പോസ്റ്റുകള്‍

Monday, February 21, 2011

തലയിണ മന്ത്രം!


പാതിയും വെന്തീടാത്തോരുണക്കക്കപ്പ തിന്നു
പ്രീതനായ് കുചേലനന്നുറങ്ങാന്‍ കിടക്കവേ
തെല്ലുനേരത്തേ മൌനം മുറിച്ചു, കോപിച്ചുകൊ-
ണ്ടല്ലലിന്‍ കണക്കുമായെത്തിയ പത്നീമുഖം
കണ്ടമാത്രയില്‍ത്തന്റെ ദുര്‍വ്വിധിയോര്‍ത്തുകൊണ്ടു
കുമ്പിട്ടു കിടന്നിനാനേറെ വൈരാഗ്യത്തോടെ
ചൂടിനാരുകള്‍പൊട്ടിയാടിക്കൊണ്ടിരിക്കുന്ന
കട്ടിലും കുചേലന്റെ കൂട്ടത്തില്‍ ഞരങ്ങിയോ?

"കാന്തന്റെ ഭാവമാറ്റം ദര്‍ശിച്ചൊരാ ജായയും
ശാന്തത വരുത്തുവാനിങ്ങനെ പറഞ്ഞുപോല്‍
കാന്താ ഞാന്‍ ചൊല്ലുന്നതു മനസ്സിന്‍ വ്യഥമൂലം
താങ്കളിങ്ങനെ ദേഷ്യം പിടിച്ചാലൊത്തീടുമോ?
ആണ്‍തുണയായിട്ടുള്ളതങ്ങുന്നു മാത്രമല്ലോ
മാണ്‍പെഴും മക്കള്‍ക്കുള്ളോരച്ഛനല്ലയോ ഭവാന്‍
പോകണം നാളെത്തന്നെയമ്പാടി തന്നില്‍ക്കാലേ-
യേകണം നിവേദനം, പറയൂ പോകില്ലയോ?
അവിലങ്ങല്‍പ്പം കട്ടുവെന്നതു ശരിയാകാ-
മതിലെന്തിരിക്കുന്നൂ കൌമാരപ്രായത്തിങ്കല്‍
ജനിച്ചുവീണകാലം മുതലേ കട്ടു കട്ടു
മുടിച്ച കാട്ടുകള്ളരവരെന്നറിക നീ
പാര്‍ലറിന്‍കോണില്‍ക്കാണും നാരിമാരെയൊക്കെയും
ഭാര്യമാരാക്കി ബ്രഹ്മചാരിയായിരിക്കുന്നു
രണ്ടു ജി സ്പെക്ട്രം പോരാ ലാവലിന്‍,സിമിന്റിലും
കുണ്ടിലും കുഴിയിലും രണ്ടു കാശുണ്ടേല്‍ വാരും!
കള്ളവും മഹാപാപച്ചതിയും മറയ്ക്കുവാന്‍
ഉള്ളതുമില്ലാത്തതും 'ഗീത'യായ് പ്രസ്സില്‍ ചൊല്ലും
എതിര്‍ത്തു വരുന്നോരെ 'ചക്ര'ത്തിന്നിരയാക്കും
അതൃപ്തി തോന്നുന്നോരെച്ചതിച്ചു താഴ്ത്തിക്കെട്ടും"

"കണ്‍മണീ ചൊല്ലിത്തന്ന കാര്യങ്ങള്‍ ശരിതന്നെ
കണ്ണനെക്കാണാന്‍ വെറുംകയ്യാലെങ്ങനെ പോകും?"

"ഭൂലോകം നിരങ്ങിഞാനിരന്നുവാങ്ങും തുട്ടിന്‍
ശേഖരം 'മഹാത്മാവിന്‍ ചിത്ര'മായ് മാറ്റീട്ടുണ്ടേ
താങ്കളേറ്റെപ്പോള്‍ വരുംകുളിച്ചൂജപിച്ചുഞാ-
നായതുപഴംതുണിക്കവറില്‍ തന്നീടാമേ
താങ്ങുവാനാകുന്നില്ലീ ദാരിദ്ര്യം, യഥാകാലം
വാങ്ങുവാനറിയേണം അവകാശങ്ങളെല്ലാം!!"

10 comments:

Kalavallabhan said...

"എതിര്‍ത്തു വരുന്നോരെ 'ചക്ര'ത്തിന്നിരയാക്കും
അതൃപ്തി തോന്നുന്നോരെച്ചതിച്ചു താഴ്ത്തിക്കെട്ടും"
അതുലബലവാനെങ്കിൽ ക്വട്ടേഷൻ കൊടുത്തിടും
ചിതയൊരുക്കേണ്ട ദേഹംകണ്ടുകിട്ടീടുമില്ല

zephyr zia said...

കവിത ഗംഭീരം!

അസീസ്‌ said...

നന്നായിരിക്കുന്നു.

Arjun Bhaskaran said...

ഇത് കലക്കി കേട്ടോ.. തുടക്കം വായിച്ചപ്പോള്‍ പോക്ക് എങ്ങോട്ടാണെന്ന് മനസിലായിരുന്നില്ല. ആവശ്യം ആയ ഒരു നല്ല പോസ്റ്റ്‌.

കൊമ്പന്‍ said...

super

ശ്രീജിത് കൊണ്ടോട്ടി. said...

മാഷേ.. കവിത നല്ല ഈണത്തില്‍ ചൊല്ലാന്‍ കഴിയുന്നുണ്ട്.. ആശംസകള്‍..

Pranavam Ravikumar said...

വരികള്‍ അത്ര മനോഹരം.. ചൊല്ലാന്‍ വളരെ നല്ല സുഖം..ആശംസകള്‍

കാഡ് ഉപയോക്താവ് said...

"പോകണം നാളെത്തന്നെയമ്പാടി തന്നില്‍ക്കാലേ-
യേകണം നിവേദനം, പറയൂ പോകില്ലയോ?"

പോകണം, തീർച്ചയായും പോകണം.

ice cream മാത്രം കഴിക്കരുത്. കഴിച്ചാൽ...

എന്റെ മലയാളം said...

ചൂടിനാരുകള്‍പൊട്ടിയാടിക്കൊണ്ടിരിക്കുന്ന കട്ടിലും കുചേലന്റെ കൂട്ടത്തില്‍ ഞരങ്ങിയോ?

എന്താത് മാഷേ!!!!
എന്താപ്പോ പറയാ...
ജ്ഞാനപീഠം കയറിയവനും ക്ളിഷ്ടം ..
പഴമയും പുതു രീതിയും യോജിപ്പിച്ച അവസാന വരി

താങ്ങുവാനാകുന്നില്ലീ ദാരിദ്ര്യം, യഥാകാലം
വാങ്ങുവാനറിയേണം
അവകാശങ്ങളെല്ലാം!!"
ഇത് കുട്ടികള്‍ക്ക് പാഠപുസ്തകത്തില്‍ കൊടുക്കാം,,,

somanmi said...

kavitha kalika pradhanyamullathu. valare manoharamayirikkunnu.