പോസ്റ്റുകള്‍

Thursday, May 27, 2010

സല്‍മയും സരസ്വതിയും - സ്ക്കൂള്‍ ഡയറി - 2


           സല്‍മയും സരസ്വതിയും
        സല്‍മ അഞ്ചാം ക്ലാസിലാണ് ഞങ്ങളുടെ സ്ക്കൂളില്‍ ചേര്‍ന്നത്. വെളുത്ത് കൊലുന്നനെയുള്ള ഒരു കൊച്ചു പെണ്‍കുട്ടി. ഞാനവള്‍ക്ക് സയന്‍സ് ആണ് എടുത്തിരുന്നത്. അവള്‍ക്ക് അക്ഷരമൊന്നുമറിയില്ലെന്ന് എനിക്കു മനസ്സിലായി. അക്ഷരം അറിയില്ലെന്നു പറഞ്ഞാല്‍ പൂര്‍ണ്ണമായി ശരിയല്ല. ,,ന ഈ മൂന്നക്ഷരങ്ങള്‍ അവള്‍ക്കറിയാമെന്നു മാത്രമല്ലാ അവ ഉപയോഗിച്ചാണ് അവള്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതിയിരുന്നത്. എപ്പോഴും മുഖത്ത് ചിരിയാണ്. വഴക്കു പറഞ്ഞാലും അടിച്ചാലും ചിരി തന്നെ.
     
            അഞ്ചാം ക്ലാസിലേയും ആറാം ക്ലാസിലേയും ക്ളാസധ്യാപകര്‍ക്ക് അവളോട് വലിയ ഇഷ്ടമായതു കൊണ്ട് നാലു വര്‍ഷം കഴിഞ്ഞാണ് അവള്‍ എന്റെ ക്ലാസായ ഏഴില്‍ എത്തിയത്. രണ്ടു മൂന്നക്ഷരങ്ങള്‍ കൂടി അവള്‍ ഇടക്കാലത്തു നേടിയിരുന്നു. ഏഴാം ക്ലാസില്‍ അക്കാലത്ത് ഞാന്‍ ഇംഗ്ലീഷാണ് പഠിപ്പിച്ചിരുന്നത്. എന്നാല്‍ ഇടവേളകളിലും ഒഴിവു സമയങ്ങളിലും കഷ്ടപ്പെട്ട് നാലഞ്ച് മലയാള അക്ഷരങ്ങള്‍ കൂടി അവളെ പഠിപ്പിച്ചെടുത്തു. മലയാള ഭാഷയ്ക്ക് 51 അക്ഷരങ്ങള്‍ കണ്ടു പിടിച്ച മഹാപാപിയെ ഞങ്ങള്‍ രണ്ടു പേരും വെറുത്ത നിമിഷങ്ങളായിരുന്നു അവ.
           
            ആയിടയ്ക്കാണ് സ്കൂളില്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ എത്തിയത്. രംഗ പൂജയ്ക്ക് അകമ്പടിയായുള്ള ടാബ്ലോയില്‍ സരസ്വതി ദേവിയുടെ വേഷമെ‍ടുക്കാനുള്ള ആളെ തെരയുമ്പോള്‍ ഞാന്‍ സല്‍മയുടെ പേര്‍ നിര്‍ദ്ദേശിച്ചു. പലര്‍ക്കും അത് സമ്മതമായിരുന്നില്ല. സംവിധായകന്റെ നിര്‍ദ്ദേശങ്ങളൊന്നും അവള്‍ക്ക് മനസ്സിലാവില്ലെന്നും അനങ്ങാതെയിരിക്കാന്‍ അവള്‍ക്കാവില്ലെന്നും കൂടുതല്‍ പേര്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ ഒടുവില്‍ സല്‍മ തന്നെ സരസ്വതിയായി. പരിപാടി തുടങ്ങുന്നതിന്റെ തൊട്ടു മുമ്പ് ‍ഞാന്‍ വേദിയിലെത്തി. കടലാസു കൊണ്ടുണ്ടാക്കിയ വലിയൊരു താമരപ്പൂവില്‍ അര്‍ദ്ധ പത്മാസനത്തില്‍ ഇരിക്കുകയാണ് സല്‍മ. തൂവെള്ള സാരിയും ബ്ലൌസും. ശരിക്കുള്ളതും കൃത്രിമമായതുമായ നാലു കൈകള്‍. അവയില്‍ മാല,കിളി,ഗ്രന്ഥം മുതലായവ. സ്വതവേ മുഖത്തുള്ള പുഞ്ചിരി ഒന്നു കൂടി ശോഭനമായിരിക്കുന്നു. ഏകാഗ്രമെങ്കിലും മൃദുലമായ കടാക്ഷം മുന്നോട്ടു മാത്രം.
          
            ഞാന്‍ മനസ്സില്‍ പറഞ്ഞു. ഇതു സല്‍മയല്ല, സരസ്വതി തന്നെ. അവളുടെ നാവിലും കൈയിലും വിളങ്ങാന്‍ മടിച്ചിരുന്ന സരസ്വതി ഒന്നായിറങ്ങി വന്നു അവളില്‍ കുടിയിരിക്കുകയാണോ? പരിപാടി ഗംഭീരമായി അവസാനിച്ചു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം സ്ക്കൂള്‍ വര്‍ഷാന്ത പരീക്ഷ കഴിഞ്ഞ് അടച്ചു.. സല്‍മയെ ഞാന്‍ പാസാക്കി വിടുകയും ചെയ്തു.
            ഇതിലൊക്കെ എന്തിരിക്കുന്നു എന്നായിരിക്കും നിങ്ങള്‍ ഇപ്പോള്‍ കരുതുന്നത്. എന്നാല്‍ കഥയുടെ ക്ലൈമാക്സ് വരുന്നതേയുള്ളൂ. അതിന് ഈ ആമുഖം കൂടിയേ കഴിയൂ.
സല്‍മ സ്ക്കൂള്‍ വിട്ട് അഞ്ചെട്ടു വര്‍ഷം കഴിഞ്ഞാണ് ഞാന്‍ അവളെ വീണ്ടും കാണുന്നത്. പേരാമ്പ്ര ഹൈസ്ക്കൂള്‍ ഗ്രൌണ്ടില്‍ ജില്ലാ കായികമേളയില്‍ പങ്കെടുത്ത് തിരിച്ചു വരികയാണ്. ടൌണില്‍ നിന്നും പച്ചക്കറി, മീന്‍, ക്ലാസാവശ്യത്തിനുള്ള കുറച്ച് ചാര്‍ട്ട് പേപ്പറുകള്‍ എന്നിവയുമായി ഞാന്‍ ബസ്സില്‍ക്കയറി. ഗ്രൌണ്ടില്‍ നിന്നു വരുന്ന വേഷം. പാന്റ്സും ഫുള്‍ സ്ലീവ് ഷര്‍ട്ടും.തലയില്‍ വട്ടത്തിലുള്ള ക്രിക്കറ്റ് തൊപ്പി. കഴുത്തിലൂടെ ഞാന്നു കിടക്കുന്ന വിസില്‍ കോഡ് പോക്കറ്റിലവസാനിക്കുന്നു. മുഖത്ത് കറുത്ത കൂളിംഗ് ഗ്ലാസ്. ബസ്സിലാണെങ്കില്‍ വലിയ തിരക്ക്.
            അഞ്ചാംപീടിക ബസ്സിറങ്ങാന്‍ ഒരുങ്ങുമ്പോഴാണ് സ്റ്റോപ്പില്‍ സല്‍മയെക്കാണുന്നത്. കൂടെ കുഞ്ഞിനെയുമെടുത്ത് ഒരു ചെറുപ്പക്കാരനും. അവള്‍ ബസ്സില്‍ക്കയറുമ്പോള്‍ നേരിട്ട് കാണാമെന്നു കരുതി ഞാന്‍ മുന്‍ഭാഗത്തൂടെ ഇറങ്ങാന്‍ തീരുമാനിച്ചു. രണ്ടു കൈയിലും കാരി ബേഗുകള്‍. ഇടതു കക്ഷത്തില്‍ ചുരുട്ടിയ ചാര്‍ട്ട് പേപ്പര്‍. തിരക്കിലൂടെ നൂളിയിട്ടിറങ്ങുമ്പോള്‍ പച്ചക്കറി സഞ്ചി എവിടെയോ കുരുങ്ങി. ഇത്തിരി ശക്തിയോടെ അതു വലിച്ചെടുത്തപ്പോള്‍ അതു ചെന്നു കൊണ്ടതു ഒരുത്തിയുടെ മേലാണ്. തിരിഞ്ഞു നിന്ന് അവളോട് സോറി പറയാന്‍ നോക്കിയപ്പോള്‍ കക്ഷത്തിരിക്കുന്ന ചാര്‍ട്ടു പേപ്പര്‍ വേറൊരുത്തിയുടെദേഹത്തു ചെന്നു മുട്ടി. സോറി പറയാന്‍ മെനക്കെടാതെ ബസ്സില്‍ നിന്നും ചാടിയിറങ്ങി.

              ബസ്സില്‍ കയറാനുള്ള തിരക്കു കാരണം കു‍ഞ്ഞുമായി ഒരു വശത്തേക്കു മാറി നില്‍ക്കുകയാണവള്‍. പെട്ടെന്ന് എന്നെ കണ്ട അവള്‍ സന്തോഷസൂചകമായി "യ്യോ....."എന്ന് ശബ്ദമുണ്ടാക്കിക്കൊണ്ട് ബസ്സിന്റെ പിന്‍വാതിലേക്കു പാഞ്ഞു. ബസ്സിനകത്തേക്കു നോക്കി "ഏയ്, ഒന്നിറങ്ങി വാ... ഏയ്, ഒന്നിറങ്ങി വാ...."എന്നുറക്കെ വിളിച്ചപ്പോള്‍ ഞാനെന്തോ അരുതാത്തതു ചെയ്തിട്ടായിരിക്കും എന്നു കരുതി കിളി വിളിച്ചു ചോദിച്ചു.
   "എന്താ പ്രശ്നം,എന്താ പ്രശ്നം"
 ബസ്സിന്റെ സൈഡ് സീറ്റിലിരിക്കുന്നവരെല്ലാം തല വെളിയിലേക്കിട്ട് എന്നെ നോക്കുന്നു.

"എന്തു പ്രശ്നം..നല്ല അടി കിട്ടാത്തതിന്റെ പ്രശ്നമാണ് "മുന്‍പിലുള്ള കാമിനിയാണ് കമന്റിന് തുടക്കമിട്ടത്.

"ഓരോ വേഷവും കെട്ടിയിറങ്ങിക്കോളും" കൂട്ടുകാരിയുടെ മറുമൊഴി.
ഇതിനിടയ്ക്ക് എന്താണ് സംഭവിച്ചതെന്നറിയാതെ അവളുടെ ഭര്‍ത്താവായ ആ ചെറുപ്പക്കാരന്‍ എന്റെ അടുത്തെത്തിക്കഴിഞ്ഞിരുന്നു.

"നോക്കീന്ന്, ഇതെന്റെ മാഷാ, മാഷോട് വര്‍ത്താനൊക്കെ പറഞ്ഞ് മ്പക്ക് അടുത്ത ബസ്സിനു പോകാട്ടോ.” ഇതു കേട്ട് എല്ലാവരുടേയും തല ഉള്ളിലേക്കു വലിഞ്ഞു. ബസ്സു പോയി
സല്‍മ നിര്‍ബ്ബന്ധിച്ച് എന്നെ ഹോട്ടലിലേക്കു കൊണ്ടു പോയി. ഞങ്ങള്‍ ചായകുടിച്ചു. അവള്‍ ഭര്‍ത്താവിനോട് അഭിമാനത്തോടെ പറഞ്ഞു.

"ഇമ്മാഷാണെന്നെ 'എയുതാന്‍ പടിപ്പിച്ചത്'. മാഷല്ലേ എന്നെ 'സീതേ'ന്റെ വേഷം കെട്ടിച്ചത്.

"സീത അല്ല സരസ്വതി "ഞാന്‍ തിരുത്തി.

"..അത് ന്നെ"
              ഞങ്ങള്‍ ഹോട്ടലില്‍ നിന്ന് പുറത്തേക്കിറങ്ങി. അവള്‍ പറഞ്ഞു. "ഇക്ക ഇന്നലെ ഗള്‍ഫില്‍ നിന്നും വന്നിട്ടേ ഉള്ളൂ. ഞങ്ങള്‍ മായീന്റെ വീട്ടില്‍ പോവുകയാണ്. മാഷ് ക്ക് ഒപ്പിടാനുള്ള ചോന്ന മഷീന്റെ പെന്ന് തരാ. വീട്ടിലു വര്വോ?”

 " ഉം വരാം"
            അവള്‍ കണവന്റെ പോക്കറ്റില്‍ കയ്യിട്ട് 555 സിഗരറ്റിന്റെ പാക്കും ലൈറ്ററുമെടുത്ത് എനിക്കു നീട്ടി. ഞാനിപ്പോള്‍ പുകവലിക്കാറില്ലെന്നു പറഞ്ഞപ്പോള്‍ "അത് സാരോല്ല്യ ഇതു നല്ലതാ മാഷ് വലിച്ചോളീന്‍" എന്നു പറഞ്ഞു. ഞങ്ങള്‍ തിരിച്ച് ബസ് സ്റ്റോപ്പിലേക്കു നടന്നു. കുഞ്ഞ് എന്റെ കയ്യിലായിരുന്നു. അവളെ തിരിച്ചു വാങ്ങുമ്പോള്‍ സല്‍മ വീണ്ടും പറഞ്ഞു.

"മാഷ് വീട്ടില് വരണേ"
          എനിക്കു സല്‍മയുടെ വീട്ടില്‍ പോകാന്‍ കഴിഞ്ഞില്ല. രണ്ടാഴ്ച കഴിഞ്ഞ് ഒരു ദിവസം ഞാന്‍ സ്ക്കൂള്‍ വിട്ട് പുറത്തു വരുമ്പോള്‍ ഗെയിറ്റില്‍ സല്‍മയും ഭര്‍ത്താവും കുഞ്ഞും ബൈക്കില്‍ കാത്തു നില്‍ക്കുന്നു. അവള്‍ ഒരു കെട്ട് ചുവപ്പു മഷിപ്പേന എന്റെ നേരെ നീട്ടിപ്പറഞ്ഞു.

"ന്നാലും മാഷ് ഞാളെ വീട്ടില്‍ വന്നിലാലൊ?”

Wednesday, May 19, 2010

സ്ക്കൂള്‍ ഡയറി


സ്ക്കൂള്‍ ഡയറി-1
ഒരു ദിവസം എന്റെ ശിഷ്യനായ ബാബു അവന്റെ മകന്റെ കൈയും പിടിച്ചു സ്ക്കൂള്‍ ഗേററും കടന്നു വരുന്നു. ഹെഡ് മാസ്റററെ ക്കണ്ടു എന്റെ അടുത്തെത്തി.
"മാഷേ, ബുദ്ധിമാന്ദ്യമുള്ള കുട്ടിയാണ്. ഇതുവരെ സ്പെഷല്‍ സ്ക്കൂളില്‍ ആയിരുന്നു. നാലാം ക്ളാസ് കഴി‍ഞ്ഞു. ഇവിടെ അഞ്ചില്‍ ചേര്‍ക്കാമെന്ന് ഹെഡ് മാസ്ററര്‍ സമ്മതിച്ചിട്ടുണ്ട്. മാഷൊന്ന് പ്രത്യേകം ശ്രദ്ധിക്കണം.”
"ഓ അതിനെന്താ, ഞാനിവിടില്ലേ.”
മററുള്ള അധ്യാപകരുടെ മുമ്പില്‍ ഒന്നു വലുതായതിന്റെ ഗമയും ഐ..ഡി ട്രെയിനിംഗില്‍ പങ്കെടുത്തതിന്റെ അഹങ്കാരവും എന്റെ മറുപടിയില്‍ ഉണ്ടായിരുന്നു.
"ഇവന്‍ പറ‍ഞ്ഞാല്‍ അനുസരിക്കുന്ന കാര്യമൊക്കെ കമ്മിയാണ്. ഇവനെ മററുള്ള മാഷമ്മാര്‍ അടിക്കരുതെന്നു പറയണം.”
ഞാന്‍ ബാബുവിന്റെ ഗുരുവായതു കൊണ്ടു മാത്രമല്ല, ഞാന്‍ ഇപ്പോള്‍ കുട്ടികളെ അടിക്കാറില്ലെന്നും അവനറിയാം.(ബാബുവിനു പണ്ട് നല്ലപോലെ കിട്ടിയിട്ടുണ്ട്)

ബാബുവിന്റെ മകന്‍ ജിഷ്ണു. പ്രയത്തേക്കാള്‍ വളര്‍ച്ചയുണ്ട്. അവന്‍ പല കുസൃതികളും വികൃതികളും ഒപ്പിയ്ക്കും. ക്ളാസില്‍ നിന്നെഴുന്നേററു നടക്കും. മററുള്ളവരുടെ സീററില്‍ ചെന്നിരിക്കും(അതിന് ആണ്‍ പെണ്‍ ഭേദമൊന്നു മില്ല) അലസമായി ചിരിക്കും. ചിലപ്പോള്‍ വലിയ ശബ്ദങ്ങള്‍ ഉണ്ടാക്കും. എന്നാലും എല്ലാം സഹിച്ചു ഞങ്ങള്‍ മാഷന്മാര്‍ അഡ്ജസ്ററ് ചെയ്യും.
കഥാപ്രസംഗക്കാരന്റെ ഭാഷയില്‍ വസന്തവും ഗ്രീഷ്മവും മാറി മാറി വന്നു. കഥാനായകന്‍ ഇപ്പോള്‍ ഏഴിലാണ്. എന്റെ ക്ളാസില്‍. ശരീരം ഒന്നു കൂടി ബലവത്തായിട്ടുണ്ട്. വികൃതികളൊക്കെ അല്പം കുറ‍ഞ്ഞിട്ടുണ്ട്. ശാന്തമായിപ്പറഞ്ഞാല്‍ അനുസരിക്കലുമുണ്ട്. എന്നെ പൊതുവെ ഇഷ്ടവുമാണ്.
ഒരു ദിവസം ഞാന്‍ ഉച്ചയ്ക്ക് ശേഷം ക്ളാസില്‍ ഹാജര്‍ എടുക്കുവാന്‍ പോവുകയാണ്. ക്ളാസില്‍ ആകെ ബഹളം. കുട്ടികള്‍ കൂട്ടം കൂടി നില്‍ക്കുകയാണ്. ഞാന്‍ ക്ളാസിലെത്തിയപ്പോള്‍ കുട്ടികള്‍ സീററിലേക്കു പാഞ്ഞു. ജിഷ്ണു ഒരു പെണ്‍കുട്ടിയെ പുറകില്‍ നിന്നു ധൃതരാഷ്ട്രാലിംഗനം ചെയ്തു നില്ക്കുകയാണ്. അവള്‍ കരയുന്നുണ്ട്. പക്ഷെ അവന്റെ കൈക്കരുത്തിനു മുമ്പില്‍ അവള്‍ക്കു ശ്വാസം കഴിക്കാന്‍ പോലും പററുന്നില്ല. ക്ളാസിലെ മുതിര്‍ന്ന കുട്ടികളില്‍ ഒരാളായ അവളുടെ മാറിടം അവന്റെ കരവലയത്തിലമരുന്ന കാഴ്ച കണ്ട്
എനിക്കു സഹിച്ചില്ല. എങ്കിലും സംയമനം പാലിച്ചു കൊണ്ട് ഞാന്‍ അല്പം ഉറക്കെ പറഞ്ഞു.
"വിടെടാ..... “
അവന്‍ ഉടന്‍ പിടിവിട്ട് അവന്റെ സീററിലേക്കു പോയി.
ഞാന്‍ കൂടുതലെന്തെങ്കിലും പറയുന്നതിനു മുമ്പേ അവള്‍ അവനെ നോക്കി കൊഞ്ഞനം കാണിച്ചു. ജിഷ്ണു ക്രുദ്ധനായി അവളുടെ അരികിലേക്കു പാഞ്ഞു. എന്റെ സകല നിയന്ത്രണവും പോയി. ഞാന്‍ ഓടിച്ചെന്നു അവനെ പിടിച്ചു മാററി. അവന്റെ സീററ് ചൂണ്ടിക്കാണിച്ചു കൊണ്ടലറി.
"അവിടെ പോയിരിക്കെടാ"
ജിഷ്ണു സീററിനടുത്തേക്കു പതുക്കെ നടന്നു. പാതി വഴിയെത്തിയപ്പോള്‍ തിരിഞ്ഞു നിന്ന് എന്നെ രൂക്ഷമായി ഒന്നു നോക്കി. അവന്റെ കണ്ണുകളില്‍ തീ പാറുന്നുണ്ടായിരുന്നു. എന്റെ സീററായ സ്ററൂള്‍ ചൂണ്ടിക്കാണിച്ച് എന്നോട് അലറി.
"അവിടെപ്പോയിരിക്കെടാ"
കുട്ടികളെല്ലാവരും ഒന്നിച്ചു പൊട്ടിച്ചിരിച്ചു. കരഞ്ഞു കൊണ്ടിരുന്ന പെണ്‍കുട്ടിയും ചിരിച്ചു.
താന്‍ എന്തോ തമാശയാണ് പറഞ്ഞതെന്ന് വിചാരിച്ചു ജിഷ്ണുവും ചിരിച്ചപ്പോള്‍ എനിക്കും ചിരിക്കാതെ നിവൃത്തിയില്ലാതായി. അത് ഒരു ഇളിഞ്ഞ ചിരിയാണെങ്കിലും

Tuesday, May 11, 2010

നര്‍മ്മം



നര്‍മ്മ ഭാവന
പാരാഡോക്സ്
**************
ഗുരുവും ശിഷ്യനും കൂടി 
കേസു കൊണ്ടു കളിച്ചു പോല്‍ 
ഇതിലാരു ജയം നേടീ 
ഇഴ കീറിശ്ശോധിച്ചിടാം 

ഗുരുവാണേല്‍ സാധുപ്രകൃതന്‍
ശുദ്ധാത്മാവതിലോലമാം- 
വചനങ്ങള്‍ നടത്തുവോന്‍ 
നരച്ച ചിന്ത പേറുവോന്‍

ശിഷ്യനൊപ്പമുള്ളോര്‍ക്കെന്നാല്‍ 
നുണയന്‍ ലക്കു കെട്ടവന്‍ 
ഗുരു നിന്ദ സദാ ഹൃത്തില്‍ 
പതിവായ്ക്കൊണ്ടു പോണവന്‍ 

ഗുരുവിന്നു ഫീസും വേണം 
ബത്ത,യത്ര സറണ്ടറും 
ശിഷ്യന്‍ നേരിട്ടു കൈനീട്ടി 
വാങ്ങില്ലൊന്നു മൊരിക്കലും! 

ഇതിലാരു ജയം നേടീ 
എന്നു ചിന്തിച്ചു നില്ക്കണോ 
ജയമിക്കലികാലത്തില്‍ 
ശിഷ്യനല്ലേ വിധിച്ചിടൂ!! 

ഇത്രയൊക്കെപ്പറഞ്ഞപ്പോള്‍ 
എന്തു താങ്കള്‍ക്കറിഞ്ഞിടാന്‍ 
'ഡോക്സ'തില്‍ 'പാര'യേറുമ്പോള്‍ 
'പാരാഡോക്സാ'യിടുന്നെടോ!?




Tuesday, April 6, 2010

With Mr.Mullappally


യാത്രയയപ്പ് യോഗത്തില്‍ എം.എല്‍.എ.പ്രസംഗിക്കുന്നു.കേന്ദ്രമന്ത്രി മുല്ലപ്പള്ളി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഗീതാദേവി, ബ്ളോക്ക് പഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ.കെ.നാരായണന്‍ എന്നിവരുടെ കൂടെ

Saturday, April 3, 2010

ലൈഫ് ഡയറി -2 തണ്ണിമത്തനും സിഗാര്‍ലൈറ്ററും

         അരിയിലെഴുത്ത് കാരണം കാരണം നവരാത്രി ഒഴിവിന് അമ്മയുടെ വീട്ടില്‍ പോയിരുന്നില്ല. ക്രിസ്മസ് അവധിക്കാലത്ത് സ്ക്കൂള്‍ പൂട്ടിയതിന്റെ പിറ്റെദിവസം തന്നെ ഞാനും അമ്മയും ഞങ്ങളുടെ പൊളയങ്ങാട്ട് വീട്ടിലേക്കു യാത്ര തിരിച്ചു.

           ചാമക്കണ്ടി വീട്ടില്‍ നിന്ന് 13 കിലോമീറ്ററോളം വരും മൂടാടി പഞ്ചായത്തിലെ ആ വീട്ടിലെത്താന്‍. ഇത്രയും ദൂരം നടക്കുക തന്നെ വേണം. നടക്കാന്‍ ഇത്തിരി മടിയൊക്കെയുണ്ടെങ്കിലും അവിടെ സ്വാതന്ത്ര്യത്തോടെ കുറച്ചു ദിവസം കളിച്ചുനടക്കാമെന്നുള്ളതുകൊണ്ട് അങ്ങോട്ടേക്കുള്ള യാത്ര എനിക്കിഷ്ടമായിരുന്നു. പരമാവധി കുറുക്കുവഴികള്‍ തെരഞ്ഞെടുത്താണ് പോവുക. ഞാനങ്ങോട്ട് ആദ്യമായി നടന്നു പോവുകയുമാണ്. ഇതിനു മുമ്പ് ഒന്നൊന്നരക്കൊല്ലം മുമ്പ് എന്നെ എടുത്ത് കൊണ്ടുപോയതാണത്രെ. ഞാന്‍ അത്രയും ദൂരം നടക്കുകയില്ലെന്നും അതിനാല്‍ എന്നെക്കൂട്ടാതെ പോയാല്‍ മതിയെന്നും. അച്ഛന്‍ പറഞ്ഞിരുന്നതാണ്. പക്ഷെ എന്തു വന്നാലും ഞാന്‍ നടന്നു കൊള്ളാമെന്ന് വാക്ക കൊടുത്തതിനാല്‍ അമ്മ എതിരൊന്നും പറഞ്ഞില്ല. (വാക്കു പറഞ്ഞാല്‍ വാക്കാണ്, അന്നും ഇന്നും!)

         ഒരു കിലോമീറ്ററോളം കഴിഞ്ഞാല്‍ കരിങ്കലാട്ട് പാറക്കുന്ന് കയറിയിറങ്ങണം. ഭീമാകാരനായ ആ പാറക്കുന്നിന്റെ പള്ളയുടെ ഓരം ചേര്‍ന്ന്, ഇടതൂര്‍ന്ന് വളര്‍ന്ന കമ്മ്യൂണിസ്റ്റ് പച്ചയുടേയും പുല്‍ത്തൈലപ്പുല്ലിന്റേയും ഇടയിലൂടെ കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെയുള്ള കന്നിയാത്ര അത്ര സുഖകരമൊന്നുമായിരുന്നില്ല. മലയിറങ്ങി ഒരു ചെമ്മണ്‍റോഡിലൂടെ അല്പം നടന്നപ്പോള്‍ നെല്ല്യാടിപ്പുഴയുടെ കടവിലെത്തി. വലിയ ആവേശത്തോടെയാണ് ഞാന്‍ തോണിയില്‍ക്കയറിയത്. ഉള്ളില്‍ വലിയ ഒഴുക്ക് ഒളിപ്പിച്ചു വെച്ച് കുഞ്ഞോളങ്ങളുടെ സൌമ്യഭാവം കാട്ടി കപടഹൃത്തുകളായ മനുഷ്യരെപ്പോലെ പുഴ ലോഗ്യം പറഞ്ഞു. നല്ല വീതിയുണ്ട് പുഴയ്ക്ക്. മധ്യഭാഗത്തെത്തുന്തോറും എനിക്ക് പേടിയായി. കരച്ചിലിന്റെ വക്കത്തെത്തിയപ്പോള്‍ ഒരാള്‍ എന്നെ മടിയിലിരുത്തി ചേര്‍ത്തു പിടിച്ചു. കണ്ണടച്ചു കാത്തിരുന്ന ഞാന്‍ മറുകരയില്‍ ആളിറങ്ങുന്ന ശബ്ദം കേട്ടതിനു ശേഷമേ കണ്ണു തുറന്നുള്ളൂ! ഇവനൊരു 'പേടിക്കൊടലന്‍'  ആണല്ലോ എന്നയാള്‍ ഇറങ്ങുമ്പോള്‍ പരിഹസിക്കുകയും ചെയ്തു.

             വീണ്ടും നടത്തം തന്നെ. ശക്തന്‍കുളങ്ങര അമ്പലത്തിന്റെ അരികിലൂടെ വയല്‍ വരമ്പുകളും ഇടവഴികളും പിന്നിട്ട് റെയില്‍പ്പാളത്തിന്നരികിലെത്തി വടക്കോട്ട് യാത്ര തുടര്‍ന്നു. ഒരു തീവണ്ടി കരിപ്പുക തുപ്പി ഇരച്ചിരമ്പി ഞങ്ങളുടെ അരികിലൂടെ കടന്നുപോയി. വാതില്‍ക്കല്‍ നിന്നിരുന്ന ചില ചെറുപ്പക്കാര്‍ കൈവീശിക്കാണിച്ചപ്പോള്‍ ഞാനും തിരിച്ചു കൈവീശി. തെല്ലിട നിന്ന് അമ്മയുടെ വിരലില്‍ തെരുപ്പിടിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു
"അമ്മേ, നമുക്കും വണ്ടിയില്‍പ്പോകാം. എനിക്കിനി നടക്കാന്‍ വയ്യ."
"ഈ വണ്ടികളൊക്കെ കോഴിക്കോട് വിട്ടാല്‍ വടകര മാത്രമേ നില്ക്കൂ. നിര്‍ത്താതെ നമുക്കതില്‍ കയറാന്‍ പറ്റില്ലല്ലോ?" അമ്മയുടെ മറുപടി
"അതെന്താ ഇവിടെ നിര്‍ത്തിയാല്‍? "എനിക്കു സംശയം തീരുന്നില്ല.
            അതിനു മറുപടിയൊന്നും പറയാതെ അമ്മ മുന്നോട്ടു നടന്നു.പുറകെ ഞാനും. വെള്ളറക്കാട്ടെത്തിയപ്പോള്‍ റെയില്‍ വിട്ട് കിഴക്കോട്ടായി യാത്ര. ഇടയ്ക്ക് അമ്മയുടെ കൂടെ ടി. ടി. സിയ്ക്കു് പഠിച്ച ചിരുതക്കുട്ടി ടീച്ചറുടെ വീട്ടില്‍ കയറി. കൈനിറയെ ഉണ്ണിയപ്പവും കുടിക്കാന്‍ മോരിന്‍ വെള്ളവും. ക്ഷീണമെല്ലാം പമ്പ കടന്നു. ഉത്സാഹത്തോടെ പൊറാല മലയുടെ താഴ്വാരത്തു കൂടി നടക്കുമ്പോള്‍ എന്തു രസമായിരുന്നു. ശവോക്കു മരങ്ങള്‍ കുട്ടികള്‍ അസംബ്ളിയിലെന്നപോലെ വരിവരിയായി നിരന്നു നില്‍ക്കുന്നു. പക്ഷെ കഴിഞ്ഞ വര്‍ഷം ഒരത്യാവശ്യത്തിന് അതുവഴി പോയപ്പോള്‍  മരങ്ങളെല്ലാം പോയി വലിയ ചെങ്കല്‍ക്വാറിക്കുഴികളായി  പൊറാലമല മാറിയതു കണ്ടപ്പോള്‍ വളരെയേറെ ദു:ഖം തോന്നി. മലയിറങ്ങി പൂഴിമണ്ണ് നിറഞ്ഞ ഇടവഴികളിലൂടെ നടന്ന് ഞങ്ങള്‍   പൊളയങ്ങാട്ട് എത്തിയപ്പോള്‍ 11 മണി കഴിഞ്ഞിരുന്നു.
 ‌
          അമ്മയുടെ ഒരനുജത്തിയെക്കുറിച്ച് കഴിഞ്ഞ അധ്യായത്തില്‍ പറഞ്ഞിരുന്നുവല്ലോ. മറ്റൊരനുജത്തി കല്ല്യാണി ഇളയമ്മയും ഏക മകള്‍ ശാരദേടത്തിയുമാണവിടെ താമസം. പൊളയങ്ങാട്ട് പറമ്പിന്റെ മൂന്നിലൊരു ഭാഗം കാടായിരുന്നു. കാട് എന്ന് ലഘുവായി ചിന്തിക്കരുത്. വന്‍മരങ്ങളും വള്ളികളും പച്ചിലപ്പടര്‍പ്പുകളും ചേര്‍ന്ന് വലിയൊരു കാട്. എനിക്കതു കാണുമ്പോഴേ പേടിയാണ്. രാത്രി ഞാന്‍ ആ ഭാഗത്തേക്കു നോക്കാറുപോലുമില്ല. പകല്‍ ധാരാളം കീരികളും രാത്രി കുറക്കന്മാരും അതില്‍ നിന്നിറങ്ങി വരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ പറമ്പിന്റെ കിഴക്കു ഭാഗം വയലാണ്. എപ്പോഴും വെള്ളമുണ്ടാവുന്ന വയലുകള്‍. കടുങ്ങാലി, വരാല്‍ തുടങ്ങിയ മീനുകള്‍ അതിലൂടെ ധാരാളമായി നീന്തിക്കളിക്കുന്നത് കണ്ടത് എനിക്കിന്നും ഓര്‍മ്മയുണ്ട്.

           വൈകുന്നേരം 4 മണിക്ക് ഏതാണ്ട് ഇരുപത് വയസ്സു വരുന്ന ഒരു ചെറുപ്പക്കാരന്‍ വീട്ടിലേക്കു വന്നു. ഞാന്‍ ഉമ്മറപ്പടിയിലിരുന്ന് ഒരു തീപ്പെട്ടിഫോണ്‍ ഉണ്ടാക്കുന്ന തിരക്കിലാണ്. വന്നയാള്‍ അമ്മയെ അഭിവാദ്യം ചെയ്തതിനു ശേഷം കോലായില്‍ ഇട്ടു കൊടുത്ത പുല്‍പ്പായയില്‍ ഇരുന്നു. അമ്മയോട് പലവിധ സുഖാന്വേഷണങ്ങളും നടത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ അയാള്‍ മടിയില്‍ നിന്ന് ഒരു ബീഡിയെടുത്ത് ചുണ്ടില്‍ വെച്ച ശേഷം വെള്ളിപോലെ മിന്നുന്ന ഒരു സാധനമെടുത്ത് ഞെക്കി. ക്രക്ക് എന്ന ശബ്ദത്തോടെ അതിന്റെ മൂടി തുറന്നു. ഒരു കൊച്ചു തിരി തെളിഞ്ഞു നിന്നു കത്തുന്നു. അതില്‍ നിന്ന് ബീഡി തീപ്പിടിപ്പിച്ച ശേഷം അതു പഴയതു പോലെ അടച്ച് പുല്പായയില്‍ വെച്ചു. ആദ്യമായിട്ടാണ് അത്തരത്തിലുള്ള ഒരു തീയന്ത്രം ഞാന്‍ കാണുന്നത്. അതിലുള്ള തീ അണഞ്ഞുപോകാതെ അടച്ചുവെച്ചതാണെന്നാണ് ഞാന്‍ കരുതിയത്.

          ഉമ്മറപ്പടിയില്‍ നിന്ന് ഞാന്‍ പതുക്കെ കോലായിലേക്കിറങ്ങി. അമ്മയും അദ്ദേഹവും സംസാരത്തിന്റെ തിരക്കിലാണ്. അപരിചിതനായ ആളുടെ അടുത്തേക്ക് പോകാന്‍ ചെറിയൊരു പേടി. എന്നാല്‍ അതൊന്നെടുത്തു നോക്കണമെന്നുള്ള അദമ്യമായ ആഗ്രഹം മറുവശത്ത്. ഞാന്‍ പതുക്കെ , ഇരയ്ക്കു പിന്നാലെ പോവുന്ന പൂച്ചയെപ്പോലെ പതുങ്ങിപ്പതുങ്ങി അതിനടുത്തെത്തുമ്പോഴേക്കും അമ്മ ഇടപെട്ടു.
    "ഗോപാലക്കുറുപ്പേ, നിങ്ങള്‍ അതെടുത്തു മടിയില്‍ വെച്ചോ. അല്ലെങ്കില്‍ മോന്‍ അതിന്റെ പരിപ്പെടുക്കും."
      എനിക്കമ്മയോട് കലശലായ ദേഷ്യം തോന്നി. ഗോപാലക്കുറുപ്പ്  സിഗാര്‍ ലൈറ്റര്‍ കയ്യിലെടുത്ത് എന്റെ മുഖത്തു നോക്കി ഒന്നു ചിരിച്ചു.
"മോന് ഇതു വേണോ?"
"ഉം...."
         അദ്ദേഹം അതെന്റെ നേരെ നീട്ടി ഉള്ളം കയ്യില്‍ വെച്ചു തന്നു. ചെറിയൊരു ചൂട് അപ്പോഴും അതിനുണ്ടായിരുന്നു. തീ അതിനുള്ളില്‍ അടച്ചു വെച്ചതാണെന്ന ധാരണ ഒന്നു കൂടി ശക്തമായി. തിരിച്ചും മറിച്ചും നോക്കി പരമാവധി ശക്തി ഉപയോഗിച്ച് അതിന്റെ മുക്കിലും മൂലയിലും ഞെക്കി നോക്കി. അതു തുറക്കുന്നില്ല. ഗോപാലക്കുറുപ്പ് സംസാരത്തിന്ടയില്‍ എന്നെ ശ്രദ്ധിക്കുന്നുണ്ട്. ഞാന്‍ ഒളികണ്ണാല്‍ അദ്ദേഹത്തേയും.
    "എന്താടാ, അതു കത്തിക്കണോ?" ഗോപാലക്കുറുപ്പ് എന്നോടാരാഞ്ഞു. ഞാന്‍ തലയാട്ടി.
       "എന്നാല്‍ വാ, എന്റെ അടുത്ത് വന്നിരിക്ക് " ഞാന്‍ അദ്ദേഹത്തിന്റെ മടിയില്‍ കയറിയിരുന്നു. കുറുപ്പത് പല പ്രാവശ്യം അടയ്ക്കുകയും തുറക്കുകയും ചെയ്തു. തീ കത്തുന്നുമുണ്ട്. പക്ഷെ അടുത്ത തവണ  തുറന്നപ്പോള്‍ ഞാന്‍ ഒരു സൂത്രം ഒപ്പിച്ചു. അടയ്ക്കുന്നതിനു മുമ്പ് ഒരൊറ്റ ഊതിന് ഞാന്‍ അതു കെടുത്തി. എനി കത്തുന്നത് ഒന്ന് കാണണമല്ലോ? പക്ഷെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അടുത്ത തവണയും അതു കത്തി! ഞാന്‍ വിചാരിച്ചു, ഇയാളൊരു മാസ്മരിക പുരുഷന്‍ തന്നെ. ഞാന്‍ ഊതിക്കെടുത്തിയിട്ടും അദ്ദേഹമതു കത്തിച്ചുകളഞ്ഞല്ലോ! കുറെ നേരം അതുമായി കളിച്ചു. സത്യത്തില്‍ ആ ലൈറ്റര്‍ എനിക്ക വേണമെന്നുണ്ടായിരുന്നു. ഒടുവില്‍ മടി കൂടാതെ ഞാന്‍ ചോദിച്ചു.
"ഇത് ഇയ്ക്ക് തര്വോ?"
"എന്തിനാ..."
"അച്ഛന് കൊടുക്കാന്‍. അച്ഛന്‍ തീപ്പെട്ടി കൊണ്ടല്ലേ ചുരുട്ട് തീപ്പിടിപ്പിക്കുന്നത്."
"അത് നീ വീട്ടില്‍ പോവുന്ന അന്ന് തരാം. ഇപ്പോള്‍ നിനക്ക് വേറൊരു സാധനം തരാം."
"എന്താ?"
"വത്തക്ക, നിനക്കിഷ്ടമാണോ?"
        എനിക്കിഷ്ടമാണെന്ന് മാത്രമല്ല, വളരെ അപൂര്‍വമായെ അക്കാലത്ത് തണ്ണിമത്തന്‍ ഞാന്‍ കണ്ടിട്ടുള്ളൂ. നിടുമ്പോക്കുളങ്ങര പരദേവതാ ക്ഷേത്രത്തില്‍ ഉത്സവം കാണാന്‍ പോയപ്പോള്‍ ഒരു കഷണം അച്ഛന്‍ വാങ്ങിത്തന്നിട്ടുണ്ട്. പിന്നീട് കണ്ടിട്ടില്ല.
"എവിടെ വത്തക്ക?"  എനിക്ക് ആകാംക്ഷയായി
"എന്റെ കൂടെ വന്നാല്‍ തരാം " ഗോപാലക്കുറുപ്പ് കണ്‍കുളിര്‍ക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു. ഞാന്‍ കുറുപ്പിന്റെ കൂടെപ്പോവാന്‍ തയ്യാറായി. അനുവാദത്തിനു വേണ്ടി അമ്മയെ നോക്കി.
"കുറുപ്പേ, ഇവനാളൊരു പീക്കിരിയാ. ശ്രദ്ധിച്ചോളേണമേ " അമ്മ പറഞ്ഞു
അദ്ദേഹം എന്റെ കയ്യും പിടിച്ച് വയല്‍ ഭാഗത്തേക്കു നടന്നു. അധികം നടക്കേണ്ടി വന്നില്ല. ഞങ്ങളുടെ പറമ്പില്‍ത്തന്നെയാണ് ഗോപാലക്കുറുപ്പിന്റെ തണ്ണിമത്തന്‍ കൃഷി. മൂന്ന് കണ്ടത്തിലുണ്ട്. ചെറുതും വലുതുമായി നൂറിലധികം വരും കായ്കള്‍. എന്റെ കണ്ണ് വിടര്‍ന്നു.
"മോനേതാണ് വേണ്ടത്? ഇഷ്ടമുള്ളതൊന്നു നീ പറിച്ചോ." 
          ഞാന്‍ വരമ്പത്തു കൂടി ഒന്നുമറിയാത്തവനെപ്പോലെ നടന്നു. പക്ഷെ ആ നടത്തത്തിനിടയില്‍ ഏതാണ് ഏറ്റവും വലിയതെന്ന പര്യവേക്ഷണത്തിലായിരുന്നു ഞാന്‍. പതുക്കെ താഴെയിറങ്ങി മുഴുത്ത ഒരെണ്ണം (എന്റമ്മോ, 10 കിലോയെങ്കിലും വരുന്ന ഒരെണ്ണം!) തൊട്ടു കാണിച്ചു. കുറുപ്പ് എന്റെ അരികിലെത്തി പറഞ്ഞു.
"ഏതു പറിച്ചാലും എനിക്ക് പ്രശ്നമല്ല. പക്ഷെ ഒരു കാര്യം. നീ പറിക്കുന്ന വത്തക്ക നീ തന്നെ ഉമ്മറത്തെത്തിക്കണം."
"ശരി, എനിക്കിതു മതി"
കുറുപ്പ് മടിയില്‍ നിന്നും ഒരു ചെറിയ പേനാക്കത്തിയെടുത്ത് അതിന്റെ കണ്ണി അറുത്തു.
"എടുത്തോ."
ഞാന്‍ അത് എടുക്കാന്‍ ശ്രമിച്ചെങ്കിലും പൊങ്ങുന്നില്ല. അയാള്‍ എന്നെ നോക്കിയൊരു കള്ളച്ചിരി പാസാക്കുന്നുണ്ട്. ഇത് ഉമ്മറത്തെത്തിച്ചില്ലെങ്കില്‍ എനിക്ക് കിട്ടില്ലല്ലോ? പെട്ടെന്ന് എനിക്കൊരു ബുദ്ധി തോന്നി. നല്ല ഗോളാകൃതിയുള്ള മത്തനാണ്. ഒന്ന് ഉരുട്ടി നോക്കാം. അല്പം ശക്തി പ്രയോഗിച്ചപ്പോള്‍ അത് ഉരുളാന്‍ തുടങ്ങി. രണ്ടു മീറ്ററെങ്കിലും ഞാന്‍ ഉരുട്ടിയിരിക്കും. കുറുപ്പ് പറഞ്ഞു.
"അമ്പട കള്ളാ, നീ ആളൊരു പീക്കിരി തന്നെ! ഞാനെടുത്തു കൊണ്ടുവരാം, നീ നടന്നോ"
         ഞാന്‍ മുമ്പില്‍ പോയാല്‍ ഇയാള്‍ ഇതുംകൊണ്ട് ഇതുവഴി പോയ്ക്കളഞ്ഞാലോ.........
"ഇങ്ങള് മുമ്പില് നടക്കീന്‍. ഇനിക്ക് കോലായിലേക്കുളള വഴി അറിഞ്ഞൂടാലോ...."
         കുറുപ്പ് വത്തക്കയുമായി മുമ്പിലും കോണകവാലാട്ടിക്കൊണ്ട് പുറകെ ഞാനും.  വത്തക്ക വരാന്തയില്‍ വെച്ച് കുറുപ്പ് അമ്മയോട് പറഞ്ഞു
"ടീച്ചറേ, ഒരു വലിയ കത്തി എടുത്തോ, നമുക്കിതു മുറിക്കാലോ"
"കത്തിയൊന്നും വേണ്ട. ഞാനിതൊറ്റയ്ക്കു തിന്നും."
       എന്റെ മറുപടി കേട്ട് എല്ലാവരും ചിരിച്ചു. നാളെ വരാമെന്നും പറഞ്ഞ് ഗോപാലക്കുറുപ്പ് മുറ്റത്തേക്കിറങ്ങി. തണ്ണിമത്തനും കെട്ടിപ്പിടിച്ച് വരാന്തയിലിരിക്കുന്ന എന്റ നോട്ടം അപ്പോഴും പോനാക്കത്തിയും സിഗാര്‍ലൈറ്ററും ഒളിപ്പിച്ച ആ മടിയിലേക്കായിരുന്നു!