പോസ്റ്റുകള്‍

Monday, November 7, 2011

നമ്മുടെ മേളകളും ഉത്സവങ്ങളും

(മാത്സ് ബ്ലോഗില്‍ പ്രസിദ്ധപ്പെടുത്തിയ എന്റെ ഈ പോസ്റ്റ് ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു.)

വിവിധ തരത്തിലുള്ള മേളകളും കലോത്സവങ്ങളും സ്കൂള്‍തലം മുതല്‍ നടക്കാന്‍ പോവുകയാണല്ലോ? ഭാരതത്തിനു മുഴുവന്‍ മാതൃകയായാണ് നമ്മുടെ സംസ്ഥാനത്ത് അവ സംഘടിപ്പിക്കപ്പെടുന്നത്. സംസ്ഥാന സ്കൂള്‍ കലോത്സവം ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ മേളയായി അറിയപ്പെടുന്നു. എന്നാല്‍ ഇവ നമ്മുടെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും കുറ്റമറ്റതായി നടക്കുന്നുണ്ടോ? നമ്മുടെ മുഴുവന്‍ കുട്ടികളും ഇവയില്‍ ഭാഗഭാക്കാവുന്നുണ്ടോ? അവ നടത്തപ്പെടുന്നതോടുകൂടി അവയ്ക്കു പിന്നിലുള്ള ഉദ്ദേശ്യലക്ഷ്യങ്ങള്‍ നിറവേറ്റപ്പെടുന്നുണ്ടോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുമ്പോള്‍ നമ്മള്‍ക്ക് അഭിപ്രായവത്യാസമുണ്ടാവാന്‍ ഒട്ടേറെ സാധ്യതകള്‍ കാണുന്നു.ഇത്തരം മേളകളില്‍ സജീവമായി പ്രവര്‍ത്തിച്ചതിന്റെ അടിസ്ഥാനത്തില്‍ ചില ആശയങ്ങള്‍ തോന്നുന്നു. അവയെക്കുറിച്ച് അധ്യാപകന്‍, രക്ഷിതാവ്, വിദ്യാര്‍ത്ഥി എന്നീ നിലകളില്‍ നിങ്ങള്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ പങ്കിടുമല്ലോ?

ഇപ്പോള്‍ നടക്കുന്ന മേളകള്‍ ഇവയാണ്.
1. വിദ്യാരംഗം കലാസാഹിത്യവേദി
2. സ്കൂള്‍ കലോത്സവം
3. അറബിക് കലോത്സവം
4. സംസ്കൃതോത്സവം
5. ശാസ്ത്രമേള
6. ഗണിതശാസ്ത്രമേള
7. സാമൂഹ്യശാസ്ത്രമേള
8. ഐ.ടി. മേള
9. പ്രവൃത്തപരിചയമേള
10. കായികമേള
11. ഗെയിംസ് മത്സരങ്ങള്‍
ഇത്രയൊക്കെ വ്യത്യസ്തങ്ങളായ മേളകള്‍ വിപുലമായി നടത്തിയിട്ടും ഇവയിലൊന്നും പങ്കടുക്കാത്തവര്‍/ പങ്കടുക്കാനാവാത്തവര്‍ ധാരാളമുണ്ടാവുന്നു. ഈ അവസ്ഥ തീര്‍ച്ചയായും മാറേണ്ടതല്ലേ? സ്കൂള്‍മേളകള്‍ ചില സ്ഥലങ്ങളിലെങ്കിലും 'ദാരിദ്ര്യമേള'കളാവുന്നതും സംസ്ഥാനമേള 'ആര്‍ഭാടമേള'യാവുന്നതും നീതിക്കു നിരക്കാത്തതാണ്. മേളയ്ക്ക് ഒരുങ്ങുന്നതിനും അവതരിപ്പിക്കുന്നതിനും പണം ഇഷ്ടംപോലെ ചെലവഴിക്കേണ്ടി വരുന്നതിനാല്‍ പാവപ്പെട്ടവര്‍ക്ക് എത്തിപ്പെടാനാവാത്ത തലങ്ങളിലേക്ക് ഇവ മാറിപ്പോവുന്നു. ഇതിനു പരിഹാരം കാണേണ്ടതാണ്. ജഡ്ജ്മെന്റ് പലപ്പോഴും വിമര്‍ശിക്കപ്പെടുന്നു. അതിനു വേണ്ടിവരുന്ന ചെലവ് ഭീമമാവുന്നു. അതിനെന്തു പരിഹാരം? ചര്‍ച്ചയ്ക്കു വിധേയമാക്കേണ്ട ചില കാര്യങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നത് നോക്കുക.

1) വിദ്യാരംഗം സാഹിത്യവേദി, കലോത്സവം, സംസ്കൃതോത്സവം, അറബിക് കലോത്സവം എന്നിങ്ങനെ നാലു മേളകള്‍ വേണ്ട. അവ രണ്ടാക്കാം. രചനാ സാഹിത്യവേദി, സ്കൂള്‍ കലോത്സവം എന്നിങ്ങനെ

2) ആദ്യത്തേതില്‍ കവിതാ രചന, കഥാരചന, ലേഖനരചന, കവിതാലാപനം, പ്രസംഗം എന്നിവ ഉള്‍പ്പെടുത്താം. ഇവ മലയാളം, ഇംഗ്ളീഷ്, ഹിന്ദി, അറബിക്, സംസ്കൃതം, ഉറുദു, തമിഴ്, കന്നട എന്നീ ഭാഷകളില്‍. കുട്ടി പഠിക്കുന്ന ഭാഷകളില്‍ മാത്രം മത്സരിക്കാന്‍ അവസരം നല്‍കിയാല്‍ മതി. ചിത്രരചനകളും പെയിന്റിംഗ് കൊളാഷ് മത്സരങ്ങളും ഇവിടെത്തന്നെ നടത്താം.

3) സ്കൂള്‍ കലോത്സവത്തില്‍ മുകളിലെഴുതിയ ഇനങ്ങള്‍ ഒഴിവാക്കാം. അറബിക്, സംസ്കൃതം കലോത്സവങ്ങളില്‍ ബാക്കിവരുന്നവയില്‍ പ്രസക്തമായവ കൂടി സ്കൂള്‍ കലോത്സവത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി.

4) ഇപ്പോള്‍ നമ്മുടെ മേളകള്‍ 9 ആയി . സ്കൂള്‍ തലത്തില്‍ എല്ലാ കുട്ടികളും ഏതെങ്കിലും ഒരു മേളയിലെങ്കിലും നിര്‍ബന്ധമായും പങ്കെടുത്തിരിക്കണം. അവയില്‍ നിന്ന് ലഭിക്കുന്ന ഗ്രേഡ് അവന്റെ ക്ലാസ് കയറ്റമൂല്യനിര്‍ണ്ണയത്തില്‍ ഉള്‍പ്പെടുത്തണം. ഒരു കുട്ടിയെ മൂന്നില്‍ കൂടുതല്‍ മേളകളില്‍ പങ്കടുപ്പിക്കയുമരുത്. ഒരു മേളയില്‍ത്തന്നെ 3 ഇനങ്ങളില്‍ കൂടുതല്‍ അവസരം നല്കരുത്.

5) സംസ്ഥാന മേളയില്‍ ആദ്യത്തെ മൂന്ന് സ്ഥാനങ്ങള്‍ക്ക് പ്രൈസ് മണി ഉള്ളതിനാല്‍ വ്യക്തിഗത ഇനങ്ങള്‍ക്ക് സ്കൂള്‍തലം മുതലും ഗ്രൂപ്പിനങ്ങള്‍ക്ക് സബ് ജില്ലാതലം മുതലും 3വീതം മത്സരാര്‍ത്ഥികളെ ഓരോ ഇനത്തിലും പങ്കെടുക്കാന്‍ അനുവദിക്കേണ്ടതാണ്.

6)സംസ്ഥാന മേളകളില്‍ നടക്കുന്ന ആര്‍ഭാടങ്ങള്‍ മുഴുവനായി ഒഴിവാക്കണം. മൂന്നിലധികം പായസങ്ങളും മുപ്പതിലധികം വിഭവങ്ങളും പതിനായിരങ്ങള്‍ കഴിച്ചുപോയിട്ട് നമ്മുടെ കുട്ടികള്‍ക്ക് എന്തു നേട്ടമാണുണ്ടാവുന്നത്.

7) അധ്യാപകസംഘടനകളുടെ റഫറണ്ടം നടത്തി അതാതു മേഖലയിലുള്ളവരുടെ 20% (പതിനഞ്ചെങ്കിലും) പ്രാതിനിധ്യമുള്ള സംഘടനകള്‍ക്കു മാത്രം അംഗീകാരം നല്‍കണം. വിവിധ കമ്മറ്റികളുടെ നടത്തിപ്പ് ഇത്തരം അംഗീകൃത സംഘടനകള്‍ക്കുമാത്രം മാറി മാറി നല്‍കേണ്ടതാണ്. അതായത് 10 സംഘടകളാണുള്ളത് എങ്കില്‍ ഒരു കമ്മറ്റി വീണ്ടും ആ സംഘടനയ്ക്ക് 10 വര്‍ഷത്തിനു ശേഷമേ നല്‍കാവൂ.

8) ഓരോ സബ്ജില്ലകളിലും ജില്ലകളിലും വിവിധ മേളകള്‍ക്കാവശ്യമായ ജഡ്ജസ് പാനല്‍ ഉണ്ടാക്കേണ്ടതാണ്, അതില്‍ നിന്നും തെരഞ്ഞടുക്കപ്പെടുന്നവരായിരിക്കണം മറ്റു സബ്ജില്ലകളില്‍ ജില്ലകളില്‍ ജഡ്ജസാവേണ്ടത്. അവര്‍ക്കു നല്കേണ്ട പരമാവധി റമ്യൂണറേഷനെക്കുറിച്ചും തീരുമാനമുണ്ടാവേണ്ടതാണ്. പരാതിക്കു വിധേയരാവുന്ന ജഡ്ജിമാരെ പരാതി ബോധ്യപ്പെട്ടാല്‍ ഈ പാനലില്‍ നിന്നും എന്നേക്കുമായി ഒഴിവാക്കേണ്ടതാണ്.

9) ജില്ലാതലത്തില്‍ ഉയര്‍ന്ന ഗ്രേഡു ലഭിക്കുന്നവര്‍ക്ക് SSLC, HSS പരീക്ഷകളില്‍ ഗ്രേസ്മാര്‍ക്ക് നല്‍കേണ്ടതാണ്.

10) സ്കൂള്‍, സബ്ജില്ല, ജില്ല, സംസ്ഥാന മേളകള്‍ക്കിടയില്‍ 15 ദിവസമെങ്കിലും ഇടവേള ഉണ്ടായിരിക്കണം. അപ്പീലുകള്‍ വഴി നേടുന്ന പ്രാതിനിധ്യം മേള തുടങ്ങുന്നതിന്റെ 5 ദിവസം മുമ്പെങ്കിലും ഉറപ്പാക്കേണ്ടതാണ്. അതിനു ശേഷമുള്ളവ സ്വീകരിക്കപ്പെടാതിരിക്കാനുള്ള നിയമം ഉണ്ടാക്കേണ്ടതാണ്.

11) അപ്പീലുകള്‍ ഏതു തലത്തിലുള്ളതായാലും രജിസ്റ്റര്‍ ചെയ്താല്‍ അവ വിദ്യാഭ്യാസ വകുപ്പിന്റെ സൈറ്റില്‍ എന്ട്രി നടത്തിയിരിക്കണം. തീര്‍പ്പ് എന്താണെന്നു രേഖപ്പെടുത്തുകയും നിരസിച്ചതാണെങ്കില്‍ അതിന്റെ ഫീസ് സര്‍ക്കാറിന്റെ മേളഫണ്ടിലേക്ക് വകവെക്കേണ്ടതാണെന്ന് നിയമമുണ്ടാക്കണം

12) ജഡ്ജസ് ഓരോ ഇനത്തിലും വാല്യൂ പോയന്റ്സിന് അനുസരിച്ച് മാര്‍ക്ക് നല്‍കണം. അവ ആവശ്യപ്പെട്ടാല്‍ പരസ്യപ്പെടുത്തേണ്ടതുമാണ്

ഇനിയും നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കിലും പോസ്റ്റിന്റെ വിസ്താരഭയത്താല്‍ ഇപ്പോള്‍ ചേര്‍ക്കുന്നില്ല. നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റുകളിലൂടെ വ്യക്തമാക്കുമല്ലോ? അവയില്‍ ശ്രദ്ധേയങ്ങളായവ നമുക്ക് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്താം.

Tuesday, October 4, 2011

ആരവം പദ്ധതി കേരളത്തിന് മാര്‍ഗദീപമാകും -അഴീക്കോട്





കൊയിലാണ്ടി: മദ്യവിമുക്ത ഭവനം, ആര്‍ഭാടരഹിത വിവാഹം എന്ന സന്ദേശമുയര്‍ത്തി അരിക്കുളം ഗ്രാമപ്പഞ്ചായത്തിന്റെ ആരവം ജനകീയ പ്രചാരണ പരിപാടി കേരളത്തിന് മാര്‍ഗദീപമായി മാറുമെന്ന് സുകുമാര്‍ അഴീക്കോട് പറഞ്ഞു. ആരവം പരിപാടിയോടനുബന്ധിച്ച് കുരുടിവീട്ടില്‍ നടന്ന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി മുക്തിയും ആര്‍ഭാടരഹിത ജീവിതവും ഗാന്ധിജിയുടെ സ്വപ്നമായിരുന്നു -അഴീക്കോട് പറഞ്ഞു. കെ.കെ. നാരായണന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി. സുരേഷ്, എ.കെ. ശശീന്ദ്രന്‍ എംഎല്‍എ, ലെനില്‍ദാസ്, മനയത്ത് ചന്ദ്രന്‍, നജീബ് കാന്തപുരം, ഡി. സത്യചന്ദ്രന്‍, കെ.ടി.എം. കോയ എന്നിവര്‍ പ്രസംഗിച്ചു.

ആരവം പദ്ധതി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ. കുഞ്ഞമ്മദ് എംഎല്‍എ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ പി. വിശ്വന്‍, എന്‍.കെ. വത്സന്‍, എന്‍.വി. ബാലകൃഷ്ണന്‍, ടി.വി. ചന്ദ്രഹാസന്‍, പി. പ്രസാദ്, എം.സി. കുഞ്ഞിരാമന്‍ എന്നിവര്‍ പ്രസംഗിച്ചു.

'ആരവം വരകളിലൂടെ' എന്ന ചിത്രരചനാ പരിപാടി പോള്‍ കല്ലാനോട് ഉദ്ഘാടനം ചെയ്തു. സോമന്‍ കടലൂര്‍, സായ് പ്രസാദ്, സത്യന്‍ മുദ്ര, ചന്ദ്രന്‍ കല്പത്തൂര്‍, ഷാജി കാവില്‍, ദിനേശ് കാരയാട്, കെ. ശിവാനന്ദന്‍, എം.സി. ലനീഷ് എന്നിവര്‍ ചിത്രം വരച്ചു. കവിയരങ്ങും ഉണ്ടായി.

Sunday, September 25, 2011

മദ്യത്തിനും വിവാഹധൂര്‍ത്തിനുമെതിരെ 'ആരവം'; അരിക്കുളം മാതൃകയാവുന്നു




               'മദ്യവിമുക്തഭവനം' ആര്‍ഭാടരഹിതവിവാഹം' എന്ന സന്ദേശമുയര്‍ത്തി അരിക്കുളം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന 'ആരവം' പദ്ധതി ഗാന്ധിജയന്തിദിനമായ ഒക്ടോബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്യുന്നതോടെ സംസ്ഥാനതലത്തില്‍ത്തന്നെ ശ്രദ്ധേയമാകും. ഒരുവര്‍ഷത്തെ തുടര്‍ച്ചയായ പ്രവര്‍ത്തനത്തിലൂടെ അരിക്കുളം ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ മദ്യവിമുക്ത പഞ്ചായത്താക്കുക, വിവാഹവേളകളിലെ ധൂര്‍ത്ത് അവസാനിപ്പിക്കുക എന്നിവയാണ് 'ആരവം' പദ്ധതിയുടെ ലക്ഷ്യം. അരിക്കുളം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും വിദ്യാഭ്യാസസ്ഥാപനങ്ങളും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.


കാര്‍ഷിക -കാര്‍ഷികാനുബന്ധ ജോലികളില്‍ ഇടപെടുന്നവരാണ് അരിക്കുളം ഗ്രാമപഞ്ചായത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും.


പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ 75 കുടുംബങ്ങളില്‍ (രണ്ട് അയല്‍ക്കൂട്ടം) മാത്രമായി സര്‍വെ നടത്തിയപ്പോള്‍ അതില്‍ 35 വീടുകളിലും മദ്യപാനികള്‍ ഉള്ളതായി കാണാന്‍ കഴിഞ്ഞു. ഇതില്‍ 18 വീടുകളിലും സ്ഥിരം മദ്യപാനി ഒരുദിവസം മദ്യം കഴിക്കാനായി ചെലവിടുന്നത് 100രൂപയില്‍ കൂടുതലാണ്. ഈ കണക്കുപ്രകാരം രണ്ട് അയല്‍ക്കൂട്ടങ്ങളില്‍നിന്നായി 54,000 രൂപ ഒരുമാസം മദ്യത്തിനായി ചെലവിടുന്നു. 13 വാര്‍ഡുകളിലായി 140 അയല്‍ക്കൂട്ടങ്ങള്‍ അരിക്കുളം പഞ്ചായത്തിലുണ്ട്. അങ്ങനെ വരുമ്പോള്‍ ഏകദേശം 24 ലക്ഷംരൂപയോളം ഒരുമാസം മദ്യത്തിനായി ഈ കൊച്ചുഗ്രാമം ചെലവഴിക്കുന്നു.


പ്രദേശത്തെ വിവാഹാഘോഷങ്ങളും അനുബന്ധ പരിപാടികളും അനുദിനം ആര്‍ഭാടമാകുകയാണ്. പുതിയ പുതിയ ചടങ്ങുകള്‍ ആളുകള്‍ മത്സരാടിസ്ഥാനത്തില്‍ കൊണ്ടുവരികയാണ്. ഇതിനൊക്കെ പങ്കടുപ്പിക്കുന്നവരുടെ എണ്ണവും കൂടിക്കൂടി വരുന്നു. ഈ അവസരങ്ങളെല്ലാം മദ്യ സല്‍ക്കാരവേളകളുമാവുന്നു എന്നതാണ് അതിലേറെ അപകടകരമാവുന്നത്.


ഇത്തരമൊരു സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്ത് ഈ പദ്ധതിയുമായി രംഗത്തു വന്നിരിക്കുന്നത്.
ഒക്ടോബര്‍ രണ്ടിന് സാമൂഹികക്ഷേമവകുപ്പുമന്ത്രി എം.കെ. മുനീര്‍ പദ്ധതി ഉദ്ഘാടനംചെയ്യും. ഉദ്ഘാടന ദിവസം ആയിരംപേര്‍ പങ്കെടുക്കുന്ന ഉപവാസം സമൂഹ ചിത്രരചന, കവിസമ്മേളനം, സെമിനാര്‍ എന്നിവയെല്ലാം നടക്കും. ഡോ. സുകുമാര്‍ അഴീക്കോട് പ്രഭാഷണം നടത്തും. പദ്ധതിയുടെ വിജയത്തിനായി 13000 പേര്‍ അണിനിരക്കുന്ന മനുഷ്യച്ചങ്ങല ഒറവിങ്കല്‍ താഴെ മുതല്‍ തണ്ടയില്‍ താഴെ വരെ (കൊയിലാണ്ടി - അഞ്ചാംപീടിക റോഡില്‍) നടത്തും. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പദ്ധതിപ്രചാരണത്തിനായി സെമിനാര്‍, ഭവനസന്ദര്‍ശനം എന്നിവയും നടത്തും.
പദ്ധതിയുടെ ഭാഗമായി അമിതമായി മദ്യപിക്കുന്ന (മദ്യാശ്രയത്വം) വ്യക്തികളെ കണ്ടെത്തി ചികിത്സയ്ക്ക് വിധേയമാക്കും. കോഴിക്കോട് സുരക്ഷ, മാവൂര്‍ ശാന്തി തുടങ്ങിയ ലഹരിവിമോചന ചികിത്സാകേന്ദ്രങ്ങളുമായി സഹകരിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം നടത്തുക. 2012 ജനവരി 26 ന് അരിക്കുളത്തെ മദ്യവിമുക്ത - ആര്‍ഭാടരഹിത ഗ്രാമമായി പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്.

Friday, September 9, 2011

Light Music



                       ഇതൊരു പുതിയ അനുഭവം തന്നെ! ഞാന്‍ കുറച്ചു വരികള്‍ എഴുതി ലളിതഗാനം എന്നും പറഞ്ഞ് എന്റെ ബ്ലോഗില്‍ പ്രസിദ്ധപ്പെടുത്തുന്നു. സാധാരണ പോലെ രണ്ടുമൂന്നു പേര്‍ കമന്റുകളെഴുതുന്നു. പിന്നീട് അതു മറക്കുന്നു. 
             എന്നാല്‍ തിരുവോണ നാളില്‍ സദ്യയുണ്ടുകൊണ്ടിരിക്കുമ്പോള്‍ എനിക്ക് ഉത്തരഭാരതത്തില്‍ നിന്ന് ഒരു കോള്‍ വരുന്നു. ഹേ മാസ്റ്റര്‍, നിങ്ങളുടെ വരികള്‍ക്ക് ഞാന്‍ ഈണവും സംഗീതവും പകര്‍ന്നിരിക്കുന്ന. കേട്ടാലും. എനിക്കു വളരെയേറെ സന്തോഷം തോന്നുന്നു. ഇതാണ് സൈബര്‍ ലോകത്തെ കൂട്ടായ്മ.          
        കൂടുതല്‍  വിശദീകരിക്കുന്നില്ല. കേട്ടാലും. ഇത് ഇങ്ങനെയാക്കിത്തന്ന ഡോ.എന്‍.എസ്.പണിക്കരെ നന്ദിയോടെ സ്മരിക്കുന്നു.

Monday, September 5, 2011

Teachers Day


                  ഇന്ന് സപ്തമ്പര്‍ 5. ഇന്ത്യയിലുള്ള മുഴുവന്‍ അധ്യാപകരും അഭിമാനത്തോടെ ഓര്‍ക്കുന്ന സുദിനം. ഇന്ത്യയുടെ പ്രഥമപൗരനായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനം. മുഴുവന്‍ അധ്യാപക സുഹൃത്തുക്കള്‍ക്കും അധ്യാപകദിനാശംസകള്‍.

            ഇന്നലെ വീട്ടില്‍ നിന്നും കുറച്ചകലെയുള്ള സ്ഥലത്ത് ഒരു വിവാഹ ചടങ്ങില്‍ പങ്കടുത്തുകൊണ്ടിരിക്കെ ഒരു യുവതി ഒക്കത്തൊരു കൈക്കുഞ്ഞുമായി എന്റെ അടുത്തു വന്നു.  അവരുടെ കൈവിരലില്‍ തൂങ്ങി മൂത്ത കുട്ടിയും. വന്നപാടെ എന്റെ കൈയില്‍ പിടിച്ച് മാഷേ.. എന്നു നീട്ടി വിളിച്ചു. എനിക്ക് ആളെ മനസ്സിലായി വരുമ്പോഴേക്കും എന്റെയും കുടുംബത്തിന്റേയും സകല വിശേഷങ്ങളും അവള്‍ ചോദിച്ചിരുന്നു. വത്സല ശിഷ്യക്ക് അവളുടെ അധ്യാപകനെ കുറേക്കാലത്തിനുശേഷം കണ്ടപ്പോള്‍ അടക്കാനാവാത്ത സന്തോഷം. ആ സ്നഹപ്രകടനം കണ്ടപ്പോള്‍ എന്റ കണ്ണും അറിയാതെ നിറഞ്ഞു പോയി.
തിരിച്ചു വരുമ്പോള്‍  ടൗണിലുള്ള ഒരു ഹോട്ടലില്‍ ചായ കുടിക്കാന്‍ കയറി. ഞാനും സുഹൃത്തും സംസാരിച്ചു കൊണ്ടിരിക്കേ കേഷ് കൗണ്ടറിലിരിക്കുന്ന യുവാവ് ഞങ്ങളുടെ മേശക്കരികിലേക്കു വന്നു ഒരു നിമിഷം എന്നെത്തന്നെ നോക്കി. മാഷല്ലേ... എന്താ ഇവിടെ.? എനിക്ക് ആളെ മനസ്സിലായില്ല. അവന് ആളെ തെറ്റിപ്പോയതായിരിക്കുമെന്ന് ഞാനൂഹിച്ചു.
ഒന്നും വിചാരിക്കരുത്. എനിക്ക് നിങ്ങളെ മനസ്സിലായില്ല.
അയ്യോ മാഷേ, സാറു ഞങ്ങളുടെ സ്ക്കൂളില്‍ സഹവാസ കേമ്പില്‍ ക്ലാസെടുക്കാന്‍ വന്നിരുന്നില്ലേ? അന്ന് നക്ഷത്രങ്ങളെക്കുറിച്ച് ക്ലാസെടുത്തപ്പോഴും രാത്രി നിരീക്ഷണസമയത്തും ഞാന്‍ സാറിനോട് കുറെ സംശയങ്ങള്‍ ചോദിച്ചപ്പോള്‍ സാറെന്നെ ചേര്‍ത്തു പിടിച്ച് മിടുക്കന്‍ എന്നു പറഞ്ഞത് എന്റ മനസ്സിലിപ്പോഴുമുണ്ട്.
അവന്‍ അകത്തേക്കു പോയി കുറെ പഴവും പലഹാരവും ഞങ്ങളുടെ മുമ്പില്‍ കൊണ്ടുവെച്ചു.
സത്യം പറഞ്ഞാല്‍ ഞാന്‍ വികാരാധീനനായിപ്പോയി. വെറും നാലഞ്ചു മണിക്കൂര്‍ നേരത്തെ അനുഭവം വെച്ച് ഇത്ര സ്നഹത്തോടെ ഓര്‍മ്മിക്കാന്‍ അധ്യാപകനല്ലാതെ വേറെ ആരാണുള്ളത്?