പോസ്റ്റുകള്‍

Friday, September 24, 2010

ലൈഫ് ഡയറി -1 ഹരിശ്രീഗണപതയെ നമ:





         സ്ക്കൂള്‍ ഡയറിയുടെ ചില ദളങ്ങള്‍ എഴുതിക്കഴിഞ്ഞപ്പോഴാണ് എന്റെ ജീവിതാനുഭവങ്ങള്‍ മൊത്തമായി എഴുതിത്തുടങ്ങാന്‍ എനിക്ക് ഒരു തോന്നലുണ്ടായത്. ധൈര്യം കിട്ടിയത് എന്നു പറയുന്നതാവും ശരി.
         1955 ഫിബ്രവരി 1 ന് മേപ്പണശ്ശേരി കണാരന്‍ മാസ്റ്ററുടേയും നാരായണി ടീച്ചറുടേയും മൂന്നാമത്തെ സന്തതിയായി ഞാന്‍ ഈ ഭൂമിയിലെത്തി എന്നാണ് കുടുംബ ചരിത്രകാരന്മാരും ജാതകവും പറയുന്നത്. കാര്‍ത്തിക നക്ഷത്രം എടവം രാശിയില്‍ സര്‍വ്വോച്ചത്തില്‍ നില്ക്കുന്ന സമയത്തായിരുന്നു ജനനം എന്ന് പിന്നീട് മനസ്സിലായി. മേപ്പണശ്ശേരി എന്ന വീട്ടില്‍ നാലു വയസ്സുവരെ ജീവിച്ചെങ്കിലും അക്കാലത്തു എഴുതത്തക്ക സംഭവങ്ങളൊന്നും എന്റെ ഓര്മ്മയില്‍ തെളിയുന്നില്ല.

          എന്നാല്‍ നാലാം വയസ്സില്‍ ഇപ്പോള്‍ താമസിക്കുന്ന ചാമക്കണ്ടി വീട്ടില്‍ എത്തിയത് ഓര്‍മ്മയുണ്ട്. ഒരു പഴയ വീടും സ്ഥലവും വാങ്ങി ഞങ്ങള്‍ അങ്ങോട്ട് താമസം മാറുകയായിരുന്നു. ആ വീട് താമസയോഗ്യമല്ല എന്നു കണ്ടതിനാല്‍ ഉടന്‍ തന്നെ പൊളിച്ചുമാറ്റി, ഒരു താല്ക്കാലിക ഷെഡ് കെട്ടി അതിലായിരുന്നു താമസം. പുതിയ വീടിന്റെ പണി ആരംഭിച്ചതും തറ കെട്ടിയതും എനിക്ക് മറക്കാനാവില്ല. കാരണം ആ തറയിലൂടെ ഓടിക്കളിക്കുമ്പോള്‍ എന്റെ വിരലിലെ സ്വര്‍ണ്ണമോതിരം അതിലെവിടെയോ കളഞ്ഞുപോയതും അച്ഛനോട് പിടിപ്പതു കിട്ടിയതും വേദനിപ്പിക്കുന്ന ഓര്‍മ്മകളാണ്. ചേട്ടനും ചേച്ചിയും കൂടാതെ ഇളയമ്മയും (അമ്മയുടെ അനുജത്തി) കൂടി ആറു പേര്‍ . സ്ക്കൂള്‍ സമയമായാല്‍ നാലു പേരുമങ്ങു പോവും. അന്നും ഇന്നും ഒരു കളിക്കമ്പക്കാരനായ എന്നെ പരിപാലിക്കാന്‍ ഇളയമ്മയ്ക്ക് വലിയ കഷ്ടപ്പാടായിരുന്നു. വീടു നിര്‍മ്മാണ ജോലിക്കാര്‍ ഉണ്ടായിരുന്നപ്പോള്‍ എന്റെ പുറകെ നടക്കാന്‍ അവര്‍ക്ക് സമയവും കിട്ടിയിരുന്നില്ല.

         ആശാരിപ്പണിക്കു വേണ്ടി ഒരു ചെറിയ പന്തല്‍ കെട്ടിയിരുന്നു. കുഞ്ഞിച്ചന്തു ആശാരിയും മകന്‍ ചെറുപ്പക്കാരനായ മാധവനാശാരിയും മറ്റു ചിലരും അവിടെ തിരക്കിട്ട പണിയിലാണ്. ഇളയമ്മ മാധവനോടു പറഞ്ഞു
       "മാധവാ, ഇവന്‍ കണ്ണു തെറ്റിയാല്‍ ഇവിടെ കാണില്ല. ഒന്നു നോക്കിക്കോളേണമേ"
          എന്നെ അടുത്തിരുത്തി പല കഥകളും മാധവന്‍ പണിക്കിടയില്‍ പറയാന്‍ തുടങ്ങി. പക്ഷെ ഒന്നു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് മടുപ്പ് തോന്നിത്തുടങ്ങി. (ഇന്നും അങ്ങിനെയാണ്, ഏതു കാര്യവും വേഗം മടുക്കും!)  ഞാന്‍ എണീറ്റ് പോവാന്‍ തുടങ്ങുമ്പോള്‍ മാധവന്‍ എന്തെങ്കിലും പറഞ്ഞ് എന്നെ അവിടെ ഇരുത്താന്‍ ശ്രമിക്കും.
 "എനിക്ക് മരത്തിന്റെ ഒരു ചെറിയ പെട്ടി ഉണ്ടാക്കിത്തര്വോ ,മാതവേട്ടാ"
 "ഉം, അതിനെന്താ ,നാളെ ഉണ്ടാക്കിത്തരാം"
            പക്ഷെ അങ്ങനെ ഒരു മറുപടി പറയുമ്പോള്‍ അതൊരു പൊല്ലാപ്പാവുമെന്ന് അദ്ദേഹം ഓര്‍ത്തില്ല. എന്റെ സ്വഭാവം അങ്ങിനെയാണ്. എന്തങ്കിലുമൊന്ന് വേണമെന്നു തോന്നിയാല്‍, ചെയ്യണമെന്നു തോന്നിയാല്‍, പറയണമെന്നു കരുതിയാല്‍ അതു ചെയ്തു കഴിഞ്ഞേ മനസ്സമാധാനമുണ്ടാവൂ. പിന്നീട് മാധവന് സ്വൈര്യമായി പണിയെടുക്കാന്‍ കഴിഞ്ഞില്ല. ഗത്യന്തരമില്ലാതെ എനിക്കൊരു മനോഹരമായ പെട്ടിയുണ്ടാക്കിത്തരേണ്ടിവന്നു.

          ഒരു ദിവസം വര്‍ത്തമാനത്തിനിടയില്‍ എന്നോടു പറഞ്ഞു. "അടുത്താഴ്ചയല്ലേ നവരാത്രി. നിന്നെ ഇക്കൊല്ലമല്ലേ അരിയില്‍ എഴുതിക്കുന്നത്." പിന്നെ രണ്ടു മൂന്നു ദിവസത്തേക്ക് അരിയിലെഴുത്തിന്റെ വിശേഷങ്ങളായിരുന്നു ഞങ്ങളുടെ സംഭാഷണ വിഷയം.

              അമ്മ പഠിപ്പിക്കുന്ന നിടുമ്പൊയില്‍ മിക്സഡ് എല്‍. പി. സ്ക്കൂളിലാണ് എഴുത്തിനിരുത്ത്. നവരാത്രി പൂജ മൂന്ന് ദിവസമുണ്ടാകും. ഞാന്‍ ഇതുവരെ അതു കണ്ടിട്ടില്ല. വിജയദശമിയുടെ തലേ ദിവസം  അതായത് നവമിക്ക് സ്ക്കൂളില്‍പ്പോയി പൂജ കാണാന്‍ എനിക്ക് സമ്മതം കിട്ടി. ചേച്ചിയുടെ കൂടെ ഞാന്‍ കാലത്ത് ആറു മണിക്ക് സ്ക്കൂളിലേക്കു പുറപ്പെട്ടു. ചേച്ചി തുളസിയും ചെമ്പരത്തിപ്പൂവും പറിച്ച് ഒരു ഇലക്കുമ്പിളില്‍ കരുതിയിരുന്നു.  അക്കാലത്ത് വീട്ടില്‍ സ്ഥിരമായ വേഷം ഒരു ചുവന്ന പട്ടു കോണകം മാത്രമാണ്. അന്ന് ഒരു നിക്കര്‍ ഇടുവിച്ച് തന്ന അമ്മ പറഞ്ഞു
      "ഇതിള്‍ മണ്ണൊന്നും ആക്കിയേക്കരുത്"
           സ്ക്കൂളില്‍ എത്തി. ഹാളിന്റെ ഒരു ഭാഗത്ത് ഈന്തിന്‍പട്ട കൊണ്ട് മറച്ച് പൂജാമുറിയൊരുക്കിയിരിക്കുന്നു. കുരുത്തോല, മാവില, പൂക്കള്‍ എന്നിവയാല്‍ അവിടമാകെ അലങ്കരിച്ചിട്ടുണ്ട്. രണ്ടു പേര്‍ ചെണ്ട കൊട്ടുന്നു. മുതിന്ന കുട്ടികള്‍ മാറി മാറി ശംഖ് വിളിക്കുന്നു.   ശംഖ് വിളിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അയല്‍വാസിയും ബന്ധുവുമായ ദാമുവേട്ടന്‍ എനിക്കൊരവസരം തന്നു. എന്നാല്‍ കാറ്റ് പുറത്തു വന്നു എന്നല്ലാതെ ശബ്ദമൊന്നും  വന്നില്ല. കൈമണി കിലുക്കിക്കൊണ്ട് ഒരാള്‍ പുഷ്പാര്‍ച്ചന നടത്തുന്നു. ധാരാളം പുസ്തകങ്ങള്‍ അട്ടിയട്ടിയായി വെച്ചിട്ടുണ്ട്. അരികിലായി വിവിധ തരം പ്രതിമകള്‍, വിളക്കുകള്‍. ചന്ദനത്തിരിയുടേയും സാമ്പ്രാണിയുടേയും ഹൃദ്യ സുഗന്ധം .വള്ളത്തോള്‍ പാടിയ പോലെ " പുതിയൊരു ലോകമിതേതോ ഹന്ത! ശോഭനം തേജോമയം" എന്നെനിക്കും തോന്നി. ചുകന്ന പട്ടുടുത്ത് ദേഹം മുഴുവന്‍ ഭസ്മക്കുറിയും ചന്ദനപ്പൊട്ടും തൊട്ട് ഒരാള്‍ പൂജ നടത്തുന്നു. സഹായിയായി മറ്റൊരാള്‍ അടുത്തുണ്ട്.
"ദാമുവേട്ടാ, അതാരാ " എന്റ ചോദ്യം
"അതല്ലേ കൃഷ്ണന്‍ കുരിക്കള്‍ (ഗുരുക്കള്‍) ഹെഷ്മാഷാ"  ദാമുവേട്ടന്‍ പതുക്കെ ചെവിയില്‍ പറഞ്ഞു
"മറ്റേതോ ?"
"അതു കേളുക്കുട്ടി മാഷ്. നിന്റെ അച്ഛന്‍ പഠിപ്പിക്കുന്ന സ്ക്കൂളിലെ മാഷാ." ദാമുവേട്ടന്‍

          പൂജ കഴിഞ്ഞു. പ്രസാദം കിട്ടി. കുറച്ച് വെള്ളവും പുഷ്പങ്ങളും. എന്നാല്‍ അല്പ സമയം കഴിഞ്ഞപ്പോള്‍ കേളുക്കുട്ടി മാസ്റ്റര്‍ നിവേദ്യവുമായെത്തി. അവില്‍, മലര്‍, പഴം, ശര്‍ക്കര, കല്ക്കണ്ടി, കരിമ്പ്, മാതളം, ഇളനീരിന്‍ കാമ്പ്- എല്ലാം കൂടി ചേര്‍ത്തത്. അതു രണ്ടു കയ്യിലും കൂടി വാങ്ങി. ഹാ! എന്തൊരു രുചി. ഇന്നും നാവിന്‍ തുമ്പിലുണ്ട്.
          പിറ്റെ ദിവസം വിജയദശമി. കാലത്തു തന്നെ കുളിച്ചു റെഡിയായി. ഇന്ന് നിക്കറും ഷര്‍ട്ടുമുണ്ട്. കൂടാതെ സ്വര്‍ണ്ണക്കരയുള്ളഒരു കൊച്ചു മുണ്ടും. അത് അരിയിലെഴുതുമ്പോള്‍ ധരിക്കാനുള്ളതാണ്. അമ്മയും കൂടെയുണ്ട്. അച്ഛന്‍ നേരത്തെ തന്നെ പോയി. കാലത്തു വിദ്യാരംഭം കുറിക്കനാണത്രേ. അതു കഴിഞ്ഞ് അച്ഛന് അച്ഛന്റെ സ്ക്കൂളില്‍ പോവുകയും വേണം. ഒരു പൊതി അവിലും ഇളനീരും കയ്യിലുണ്ട്. എനിക്ക് എടുക്കാന്‍ പറ്റില്ല എന്നു പറഞ്ഞ് ചേച്ചി ഇളനീരെടുത്തപ്പോള്‍ ഞാന്‍ സമ്മതിച്ചില്ല. അത് ഷര്‍ട്ടിനോട് ചേര്‍ത്തുപിടിച്ചാല്‍ കറ പറ്റുമെന്ന് പറഞ്ഞ് അമ്മയും സമ്മതിച്ചില്ല.

         ഞങ്ങളെത്തുമ്പോഴേക്കു കാലത്തുള്ള പൂജ കഴിഞ്ഞിരുന്നു. അരിയിലെഴുത്തിനുള്ള ഒരുക്കമാണ്. കുറെ കുട്ടികള്‍ ഉയരം കുറവുള്ള ബെഞ്ചുകളില്‍ അപ്പോഴേക്കും സ്ഥാനം പിടിച്ചിട്ടുണ്ട്. കൃഷ്ണന്‍ ഗുരുക്കള്‍ ഒരു പുല്പായയില്‍ ചമ്രം പടിഞ്ഞിരിക്കുന്നു. മുമ്പില്‍ ഒരു പരന്ന പാത്രത്തില്‍ നല്ല കുത്തരി. വെള്ളം നിറച്ച കിണ്ടിയും കദളിപ്പഴവും, എഴുത്തോലയും അരികെയുണ്ട്. ഇന്നലെ പൂജാമുറിയില്‍ പട്ടുടുത്തിരിക്കുന്ന കുരിക്കളെ ചെറിയ ഭയത്തടെയാണ് ഞാന്‍ നോക്കിയത്. ഇപ്പോള്‍ ആ മുഖത്ത് ഒരു നിറഞ്ഞ ചിരി കാണുന്നുണ്ട്. എഴുത്താരംഭിക്കാന്‍ സമയമായി.

 "ടീച്ചറേ, മോനെ ഇവിടെക്കൊണ്ടിരുത്ത്വാ " കുരിക്കള്‍
             
          അതിനു മുമ്പ് വന്നിരുന്നവര്‍ ഊഴമിട്ട് കാത്തിരുന്നിട്ടും എന്നെത്തന്നെ ആദ്യം വിളിച്ചതിന്റെ പൊരുള്‍ എനിക്കു മനസ്സിലായില്ല. ഞാന്‍ അവിടുത്തെ ടീച്ചറിന്റെ മോനായതുകൊണ്ടാണത്രേ! അദ്ദേഹത്തിന്നഭിമുഖമായി മറ്റൊരു പുല്പായയില്‍ ഞാനിരുന്നു. നെറ്റിയില്‍ ചന്ദനം തൊടുവിക്കുമ്പോള്‍ എനിക്ക് ഒരു കുളിരനുഭവപ്പെട്ടു. കാതിലും തലയിലും പുഷ്പങ്ങള്‍ വെച്ചു തന്നു. നാവു നീട്ടാന്‍ പറഞ്ഞപ്പോള്‍ എനിക്കു പേടിയായി. അമ്മ പ്രോത്സാഹിപ്പിച്ചപ്പോള്‍ നാവു നീട്ടിക്കൊടുത്തു. ഗുരുക്കള്‍ എന്റെ നാവില്‍ സ്വര്‍ണ്ണാംഗുലീയം കൊണ്ട് എന്തൊക്കെയോ കുത്തിക്കുറിച്ചു. തുടര്‍ന്നു അദ്ദേഹം എന്റെ വലതു കയ്യിലെ നടുവിരല്‍ ചൂണ്ടുവിരലിന്റെ മുകളിലാക്കിപ്പിടിച്ച് അരിയില്‍ ആദ്യാക്ഷരമെഴുതി പതുക്കെപ്പറഞ്ഞു.

    "പറയൂ ഹരി "

        ആദ്യം എനിക്കോര്‍മ്മ വന്നത് തലേ ദിവസത്തെ മാധവേട്ടന്റെ ക്ലാസാണ്. " കുരിക്കള്‍ അരിയിലെഴുതി പറഞ്ഞു തരുന്നതെല്ലാം നന്നായി പറയണം. ഇല്ലെങ്കില്‍ പൊട്ടനായിപ്പോവും!?"
           രണ്ടാമത് ഓര്‍ത്തത് ദിവസവും അച്ഛന്‍ ഭാരതം, ഭാഗവതം മുതലായവ പാരായണം ചെയ്യുമ്പോള്‍ ആദ്യമായി ' ഹരിശ്രീഗണപതയെ നമ:, അവിഘ്നമസ്തു....' എന്നു ചൊല്ലുന്നതാണ്. എനിക്കത് മന:പാഠവുമാണ്.

   "പറയൂ, ഹരി " ഒരിക്കല്‍ക്കൂടി കുരിക്കള്‍ പറഞ്ഞു.

        ഓര്‍മ്മയില്‍ നിന്ന് ഞെട്ടിയുണര്‍ന്ന ഞാന്‍ തെല്ലൊരഭിമാനത്തോടെ പറഞ്ഞു

  "ശ്രീ"

 ഒരു ചെറിയ ചിരി സദസ്സില്‍ പരന്നു.
ശ്രീ  എന്നെഴുതി ഗുരു വീണ്ടും പറഞ്ഞു "ശ്രീ"
ഞാനും തുടര്‍ന്നു ' ഗ '
           അമ്മയുടെ മുഖം ദേഷ്യം കൊണ്ടു ചുവന്നു. എന്റ മുഖത്തു സൂക്ഷിച്ചു നോക്കി അങ്ങനെ പറയരുതെന്ന് കണ്ണുകൊണ്ട് കാണിച്ചു. പക്ഷെ ശരിയായി പറയാതെ പൊട്ടനായിപ്പോവരുതല്ലോ. ഓരോ തവണ ഓരോ അക്ഷരം പറയുമ്പോഴും അതിന്റെ അടുത്ത അക്ഷരം കൃത്യമായിപ്പറഞ്ഞ് ഞാന്‍ എഴുത്ത് മുഴുമിപ്പിച്ചു. അതിനു ശേഷം ഹരിശ്രീഗണപതയെ നമ: എന്നെഴുതിയ പനയോല, രണ്ടു പഴം എന്നിവ എന്റെ കൈയില്‍ വെച്ചു തന്നു. എഴുന്നേറ്റ് അദ്ദേഹത്തെ പ്രദക്ഷിണം വെച്ച് ഞാന്‍ അക്ഷരലോകത്തേക്കുള്ള യാത്രയാരംഭിച്ചു.
          അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമ:

14 comments:

Kalavallabhan said...

അന്നേ ഗുരുവിനൊരുപടി മുന്നിലാണു. ഇന്നോ ?
തുടരട്ടെ
ഒരു കഥ വായിക്കുന്ന സുഖം തരുന്ന എഴുത്ത്

ശ്രീ said...

നല്ലൊരു ഓര്‍മ്മക്കുറിപ്പ്, മാഷേ

സി എം മുരളീധരന്‍ said...

ഇതിപ്പോ വയാവുല്ലെഒ റബ്ബെ

സി എം മുരളീധരന്‍ said...

ഇതിപ്പോ വല ആവുമല്ലോ റബ്ബെ,
ഞാനിപ്പോള്‍ കതാപാത്രമാവുമെന്ന തോന്നുന്നത്
ഞാന്‍ മുന്‍‌കൂര്‍ ജാമ്യം എടുക്കകയാണ് ബൂലോക വാസികളെ
എന്നെപ്പറ്റി വല്ലതും പറഞ്ഞാല്‍ വിശ്വസിക്കല്ലേ
അനുഭവക്കുറിപ്പുകള്‍ ഞാനും ചിലത് എഴുതി തുടങ്ങിയിരുന്നു.
പക്ഷെ നിന്ന് പോയി.
യുരീക്കയില്‍ അച്ചടിച്ച്‌ വന്ന അക്കഥ വായിച്ചാല്‍ അറിയാം ഈ മാഷിന്റെ വില്ലത്തരം

ചെലവൂര് നിന്ന്
സി എം മുരളീധരന്‍ .

Dr,Sukanya said...

നന്നായിട്ടുണ്ട് ശരിക്കും ആസ്വദിച്ചു വായിച്ചു ,ഇനിയും ഇത്തരം അനുഭവ കുറിപ്പുകള്‍ പ്രതീക്ഷിക്കുന്നു

ഹരിത പാലക്കാട്

Anish said...

Adutha thavana enthayalum muraliyettanum moothachanum e pavam njanum kathapathramavumenu karuthunu... Enthayalum kalakki..

അസീസ്‌ said...

സ്കൂള്‍ ഡയറി, ലൈഫ് ഡയറി, .......... അങ്ങനെ ഒന്നൊന്നായി പോരട്ടെ .
ഒരു കഥ വായിക്കുന്ന സുഖത്തോടെ വായിക്കാം. വളരെ ലളിതമായ അവതരണം

Anonymous said...

ഹദ്യം. തുടരട്ടെ

ജനാര്‍ദ്ദനന്‍.സി.എം said...

കലാവല്ലഭന്‍, ശ്രീ, മുരളി, ഹരിത, അനീഷ്, അസീസ്, അനൂപ് നിങ്ങള്‍ നല്കുന്ന പ്രോത്സാഹനങ്ങള്‍ തുടര്‍ന്നെഴുതാന്‍ പ്രചോദനമാവുന്നു. നന്ദി

Unknown said...

ഓര്‍മ്മകള്‍ അയവിറക്കാന്‍ നല്ല രസമാണ്. അത് ബ്ലോഗിലൂടെ പങ്ക് വയ്ക്കുമ്പോള്‍ പറയാനുമില്ല. തുടര്‍ന്നെഴുതൂ മാഷെ, മടുപ്പ് വരണ്ട :)

ജനാര്‍ദ്ദനന്‍.സി.എം said...

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി
താങ്കളുടെ സന്ദര്‍ശനവും അഭിപ്രായങ്ങളും സന്തോഷമുളവാക്കുന്നു. നന്ദി

bijujoseph said...

Sir,.
Niyamanam passakatha naalayiratholam teachers- nu vendiyum blogil ehzuthanam

chandrasekharan madathil said...

ithu nirtharuthu.....onnum thutarillennu paranjengilum.....NJAANILLAATHA,ELLAAM MOONNAAM KANNILOOTE,MAARININNU KAANUNNA NALLA ORU ORMAKKURIPPU....ENIKKUM AA KAALAM ORMA VANNU....VALIYACHAN AVITE IRIKKUNNATHUPOLE.....AA SANKHOLI....AGHANTA NAAMA YATHNAM....POOJA....KUTTIKAL...PRASAADAM.....

RAJEEV said...

nannayirikkunnu sir, anta koodi ormakal charthu vachappol...mudangiyathallam punararambikkanam..,mash koode venam.!!!!