പോസ്റ്റുകള്‍

Wednesday, September 4, 2013

 



കൊച്ചി: സ്‌കൂളില്‍ പഠിക്കുമ്പോള്‍ കണക്കു പിഴക്കാത്തവര്‍ കുറവായിരിക്കും. മറ്റു വിഷയങ്ങളില്‍ എത്ര തിളങ്ങിയാലും പലര്‍ക്കും കണക്കൊരു ബാലികേറാമലയായിരുന്നു. പക്ഷേ കാര്യങ്ങള്‍ മാറുകയാണ്. സ്‌കൂളിലെ കണക്ക് പഴയ കണക്കല്ല ഇപ്പോള്‍. പിള്ളേരുടെ 'ഗണിതശകുനം' മാറ്റാന്‍ എറണാകുളത്തെ രണ്ട് കണക്ക് അധ്യാപകര്‍ തുടക്കം കുറിച്ച ബ്ലോഗിലൂടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും അധ്യാപകര്‍ക്കിടയിലും നിശബ്ദ വിപ്ലവം നടത്തുകയാണ് മാത്‌സ് ബ്ലോഗ് എന്ന സംരംഭം.

കണക്ക് പിഴക്കാതെ കോടി ഹിറ്റുമായി മുന്നേറുന്ന മാത്‌സ് ബ്ലോഗ് രൂപീകരിച്ചിട്ട് ഇന്നേക്ക് 1676 ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളു.ബ്ലോഗിന് ഇന്നലെ വരെ ലഭിച്ച ഹിറ്റുകളുടെ എണ്ണം 2.18 കോടി കവിഞ്ഞു.

ശരാശരി അരലക്ഷത്തിലേറെ സന്ദര്‍ശനങ്ങള്‍ ലഭിക്കുന്ന മലയാള ബ്ലോഗുകളിലൊന്നാണിത്. ഗണിത പാഠങ്ങള്‍, പസിലുകള്‍, പരീക്ഷകളുടെ ഉത്തരസൂചികകള്‍, ടീച്ചിംങ് നോട്ടുകള്‍, വര്‍ക്ക് ഷീറ്റുകള്‍, പ്രസന്റേഷനുകള്‍ തുടങ്ങിയവയാണ് ബ്ലോഗിലൂടെ ലഭ്യമാക്കുന്നത്. ഗണിത രംഗത്തെ പുത്തന്‍ പ്രവണതകളെപ്പറ്റി കുട്ടികളെ അറിയിക്കുകയും അവരില്‍ പ്രചോദനമുണ്ടാക്കുകയുമാണ് ലക്ഷ്യം.

2009 ജനുവരി 31നാണ് കണക്കിലെ കാര്യങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യുന്നതിനായി എറണാകുളം എടവനക്കാട് എസ്.ഡി.പി.വൈ.കെ.പി.എം.എച്ച്.എസിലെ അധ്യാപകനായ കെ.ജി ഹരികുമാറും എടവനക്കാട് ഹിദായത്തുല്‍ ഇസ്‌ലാം എച്ച്.എസ്.എസിലെ അധ്യാപകനായ വി.കെ നിസാറും ചേര്‍ന്ന് മാത്‌സ് ബ്ലോഗ് രൂപീകരിക്കുന്നത്.

ഐ.ടി അറ്റ് സ്‌കൂള്‍ പദ്ധതിയാണ് ബ്ലോഗ് തുടങ്ങാന്‍ ഇരുവര്‍ക്കും പ്രേരകമായത്. സംസ്ഥാനത്തെ ഭൂരിഭാഗം ഹൈസ്‌കൂളുകളിലും നാലു ജി.ബി. ബ്രോഡ്ബാന്റ് കണക്ഷനുകള്‍ വേണ്ടത്ര ഉപയോഗിക്കാതെ നിര്‍ജ്ജീവമായി കിടക്കുന്ന സമയമായിരുന്നു അത്. ഈ അവസ്ഥക്കൊരു മാറ്റം വേണമെന്ന ചിന്തയും മാത്‌സ് ബ്ലോഗെന്ന 'കണക്ക് വിപ്ലവത്തിന്റെ' പിറവിക്ക് കാരണമായി.

എറണാകുളത്തെ ഐടി കോര്‍ഡിനേറ്ററായിരുന്ന ജോസഫ് ആന്റണിയും മാസ്റ്റര്‍ െ്രെടനര്‍ ജയദേവനുമാണ് ഇരുവരെയും ഈ ആശയത്തിലേക്ക് നയിച്ചത്. ഐടി സ്‌കൂള്‍ എക്‌സി.ഡയറക്ടറായിരുന്ന അന്‍വര്‍ സാദത്തും സംരംഭത്തിന് കരുത്ത് പകര്‍ന്നു. വെറും മൂന്ന് മണിക്കൂര്‍ കൊണ്ടാണ് ബ്ലോഗിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്.

പ്രവര്‍ത്തനം തുടങ്ങി മാസങ്ങള്‍ക്കകം തന്നെ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മികച്ച പിന്തുണയാണ് ബ്ലോഗിന് ലഭിച്ചത്. വിവിധ വിഷയങ്ങള്‍ വിദ്യാര്‍ഥികളിലേക്ക് എത്തിക്കാന്‍ സഹായകമായ വര്‍ക്ക് ഷീറ്റുകളും പഠനസഹായികളും നല്‍കിയത് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍ ബ്ലോഗിനെ ഒരു പോലെ പ്രിയങ്കരമാക്കി. പഠനസഹായികള്‍ സൗജന്യമായി ലഭിക്കുമെന്നതും എന്തു സംശയവും അധ്യാപകരുമായി എപ്പോള്‍ വേണമെങ്കിലും ചര്‍ച്ച ചെയ്യാം എന്നതും മാത്‌സ് ബ്ലോഗിനെ വിദ്യാര്‍ഥികളുടെ പ്രിയ ബ്ലോഗാക്കി മാറ്റുകയും ചെയ്തു.

ഇത് കണക്കിനു പുറത്തുള്ള വിഷയങ്ങളും ബ്ലോഗില്‍ ചര്‍ച്ച ചെയ്യണമെന്ന് തോന്നല്‍ ഇരുവര്‍ക്കിടയിലുമുണ്ടാക്കി. അങ്ങനെ പഠന സംബന്ധിയായ മറ്റു വിഷയങ്ങളും ബ്ലോഗില്‍ ചര്‍ച്ച ചെയ്തു തുടങ്ങി. വിദ്യാഭ്യാസ സംബന്ധിയായ ഏതൊരുവിഷയത്തിന്റെയും ചര്‍ച്ചാ വേദിയാണ് ഇന്ന് മാത്‌സ് ബ്ലോഗ്.

കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷക്കാലത്ത് എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠനസഹായികള്‍ അധ്യാപകര്‍ തന്നെ തയാറാക്കി ബ്‌ളോഗ് വഴി ലഭ്യമാക്കിയിരുന്നു.ഈ സമയത്ത് ബ്ലോഗിലെ സന്ദര്‍ശനങ്ങളുടെ ശരാശരി എണ്ണം പത്തു ലക്ഷത്തിനും മുകളിലായിരുന്നു. സര്‍ക്കാര്‍ ഉത്തരവുകളും സര്‍ക്കുലറുകളും പ്രസിദ്ധീകരിക്കുകയും, അധ്യാപകരുടെ ശമ്പളവും മറ്റ് സര്‍വീസ് കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിനു പുറമേ വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട സര്‍ക്കുലറുകളും നിര്‍ദേശങ്ങളും, അധ്യാപകരും വിദ്യാര്‍ഥികളും കാലികമായി നേരിടുന്ന പ്രതിസന്ധികള്‍ക്കുള്ള പരിഹാര നിര്‍ദ്ദേശവും ഇപ്പോള്‍ ബ്ലോഗില്‍ ലഭ്യമാണ്.

പരീക്ഷാ ഫലങ്ങള്‍, സര്‍ക്കാര്‍ വെബ്‌സൈറ്റിലേക്കുള്ള ലിങ്കുകള്‍, ടാക്‌സ് കാല്‍ക്കുലേറ്റര്‍, സ്‌കൂള്‍ ഉച്ചഭക്ഷണ സംബന്ധമായ കാര്യങ്ങള്‍, ശാസ്ത്ര വിഷയങ്ങളിലുള്ള പുരോഗമനപരമായ ചര്‍ച്ചകള്‍, മാതൃകാ ചോദ്യപേപ്പറുകള്‍, സോഫ്റ്റ്‌വെയര്‍ ചര്‍ച്ചകള്‍, മികവുകള്‍ പരിചയപ്പെടുത്തല്‍, കലാരചനകള്‍ പങ്കുവെക്കല്‍, ആനുകാലിക വാര്‍ത്താധിഷ്ഠിത ചര്‍ച്ചകള്‍, പുസ്തകങ്ങളെ പരിചയപ്പെടുത്തല്‍ എന്നിവയും ബ്ലോഗില്‍ കാണാം. കൂടാതെ അധ്യാപനമേഖലയില്‍ നടപ്പില്‍ വരുന്ന പുതിയ പരിഷ്‌കാരങ്ങളേയും മറ്റുമുള്ള ഗൗരവമാര്‍ന്ന ചര്‍ച്ചകകള്‍ക്കുള്ള വേദി കൂടിയാണിത്.

ദിവസവും അപ്‌ഡേറ്റ് ചെയ്യുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. രണ്ടു പേര്‍ തുടങ്ങിയ ഈ സംരംഭം ഇന്ന് ലക്ഷം അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും കൂടി കൂട്ടായ്മയാണ്. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള അധ്യാപകരായ പി.എ ജോണ്‍, എന്‍.എം വിജയന്‍, മുരളീകൃഷ്ണന്‍, മുരളീധരന്‍, എസ്.ലളിത, വി.എസ് സത്യഭാമ, ഷെമി എ, ശങ്കരന്‍ കേളോത്ത്, രാമനുണ്ണി, എം.എ രവി, നിഥിന്‍ ജോസ്, സി.എം ജനാര്‍ദ്ദനന്‍ എന്നിവരും ഇപ്പോള്‍ ബ്ലോഗിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാത്‌സ് ബ്ലോഗ് സന്ദര്‍ശിക്കാന്‍: ംംം.ാമവേയെഹീഴ.ശി


ചന്രിക  ദിനപ്പത്രം  04-09+2013