പോസ്റ്റുകള്‍

Tuesday, March 22, 2011

സ്ക്കൂള്‍ ഡയറി-4-സൌദാമിനി ടീച്ചറും മാതൃഭൂമിയും


                സ്ക്കൂള്‍ ഡയറിയിലെ കഴിഞ്ഞ അധ്യായത്തില്‍ അബ്ദുറഹിമാന്‍ മാഷിന്റെ ഓട്ടത്തെപ്പറ്റി പറ്റി പറയുന്നതിനിടയില്‍ ഒരു ഹെഡ് മിസ്ട്രസ്സിനെപ്പറ്റി സൂചിപ്പിച്ചിരുന്നു. സൌദാമിനി ടീച്ചര്‍. അമ്പതിനോടടുത്ത് പ്രായം. വെളുത്ത് തടിച്ച് ഒരു പ്രൌഢ. ഹൃദ്യമായ പെരുമാറ്റം. വിനയം വിടാതെയുള്ള സംസാര രീതി. എച്ച്. എം. കോണ്‍ഫറന്‍സായാലും വേറെ എന്തു പരിപാടിയായാലും ടീച്ചര്‍ നിശ്ചിത സമയത്തിനും മുമ്പേ എത്തും.
 
             അക്കാലത്ത് ഞങ്ങളുടെ എ..ഒ രുഗ്മാംഗദന്‍ സാറായിരുന്നു. കാര്യങ്ങളൊക്കെ ഭംഗിയായി നടക്കണമെന്ന കാര്യത്തില്‍ കടുംപിടുത്തക്കാരനായിരുന്നു. അത്യാവശ്യംചില ഞെട്ടിക്കലൊക്കെ ഉള്ളതിനാല്‍ പലര്‍ക്കും അദ്ദേഹത്തെ ഭയമായിരുന്നു. പക്ഷെ അടുത്തറിയുമ്പോള്‍ അദ്ദേഹം ഒരു പ്രിയ കൂട്ടുകാരനായി മാറും.

              അക്കൊല്ലത്തെ സബ് ജില്ലാ സ്ക്കൂള്‍ കലോത്സവം കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ വെച്ചായിരുന്നു. ഒരുക്കങ്ങളെല്ലാം തകൃതിയായി നടക്കുന്നു. എല്ലാറ്റിനും മേല്‍നോട്ടം വഹിച്ചു കൊണ്ട് രുഗ്മാംഗദന്‍ സാറുമുണ്ട്. മേളയ്ക്ക് രണ്ടു ദിവസം മുമ്പ് അദ്ദേഹം ഹെഡ് മാസ്റ്റര്‍മാരുടെ ഒരു യോഗം വിളിച്ചു. സാറിന്റെ കൂടെ മേളയുടെ കമ്മറ്റി ഭാരവാഹികളായി ഞങ്ങള്‍ രണ്ടു മൂന്ന് പേരും കൂടെയുണ്ടായിരുന്നു.

            മൂന്നു മണിക്കായിരുന്ന യോഗത്തിന് ഞങ്ങള്‍ നേരത്തേ തന്നെ ഹാളിലെത്തി. അപ്പോഴേക്കും സൌദാമിനി ടീച്ചര്‍ അവിടെ എത്തിയിരുന്നു. ഇളം നീല നിറത്തിലുള്ള കവറുള്ള ഒരു ഡയറി മുമ്പിലുണ്ട്. യോഗത്തില്‍ പറയുന്നതെല്ലാം ടീച്ചര്‍ കുറിച്ചെടുക്കും. ..ഒ സംസാരിക്കുന്നതിനിടയ്ക്ക് തുമ്മിയപ്പോള്‍ ടീച്ചര്‍ ആക്ചീ... എന്ന് എഴുതിയെടുത്തെന്ന് ലളിത ടീച്ചര്‍ പറഞ്ഞു പരത്തിയത് അസൂയ കൊണ്ടു മാത്രമാണ്. അത് ശരിയാണെന്ന് സാക്ഷ്യം പറ‍ഞ്ഞവരെല്ലാം യോഗത്തില്‍ കലപില സംസാരിച്ച് അലമ്പുണ്ടാക്കുന്നവരും പിന്നീട് ടീച്ചറുടെ ഡയറി നോക്കി കാര്യങ്ങള്‍ എഴുതിയെടുക്കുന്നവരും ആണെന്ന് ആര്‍ക്കാണറിയാത്തത്.

                യോഗത്തില്‍ രുഗ്മാംഗദന്‍ സാര്‍ മേള വിജയിപ്പിക്കാന്‍ ആവശ്യമായ ഒരുക്കങ്ങള്‍ ഓരോന്നായി വിശദീകരിച്ചു. ഒടുവില്‍ ഇങ്ങനെ ഉപസംഹരിച്ചു.
"പ്രിയപ്പെട്ട പ്രധാനാധ്യാപകരെ നിങ്ങളോടായി എനിക്കൊരഭ്യര്‍ത്ഥനയുണ്ട്. നിങ്ങള്‍ മറ്റന്നാള്‍ വരുമ്പോള്‍ ഓരോരുത്തരും പരമാവധി വാഴയിലകള്‍ കൂടി സംഘടിപ്പിച്ചു കൊണ്ടുവരണം. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സഹകരണം തേടണം. ഇതൊരപേക്ഷയാണ്"

                യോഗം പിരിഞ്ഞു. ഞങ്ങള്‍ എ..ഒ ആപ്പീസിലേക്കു പോയി. ഞാനും ഡയറ്റിലെ അജിത് സാറും രുഗ്മാംഗദന്‍ സാറിന്റെ മുറിയിലെത്തി. സാറിന്റെ മുമ്പിലെ കസരയില്‍ ഞാന്‍, വലതു വശത്തു അജിത്ത് സാര്‍. ഒരു പതിനഞ്ചു മിനിട്ടു കഴിഞ്ഞു കാണും സൌദാമിനി ടീച്ചര്‍ മുറിയിലേക്കു കടന്നു വന്നു. രുഗ്മാംഗദന്‍ സാര്‍ തല തെല്ലുയര്‍ത്തി പറഞ്ഞു.
"ആ ടീച്ചര്‍ക്ക് ഒരു പി.എഫ് ലോണ്‍ ഉണ്ട് അല്ലേ? അത് ‍ ഞാന്‍ രാവിലെ തന്നെ ഒപ്പിട്ടു വെച്ചിട്ടുണ്ടല്ലോ"

      "അത് ഞാന്‍ നേരത്തെ എടുത്തു സര്‍ . അതല്ല........" ടീച്ചര്‍ മുഴുമിപ്പിക്കാതെ നിര്‍ത്തി.

        "പറയൂ..പിന്നെന്താണ് പ്രശ്നം"
       "സാര്‍......അത്......അത്.....സാര്‍ വാഴയില കൊണ്ടു വരാന്‍ പറഞ്ഞില്ലേ? ഇല ഞാന്‍ സംഘടിപ്പിക്കാം. പക്ഷെ അതു കൊണ്ടു വരാന്‍ എനിക്കു പ്രയാസമുണ്ട്.”

          ".. .. ഇതിനാണോ ടീച്ചര്‍ ഇങ്ങനെ വിഷമിക്കുന്നത്. ടീച്ചറേ, ഇല കൂടുതലുണ്ടെങ്കില്‍ ഒരു ഓട്ടോറിക്ഷയില്‍ കൊടുത്തയച്ചോളൂ. കൂലി ഇവിടെ നിന്ന് ഞങ്ങള്‍ കൊടുത്തോളാം.”

       "അത്രയ്ക്കൊന്നും ഉണ്ടാവുകയില്ല” ടീച്ചറുടെ മറുമൊഴി

        "കുറച്ചേ ഉള്ളുവെങ്കില്‍ ടീച്ചറൊരു കാര്യം ചെയ്യൂ. ഒരു പഴയ മാതൃഭൂമിയില്‍ പൊതിഞ്ഞ് ബസ്സില്‍ കൊണ്ടു വന്നോളൂ. സ്റ്റോപ്പില്‍ നിന്ന് ഞാനെടുപ്പിച്ചോളാം. എന്താ?...”

         ടീച്ചര്‍ അതെ എന്ന അര്‍ത്ഥത്തില്‍ തല കുലുക്കി തിരിഞ്ഞു നടന്നു. രണ്ടടി വെച്ച് തിരിഞ്ഞു നിന്നു.
     
        "എന്താ, ടീച്ചറേ...”

        "സാര്‍....വീട്ടില്‍ മാതൃഭൂമിയല്ല വാങ്ങുന്നത്!"

          ഒരു നിമിഷം ഞങ്ങള്‍ മൂന്ന് പേരും ഷോക്കടിച്ചതു പോലെ ഞെട്ടിപ്പോയി. വിശ്വാസം വരാത്തതു പോലെ പരസ്പരം കണ്ണുകളിലേക്കു നോക്കി. മൂന്നു പേരുടെ ചുണ്ടിലേക്കും ഒരു പുഞ്ചിരി പടരാന്‍ നോക്കിയെങ്കിലും ഞങ്ങളതു കഷ്ടപ്പെട്ട് പിടിച്ചു നിര്‍ത്തി. ഒടുവില്‍ സ്വതസ്സിദ്ധമായ ഗൌരവത്തില്‍ ..ഒ സാര്‍ പറഞ്ഞു.
         "ടീച്ചറൊരു കാര്യം ചെയ്യൂ. അടുത്ത വീട്ടിലെങ്ങാനും മാതൃഭൂമി കിട്ടുമോ എന്നു നോക്കൂ. കിട്ടിയില്ലെങ്കില്‍ ..., ടീച്ചറുടെ വീട്ടില്‍ ഏതു പത്രമാ വാങ്ങുന്നത്...”

           "മനോരമ "

            "...മനോരമയില്‍ പൊതിഞ്ഞു കൊണ്ടുവന്നാലും മതി"

            അതെ എന്ന അര്‍ത്ഥത്തില്‍ തല കുലുക്കി സൌദാമിനി ടീച്ചര്‍ തിരിച്ചു പോയി. ഞങ്ങള്‍ പൊട്ടിച്ചിരിച്ചു. പൊട്ടിപ്പൊട്ടി ചിരിച്ചു.

          രാത്രി വൈകുന്നതു വരെ ഞങ്ങള്‍ ആപ്പീസില്‍ തന്നെയായിരുന്നു. സ്ക്കൂളുകള്‍ക്കുള്ള രജിസ്ട്രേഷനാവശ്യമായ സാധനങ്ങള്‍ ഒരുക്കുന്ന തിരക്കില്‍. പത്തു മണിയായപ്പോള്‍ രുഗ്മാംഗദന്‍ സാര്‍ വിളിച്ചു പറഞ്ഞു
        "ജനാര്‍ദ്ദനന്‍ മാഷേ, ഭക്ഷണം പാര്‍സലായി കൊണ്ടു വന്നിട്ടുണ്ട്. മാഷിനു ചോറോ ചപ്പാത്തിയോ? രണ്ടായാലും 'മാതൃഭൂമിയില്‍' പൊതിഞ്ഞതു തന്നാണേ!”

13 comments:

krishnakumar513 said...

രസകരമായിരിക്കുന്നു,മാഷെ.ഇങ്ങനെയുള്ള ചെറുനര്‍മ്മങ്ങള്‍ ഇനിയും പ്രതീക്ഷിക്കാമല്ലോ?

കൂതറHashimܓ said...

ഹ ഹ അഹാ നല്ല രസം
വിവരണവും കൊള്ളാം, ഇഷ്ട്ടായി,

.. said...

..
എ.ഇ.ഒ സംസാരിക്കുന്നതിനിടയ്ക്ക് തുമ്മിയപ്പോള്‍ ടീച്ചര്‍ ആക്ചീ... എന്ന് എഴുതിയെടുത്തെന്ന് ലളിത ടീച്ചര്‍ പറഞ്ഞു പരത്തിയത് അസൂയ കൊണ്ടു മാത്രമാണ്. അത് ശരിയാണെന്ന് സാക്ഷ്യം പറ‍ഞ്ഞവരെല്ലാം യോഗത്തില്‍ കലപില സംസാരിച്ച് അലമ്പുണ്ടാക്കുന്നവരും പിന്നീട് ടീച്ചറുടെ ഡയറി നോക്കി കാര്യങ്ങള്‍ എഴുതിയെടുക്കുന്നവരും ആണെന്ന് ആര്‍ക്കാണറിയാത്തത്.

ടീച്ചര്‍ അതെ എന്ന അര്‍ത്ഥത്തില്‍ തല കുലുക്കി തിരിഞ്ഞു നടന്നു. രണ്ടടി വെച്ച് തിരിഞ്ഞു നിന്നു.

"എന്താ, ടീച്ചറേ...”

"സാര്‍....വീട്ടില്‍ മാതൃഭൂമിയല്ല വാങ്ങുന്നത്!"
..


കലക്കി മാഷേ..
..

ഹംസ said...

നല്ല എഴുത്ത്

Anonymous said...

ഇനിയും ധാരാളമായിങ്ങ് പോരട്ടെ..!

ജനാര്‍ദ്ദനന്‍.സി.എം said...

സര്‍വശ്രീ കൃഷ്ണകുമാര്‍,ഹാഷിം, രവി, ഹംസ, മാത്സ് ബ്ലോഗ് ടീം അഭിപ്രായങ്ങള്‍ക്കു നന്ദി

jayanEvoor said...

ഹ! ഹ!!
പാവം പാവം സൌദ ടീച്ചർ!

Rare Rose said...

സ്കൂള്‍ ഡയറി കൊള്ളാം.:)

പഞ്ചാരകുട്ടന്‍ -malarvadiclub said...

ആ ടീച്ചര്‍ ആള് കൊള്ളാമല്ലോ.
അവര് നിങ്ങളെ ആക്കിയതാണെന്നാ തോന്നുന്നത്

കൊമ്പന്‍ said...

ഇത് കലക്കി ഉഗ്രന്‍

Naushu said...

മാതൃഭൂമി കലക്കി.....

ajith said...

“മാതൃഭൂമി” യില്‍ ഒരു അഭിപ്രായം അറിയിക്കട്ടെ? നന്നായീട്ടോ

അതിരുകള്‍/പുളിക്കല്‍ said...

സാര്‍..വീട്ടില്‍ മാതൃഭൂമിയല്ല വാങ്ങുന്നത്.....കലക്കി മാഷേ