പോസ്റ്റുകള്‍

Thursday, May 27, 2010

സല്‍മയും സരസ്വതിയും - സ്ക്കൂള്‍ ഡയറി - 2


           സല്‍മയും സരസ്വതിയും
        സല്‍മ അഞ്ചാം ക്ലാസിലാണ് ഞങ്ങളുടെ സ്ക്കൂളില്‍ ചേര്‍ന്നത്. വെളുത്ത് കൊലുന്നനെയുള്ള ഒരു കൊച്ചു പെണ്‍കുട്ടി. ഞാനവള്‍ക്ക് സയന്‍സ് ആണ് എടുത്തിരുന്നത്. അവള്‍ക്ക് അക്ഷരമൊന്നുമറിയില്ലെന്ന് എനിക്കു മനസ്സിലായി. അക്ഷരം അറിയില്ലെന്നു പറഞ്ഞാല്‍ പൂര്‍ണ്ണമായി ശരിയല്ല. ,,ന ഈ മൂന്നക്ഷരങ്ങള്‍ അവള്‍ക്കറിയാമെന്നു മാത്രമല്ലാ അവ ഉപയോഗിച്ചാണ് അവള്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതിയിരുന്നത്. എപ്പോഴും മുഖത്ത് ചിരിയാണ്. വഴക്കു പറഞ്ഞാലും അടിച്ചാലും ചിരി തന്നെ.
     
            അഞ്ചാം ക്ലാസിലേയും ആറാം ക്ലാസിലേയും ക്ളാസധ്യാപകര്‍ക്ക് അവളോട് വലിയ ഇഷ്ടമായതു കൊണ്ട് നാലു വര്‍ഷം കഴിഞ്ഞാണ് അവള്‍ എന്റെ ക്ലാസായ ഏഴില്‍ എത്തിയത്. രണ്ടു മൂന്നക്ഷരങ്ങള്‍ കൂടി അവള്‍ ഇടക്കാലത്തു നേടിയിരുന്നു. ഏഴാം ക്ലാസില്‍ അക്കാലത്ത് ഞാന്‍ ഇംഗ്ലീഷാണ് പഠിപ്പിച്ചിരുന്നത്. എന്നാല്‍ ഇടവേളകളിലും ഒഴിവു സമയങ്ങളിലും കഷ്ടപ്പെട്ട് നാലഞ്ച് മലയാള അക്ഷരങ്ങള്‍ കൂടി അവളെ പഠിപ്പിച്ചെടുത്തു. മലയാള ഭാഷയ്ക്ക് 51 അക്ഷരങ്ങള്‍ കണ്ടു പിടിച്ച മഹാപാപിയെ ഞങ്ങള്‍ രണ്ടു പേരും വെറുത്ത നിമിഷങ്ങളായിരുന്നു അവ.
           
            ആയിടയ്ക്കാണ് സ്കൂളില്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ എത്തിയത്. രംഗ പൂജയ്ക്ക് അകമ്പടിയായുള്ള ടാബ്ലോയില്‍ സരസ്വതി ദേവിയുടെ വേഷമെ‍ടുക്കാനുള്ള ആളെ തെരയുമ്പോള്‍ ഞാന്‍ സല്‍മയുടെ പേര്‍ നിര്‍ദ്ദേശിച്ചു. പലര്‍ക്കും അത് സമ്മതമായിരുന്നില്ല. സംവിധായകന്റെ നിര്‍ദ്ദേശങ്ങളൊന്നും അവള്‍ക്ക് മനസ്സിലാവില്ലെന്നും അനങ്ങാതെയിരിക്കാന്‍ അവള്‍ക്കാവില്ലെന്നും കൂടുതല്‍ പേര്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ ഒടുവില്‍ സല്‍മ തന്നെ സരസ്വതിയായി. പരിപാടി തുടങ്ങുന്നതിന്റെ തൊട്ടു മുമ്പ് ‍ഞാന്‍ വേദിയിലെത്തി. കടലാസു കൊണ്ടുണ്ടാക്കിയ വലിയൊരു താമരപ്പൂവില്‍ അര്‍ദ്ധ പത്മാസനത്തില്‍ ഇരിക്കുകയാണ് സല്‍മ. തൂവെള്ള സാരിയും ബ്ലൌസും. ശരിക്കുള്ളതും കൃത്രിമമായതുമായ നാലു കൈകള്‍. അവയില്‍ മാല,കിളി,ഗ്രന്ഥം മുതലായവ. സ്വതവേ മുഖത്തുള്ള പുഞ്ചിരി ഒന്നു കൂടി ശോഭനമായിരിക്കുന്നു. ഏകാഗ്രമെങ്കിലും മൃദുലമായ കടാക്ഷം മുന്നോട്ടു മാത്രം.
          
            ഞാന്‍ മനസ്സില്‍ പറഞ്ഞു. ഇതു സല്‍മയല്ല, സരസ്വതി തന്നെ. അവളുടെ നാവിലും കൈയിലും വിളങ്ങാന്‍ മടിച്ചിരുന്ന സരസ്വതി ഒന്നായിറങ്ങി വന്നു അവളില്‍ കുടിയിരിക്കുകയാണോ? പരിപാടി ഗംഭീരമായി അവസാനിച്ചു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം സ്ക്കൂള്‍ വര്‍ഷാന്ത പരീക്ഷ കഴിഞ്ഞ് അടച്ചു.. സല്‍മയെ ഞാന്‍ പാസാക്കി വിടുകയും ചെയ്തു.
            ഇതിലൊക്കെ എന്തിരിക്കുന്നു എന്നായിരിക്കും നിങ്ങള്‍ ഇപ്പോള്‍ കരുതുന്നത്. എന്നാല്‍ കഥയുടെ ക്ലൈമാക്സ് വരുന്നതേയുള്ളൂ. അതിന് ഈ ആമുഖം കൂടിയേ കഴിയൂ.
സല്‍മ സ്ക്കൂള്‍ വിട്ട് അഞ്ചെട്ടു വര്‍ഷം കഴിഞ്ഞാണ് ഞാന്‍ അവളെ വീണ്ടും കാണുന്നത്. പേരാമ്പ്ര ഹൈസ്ക്കൂള്‍ ഗ്രൌണ്ടില്‍ ജില്ലാ കായികമേളയില്‍ പങ്കെടുത്ത് തിരിച്ചു വരികയാണ്. ടൌണില്‍ നിന്നും പച്ചക്കറി, മീന്‍, ക്ലാസാവശ്യത്തിനുള്ള കുറച്ച് ചാര്‍ട്ട് പേപ്പറുകള്‍ എന്നിവയുമായി ഞാന്‍ ബസ്സില്‍ക്കയറി. ഗ്രൌണ്ടില്‍ നിന്നു വരുന്ന വേഷം. പാന്റ്സും ഫുള്‍ സ്ലീവ് ഷര്‍ട്ടും.തലയില്‍ വട്ടത്തിലുള്ള ക്രിക്കറ്റ് തൊപ്പി. കഴുത്തിലൂടെ ഞാന്നു കിടക്കുന്ന വിസില്‍ കോഡ് പോക്കറ്റിലവസാനിക്കുന്നു. മുഖത്ത് കറുത്ത കൂളിംഗ് ഗ്ലാസ്. ബസ്സിലാണെങ്കില്‍ വലിയ തിരക്ക്.
            അഞ്ചാംപീടിക ബസ്സിറങ്ങാന്‍ ഒരുങ്ങുമ്പോഴാണ് സ്റ്റോപ്പില്‍ സല്‍മയെക്കാണുന്നത്. കൂടെ കുഞ്ഞിനെയുമെടുത്ത് ഒരു ചെറുപ്പക്കാരനും. അവള്‍ ബസ്സില്‍ക്കയറുമ്പോള്‍ നേരിട്ട് കാണാമെന്നു കരുതി ഞാന്‍ മുന്‍ഭാഗത്തൂടെ ഇറങ്ങാന്‍ തീരുമാനിച്ചു. രണ്ടു കൈയിലും കാരി ബേഗുകള്‍. ഇടതു കക്ഷത്തില്‍ ചുരുട്ടിയ ചാര്‍ട്ട് പേപ്പര്‍. തിരക്കിലൂടെ നൂളിയിട്ടിറങ്ങുമ്പോള്‍ പച്ചക്കറി സഞ്ചി എവിടെയോ കുരുങ്ങി. ഇത്തിരി ശക്തിയോടെ അതു വലിച്ചെടുത്തപ്പോള്‍ അതു ചെന്നു കൊണ്ടതു ഒരുത്തിയുടെ മേലാണ്. തിരിഞ്ഞു നിന്ന് അവളോട് സോറി പറയാന്‍ നോക്കിയപ്പോള്‍ കക്ഷത്തിരിക്കുന്ന ചാര്‍ട്ടു പേപ്പര്‍ വേറൊരുത്തിയുടെദേഹത്തു ചെന്നു മുട്ടി. സോറി പറയാന്‍ മെനക്കെടാതെ ബസ്സില്‍ നിന്നും ചാടിയിറങ്ങി.

              ബസ്സില്‍ കയറാനുള്ള തിരക്കു കാരണം കു‍ഞ്ഞുമായി ഒരു വശത്തേക്കു മാറി നില്‍ക്കുകയാണവള്‍. പെട്ടെന്ന് എന്നെ കണ്ട അവള്‍ സന്തോഷസൂചകമായി "യ്യോ....."എന്ന് ശബ്ദമുണ്ടാക്കിക്കൊണ്ട് ബസ്സിന്റെ പിന്‍വാതിലേക്കു പാഞ്ഞു. ബസ്സിനകത്തേക്കു നോക്കി "ഏയ്, ഒന്നിറങ്ങി വാ... ഏയ്, ഒന്നിറങ്ങി വാ...."എന്നുറക്കെ വിളിച്ചപ്പോള്‍ ഞാനെന്തോ അരുതാത്തതു ചെയ്തിട്ടായിരിക്കും എന്നു കരുതി കിളി വിളിച്ചു ചോദിച്ചു.
   "എന്താ പ്രശ്നം,എന്താ പ്രശ്നം"
 ബസ്സിന്റെ സൈഡ് സീറ്റിലിരിക്കുന്നവരെല്ലാം തല വെളിയിലേക്കിട്ട് എന്നെ നോക്കുന്നു.

"എന്തു പ്രശ്നം..നല്ല അടി കിട്ടാത്തതിന്റെ പ്രശ്നമാണ് "മുന്‍പിലുള്ള കാമിനിയാണ് കമന്റിന് തുടക്കമിട്ടത്.

"ഓരോ വേഷവും കെട്ടിയിറങ്ങിക്കോളും" കൂട്ടുകാരിയുടെ മറുമൊഴി.
ഇതിനിടയ്ക്ക് എന്താണ് സംഭവിച്ചതെന്നറിയാതെ അവളുടെ ഭര്‍ത്താവായ ആ ചെറുപ്പക്കാരന്‍ എന്റെ അടുത്തെത്തിക്കഴിഞ്ഞിരുന്നു.

"നോക്കീന്ന്, ഇതെന്റെ മാഷാ, മാഷോട് വര്‍ത്താനൊക്കെ പറഞ്ഞ് മ്പക്ക് അടുത്ത ബസ്സിനു പോകാട്ടോ.” ഇതു കേട്ട് എല്ലാവരുടേയും തല ഉള്ളിലേക്കു വലിഞ്ഞു. ബസ്സു പോയി
സല്‍മ നിര്‍ബ്ബന്ധിച്ച് എന്നെ ഹോട്ടലിലേക്കു കൊണ്ടു പോയി. ഞങ്ങള്‍ ചായകുടിച്ചു. അവള്‍ ഭര്‍ത്താവിനോട് അഭിമാനത്തോടെ പറഞ്ഞു.

"ഇമ്മാഷാണെന്നെ 'എയുതാന്‍ പടിപ്പിച്ചത്'. മാഷല്ലേ എന്നെ 'സീതേ'ന്റെ വേഷം കെട്ടിച്ചത്.

"സീത അല്ല സരസ്വതി "ഞാന്‍ തിരുത്തി.

"..അത് ന്നെ"
              ഞങ്ങള്‍ ഹോട്ടലില്‍ നിന്ന് പുറത്തേക്കിറങ്ങി. അവള്‍ പറഞ്ഞു. "ഇക്ക ഇന്നലെ ഗള്‍ഫില്‍ നിന്നും വന്നിട്ടേ ഉള്ളൂ. ഞങ്ങള്‍ മായീന്റെ വീട്ടില്‍ പോവുകയാണ്. മാഷ് ക്ക് ഒപ്പിടാനുള്ള ചോന്ന മഷീന്റെ പെന്ന് തരാ. വീട്ടിലു വര്വോ?”

 " ഉം വരാം"
            അവള്‍ കണവന്റെ പോക്കറ്റില്‍ കയ്യിട്ട് 555 സിഗരറ്റിന്റെ പാക്കും ലൈറ്ററുമെടുത്ത് എനിക്കു നീട്ടി. ഞാനിപ്പോള്‍ പുകവലിക്കാറില്ലെന്നു പറഞ്ഞപ്പോള്‍ "അത് സാരോല്ല്യ ഇതു നല്ലതാ മാഷ് വലിച്ചോളീന്‍" എന്നു പറഞ്ഞു. ഞങ്ങള്‍ തിരിച്ച് ബസ് സ്റ്റോപ്പിലേക്കു നടന്നു. കുഞ്ഞ് എന്റെ കയ്യിലായിരുന്നു. അവളെ തിരിച്ചു വാങ്ങുമ്പോള്‍ സല്‍മ വീണ്ടും പറഞ്ഞു.

"മാഷ് വീട്ടില് വരണേ"
          എനിക്കു സല്‍മയുടെ വീട്ടില്‍ പോകാന്‍ കഴിഞ്ഞില്ല. രണ്ടാഴ്ച കഴിഞ്ഞ് ഒരു ദിവസം ഞാന്‍ സ്ക്കൂള്‍ വിട്ട് പുറത്തു വരുമ്പോള്‍ ഗെയിറ്റില്‍ സല്‍മയും ഭര്‍ത്താവും കുഞ്ഞും ബൈക്കില്‍ കാത്തു നില്‍ക്കുന്നു. അവള്‍ ഒരു കെട്ട് ചുവപ്പു മഷിപ്പേന എന്റെ നേരെ നീട്ടിപ്പറഞ്ഞു.

"ന്നാലും മാഷ് ഞാളെ വീട്ടില്‍ വന്നിലാലൊ?”

Wednesday, May 19, 2010

സ്ക്കൂള്‍ ഡയറി


സ്ക്കൂള്‍ ഡയറി-1
ഒരു ദിവസം എന്റെ ശിഷ്യനായ ബാബു അവന്റെ മകന്റെ കൈയും പിടിച്ചു സ്ക്കൂള്‍ ഗേററും കടന്നു വരുന്നു. ഹെഡ് മാസ്റററെ ക്കണ്ടു എന്റെ അടുത്തെത്തി.
"മാഷേ, ബുദ്ധിമാന്ദ്യമുള്ള കുട്ടിയാണ്. ഇതുവരെ സ്പെഷല്‍ സ്ക്കൂളില്‍ ആയിരുന്നു. നാലാം ക്ളാസ് കഴി‍ഞ്ഞു. ഇവിടെ അഞ്ചില്‍ ചേര്‍ക്കാമെന്ന് ഹെഡ് മാസ്ററര്‍ സമ്മതിച്ചിട്ടുണ്ട്. മാഷൊന്ന് പ്രത്യേകം ശ്രദ്ധിക്കണം.”
"ഓ അതിനെന്താ, ഞാനിവിടില്ലേ.”
മററുള്ള അധ്യാപകരുടെ മുമ്പില്‍ ഒന്നു വലുതായതിന്റെ ഗമയും ഐ..ഡി ട്രെയിനിംഗില്‍ പങ്കെടുത്തതിന്റെ അഹങ്കാരവും എന്റെ മറുപടിയില്‍ ഉണ്ടായിരുന്നു.
"ഇവന്‍ പറ‍ഞ്ഞാല്‍ അനുസരിക്കുന്ന കാര്യമൊക്കെ കമ്മിയാണ്. ഇവനെ മററുള്ള മാഷമ്മാര്‍ അടിക്കരുതെന്നു പറയണം.”
ഞാന്‍ ബാബുവിന്റെ ഗുരുവായതു കൊണ്ടു മാത്രമല്ല, ഞാന്‍ ഇപ്പോള്‍ കുട്ടികളെ അടിക്കാറില്ലെന്നും അവനറിയാം.(ബാബുവിനു പണ്ട് നല്ലപോലെ കിട്ടിയിട്ടുണ്ട്)

ബാബുവിന്റെ മകന്‍ ജിഷ്ണു. പ്രയത്തേക്കാള്‍ വളര്‍ച്ചയുണ്ട്. അവന്‍ പല കുസൃതികളും വികൃതികളും ഒപ്പിയ്ക്കും. ക്ളാസില്‍ നിന്നെഴുന്നേററു നടക്കും. മററുള്ളവരുടെ സീററില്‍ ചെന്നിരിക്കും(അതിന് ആണ്‍ പെണ്‍ ഭേദമൊന്നു മില്ല) അലസമായി ചിരിക്കും. ചിലപ്പോള്‍ വലിയ ശബ്ദങ്ങള്‍ ഉണ്ടാക്കും. എന്നാലും എല്ലാം സഹിച്ചു ഞങ്ങള്‍ മാഷന്മാര്‍ അഡ്ജസ്ററ് ചെയ്യും.
കഥാപ്രസംഗക്കാരന്റെ ഭാഷയില്‍ വസന്തവും ഗ്രീഷ്മവും മാറി മാറി വന്നു. കഥാനായകന്‍ ഇപ്പോള്‍ ഏഴിലാണ്. എന്റെ ക്ളാസില്‍. ശരീരം ഒന്നു കൂടി ബലവത്തായിട്ടുണ്ട്. വികൃതികളൊക്കെ അല്പം കുറ‍ഞ്ഞിട്ടുണ്ട്. ശാന്തമായിപ്പറഞ്ഞാല്‍ അനുസരിക്കലുമുണ്ട്. എന്നെ പൊതുവെ ഇഷ്ടവുമാണ്.
ഒരു ദിവസം ഞാന്‍ ഉച്ചയ്ക്ക് ശേഷം ക്ളാസില്‍ ഹാജര്‍ എടുക്കുവാന്‍ പോവുകയാണ്. ക്ളാസില്‍ ആകെ ബഹളം. കുട്ടികള്‍ കൂട്ടം കൂടി നില്‍ക്കുകയാണ്. ഞാന്‍ ക്ളാസിലെത്തിയപ്പോള്‍ കുട്ടികള്‍ സീററിലേക്കു പാഞ്ഞു. ജിഷ്ണു ഒരു പെണ്‍കുട്ടിയെ പുറകില്‍ നിന്നു ധൃതരാഷ്ട്രാലിംഗനം ചെയ്തു നില്ക്കുകയാണ്. അവള്‍ കരയുന്നുണ്ട്. പക്ഷെ അവന്റെ കൈക്കരുത്തിനു മുമ്പില്‍ അവള്‍ക്കു ശ്വാസം കഴിക്കാന്‍ പോലും പററുന്നില്ല. ക്ളാസിലെ മുതിര്‍ന്ന കുട്ടികളില്‍ ഒരാളായ അവളുടെ മാറിടം അവന്റെ കരവലയത്തിലമരുന്ന കാഴ്ച കണ്ട്
എനിക്കു സഹിച്ചില്ല. എങ്കിലും സംയമനം പാലിച്ചു കൊണ്ട് ഞാന്‍ അല്പം ഉറക്കെ പറഞ്ഞു.
"വിടെടാ..... “
അവന്‍ ഉടന്‍ പിടിവിട്ട് അവന്റെ സീററിലേക്കു പോയി.
ഞാന്‍ കൂടുതലെന്തെങ്കിലും പറയുന്നതിനു മുമ്പേ അവള്‍ അവനെ നോക്കി കൊഞ്ഞനം കാണിച്ചു. ജിഷ്ണു ക്രുദ്ധനായി അവളുടെ അരികിലേക്കു പാഞ്ഞു. എന്റെ സകല നിയന്ത്രണവും പോയി. ഞാന്‍ ഓടിച്ചെന്നു അവനെ പിടിച്ചു മാററി. അവന്റെ സീററ് ചൂണ്ടിക്കാണിച്ചു കൊണ്ടലറി.
"അവിടെ പോയിരിക്കെടാ"
ജിഷ്ണു സീററിനടുത്തേക്കു പതുക്കെ നടന്നു. പാതി വഴിയെത്തിയപ്പോള്‍ തിരിഞ്ഞു നിന്ന് എന്നെ രൂക്ഷമായി ഒന്നു നോക്കി. അവന്റെ കണ്ണുകളില്‍ തീ പാറുന്നുണ്ടായിരുന്നു. എന്റെ സീററായ സ്ററൂള്‍ ചൂണ്ടിക്കാണിച്ച് എന്നോട് അലറി.
"അവിടെപ്പോയിരിക്കെടാ"
കുട്ടികളെല്ലാവരും ഒന്നിച്ചു പൊട്ടിച്ചിരിച്ചു. കരഞ്ഞു കൊണ്ടിരുന്ന പെണ്‍കുട്ടിയും ചിരിച്ചു.
താന്‍ എന്തോ തമാശയാണ് പറഞ്ഞതെന്ന് വിചാരിച്ചു ജിഷ്ണുവും ചിരിച്ചപ്പോള്‍ എനിക്കും ചിരിക്കാതെ നിവൃത്തിയില്ലാതായി. അത് ഒരു ഇളിഞ്ഞ ചിരിയാണെങ്കിലും

Tuesday, May 11, 2010

നര്‍മ്മം



നര്‍മ്മ ഭാവന
പാരാഡോക്സ്
**************
ഗുരുവും ശിഷ്യനും കൂടി 
കേസു കൊണ്ടു കളിച്ചു പോല്‍ 
ഇതിലാരു ജയം നേടീ 
ഇഴ കീറിശ്ശോധിച്ചിടാം 

ഗുരുവാണേല്‍ സാധുപ്രകൃതന്‍
ശുദ്ധാത്മാവതിലോലമാം- 
വചനങ്ങള്‍ നടത്തുവോന്‍ 
നരച്ച ചിന്ത പേറുവോന്‍

ശിഷ്യനൊപ്പമുള്ളോര്‍ക്കെന്നാല്‍ 
നുണയന്‍ ലക്കു കെട്ടവന്‍ 
ഗുരു നിന്ദ സദാ ഹൃത്തില്‍ 
പതിവായ്ക്കൊണ്ടു പോണവന്‍ 

ഗുരുവിന്നു ഫീസും വേണം 
ബത്ത,യത്ര സറണ്ടറും 
ശിഷ്യന്‍ നേരിട്ടു കൈനീട്ടി 
വാങ്ങില്ലൊന്നു മൊരിക്കലും! 

ഇതിലാരു ജയം നേടീ 
എന്നു ചിന്തിച്ചു നില്ക്കണോ 
ജയമിക്കലികാലത്തില്‍ 
ശിഷ്യനല്ലേ വിധിച്ചിടൂ!! 

ഇത്രയൊക്കെപ്പറഞ്ഞപ്പോള്‍ 
എന്തു താങ്കള്‍ക്കറിഞ്ഞിടാന്‍ 
'ഡോക്സ'തില്‍ 'പാര'യേറുമ്പോള്‍ 
'പാരാഡോക്സാ'യിടുന്നെടോ!?