നു പൊട്ടിച്ചു. "ഇത് സാറ് പറഞ്ഞ തെറിക്ക്.” തല കൊണ്ട് ഒരു ഇടി "ഇത് അവസാനത്തെ ഞോണ്ടിന് മനസ്സിലായോ ….....മോനേ"

           നേരെ വീണ്ടം ഇന്‍സ്പെക്ടറുടെ മുറിയില്‍ കയറിച്ചെന്നു.
        " ഇനി സാറു വേണേല്‍ രണ്ടു തെറിയും പറഞ്ഞോ. കൂടെ രണ്ടടിയും തന്നോ"
        "എന്തിനാ?" സാറിന്റെ ചോദ്യം
"ഇപ്പോള്‍ ഞാന്‍ ശരിക്കും അമ്മതാജിക്കിട്ട് രണ്ടു കൊടുത്തു.” ഇന്‍സ്പെക്ടറും ചിരിച്ചുപോയി എന്നാണതിനെപ്പറ്റി കാദര്‍ പറഞ്ഞതത്രേ

        കാദറുടെ മറ്റു ചില വീരപരാക്രമങ്ങളും കൂടി മറ്റധ്യാപകര്‍ പറഞ്ഞതോടെ എനിക്ക് ശരിക്കും പേടിയായിത്തുടങ്ങി. ഭഗവാനേ ഏതു നിമിഷത്തിലാണ് എനിക്കാ പയ്യനെ അടിക്കാന്‍ തോന്നിയത്. മനസ്സമാധാനമില്ലാതെ ഞാന്‍ വീട്ടില്‍ പോയി.

         പിറ്റെന്ന് കാലത്ത് കാദറിനെയും പ്രതീക്ഷിച്ചാണ് ഞാന്‍ സ്ക്കൂളിലെത്തിയത്. ലീവെടുത്ത് വീട്ടിലിരിക്കാമെന്നാണ് ആദ്യം കരുതിയത്. പക്ഷെ കാദറിനു വേണമെങ്കില്‍ അതിന്റെ പിറ്റേ ദിവസവും വരാമല്ലോ എന്നോര്‍ത്തപ്പോള്‍ ആ തീരുമാനം മാറ്റി.ഇതിനിടയ്ക്ക് കാദറിനെപ്പറ്റി നിറം പിടിപ്പിച്ച കുറെ കഥകള്‍ കൂടി കേള്‍ക്കേണ്ടി വന്നു. എന്റെ വിമ്മിട്ടം കൂടിക്കൂടി വന്നു. ഉച്ചഭക്ഷണത്തിന് പാച്ചറേട്ടന്റെ ഹോട്ടലിലെത്തി. ഊണ് കഴിച്ചു തീരാറായപ്പോഴാണ് അറബിക് മാഷ് ബഷീര്‍ ഹോട്ടലിലേക്കു വന്നത്.

           "ജനാര്‍ദ്ദനന്‍ മാഷേ നിങ്ങളെ അന്വേഷിച്ച് കാദര്‍ വന്നിട്ടുണ്ട്. സ്ക്കൂളിന്റെ ഗേറ്റില്‍ നില്‍ക്ക്വാ"
എന്റെ ഉള്ളൊന്നു കാളി. എന്തായാലും വരാനുള്ളത് തടുക്കാന്‍ കഴിയില്ലല്ലോ എന്ന് സമാധാനിച്ച് ഞാന്‍ സ്ക്കൂളിലേക്കു നടന്നു. ബാക്കിയുള്ളവര്‍ ഭക്ഷണം മുഴുമിപ്പിച്ചിരുന്നില്ല. അടി കിട്ടുന്നെങ്കില്‍ അതവരുടെ മുമ്പില്‍ വെച്ചാകേണ്ട എന്നു കരുതിയാണ് അവരെ കാത്തു നില്‍ക്കാതിരുന്നത്.

          ഞാന്‍ ചിരിച്ചുകൊണ്ട് കാദറിന്റെ വലതു വശത്തു കൂടി അടുത്തെത്തി. ഷേക്ക്ഹാന്‍ഡ് കൊടുക്കുന്ന നിലയില്‍ വലതു കൈ പിടിച്ച് പറഞ്ഞു (അതൊരു മുന്‍കരുതലായിരുന്നു)

       "ങ്ഹാ- എന്താ കാദര്‍ക്കാ"
കാദറിനു ചിരിയൊന്നും വന്നില്ല. "ങ്ങള് ഇന്റെ ചെറിയോനെ അടിച്ചോ മാഷേ?”
ഒരു ഞൊടിയിടയില്‍ ഞാന്‍ ഓര്‍ത്തു. അടിച്ചില്ല എന്നു പറഞ്ഞാല്‍ കള്ളം പറഞ്ഞതിന് അടി ഉറപ്പ്. എന്നാല്‍ സത്യം തന്നെ പറയാം "ആ അടിച്ചു"

        "എന്തിനാ മാഷേ ഓനെ ഇങ്ങനെ അടിച്ചത്?”

        "അത് ഖാദറിന്റെ മോനായതു കൊണ്ടാണ് അടിച്ചത്. എന്റെ മോനാണെങ്കിലും അടിക്കുമായിരുന്നു. നിങ്ങള്‍ സത്യത്തിന്റെയും നീതിയുടെയും ഭാഗത്ത് നില്‍ക്കുന്ന ആളാണെന്ന് കേട്ടിട്ടുണ്ട്. അപ്പോള്‍ അവനൊരു കള്ളത്തരം ചെയ്താല്‍ നമ്മളല്ലേ നേരെയാക്കേണ്ടത്?”

         ഒറ്റ ശ്വാസത്തില്‍ ഞാനങ്ങു കാച്ചി. അതു കുറിക്കു കൊള്ളുകയും ചെയ്തു. അതായത് കാദര്‍ മിടുക്കനാണെന്നും കാദറിന്റെ കുട്ടിയെ ഞാന്‍ എന്റെ കുട്ടിയെപ്പോലെയാണ് കാണുന്നതെന്നുമുള്ള സൂചന കക്ഷി പെട്ടെന്നു തന്നെ വായിച്ചെടുത്തു.

           "കുട്ട്യേള് വഴി തെറ്റുമ്പം മ്പള് തന്നാ നേരെയാക്കേണ്ടത്. എന്നാലും ഇത്ര ഉറക്കെ അടിക്കണ്ടീനോ?” കാദര്‍ പകുതി എന്നോടായും പകുതി ആത്മഗതമായും പറഞ്ഞു.

       "അയ്യോ, അതു ശര്യാ. ഞാന്‍ അടിച്ചപ്പം ഇത്തിരി ഉറക്കെയായിപ്പോയി. അത്.........”
എന്നെ മുഴുമിപ്പിക്കാന്‍ കാദര്‍ സമ്മതിച്ചില്ല. ബാക്കി അദ്ദേഹമാണ് പറഞ്ഞത് . "സാരല്ല്യ"
സ്ക്കൂള്‍ ഗേറ്റിലെത്തിയ മാഷമ്മാരോട് കാദര്‍ പറഞ്ഞു.
           "മാഷമ്മാരായാല്‍ ഇങ്ങനെ ആയിരിക്കണം. ഇങ്ങളൊക്കെ ഇയാളെക്കണ്ടു പഠിക്കിന്‍.” അവരെല്ലാം അത്ഭുതം കൂറി നിന്നു
*******************************************************************************************
            പത്തുപതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ തൊട്ടടുത്തുള്ള ഹൈസ്ക്കൂള്‍ ഗ്രൌണ്ടില്‍ വെച്ച് ഒരു ഫുട്ബോള്‍ മത്സരം നിയന്ത്രിക്കുകയായിരുന്നു. ഒരു ടീമിനെതിരേ പെനാല്‍ട്ടി കിക്ക് വിധിച്ചപ്പോള്‍ അവരില്‍ ചിലര്‍ എന്നെ കയ്യേറ്റം ചെയ്യാന്‍ മുതിര്‍ന്നു. എതിര്‍ ടീമിലെ കളിക്കാരും സംഘാടകരില്‍ ചിലരും ഒരു വലയത്തിലാക്കി എന്നെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരു കളിക്കാരന്‍ ഊര്‍ന്നിറങ്ങി എന്റെ കോളറില്‍ കുത്തിപ്പിടിച്ച് കൈയോങ്ങി. എവിടെ നിന്നാണെന്നറിയില്ല ഊരിപ്പിടിച്ച കത്തിയുമായി കാദര്‍ ചാടി വീണു. അവന്റെ കഴുത്തില്‍ പിടിച്ചുകൊണ്ട് പറഞ്ഞു

         "പെനാല്‍ട്ടി ആയാലും ശരി കിനാല്‍ട്ടി ആയാലും ശരി ഞാളെ മാഷെ ദേഹത്ത് കൈവെച്ചാലുണ്ടല്ലോ, കുത്തിക്കൊടലു ഞാന്‍ പുറത്താക്കും........ന്റെ മോനേ..."

        പിന്നീട് മത്സരം തുടരേണ്ടി വന്നില്ല. അവനും അവന്റെ സഹായികളും ഓടി മറഞ്ഞിരുന്നു...

13 comments:

അസീസ്‌ said...

As usual കലക്കി .
ഇതാണോ മാഷേ കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന് പറയുന്നത് ?

noonus said...

വളരെ പ്രതീക്ഷയോടെ ആണ് വായിച്ചത് അവസാനം വരെ പ്രതീക്ഷ ഉണ്ടായിരുന്നു ഇപ്പോള്‍ കിട്ടും ഇപ്പോള്‍ കിട്ടും പക്ഷെ കിട്ടിയില്ല മാഷ് നിരാശപ്പെടുത്തി ?”......[സോറി വെറുതെ പറഞ്ഞതാ] നന്നായിരിക്കുന്നു

Naushu said...

ശരിയുത്തരം പറഞ്ഞ കുട്ടിയെ അടിക്കെണ്ടായിരുന്നു....

ഒരു യാത്രികന്‍ said...

എനിക്ക് വളരെ ഹൃദയ സ്പര്‍ശിയായി തോന്നി.....ഇഷ്ടമായി....സസ്നേഹം

Calvin H said...

ഹ ഹ ഹ കിടിലന്‍ :)

ശ്രീ said...

കലക്കി, മാഷേ. അദ്ധ്യാപകരായാല്‍ ഇങ്ങനെ വേണം. കുട്ടികളെ മാത്രമല്ല, പലപ്പോഴും മാതാപിതാക്കളെയും ഇങ്ങനെ നേരിടേണ്ടി വരും.

ഷാ said...

സ്കൂള്‍ ഡയറിയിലെ എല്ലാ താളുകളും വായിച്ചു... ചിരിച്ചു.... മനോഹരമായി എഴുതിയിരിയ്ക്കുന്നു അനുഭവങ്ങള്‍

മാഷിനെ വിടാതെ പിന്തുടരാനും തീരുമാനിച്ചു.

വി.കെ. നിസാര്‍ said...

സ്കൂള്‍ ഡയറി നമുക്കൊരു പുസ്തകമായി പ്രസിദ്ധീകരിക്കണം സാറേ.
ഈ സംഭവം കൂടുതല്‍ ഇഷ്ടായി.

ജനാര്‍ദ്ദനന്‍.സി.എം said...

@ അസീസ് മാഷ്
അതെ, അതെ
@noonus
പേരെന്താണെന്ന് മനസ്സിലായില്ല. വെറുതെ അടി വാങ്ങിവെക്കാന്‍ പറ്റില്ലല്ലോ
@നൌഷു
അടിക്കെണ്ടായിരുന്നു....
@ ഒരു യാത്രികന്‍
നന്ദി സാര്‍ ഇനിയും കാണണം
@കാല്‍വിന്‍ & ശ്രീ
നന്ദി
@ ഷാ
സുസ്വാഗതം
@ നിസാര്‍
അതിനൊന്നും ആയില്ല സാറേ

Ashly said...

നല്ല പോസ്റ്റ്‌ !

Hari | (Maths) said...

സംഭവബഹുലമാണല്ലോ ജനാര്‍ദ്ദനന്‍ മാഷേ അധ്യാപനകാലം? നാലുകൊല്ലമായി പഠിപ്പിക്കാനിറങ്ങിയിട്ട്... ഒരു കാദറും ഇതേവരെ ഞമ്മളെ ഇതുപോലെ സപ്പോര്‍ട്ട് ചെയ്യാനെത്തിയിട്ടില്ല. ഭാഗ്യവാന്‍..!!!!!

Babu Kalyanam said...

എന്നാലും അസ്ലാമിനെ തല്ലരുതായിരുന്നു. :-)

ജനാര്‍ദ്ദനന്‍.സി.എം said...

@ കേപ്റ്റന്‍ജി
ഇടയ്ക്കൊക്കെ പരണം. നന്ദി
@ ഹരി സാര്‍
നാലു കൊല്ലമല്ലേ ആയുള്ളു ക്ഷമിക്കൂ
@ ബാബു കല്യാണം
അടിക്കരുതായിരുന്നു.അടിച്ചുപോയി